This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖരെ, ഡോ. നാരായണ്‍ ഭാസ്കര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖരെ, ഡോ. നാരായണ്‍ ഭാസ്കര്‍
Khare, Dr. Narayan Bhaskar (1882 - 1970)
ഇന്ത്യന്‍ ദേശീയനേതാവും മറാഠി സാഹിത്യകാരനും. ദേശീയതയുടെ വക്താവ്, തീവ്രവാദിയായ രാഷ്ട്രീയനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് നാരായണ്‍ ഭാസ്കര്‍.
1882 മാ. 16-ന് കൊലാബ ജില്ലയില്‍ പന്‍വേല്‍ ഗ്രാമത്തില്‍ ജനിച്ചു. അലഹബാദ്, പഞ്ചാബ് സര്‍വകലാശാലകളില്‍ പഠിച്ച് വൈദ്യശാസ്ത്രത്തില്‍ എം.ഡി. ബിരുദമെടുത്ത ഇദ്ദേഹം 1907-ല്‍ സെന്‍ട്രല്‍ പ്രോവിന്‍സില്‍ മെഡിക്കല്‍ ഓഫീസറായി ചേര്‍ന്നുവെങ്കിലും 1916-ല്‍ ജോലി രാജി വച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സ്വരാജ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഖരെ 1923-ല്‍ കേന്ദ്ര നിയമനിര്‍മാണസഭയില്‍ അംഗമായി. നിയമനിഷേധപ്രസ്ഥാനത്തില്‍ പങ്കെടുത്ത് 1930-ല്‍ അറസ്റ്റു വരിച്ചതും 1935-37-ല്‍ കേന്ദ്ര നിയമനിര്‍മാണസഭയില്‍ അംഗമായതും കോണ്‍ഗ്രസ് അധികാരമേറ്റതിനെത്തുടര്‍ന്ന് കുറച്ചുകാലം സെന്‍ട്രല്‍ പ്രോവിന്‍സ് ആന്‍ഡ് ബിഹാറിലെ മുഖ്യമന്ത്രിയായതും ഖരെയുടെ രാഷ്ട്രീയജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്. ഗാന്ധിജിയുമായും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുമായും ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഇദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. 1943-46-ല്‍ വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൌണ്‍സില്‍ അംഗമായിരുന്നു. 1947-48-ല്‍ ആള്‍വാര്‍ സംസ്ഥാനത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
പില്ക്കാലത്ത് ഖരെ, ഗാന്ധിജിയുടെ ഒരു നിശിത വിമര്‍ശകനായി മാറി. അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹം 1949-51 കാലത്ത് കൊല്‍ക്കത്തയിലും പൂണെയിലും ജയ്പൂരിലും നടന്ന ഹിന്ദുമഹാസഭസമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുകയുണ്ടായി.
ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പ്രധാനം മാഝി ഗതേ ബാര വര്‍ഷേ (1955) എന്ന ആത്മകഥയാണ്. ഇംഗ്ലീഷ് കൃതികളുടെ കൂട്ടത്തില്‍ മൈ ഡിഫന്‍സ് (1938), നെഹ്റു, ആസ് ഐ നോ ഹിം (1957) എന്നിവ ശ്രദ്ധേയമായ കൃതികളാണ്.
1970 മാ. 29-ന് ഖരെ അന്തരിച്ചു.
(ഡോ. പ്രഭാകര്‍ മാച്വേ)