This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖട്വാങ്ഗന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:36, 1 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖട്വാങ്ഗന്‍

ഭാരതീയ പുരാണേതിഹാസങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന സൂര്യവംശജനായ ഒരു രാജാവ്. അയോധ്യാരാജാവായിരുന്ന കല്മാഷപാദന്റെ പൗത്രനായ മൂലകന്റെ പുത്രനായിരുന്നു ഖട്വാങ്ഗന്‍ എന്ന് ഭാഗവതം നവമസ്കന്ധത്തിലും ഇതേ സ്കന്ധത്തില്‍ത്തന്നെയുള്ള ഒരു സ്ലോകത്തിലും (അധ്യ. 9, സ്ലോകം 4) ഇദ്ദേഹം വിശ്വസഹന്റെ പുത്രനായിരുന്നുവെന്നും പറയുന്നുണ്ട്. ഖട്വാങ്ഗന്‍ ഇളിബിളയുടെ പുത്രനായിരുന്നുവെന്നും ഇദ്ദേഹത്തിന് ദിലീപന്‍ എന്നൊരു നാമം കൂടി ഉണ്ടായിരുന്നെന്നും മഹാഭാരതത്തില്‍ കാണുന്നു.

ഭാരതത്തിലെ പതിനാറു രാജാക്കന്മാരില്‍ ഒരാളാണ് ഖട്വാങ്ഗന്‍. ഇദ്ദേഹം നൂറു യജ്ഞങ്ങള്‍ നടത്തി. യാഗസമയത്ത് സുവര്‍ണമാര്‍ഗങ്ങള്‍ നിര്‍മിച്ചു. സന്തോഷം പൂണ്ട ഇന്ദ്രാദിദേവകള്‍ സന്നിഹിതരാവുകയും ഇദ്ദേഹത്തിന് അനുഗ്രഹാശിസ്സുകള്‍ നല്കുകയും ചെയ്തു (ദ്രോണപര്‍വം, അ. 61). ദേവാസുരയുദ്ധത്തില്‍ ദേവന്മാരുടെ പക്ഷം ചേര്‍ന്ന് അസുരന്മാരോടു പോരാടിയും ഇദ്ദേഹം ദേവപ്രീതി നേടിയിരുന്നു.

രാജര്‍ഷിശ്രേഷ്ഠനായ ഖട്വാങ്ഗന്‍ ഒരിക്കല്‍ ഈശ്വരനെ പ്രസാദിപ്പിച്ചതായും തന്റെ ആയുസ്സ് ഇനി ഓന്നോ രണ്ടോ നാഴികയേ ബാക്കിയുള്ളൂ എന്നറിഞ്ഞയുടനെ, സര്‍വബന്ധങ്ങളും ഉപേക്ഷിച്ചു ഭഗവദ്ധ്യാനം ചെയ്ത് പരമപുരാഷാര്‍ഥം പ്രാപിച്ചതായും ഭാഗവതം ദ്വിതീയസ്കന്ധത്തില്‍ ശ്രീശുകന്‍ പരീക്ഷിത്തിനോടു പറയുന്നുണ്ട്. പാര്‍ഷദപദവി നല്കാന്‍പോലും ഇന്ദ്രദ്യുമ്നനെ കഠിനപരീക്ഷണങ്ങള്‍ക്കു വിധേയനാക്കിയ ഭഗവാന്‍ ഖട്വാങ്ഗന് മുഹൂര്‍ത്തം (മൂന്നേമുക്കാല്‍ നാഴിക) കൊണ്ടു ബ്രഹ്മപദം നല്കിയതിനെപ്പറ്റി ഹരിനാമകീര്‍ത്തനത്തില്‍ പരാമര്‍ശിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍