This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രിപ്പ, മാര്‍ക്കസ് വിപ്സേനിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:11, 29 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അഗ്രിപ്പ, മാര്‍ക്കസ് വിപ്സേനിയസ്

(ബി.സി. 63 - 12) Agrippa,Marcus Vipsanius

റോമന്‍ പട്ടാളമേധാവിയും രാജ്യതന്ത്രജ്ഞനും. അഗസ്റ്റസ് ചക്രവര്‍ത്തിയുടെ (ബി.സി. 63 എ.ഡി. 14) ജാമാതാവായിരുന്ന അഗ്രിപ്പ, ചക്രവര്‍ത്തിയുടെ അധികാരം ഉറപ്പിക്കുവാന്‍ പല യുദ്ധങ്ങളും നയിച്ചിട്ടുണ്ട്. പോംപിയുടെ രണ്ടാമത്തെ പുത്രനായ സെക്സ്റ്റസ് പോംപിയസ് അഗസ്റ്റസിനെ പരാജയപ്പെടുത്തി. അഗസ്റ്റസിന്റെ ആവശ്യപ്രകാരം അഗ്രിപ്പ പോംപിയസിനെ മൈലേ, നൗലോക്കസ് എന്നീ യുദ്ധങ്ങളില്‍ (ബി.സി. 36) തോല്പിച്ചു. പിന്നീട് മാര്‍ക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും സേനകളെ ആക്ടിയം യുദ്ധത്തില്‍ (ബി.സി. 31) ഇദ്ദേഹം തോല്പിക്കുകയുണ്ടായി. ജൂലിയ(അഗസ്റ്റസിന്റെ പുത്രി)യുടെ ആദ്യഭര്‍ത്താവ് നിര്യാതനായപ്പോള്‍, അവളെ അഗസ്റ്റസ് ചക്രവര്‍ത്തി അഗ്രിപ്പയ്ക്ക് വിവാഹം ചെയ്തുകൊടുത്തു.

അഗ്രിപ്പ (നടുവില്‍): ഒരു പ്രാചീനശില്പം)

ഗോളിലും സ്പെയിനിലും പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലഹങ്ങളെ അമര്‍ച്ചചെയ്യുന്നതില്‍ അഗ്രിപ്പ വിജയിച്ചു. റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ആ പ്രദേശങ്ങളെ ശക്തമാക്കുന്നതിലും വിദേശീയരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ദൃഢമാക്കുന്നതിലും അഗ്രിപ്പ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. നല്ല ഭരണാധികാരിയും ഭാവനാസമ്പന്നനായ ഒരു എന്‍ജിനീയറുമായിരുന്ന അഗ്രിപ്പ, റോമിലെ നഗരപരിഷ്കരണത്തിന് നേതൃത്വം നല്കി. നിരവധി ഉദ്യാനങ്ങളും മ്യൂസിയവും പാന്തിയോണ്‍ ഉള്‍പ്പെടെയുള്ള പല മന്ദിരങ്ങളും ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം നിര്‍മിക്കപ്പെട്ടു. 'അക്വാജൂലിയ' എന്ന ജലവാഹികയും (aqueduct) അഗ്രിപ്പ നിര്‍മിച്ചതാണ്. പല ഭൂമിശാസ്ത്രരേഖകളും ഒരു ഭൂപടവും ജീവിതക്കുറിപ്പുകളും ഇദ്ദേഹത്തിന്റേതായി അവശേഷിക്കുന്നു.

അഗ്രിപ്പയ്ക്ക് അഗസ്റ്റസിന്റെ പുത്രിയായ ജൂലിയയില്‍ ജനിച്ച അഗ്രിപ്പിന എന്ന പുത്രി ജര്‍മാനിക്കസ് സീസറിനെയാണ് വിവാഹം കഴിച്ചത്. പില്ക്കാലത്തു ചക്രവര്‍ത്തിയായ കലിഗുള അവരുടെ പുത്രനായിരുന്നു. കലിഗുളയുടെ (12-41) സഹോദരിയായ രണ്ടാം അഗ്രിപ്പിന നീറോചക്രവര്‍ത്തിയുടെ (37-68) മാതാവായിരുന്നു. അവര്‍ക്ക് ആദ്യഭര്‍ത്താവില്‍ ജനിച്ചതാണ് നീറോ. എ.ഡി. 49-ല്‍ അഗ്രിപ്പിന ക്ളോഡിയസ്സിനെ വിവാഹം കഴിച്ചു. ക്ളോഡിയസ്സിനെ വധിച്ചശേഷം സിംഹാസനം നീറോയ്ക്കുവേണ്ടി ഇവര്‍ കൈവശപ്പെടുത്തി. പക്ഷേ നീറോ മാതാവിനെ വധിച്ചു. അഗ്രിപ്പിനാ എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്ന ചില ഓര്‍മക്കുറിപ്പുകളുടെ ഭാഗങ്ങള്‍ നിലവിലുണ്ട്. ബി.സി. 12-ല്‍ ഇറ്റലിയിലെ കമ്പാനിയായില്‍വച്ച് അഗ്രിപ്പ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍