This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖറാജ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖറാജ്
Kharaj
നികുതി എന്നര്‍ഥമുള്ള അറബിപദം. ഗ്രീക്കില്‍നിന്ന് സിറിയക്വഴി അറബിയിലെത്തിയപദമാണ് ഖറാജ്. നികുതി എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഭൂനികുതിയെയാണ് ഖറാജ് എന്ന പദം സൂചിപ്പിക്കുന്നത്. ഗനീമ, സക്കാത്ത്, ജിസ്യ, ഫയ്അ് ഖറാജ് എന്നിവയാണ് ഇസ്ലാമിന്റെ ആരംഭകാലത്തെ മുഖ്യ വരുമാന മാര്‍ഗങ്ങള്‍.
പുതിയ പ്രദേശങ്ങള്‍ ആക്രമിച്ച് കീഴടക്കുമ്പോള്‍ അനേകം കൃഷിസ്ഥലങ്ങള്‍ മുസ്ലിങ്ങളുടെ അധീനതയിലാകാറുണ്ടായിരുന്നു. എന്നാല്‍ അവ കൃഷിചെയ്യുവാനോ ആദായം സ്വായത്തമാക്കുവാനോ പലപ്പോഴും അവര്‍ക്കു കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവ പരമ്പരാഗതമായി കൃഷിചെയ്തിരുന്നവരെത്തന്നെ ഏല്പിക്കുകയായിരുന്നു പതിവ്. അവരില്‍ നിന്ന്ഒരു നിശ്ചിത തുക നികുതിയായി ഈടാക്കുകയും ചെയ്തിരുന്നു. ഈ തുക 'ഖറാജ്' എന്നറിയപ്പെടുന്നു.
അറബികളുടെ ആക്രമണത്തിനു വിധേയമായ ഭൂപ്രദേശത്ത് അവരുടെ പ്രഭുത്വം വെളിവാക്കിയ ഒരു നികുതിയായി ഇതിനെ കണക്കാക്കുന്നു. മുഹമ്മദ് നബിയുടെ കാലത്ത് ആക്രമണത്തില്‍ അധീനപ്പെടുത്തിയ കൃഷിസ്ഥലങ്ങള്‍ ഏറെ പരിമിതങ്ങളായിരുന്നു. ഖലീഫമാരുടെ ഭരണമാരംഭിച്ചതോടെ വളരെയേറെ സ്ഥലങ്ങള്‍ അറബികളുടെ അധീനതയിലായി. ഈ സ്ഥലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കരം പിരിക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങള്‍ ആവശ്യമായിവന്നു. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തു ഫലഭൂയിഷ്ഠമാക്കിയ ഭൂമി പിടിച്ചെടുക്കുന്നത് നീതിയുക്തമല്ലെന്നായിരുന്നു ഭരണാധികാരികളുടെ തീരുമാനം. കീഴടക്കപ്പെട്ട കൃഷിസ്ഥലങ്ങള്‍ അവയുടെ സ്വഭാവമനുസരിച്ച് സര്‍വേ ചെയ്യപ്പെട്ടു. വിളവുകളുടെ ഇനം, ഭൂമിയുടെ ഗുണനിലവാരം, ജലസേചന സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ഓരോ ഭൂമിക്കും ഖറാജ് നിശ്ചയിക്കുക. അശ്രദ്ധകൊണ്ടോ മറ്റോ വിളനാശം സംഭവിച്ചാല്‍ ഒരിക്കല്‍ തീരുമാനിക്കപ്പെട്ട ഖറാജ് കുറയ്ക്കുവാനോ അധികവിളവുണ്ടായാല്‍ വര്‍ധിപ്പിക്കാനോ പാടില്ല. എന്നാല്‍ പ്രകൃതിയില്‍ നിന്നുണ്ടാകാവുന്ന കോട്ടങ്ങള്‍ നികത്തപ്പെടേണ്ടതാണ്. വിളവിന് ആനുപാതികമായി നിശ്ചയിക്കുന്നത് എന്നും സ്ഥിരമായി നിശ്ചയിക്കുന്നത് എന്നും ഖറാജ് രണ്ടുതരമുണ്ട്. ഒരു വര്‍ഷത്തില്‍ ഒന്നിലധികം തവണ കൃഷിചെയ്താലും ഖറാജ് ഒരു പ്രാവശ്യം അടച്ചാല്‍ മതിയാകും. ഒരാളിന് ഖറാജ് ഒടുക്കാന്‍ പണമില്ലാതിരുന്നാല്‍ അയാളുടെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ സാവകാശം നല്കണമെന്നും ഖറാജ് നിയമം വ്യവസ്ഥചെയ്യുന്നു.
കിതാബുല്‍ ഖറാജ്. പൊതു ഖജനാവിലേക്കുള്ള വരുമാനമാര്‍ഗങ്ങളുടെ വിതരണരീതിയെക്കുറിച്ച് അഭിപ്രായമാരാഞ്ഞു കൊണ്ട്, അബ്ബാസിയ ഖലീഫയായിരുന്ന ഫാറൂണ്‍ റഷീദ്, തന്റെ പ്രധാന ന്യായാധിപനും പ്രസിദ്ധപണ്ഡിതന്‍ ഇമാം അബൂഹനീഫയുടെ കൂട്ടുകാരനും ആയിരുന്ന ഖാസി അബൂയൂസുഫിന് എഴുതി, അതിന് അബൂയൂസുഫ് എഴുതിയ ദീര്‍ഘമായ മറുപടിയാണ് കിതാബുല്‍ ഖറാജ് എന്ന പേരില്‍ വിഖ്യാതമായ കൃതി. ഇതില്‍ മൂന്നു കാര്യങ്ങള്‍ പ്രധാനമായും പ്രതിപാദിക്കുന്നു: (i) ഇസ്ലാമിക നിയമപ്രകാരം രാഷ്ട്രത്തിന്റെ വരുമാനമാര്‍ഗങ്ങളും അവയുടെ വിതരണവും, (ii) നികുതി പിരിച്ചെടുക്കുന്ന രീതി, (iii) മുന്‍കാല ഭരണാധികാരികള്‍ മറന്നു കളഞ്ഞ പൊതു ഖജനാവിന്റെ ബാധ്യതകള്‍, വരുമാനങ്ങള്‍ അല്‍-ഖറാജ്, അല്‍ഗനീമ, അസ്സക്കാത്ത് എന്നിങ്ങനെ മൂന്നു തരമാണ്. അല്‍-ഖറാജ് എന്നത് മൂന്നു തരമുണ്ട്. (1) ഭൂനികുതി: യുദ്ധത്തില്‍ മുസ്ലിങ്ങള്‍ പിടിച്ചടക്കിയ ഭൂമി തദ്ദേശീയര്‍ക്കു തന്നെ പതിച്ചു കൊടുത്ത് ഈടാക്കുന്നത്. (2) ജിസ്യ: ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിങ്ങളില്‍ നിന്ന് നിര്‍ബന്ധ സൈനിക സേവനത്തിനു പകരമായും രാഷ്ട്രം നല്കുന്ന സംരക്ഷണത്തിന്റെ പേരിലും ഈടാക്കുന്നത്. (3) അല്‍-ഉശ്ര്‍: ഇസ്ലാമിക രാഷ്ട്രത്തില്‍ വ്യാപാരം നടത്തുന്നതിന് ദിമ്മികളില്‍ നിന്നും ഇതര അമുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നും ഈടാക്കുന്നത്. അല്‍ഗനീമ എന്നത് യുദ്ധത്തില്‍ സൈന്യം ശത്രുക്കളില്‍ നിന്നു നേടിയെടുത്ത സ്വത്തുക്കളുടെ ഭാഗമാണ്. ഇത് സ്റ്റേറ്റിനുള്ളതാണ്. ബാക്കി പട്ടാളക്കാര്‍ക്കിടയില്‍ വിതരണം നടത്തണം. അസ്സക്കാത്ത് എന്നത് മുസ്ലിങ്ങളില്‍ നിന്നു മാത്രം പിരിച്ചെടുക്കുന്ന നിര്‍ബന്ധവരുമാനമാണ്. ഇപ്പറഞ്ഞ വരുമാനങ്ങളുടെ നീതിപൂര്‍വമായ വിതരണത്തെക്കുറിച്ചും കിതാബൂല്‍ ഖറാജ് വിശദമായി പ്രതിപാദിക്കുന്നു. ഖാസീ അബൂയൂസുഫ് പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും അദ്ദേഹം ഇമാം അബൂ ഖനീഫയുമായി നടത്തിയിട്ടുള്ള ചര്‍ച്ചകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
(കെ.പി. കമാലുദ്ദീന്‍)