This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണ്‍വോയ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
കോണ്‍വോയ്
Convoy
വാഹനങ്ങളുടെ നിരയായ നീക്കം. സാധാരണയായി യുദ്ധതന്ത്ര-ഭരണാവശ്യങ്ങള്ക്കുവേണ്ടി ധാരാളം വാഹനങ്ങളോ കപ്പലുകളോ നീണ്ട അണിയായി നീങ്ങുന്നതിനാണ് കോണ്‍വോയ് എന്നു പറയുന്നത്. സായുധസേനയില്‍ പലതരത്തിലുള്ള നീക്കങ്ങള്‍ ആവശ്യമായി വരും. കോണ്‍വോയ് സഞ്ചാരം, നയതന്ത്രപരമായ സഞ്ചാരം, യുദ്ധതന്ത്രപരമായ സഞ്ചാരം, ഭരണപരമായ സഞ്ചാരം എന്നിവ സൈനികനീക്കങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. വാഹനങ്ങള്‍ക്കിടയില്‍ ഒരു നിശ്ചിതദൂരമുണ്ടായിരിക്കും. വളരെയധികം നിയന്ത്രണത്തോടെയുള്ള കോണ്‍വോയ് ഡിവിഷണല്നിലവാരത്തിലോ, കോര്നിലവാരത്തിലോ ആണ് ആസൂത്രണം ചെയ്യുന്നത്.
കോണ്‍വോയ് ആഴി പോകുന്ന വാഹനങ്ങളില്‍ സൈനികരും ആയുധങ്ങളും ഭക്ഷണസാമഗ്രികളും മറ്റ് അത്യാവശ്യമായ സാധനങ്ങളുമുണ്ടായിരിക്കും. ധാരാളം വാഹനങ്ങള്‍ ഒന്നിനുപുറകെ മറ്റൊന്നായി വളരെ ദൂരം സഞ്ചരിക്കേണ്ടിവരുമ്പോള്‍ പലതരം പ്രതിബന്ധങ്ങളും നേരിടേണ്ടതായിവരും. മലയിടിഞ്ഞു റോഡ് തടസ്സപ്പെട്ടിരിക്കാം. രാത്രിയില്‍ വളഞ്ഞു തിരിഞ്ഞുപോകുന്ന റോഡിലൂടെ സഞ്ചരിക്കാന്‍ പ്രയാസമായിരിക്കാം. ശത്രുക്കള്‍ ഏതു സ്ഥലത്തുനിന്നും അപ്രതീക്ഷിതമായി ആക്രമിച്ചേക്കാം. ഭക്ഷണം കഴിക്കുന്നതിനും മറ്റും എവിടെയെങ്കിലും കോണ്‍വോയ് നിര്ത്തേണ്ടിവരാം. ഈ സന്ദര്‍ഭങ്ങളിലൊക്കെ ഫലപ്രദമായ നിയന്ത്രണമുണ്ടെങ്കില്‍ മാത്രമേ കോണ്‍വോയ് ലക്ഷ്യസ്ഥാനത്തെത്തുകയുള്ളൂ.
ആധിപത്യവും നിയന്ത്രണവും
കോണ്‍വോയ് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കമാന്‍ഡര്‍ക്കു നേരിട്ടു നിയന്ത്രിക്കുവാനും ആധിപത്യം പുലര്‍ത്തുവാനും വളരെ പ്രയാസമാണ്. എങ്കിലും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഘടകമാണ് ആധിപത്യവും നിയന്ത്രണവും. ഇത് ആവശ്യമായി വരുന്നത് താഴെപ്പറയുന്ന സന്ദര്‍ഭങ്ങളിലാണ്.
1. ശത്രുവിന്റെ ആകാശമാര്‍ഗേണ ആക്രമണസമയത്ത് വണ്ടികള്‍ അടുത്തുള്ള മറവുകളില്‍ ഒളിപ്പിക്കുകയും അവിടെനിന്നു വീണ്ടും യാത്ര ആരംഭിക്കുകയും ചെയ്യുമ്പോള്‍.
2. രാത്രിയില്‍ ഇടുങ്ങിയ റോഡുകളിലൂടെ പോകുമ്പോള്‍ അപകടം സംഭവിക്കാതിരിക്കാന്‍.
3. റോഡില്‍ അപകടം സംഭവിച്ചോ മറ്റു വിധത്തിലോ മാര്ഗതടസ്സമുണ്ടാവുമ്പോള്.
4. ശത്രു ആര്‍ട്ടിലറിയുടെ അപ്രതീക്ഷിതമായ ആക്രമണഫലമായി റോഡില്‍നിന്നു മാറി അവിടവിടെ ഒളിച്ചു നില്‍ക്കേണ്ടതായി വരുമ്പോള്‍.
5. ആവശ്യമായ തോതില്‍ വേഗതയോടെ സഞ്ചരിക്കുന്നതിന്.
6. സ്വന്തം കോണ്‍വോയിലെ വണ്ടികള്‍ തമ്മില്‍ കൂട്ടിമൂട്ടി അപകടമുണ്ടാകാതിരിക്കാന്‍.
7. കോണ്വോയ്യിലെ ഏതെങ്കിലും വണ്ടി ചൂടുകൊണ്ടോ യന്ത്രത്തകരാറുമൂലമോ മറ്റോ നിന്നുപോകുമ്പോള്‍.
ആധിപത്യവും നിയന്ത്രണവും വര്‍ധിപ്പിക്കുന്നതിന് കോണ്‍വോയ് കമാന്‍ഡര്‍മാര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നു.
1. കോണ്‍വോയ് സഞ്ചാരവേളയില്‍ കീഴ്യൂണിറ്റുകളുടെ സ്ഥാനം എവിടെയായിരിക്കണമെന്ന ക്രമം നേരത്തെ അറിയിക്കുന്നു.
2. ഓരോ കീഴ്യൂണിറ്റിനും വഴിയെപ്പറ്റി വിവരം നല്കുന്നു.
3. ആരംഭസ്ഥാനത്തുനിന്നു പുറപ്പെടുന്നതിന് പ്രത്യേക സമയം തിട്ടപ്പെടുത്തുന്നു.
4. വഴിയിലുടനീളം പ്രത്യേക അടയാളങ്ങളുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. രാത്രിയില്‍ തിരിച്ചറിയുന്നതിനുവേണ്ടി വെള്ളനിറത്തിലുള്ള പെയിന്റുകൊണ്ടോ, തിളങ്ങുന്ന ചായംകൊണ്ടോ, പ്രകാശിക്കുന്ന ബള്‍ബുകള്‍ കൊണ്ടോ മാര്‍ഗങ്ങള്‍ അടയാളപ്പെടുത്തിയിരിക്കണം.
5. കീഴ് യൂണിറ്റില്‍ വാര്‍ത്താവിനിമയത്തിന് റേഡിയോ സെറ്റുകളുണ്ടായിരിക്കണം.
6. യാത്രാവേളയില്‍ ആരും വണ്ടിയില്നിന്നിറങ്ങുകയോ അനാവശ്യമായി സംസാരിക്കുകയോ ചെയ്യാതിരിക്കണം.
7. അഭയാര്‍ഥികളുടെ പ്രവാഹത്തെ തടയുന്നു.
8. മാര്‍ഗമധ്യേ ഉത്തരവാദിത്ത്വമുള്ള സിവില്‍ ഉദ്യോഗസ്ഥന്മാരെ മുന്‍കൂട്ടി വിവരമറിയിച്ചിരിക്കണം.
9. കേള്‍ക്കാനോ കാണാനോ കഴിയുന്ന സിഗ്നലുകള്‍ വഴി ആജ്ഞകള്‍ നല്‍കണം.
10. വേണ്ടത്ര മാര്ഗനിയന്ത്രണസ്ഥാനങ്ങള് ഏര്‍പ്പെടുത്തണം. പിന്നിലാവുന്ന യൂണിറ്റുകളുടെ വണ്ടികളോടു വേഗതവര്ധിപ്പിക്കുവാനും റോഡ് തടസ്സമുണ്ടാകുമ്പോള്‍ മുന്നറിയിപ്പു നല്കുവാനും കോണ്‍വോയ് പെട്ടെന്നു നില്ക്കുമ്പോള് വിവരങ്ങള്‍ പിന്നിലുള്ള യൂണിറ്റുകളെ ധരിപ്പിക്കുന്നതിനും മറ്റും മാര്ഗനിയന്ത്രണ വിഭാഗക്കാര്‍ക്കു കഴിയണം.
11. മോട്ടോര്‍ സൈക്കിളില്‍ മുമ്പോട്ടും പുറകോട്ടുമോടി സന്ദേശവാഹകന്മാരും കീഴ്ഘടകകമാന്ഡര്മാരും കീഴ്യൂണിറ്റുകളെ സഹായിക്കുകയും നിയന്ത്രിക്കുകയും ചെയ്യണം.
കോണ്‍വോയിയെ ബാധിക്കുന്ന ഘടകങ്ങള്‍
കോണ്‍വോയ് സഞ്ചാരത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍ വേഗത, സാന്ദ്രത, രഹസ്യം, രാത്രിയിലുള്ള യാത്ര, സംരക്ഷണം, റോഡ്, ദൂരവും സമയവും, സൈനികരുടെ അവസ്ഥ, വണ്ടികളുടെ അവസ്ഥ എന്നിവയാണ്.
റോഡിന്റെ സ്ഥിതിയനുസരിച്ചുവേഗത വ്യത്യാസപ്പെടുത്തേണ്ടിവരും. സാധാരണഗതിയില്‍ ഒരു സ്ഥിരവേഗതയിലാണ് കോണ്‍വോയ് സഞ്ചരിക്കുന്നത്. വാഹനങ്ങളുടെ സ്ഥിതി, ഡ്രൈവര്‍മാര്‍ക്ക് ലഭിച്ച പരിശീലനം, ശത്രുക്കളുടെ ആക്രമണം, കാലാവസ്ഥ, സമയം എന്നിവയനുസരിച്ചു കോണ്‍വോയിയുടെ വേഗത ആസൂത്രണം ചെയ്യേണ്ടിവരും.
സാന്ദ്രതയ്ക്കു വേഗതയുമായി ബന്ധമുണ്ട്. വേഗത വ്യത്യാസപ്പെടുമ്പോള്‍ സാന്ദ്രത വ്യത്യാസപ്പെടും. ഒരു സ്ഥിരവേഗതയാണെങ്കില് സ്ഥിരസാന്ദ്രത കൈവരിക്കാന്‍ കഴിയും. വണ്ടികള്‍ തമ്മിലുള്ള അകലം കൃത്യപ്പെടുത്തിയാല്‍ സാന്ദ്രതയ്ക്കു വലിയ മാറ്റം വരില്ല. രാത്രിയില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന പ്രകാശത്തിന്റെ സ്ഥിതിയനുസരിച്ച് സാന്ദ്രത വ്യത്യാസപ്പെടും. സാന്ദ്രത എത്ര വേണമെന്നു തീരുമാനിക്കുന്നത് കോണ്‍വോയ് കമാന്‍ഡറാണ്.
കോണ്‍വോയ് സഞ്ചാരത്തില്‍ വളരെ അത്യാവശ്യമായ ഘടകമാണ് രഹസ്യം. രഹസ്യമായി സഞ്ചരിക്കുന്ന കോണ്വോയ്കള്ക്കു ശത്രുക്കളുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടുവാന്‍ കുറെയൊക്കെ സാധിക്കുന്നു. രഹസ്യം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി രാത്രിയില്‍ സഞ്ചരിക്കുന്നതാണ് നല്ലത്. സഞ്ചാരസമയത്ത് ശത്രുവിന്റെ ആകാശംവഴിയുള്ള ആക്രമണത്തെ ചെറുക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. സിവില്വണ്ടികള് ഉപയോഗിച്ചു സഞ്ചരിക്കുക, വ്യത്യസ്തമായ സാന്ദ്രതയോടുകൂടി ഒളിച്ചു സഞ്ചരിക്കുക, ശത്രുവിന്റെ ആക്രമണമുണ്ടാകുമ്പോള്‍ കോണ്‍വോയ് പിരിച്ചുവിട്ട് അടുത്തെവിടെയെങ്കിലും ഒളിക്കുക മുതലായവയാണ് കോണ്‍വോയ് രഹസ്യം സൂക്ഷിക്കുവാനുള്ള മാര്‍ഗങ്ങള്‍.
പകല്സമയത്തേതുപോലെ രാത്രിയില്‍ കോണ്‍വോയ് സഞ്ചാരം അത്ര എളുപ്പമല്ല. നല്ല നിലാവുള്ള രാത്രിയാണെങ്കില്‍ സാധാരണ വേഗതയിലും സാന്ദ്രതയിലും സഞ്ചരിക്കാം. ഇരുട്ടുള്ള രാത്രിയാണെങ്കില്‍ പ്രകാശത്തിന് വളരെ പ്രാധാന്യം നല്‍കേണ്ടിവരും. വണ്ടികള്‍ ചെറിയ ചെറിയ കൂട്ടമായാണ് നീങ്ങുക. മുമ്പിലുള്ള വണ്ടി മാത്രം പ്രകാശമുപയോഗിക്കും. അതിന്റെ പുറകില്‍ നീങ്ങുന്ന വണ്ടികള്‍ പിന്‍ഭാഗത്തുള്ള ആക്സില്‍ ലൈറ്റുമാത്രമുപയോഗിക്കും. രഹസ്യത്തെക്കാള്‍ വേഗതയ്ക്കാണ് പ്രാധാന്യമെങ്കില്‍ മുഴുവന്‍ ലൈറ്റുപയോഗിച്ചുകൊണ്ടു സഞ്ചരിക്കാം. രാത്രിയില്‍ വളരെ അപകടസാധ്യതയുള്ളതിനാല്‍ മാര്ഗനിയന്ത്രണം, കൃത്യസമയത്തിനുശേഷം ഡ്രൈവര്‍മാരെ മാറ്റല്‍, കൂടുതല്‍ ശ്രദ്ധ എന്നിവ അത്യാവശ്യമാണ്.
കോണ്‍വോയ് സഞ്ചാരത്തിന്റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷണം വളരെ ആവശ്യമാണ്. ശത്രുവിന്റെ അപ്രതീക്ഷിതമായ ആക്രമണം, അപകടങ്ങള്‍ തുടങ്ങിയവയില്‍നിന്നാണ് സംരക്ഷണം വേണ്ടത്. പ്രത്യേക വായുരക്ഷാസേനയെ ഏര്‍പ്പെടുത്തിയും കോണ്വോയ്യിലുള്ള സൈനികരുടെ സഹായത്തോടെയും സാധാരണഗതിയില്‍ ആക്രമണത്തില്‍നിന്നു സംരക്ഷണം നേടാന്‍ കഴിയും.
റോഡുകള്‍ നല്ലതാണെങ്കില്‍ സുഗമമായി പോകുവാന്‍ കോണ്വോയ്കള്ക്കും കഴിയും. നല്ലതല്ലെങ്കില്‍ വേഗത കുറയും. ഒന്നിലധികം റോഡുകളുണ്ടെങ്കില്‍ വളരെ സൗകര്യമായിരിക്കും. റോഡുകള്‍ കുറവാണെങ്കില്‍ സമയത്തിന് ലക്ഷ്യസ്ഥാനത്തെത്താന്‍ പ്രയാസമാണ്. ഇടുങ്ങിയ റോഡുവഴിയുള്ള സഞ്ചാരം വേണ്ടത്ര മറവു നല്കുന്നു. പോകാനും വരാനും പ്രത്യേകം റോഡുകളുണ്ടെങ്കില്‍ സൗകര്യമായിരിക്കും.
യുദ്ധതന്ത്രപരമായ സഞ്ചാരത്തിനുമുമ്പ് കോണ്‍വോയ് പ്രത്യേകം ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കും. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തെത്തുന്നത് കൃത്യസമയത്തായിരിക്കും. പുതിയ സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ സ്വയം പിരിഞ്ഞുപോയി എവിടെയെങ്കിലും ഒളിഞ്ഞിരിക്കണം. ധാരാളം വണ്ടികള്‍ക്ക് ഒളിഞ്ഞിരിക്കുന്നതിനു വളരെയധികം സ്ഥലം വേണ്ടിവരും. മുന്‍കൂട്ടി നിശ്ചയിച്ച കൃത്യസമയത്തിനുള്ളില്‍ത്തന്നെ നിശ്ചിതസ്ഥലങ്ങളില്‍ എത്തിയിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നതുമൂലം യഥാസമയം ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്നു.
സൈനികരുടെയും വാഹനങ്ങളുടെയും അവസ്ഥയെപ്പറ്റി കോണ്‍വോയ് കമാന്‍ഡര്‍ക്ക് നല്ല ധാരണയുണ്ടായിരിക്കണം. സൈനികര്‍ക്ക് വൈദ്യസഹായവും വാഹനങ്ങളുടെ കേടുപാടു തീര്‍ക്കുവാനുള്ള സൗകര്യവും വേണം. ഭൂപ്രകൃതി, വണ്ടികളുടെ സ്ഥിതി, ഡ്രൈവര്‍മാരുടെ കഴിവ്, വാര്‍ത്താവിനിമയം, സഞ്ചരിക്കുന്ന സമയം എന്നിവയനുസരിച്ച് ഓരോ ദിവസവും സഞ്ചരിക്കുന്ന ദൂരം വ്യത്യാസപ്പെട്ടിരിക്കും.
കോണ്‍വോയ് ആസൂത്രണം ചെയ്യുന്നതിനു മുമ്പുതന്നെ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കണക്കിലെടുക്കണം.
ആസൂത്രണം
ഫോര്‍മേഷനുകളാണ് കോണ്‍വോയ് സഞ്ചാരത്തെപ്പറ്റി ആസൂത്രണം ചെയ്തു കീഴ്യൂണിറ്റുകള്ക്ക് ആവശ്യമായ ആജ്ഞകള്‍ നല്‍കുന്നത്. ആസൂത്രണത്തിനും സഞ്ചാരത്തിനും വേണ്ട ആജ്ഞകള്‍ നല്‍കുന്നതിനും താഴെപ്പറയുന്ന കാര്യങ്ങള്‍ കണക്കിലെടുക്കണം.
1. ശത്രുക്കളുടെ ആക്രമണമുണ്ടായേക്കാവുന്ന സ്ഥലങ്ങള്‍, ശത്രുതടസ്സത്തെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍.
2. അഭയാര്‍ഥി പ്രവാഹമുണ്ടാകുമ്പോള്‍ അവരെ മറ്റേതെങ്കിലും വഴിക്കു തിരിച്ചു വിടാനുള്ള പദ്ധതി.
3. കനത്ത മഴ, മഞ്ഞ്, കാറ്റ്, ചൂട് തുടങ്ങിയവ പെട്ടെന്ന് സഞ്ചാരഗതിയെ തടസ്സപ്പെടുത്തുവാനും അപകടമുണ്ടാക്കുവാനും സാധ്യതയുണ്ട്.
4. സഞ്ചാരത്തിനിടയ്ക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മറ്റും വേണ്ട സൗകര്യമുള്ള സ്ഥാനങ്ങള്‍ നേരത്തെ ചെന്നുകണ്ട് പരിശോധിച്ചു തീരുമാനിക്കണം. സഞ്ചാരത്തിനുമുമ്പുതന്നെ വഴിയിലുടനീളം മാര്ഗദര്ശനത്തിനുവേണ്ട അടയാളബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കണം.
5. വണ്ടികളുടെ എണ്ണം, ഗതാഗതയോഗ്യമായ റോഡുകളുടെ എണ്ണം, മാര്‍ഗതടസ്സങ്ങളെ നേരിടുവാന്‍ വേണ്ടുന്ന സമയം, വിശ്രമിക്കാനും മറ്റും വേണ്ടസമയം, വേഗത എന്നിവയൊക്കെ കണക്കിലെടുത്തുവേണം സമയം കണക്കാക്കുവാന്‍.
6. മാര്‍ഗമധ്യേ തടസ്സങ്ങള്‍, പാലം, കയറ്റവുമിറക്കവും, റോഡിന്റെ സ്ഥിതി എന്നിവ അനുസരിച്ച് റോഡിന്റെ സഞ്ചാരയോഗ്യത തീരുമാനിക്കണം.
7. വണ്ടികള്‍ക്കുള്ള പരിമിതി ശ്രദ്ധിക്കണം. ഒരു നിശ്ചിതദൂരം ഓടിയശേഷം വണ്ടിക്ക് വിശ്രമംകൊടുക്കണം. പിന്നീട് വേണ്ടുന്ന അറ്റകുറ്റപ്പണികള്‍ ചെയ്യാനുള്ള ഏര്‍പ്പാടുകളും ചെയ്തിരിക്കണം.
8. കോണ്‍വോയില്‍ സഞ്ചരിക്കുന്ന സൈനികരുടെ ക്ഷേമം കണക്കിലെടുക്കണം.
9. യാത്രയ്ക്കിടയില്‍ ശത്രുക്കളുടെ ശ്രദ്ധയില്‍പ്പെടാത്ത വിധത്തില്‍ മറവുകളുണ്ടോ എന്നു നോക്കണം. ആവശ്യമെങ്കില്‍ കൃത്രിമ മറവുകള് ഏര്‍പ്പാടു ചെയ്യണം.
10. രാത്രി സഞ്ചരിക്കുന്നതിന് ആവശ്യമായ ഏര്‍പ്പാടുകള്‍.
11. മാര്‍ഗമധ്യത്തില്‍ സുരക്ഷിതത്ത്വത്തിനുവേണ്ട നടപടികളെടുത്തിട്ടുണ്ടോ എന്നുറപ്പു വരുത്തണം.
12. വേഗതയനുസരിച്ചു വണ്ടികളെ ഗ്രൂപ്പുകളായിതരംതിരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. മേല്പറഞ്ഞ എല്ലാകാര്യങ്ങളും കണക്കിലെടുത്ത് കോണ്‍വോയ് ആസൂത്രണം ചെയ്തശേഷം ആവശ്യമായ ആജ്ഞകള്‍ തയ്യാറാക്കി കീഴ്യൂണിറ്റുകള്ക്കു നല്‍കണം. കോണ്‍വോയ് പുറപ്പെടുന്ന സ്ഥലം, സമയം, തീയതി, ലക്ഷ്യസ്ഥാനം, വണ്ടികളുടെ തരംതിരിക്കല്‍, വണ്ടികള്‍ തമ്മിലും യൂണിറ്റുകള്‍ തമ്മിലുമുള്ള ദൂരം, മാര്ഗമധ്യത്തിലുള്ള തടസ്സങ്ങള്‍, മാര്‍ഗദര്‍ശനത്തിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള അടയാളങ്ങള്‍, കോണ്‍വോയ് നില്ക്കുവാനും വിശ്രമിക്കുവാനുമുള്ള സമയവും സ്ഥലവും, വണ്ടികളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഉത്തരവാദിത്ത്വം, വൈദ്യസഹായം, ഭക്ഷണം, പെട്രോള്‍, വെടിയുണ്ടകള്‍ തുടങ്ങിയവയ്ക്കുള്ള ഏര്‍പ്പാടുകള്‍, ഡ്രൈവര്‍മാരെ മാറ്റുവാനുള്ള ഏര്‍പ്പാടുകള്‍, ശത്രുവുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ എന്തുചെയ്യണം തുടങ്ങിയ എല്ലാ കാര്യങ്ങളും ആജ്ഞാപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം.
കോണ്‍വോയ് മാര്ച്ചുചെയ്യുമ്പോഴുള്ള അച്ചടക്കം വളരെ പ്രധാനമാണ്. അച്ചടക്കമില്ലെങ്കില്‍ ശത്രുവിന് എളുപ്പം കോണ്‍വോയ് നീക്കത്തെ തിരിച്ചറിയുവാന്‍ കഴിയും. അധികം സംസാരിക്കാതെ കാര്യം നടത്തുന്നതിനുവേണ്ട പരിശീലനം ഇവര്‍ക്കു നല്‍കിയിരിക്കണം. നിറമുള്ള കൊടികള്‍, അടയാളബോര്‍ഡുകള്‍, ടോര്‍ച്ച്ലൈറ്റ്, വിസില്‍, ഗൂഢവാക്കുകള്‍, കൈ ആംഗ്യങ്ങള്‍ തുടങ്ങിയവകൊണ്ടുള്ള വിവിധ തരം അടയാളങ്ങള്‍ മനസ്സിലാക്കുവാന്‍ എല്ലാവര്ക്കും സാധിക്കണം.
ഒന്നിലധികം റോഡുകള്‍ ചേരുന്ന സ്ഥലത്തും കീഴ്ക്കാംതൂക്കായ കയറ്റമോ ഇറക്കമോ വരുമ്പോഴും പാലം, നദി, റെയില്‍വേഗേറ്റ്, സ്കൂള്‍ തുടങ്ങിയവയുടെ അടുത്തും വളവുകളിലും മാര്ഗദര്ശനസഹായികള് സ്ഥാപിച്ചിരിക്കണം. രാത്രിയില്‍ ആരും പുകവലിക്കാനോ അനാവശ്യമായി ടോര്‍ച്ചു പ്രകാശിപ്പിക്കുവാനോ പാടില്ല. ശത്രുവിന്റെ ആക്രമണമുണ്ടാകുമ്പോള്‍ ഓരോ സൈനികന്റെയും കര്‍ത്തവ്യമെന്തെന്ന് ആദ്യമേ പറഞ്ഞു മനസ്സിലാക്കണം. ഏതെങ്കിലുമൊരു വണ്ടിക്കുമാത്രം തകരാറു സംഭവിക്കുകയാണെങ്കില്‍ റോഡരുകില്‍ സൗകര്യമുള്ളൊരിടത്തു കൊണ്ടുചെന്ന് അറ്റകുറ്റപ്പണികള്‍ നടത്തണം. മറ്റു വണ്ടികളുടെ യാത്ര തടസ്സപ്പെടുത്തരുത്. അറ്റകുറ്റപ്പണികള്‍ തീര്‍ന്നശേഷം കോണ്വോയ്യുമായിച്ചേര്ന്ന് യാത്ര തുടരാം. കോണ്‍വോയ്, വഴിക്ക് എവിടെയെങ്കിലും പിരിച്ചുവിടുകയാണെങ്കില്‍ വീണ്ടും യാത്ര തുടരുന്നതിനുമുമ്പ് അറ്റകുറ്റപ്പണി ചെയ്ത വണ്ടിക്ക് സ്വസ്ഥാനത്തേക്കു പോയി യാത്ര തുടരാം. ഏതെങ്കിലും വണ്ടി കോണ്വോയ്ക്കുവളരെ പിന്നിലായി പോയിട്ടുണ്ടെങ്കില്‍ നിയന്ത്രണവിഭാഗത്തെ വിവരമറിയിക്കണം. യാത്രയ്ക്കിടയില്‍ ചെറിയതോതില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനുവേണ്ട എന്‍ജിനീയര്‍മാരും മറ്റു ജോലിക്കാരും കൂടെ ഉണ്ടായിരിക്കണം. വളരെ ദൂരെയുള്ള യാത്രയാണെങ്കില്‍ വഴിക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്യുവാന്‍ പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്.
മാര്ഗനിയന്ത്രണം
മാര്‍ഗമധ്യേ അപകടമില്ലാതെ, സ്ഥിരവേഗതയില്‍ നിശ്ചിത സാന്ദ്രതയില്‍ മുന്നോട്ടു പോകുന്നതിനു മാര്ഗനിയന്ത്രണം ആവശ്യമാണ്. വാര്‍ത്താവിനിമയത്തിന്റെ നിലവാരം, മാര്‍ഗമധ്യേയുള്ള അടയാളബോര്‍ഡുകള്‍, മാര്‍ഗദര്‍ശികള്‍ എന്നീ മൂന്നു ഘടകങ്ങള്‍ മാര്ഗനിയന്ത്രണത്തിന് ആവശ്യമാണ്. അടയാളബോര്ഡുകൊണ്ടുമാത്രം കാര്യം സാധിക്കുമെങ്കില്‍ അവിടെ ഒരു മാര്‍ഗദര്‍ശിയെ നിര്‍ത്തേണ്ട ആവശ്യമില്ല. ഡ്രൈവര്‍മാര്‍ക്ക് എളുപ്പം കാണാന്‍ കഴിയുന്ന വിധത്തില്‍ വേണം അടയാളബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്; അടയാള ബോര്‍ഡുകള്‍ ഡ്രൈവര്‍ക്ക് നിഷ്പ്രയാസം കാണാന്‍ സാധിക്കുന്ന വിധത്തില്‍ ഭൂനിരപ്പില്‍നിന്ന് ഒരു മീ. ഉയരത്തില്‍ സ്ഥാപിക്കണം. അതു ചരിഞ്ഞുവീണു പോവാതിരിക്കാനും ചൂണ്ടിക്കാട്ടുന്ന ഭാഗം മാറിപ്പോകാതിരിക്കാനും ഇടയ്ക്കിടെ പരിശോധിക്കണം. മോട്ടോര്‍ സൈക്കിളില്‍ കാവല്‍ യാത്ര (Patroling) നടത്തുന്ന മാര്ഗദര്ശികളാണിവ ശ്രദ്ധിക്കേണ്ടത്. സഞ്ചാരവേഗതയെക്കുറിച്ചും മറ്റും നിയന്ത്രണകേന്ദ്രങ്ങളില്നിന്നു ഹെഡ് ക്വാര്ട്ടറുകളിലേക്ക് സന്ദേശം അയച്ചുകൊണ്ടിരിക്കും. ലൈറ്റുകള്‍ ഘടിപ്പിച്ചതോ ഇരുട്ടില്‍ തിളങ്ങുന്നതോ ആയ അടയാളബോര്ഡുകളാണ് രാത്രിയിലുപയോഗിക്കുന്നത്.
യാത്രയ്ക്കിടയില്‍ വല്ല പുതിയ ആജ്ഞകളും ഉണ്ടെങ്കില്‍ നിയന്ത്രണവിഭാഗമാണു കോണ്‍വോയ് യൂണിറ്റുകളെ അറിയിക്കേണ്ടത്. റോഡിന്റെ പ്രാദേശിക വളവുകെളപ്പറ്റിയും മറ്റു പ്രതിബന്ധങ്ങളെപ്പറ്റിയും മുന്നറിയിപ്പു നല്‍കുന്നതും അഭയാര്‍ഥികളെ നിയന്ത്രിക്കുന്നതും അനുവദിച്ച വഴിയില്‍ത്തന്നെ വണ്ടികള്‍ പോകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതും മാര്‍ഗദര്‍ശികളാണ്. കോണ്‍വോയ്യുടെ കണ്ണും ചെവിയുമാണ് മാര്‍ഗദര്‍ശികള്‍.
യാത്രാമദ്ധ്യേയുള്ള നിര്‍ദേശങ്ങള്‍
പല കാരണങ്ങള്‍ കൊണ്ടും മാര്‍ഗമധ്യേ കോണ്‍വോയ്കള്‍ക്ക് ഏതാനും സമയത്തേക്കെങ്കിലും ഒരിടത്തു തങ്ങേണ്ടിവരും. സാധാരണയായി ഓരോ രണ്ടു മണിക്കൂര്‍ യാത്രയ്ക്കുശേഷം ഇരുപതുമിനിട്ടും ഓരോ ആറ് മണിക്കൂറിനുശേഷം ഒരു മണിക്കൂറും വിശ്രമം ഉണ്ടായിരിക്കും. അരമണിക്കൂറിലധികം ഒരു സ്ഥലത്തു തങ്ങേണ്ടതായി വരുമ്പോള്‍ വണ്ടികള്‍ പിരിച്ചുവിടുകയും അടുത്തുള്ള കാടിന്റെയും പൊന്തയുടെയും ഇടയില്‍ ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്യും. അല്പനേരത്തേക്കുള്ള തങ്ങല് റോഡരുകില്ത്തന്നെയാവാം. ഭക്ഷണം കഴിക്കുന്നതിനും കുളിക്കുന്നതിനും വണ്ടിയില്‍ പെട്രോള്‍ നിറയ്ക്കുന്നതിനും സൈനികര്‍ക്കു വിശ്രമം നല്‍കുന്നതിനും ശത്രുക്കളുടെ പിടിയില്‍ പെടാതിരിക്കുന്നതിനുമെല്ലാം യാത്രയ്ക്കിടയില്‍ ഇടയ്ക്കിടെ തങ്ങേണ്ടതായിവരാം.
പലപ്പോഴും മാര്ഗതടസ്സമുണ്ടാകുമ്പോള് വഴിയില്‍ കുറേനേരം തങ്ങേണ്ടതായി വരാറുണ്ട്. മാര്ഗതടസ്സമുണ്ടാകുമ്പോള് ഒരു ഓഫീസര്‍ അവിടെച്ചെന്നു പ്രതിബന്ധമെന്താണെന്ന് മനസ്സിലാക്കി ആവശ്യമായ നടപടികളെടുക്കും. പ്രതിബന്ധം തരണം ചെയ്യുവാന്‍ അല്പസമയമെടുക്കുമെന്നു തോന്നിയാല്‍ കോണ്‍വോയ് കമാന്‍ഡറെയും മറ്റും വിവരമറിയിക്കും. കോണ്‍വോയ് ആ സമയം വരെ വിശ്രമിക്കും.
മാര്‍ഗദര്‍ശന അടയാളങ്ങള്‍
പകലും രാത്രിയും പ്രത്യേകം മാര്‍ഗദര്‍ശന അടയാളങ്ങളാണുപയോഗിക്കുന്നതെങ്കിലും രാത്രിയില്‍ ലൈറ്റ്സിഗ്നലുകള് ശത്രു എളുപ്പം തിരിച്ചറിഞ്ഞേക്കുമെന്നതിനാല് ഏതാനും നിബന്ധനകള്‍ പാലിക്കേണ്ടിയിരിക്കുന്നു. കോണ്വോയ്യിലെ വണ്ടികളുടെ മുഴുവന്‍ ലൈറ്റുകളും ഉപയോഗിക്കാറില്ല എന്നതാണ് ആദ്യത്തെ കാര്യം. ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ വണ്ടിയുടെ മുന്‍ഭാഗത്തുള്ള ലൈറ്റുകളും ബാക്കി വണ്ടികളുടെ പിന്‍ഭാഗത്തുള്ള ആക്സില്ലൈറ്റുകളും മാത്രമേ ഉപയോഗിക്കാവൂ. പുകവലി കര്‍ശനമായി നിരോധിച്ചിരിക്കും. നഗ്നമായ ഒരു ലൈറ്റും ഉപയോഗിക്കാന്‍ പാടില്ല. ടോര്ച്ചുകള് മുഴുവന്‍ കറുത്ത കടലാസോ പെയിന്റോ ഉപയോഗിച്ചു മറച്ചിരിക്കണം. ചുവപ്പു പ്രകാശ അടയാളം കണ്ടാല്‍ ഉടനെ വണ്ടികള്‍ നിര്‍ത്തണം. അംബര്നിറം കണ്ടാല്‍ യാത്ര പുറപ്പെടാന്‍ തയ്യാറാവണം. പച്ചനിറം കണ്ടാല്‍ യാത്ര ആരംഭിക്കണം.
കപ്പലുകള്‍ സംഘമായി ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോകുന്നതും കോണ്‍വോയ് ആയിട്ടാണ്. ഒന്നും രണ്ടും ലോകയുദ്ധകാലങ്ങളില്‍ ഇത്തരം കോണ്‍വോയ്കള്‍ സംഘടിപ്പിച്ചിരുന്നു. ശത്രുവിന്റെ അന്തര്വാഹിനിക്കപ്പലുകളും വിമാനം വഴിയുള്ള ആക്രമണവും ഇത്തരം കോണ്വോയ്കളെ ശല്യപ്പെടുത്തിയിരുന്നു. ഇവരുടെ മാര്‍ഗദര്‍ശന അടയാളങ്ങളില്‍ പ്രധാനപ്പെട്ടത് ദീപസ്തംഭങ്ങളായിരുന്നു. സൗകര്യപ്രദമായ തുറമുഖത്ത് എത്തിയില്ലെങ്കില്‍ വിശ്രമിക്കുവാന്‍ വളരെ പ്രയാസമായിരുന്നു. റോഡുവഴിയുള്ള കോണ്വോയ്കളെപ്പറ്റിപ്പറഞ്ഞ പല കാര്യങ്ങളും കടല്‍വഴിയുള്ള കോണ്വോയ്കള്ക്കും ബാധകമാണ്.
(കാവുമ്പായി ജനാര്ദനന്)