This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:32, 2 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോഡ്‌

Cod

കോഡ്‌ മത്സ്യം

ഒരു സമുദ്രജലമത്സ്യം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭക്ഷ്യമത്സ്യമാണ്‌ കോഡ്‌. ഗാഡിഫോര്‍മിസ്‌ (Gadiformes) മത്സ്യ ഗോത്രത്തിലെ (order) ഗാഡിഡേ (Gadidae) കുടുംബത്തിലുള്‍പ്പെടുന്ന മത്സ്യമാണിത്‌. ഗാഡിഡേ മത്സ്യകുടുംബത്തില്‍ 150-ഓളം സ്‌പീഷീസുകളുണ്ട്‌. ഇവയില്‍ അത്‌ലാന്തിക്‌ കോഡാണ്‌ പ്രധാന മത്സ്യം. പസിഫിക്‌കോഡ്‌, പൊള്ളോക്ക്‌, ഹേക്ക്‌, റോക്‌ളിങ്‌ എന്നിവയും ഈ കുടുംബത്തിലുള്‍പ്പെടുന്നു.

സമുദ്രജലത്തിലെ അടിത്തട്ടിനോടടുത്ത്‌ തണുപ്പുള്ള ഭാഗങ്ങളിലാണ്‌ കോഡ്‌മത്സ്യങ്ങള്‍ പ്രധാനമായും കാണപ്പെടുന്നത്‌. നോര്‍ത്ത്‌സീ, നോര്‍വെ, ബിയര്‍ അയലണ്ട്‌, ഐസ്‌ലന്‍ഡ്‌, ഗ്രീന്‍ലന്‍ഡ്‌, ന്യൂഫൗണ്ട്‌ലന്‍ഡ്‌, ലാബ്രഡോര്‍ എന്നിവിടങ്ങളില്‍ ഇവ ധാരാളമായുണ്ട്‌. വേനല്‍ക്കാലത്ത്‌ ഇവ ആഴം കുറഞ്ഞ തീരപ്രദേശങ്ങളിലേക്കു സഞ്ചരിക്കാറുണ്ട്‌. ദേശാന്തരഗമനം നടത്തുന്ന ചില കോഡ്‌ ഇനങ്ങള്‍, ന്യൂഫൗണ്ട്‌ലന്‍ഡില്‍നിന്നു ഗ്രീന്‍ലന്‍ഡിലേക്കും മറ്റു ചിലവ ഗ്രീന്‍ലന്‍ഡില്‍നിന്നു ഐസ്‌ലന്‍ഡിലേക്കും വന്നു ചേരുന്നു. ഓരോ പ്രദേശത്തും ഇവയ്‌ക്ക്‌ ആഹാരം ശേഖരിക്കാനുള്ള സ്ഥലവും പ്രത്യുത്‌പാദനത്തിനുള്ള സ്ഥലവും പ്രത്യേകമായുണ്ട്‌. പ്രത്യേക കാലാവസ്ഥകളിലാണ്‌ ഇങ്ങനെ ദേശാന്തരഗമനം നടത്താറുള്ളത്‌.

സാമ്പത്തിക പ്രാധാന്യമേറിയതും ധാരാളമായി കണ്ടുവരുന്നതുമായ അത്‌ലാന്തിക്‌ കോഡ്‌ മത്സ്യത്തിന്റെ ശാ.നാ. ഗാഡസ്‌ മോര്‍ഹുവാ (Gadus morhua) എന്നാണ്‌. അത്‌ലാന്തിക്‌ സമുദ്രത്തിന്റെ വടക്കെ അമേരിക്കന്‍ ഭാഗത്തിലാണിവ കാണപ്പെടുന്നത്‌. പടിഞ്ഞാറന്‍ ഗ്രീന്‍ലന്‍ഡിലെ ഹഡ്‌സണ്‍ കടലിടുക്കു മുതല്‍ വടക്കേ കരോലിനയിലെ കേപ്പ്‌ ഹട്ടെറാസ്‌ വരെ ഇവ വ്യാപിച്ചിരിക്കുന്നു. ന്യൂഫൗണ്ട്‌ലന്‍ഡ്‌-ലാബ്രഡോര്‍ തീരങ്ങളില്‍ ഇവ വ്യാപകമായി കാണപ്പെടുന്നു. ഐസ്‌ലന്‍ഡ്‌ തുടങ്ങിയ ആര്‍ട്ടിക്‌ ദ്വീപുകള്‍ മുതല്‍ ബേ ഒഫ്‌ ബിസ്‌കോ വരെയുള്ള ഐസ്‌ലന്‍ഡ്‌ പ്രദേശം, ബാള്‍ട്ടിക്‌ സമുദ്രം എന്നിവിടങ്ങളിലും സമുദ്രത്തിലും ഇവ ധാരാളമായുണ്ട്‌.

നീണ്ട്‌ മുക്കോണാകൃതിയിലുള്ളതാണ്‌ കോഡ്‌മത്സ്യത്തിന്റെ തല. കീഴ്‌ത്താടിയുടെ മധ്യഭാഗത്തുനിന്നു മുമ്പോട്ടു തള്ളിനില്‍ക്കുന്ന ഒരു സ്‌പര്‍ശന പ്രവര്‍ധം (barbel) ഉണ്ട്‌. മൂന്നു പൃഷ്‌ഠ (dorsal) പത്രങ്ങളും രണ്ടു ഗുദ(anal)പത്രങ്ങളും ഒരു പുച്ഛ പത്രവും ഉണ്ട്‌. ശരീരത്തെ പൊതിഞ്ഞു ചെറിയ ശല്‌ക്കങ്ങളും കാണപ്പെടുന്നു. തീരത്തോടടുത്തു കഴിഞ്ഞുകൂടുന്ന മത്സ്യങ്ങളുടെ ശരാശരി ഭാരം 2 മുതല്‍ 6 കിലോഗ്രാം വരെയാണെങ്കിലും ആഴക്കടലില്‍ 100 കിലോഗ്രാം വരെയുള്ളവയെ കണ്ടെത്തിയിട്ടുണ്ട്‌.

സമുദ്രആവാസവ്യവസ്ഥയുടെ മാറ്റങ്ങള്‍ക്കനുസൃതമായി കോഡ്‌ മത്സ്യങ്ങളുടെ നിറത്തിലും മാറ്റംകണ്ടുവരുന്നു. ചാരനിറമുള്ളവ മുതല്‍ പച്ചനിറമുള്ളവ വരെ കാണപ്പെടാറുണ്ട്‌. ശരീരത്തിന്റെ വശങ്ങളില്‍ ചുവപ്പോ തവിട്ടോ നിറത്തിലുള്ള വട്ടപ്പുള്ളികളുമുണ്ട്‌. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ചെറിയ ക്രസ്റ്റേഷ്യകളാണ്‌ ഇവയുടെ ഭക്ഷണം. 50 സെ.മീ. വളര്‍ച്ചയാകുന്നതോടെ ചെറുമത്സ്യങ്ങളാണ്‌ പ്രധാനാഹാരം. അടിത്തട്ടില്‍ ജീവിക്കുന്ന ഞണ്ടുകള്‍, മൊളസ്‌കുകള്‍, വിരകള്‍, സ്‌ക്വിഡ്‌ (squid) തുടങ്ങിയ അകശേരുകികളേയും ഇവ ഭക്ഷിക്കുന്നു.

ശീതകാലാരംഭത്തോടെയാണ്‌ ഇവ മുട്ടയിടാനാരംഭിക്കുന്നത്‌. ഒരു മീ. വളര്‍ച്ചയുള്ള ഒരു മത്സ്യം (പ്രായം 4-5 വര്‍ഷം) ഒരു വര്‍ഷം അഞ്ചു മില്യന്‍ മുട്ടവരെ ഇടാറുണ്ട്‌. 1.2 മുതല്‍ 1.8 മില്ലിമീറ്റര്‍ വരെ വ്യാസമുള്ള വൃത്താകാരത്തിലുള്ള മുട്ടകളാണ്‌ ഇവയുടേത്‌. ബീജസങ്കലനം കടല്‍ജലത്തില്‍വച്ചാണ്‌ നടക്കുന്നത്‌. ഈ മുട്ടക്കൂട്ടങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കും. കടല്‍ജലത്തിന്റെ താപനിലയ്‌ക്കനുസരണമായി മുട്ട വിരിയാനുള്ള സമയത്തില്‍ ഏറ്റക്കുറച്ചില്‍ വരാറുണ്ട്‌. സാധാരണ ഗതിയില്‍ 8 ദിവസത്തിനും 23 ദിവസത്തിനും ഉള്ളില്‍ മുട്ടകള്‍ വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ പുറത്തുവരും. 6 മില്ലിമീറ്റര്‍ നീളം മാത്രമുള്ള മത്സ്യലാര്‍വകള്‍ ജലോപരിതലത്തില്‍ പ്ലവകങ്ങളുമായി ചേര്‍ന്ന്‌ രണ്ടരമാസത്തോളം കഴിഞ്ഞു കൂടും. അതിനുശേഷം അവ അടിത്തട്ടിലേക്ക്‌ നീങ്ങിത്തുടങ്ങുന്നു. വളര്‍ച്ച പുരോഗമിക്കുന്നതനുസരിച്ച്‌ ഇവ കൂടുതല്‍ കൂടുതല്‍ അടിത്തട്ടിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും.

കോഡ്‌മത്സ്യത്തിന്റെ മുട്ടകളില്‍ പലതും ബീജസങ്കലനവിധേയമാവാതെ നശിച്ചുപോവാറുണ്ട്‌. നല്ലൊരുപങ്ക്‌ മറ്റു മത്സ്യങ്ങളുടെ ആഹാരമായിത്തീരുകയും ചെയ്യും. ഒരു മത്സ്യംതന്നെ ഒരു വര്‍ഷം അഞ്ചുദശലക്ഷം മുട്ടകള്‍വരെ ഇടുന്നതിനാല്‍ ഇപ്രകാരം മുട്ടകള്‍ക്കു വന്‍തോതില്‍ നാശം സംഭവിച്ചാലും കോഡ്‌ മത്സ്യവംശവര്‍ധനവിനെ അതു സാരമായി ബാധിക്കാറില്ല. താപനില കുറഞ്ഞ ജലത്തില്‍ മത്സ്യത്തിന്റെ വളര്‍ച്ച സാവധാനത്തിലായിരിക്കും.

ഈ വര്‍ഗത്തിലെ പ്രാധാന്യമേറിയ മറ്റൊരു മത്സ്യമാണ്‌ ഗാഡസ്‌ മാക്രോസെഫാലസ്‌ (Gadus macrocephalus)എന്നു ശാസ്‌ത്രനാമമുള്ള പസിഫിക്‌ കോഡ്‌. സെന്‍ട്രല്‍ കാലിഫോര്‍ണിയ മുതല്‍ ബെറിങ്‌ കടല്‍വരെ ഇവ കാണപ്പെടുന്നു. ബോറിയോ ഗാഡസ്‌ സയ്‌ഡാ എന്നു ശാസ്‌ത്രനാമമുള്ള ആര്‍ട്ടിക്‌ കോഡ്‌ ധ്രുവപ്രദേശങ്ങളിലെ ലവണജലത്തില്‍ ധാരാളമായുണ്ട്‌. അതുപോലെതന്നെ മറ്റൊരു കോഡ്‌ ഇനമാണ്‌ ഗാഡസ്‌ ഒഗാക്ക്‌ (Gadus ogac) എന്നു ശാസ്‌ത്രനാമമുള്ള ഗ്രീന്‍ലന്‍ഡ്‌ കോഡ്‌. അത്‌ലാന്തിക്‌ കോഡിന്റെപ്പോലെ ശരീരഘടനയുള്ള ഇവയ്‌ക്ക്‌ ശരീരത്തില്‍ വട്ടപ്പുള്ളികള്‍ കാണാറില്ല.

കോഡ്‌ മത്സ്യത്തിന്റെ മിക്കവാറും എല്ലാഭാഗങ്ങളും പ്രയോജനപ്രദമാണ്‌. ഉപ്പിട്ട്‌ ഉണക്കിയ മത്സ്യം അനാദികാലം മുതലേ കപ്പല്‍ യാത്രക്കാരുടെ ഇഷ്‌ടഭോജ്യമായിരുന്നു. ഇതിന്റെ തൊലിയില്‍നിന്ന്‌ ഒരുതരം പശയും ലഭ്യമാണ്‌. വാതാശയം (Swim bladder) ഐസിങ്‌ ഗ്‌ളാസിന്‌ ഉപയോഗിക്കുന്നു. ഇതിന്റെ കരളില്‍നിന്ന്‌ എടുക്കുന്ന ഇളം മഞ്ഞനിറമുള്ള എണ്ണയാണ്‌ കോഡ്‌ ലിവര്‍ ഓയില്‍. വിറ്റാമിന്‍ എ.-യും ഡി.-യും ഇ.-യും ഒമേഗ 3-ഫാറ്റി ആസിഡും ധാരാളമായുള്ള ഈ എണ്ണ കുട്ടികള്‍ക്കു ശരീരപോഷണത്തിനായി ഉപയോഗിക്കുന്നു. റിക്കറ്റ്‌സ്‌, ക്ഷയം എന്നിവ തടയാനും ഇത്‌ പ്രയോജനപ്പെടുത്താറുണ്ട്‌. ഡച്ചുകാര്‍ തലമുറകളായി കോഡ്‌ലിവര്‍ ഓയില്‍ ഔഷധമായി ഉപയോഗിച്ചു വന്നിരുന്നെങ്കിലും 19-ാം ശതകത്തിന്റെ മധ്യത്തോടെയാണ്‌ ഇതിന്‌ ഒരു ശാസ്‌ത്രീയ ഔഷധപദവി ലഭിച്ചത്‌. 1920-ഓടെ വിറ്റാമിന്‍ എ.-യുടെയും ഡി.-യുടെയും സ്രോതസ്സാണിതെന്ന്‌ കണ്ടെത്തി. ഇത്‌ ദ്രാവകരൂപത്തിലും കാപ്‌സ്യൂളുകളായും ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍