This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊടുങ്ങല്ലൂര്‍ കളരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൊടുങ്ങല്ലൂര്‍ കളരി
പത്തൊമ്പതാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ കൊടുങ്ങല്ലൂര്‍ രാജവംശത്തെ ചൂഴ്ന്നു വളര്‍ന്നുവന്ന പണ്ഡിതകവി സംഘം. വിദ്വാന്‍ ഇളയതമ്പുരാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗോദവര്‍മത്തമ്പുരാനായിരുന്നു ഈ കളരിയുടെ ആചാര്യന്‍. വ്യാകരണത്തിലും തര്‍ക്കത്തിലും മഹാപണ്ഡിതനായിരുന്ന ഇദ്ദേഹം 1851-ല്‍ അന്തരിച്ചു. ജ്യോതിഷം, ചിത്രരചന എന്നിവയിലും സാമാന്യം വിദഗ്ദനായിരുന്ന ഇദ്ദേഹത്തിന്റെ കാലം മുതല്‍ അരനൂറ്റാണ്ടുകാലം പണ്ഡിതരാജ കൊച്ചിക്കാവു തമ്പുരാട്ടിയുള്‍പ്പെടെയുള്ള പണ്ഡിതന്മാരുടെ ഒരു പരമ്പര തന്നെ കൊടുങ്ങല്ലൂര്‍ രാജവംശത്തെ അലങ്കരിച്ചിരുന്നു. ഗോദവര്‍മത്തമ്പുരാന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു വെണ്മണി അച്ഛന്‍ നമ്പൂതിരിപ്പാടും പൂന്തോട്ടവും. തമ്പുരാന്റെ ശിഷ്യനായിരുന്ന പുതുക്കോട്ടു കൃഷ്ണശാസ്ത്രികള്‍ (കുംഭകോണം കൃഷ്ണശാസ്ത്രികള്‍) 1865 മുതല്‍ 95 വരെ കൊടുങ്ങല്ലൂര്‍ താമസിച്ച് അവിടത്തെ പണ്ഡിതസദസ്സിന്റെ ആചാര്യനായി പ്രവര്‍ത്തിച്ചു.
1874-ല്‍ അന്തരിച്ച പണ്ഡിതാഗ്രണിയായ ഗോദവര്‍മത്തമ്പുരാന്‍ മഹാ മഹോപധ്യായന്‍ ഗോദവര്‍മ എന്നാണ് അറിയപ്പെട്ടിരുന്നത്. വിദ്വാന്‍ വലിയകുഞ്ഞിരാമവര്‍മത്തമ്പുരാന്‍ തര്‍ക്കവ്യാകരണങ്ങളില്‍ പാണ്ഡിത്യം നേടിയിരുന്നു. ഇദ്ദേഹത്തിന്റെ ഇളയസഹോദരന്‍ ആയിരുന്നു മറ്റൊരു പണ്ഡിതനായ വിദ്വാന്‍ വലിയ കൊച്ചുണ്ണിത്തമ്പുരാന്‍. ഇദ്ദേഹം ജ്യോതിഷം, തച്ചുശാസ്ത്രം എന്നിവയില്‍ പ്രവീണനായിരുന്നു. താര്‍ക്കികനും വൈയാകരണനും ആയിരുന്ന, വിദ്വാന്‍ കുഞ്ഞന്‍ തമ്പുരാന്റെ അനുജനാണു പ്രശസ്തനായ കവിസാര്‍വഭൌമന്‍ കൊച്ചുണ്ണിത്തമ്പുരാന്‍. 1921-ല്‍ അന്തരിച്ച വിദ്വാന്‍ കുഞ്ഞിരാമവര്‍മത്തമ്പുരാന്റെ മരുമകനാണ് കേരള വ്യാസന്‍ എന്നു പ്രഖ്യാതനായിത്തീര്‍ന്ന കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍. ഈ പരമ്പരയില്‍, ചക്രംതമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന വിദ്വാന്‍ ഗോദവര്‍മയും കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ അനുജനും നാട്യശാസ്ത്രവിദഗ്ദനുമായ ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്ന സംതീതജ്ഞനുമുണ്ടായിരുന്നു. വിഷവൈദ്യത്തില്‍ വിദഗ്ധനായിരുന്ന ഒരു ഗോദവര്‍മത്തമ്പുരാനും ഇതേ കാലത്തു തന്നെയാണു ജീവിച്ചിരുന്നത്. ഇത്രയധികം പണ്ഡിതന്മാര്‍ ഒരു കുടുംബത്തില്‍, ഒരേകാലത്തു ജീവിക്കുക എന്നത് വളരെ അസാധാരണമാണ്. ആ അസാധാരണത്വം സംഭവിച്ചതുകൊണ്ടും ഇവരെല്ലാം മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തില്‍ ബദ്ധശ്രദ്ധരായിരുന്നതുകൊണ്ടുമാണ് കൊടുങ്ങല്ലൂര്‍ കളരി മലയാള സാഹിത്യത്തിലെ ഒരു നാഴികക്കല്ലായിത്തീര്‍ന്നത്.
ഈ രാജകുടുംബാംഗങ്ങളോടു ബന്ധപ്പെട്ട കവികള്‍ അസംഖ്യം ആണ്. വെണ്മണി അച്ഛന്‍, മഹന്‍ (കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ പിതാവ്), നടുവത്തച്ഛന്‍ നമ്പൂതിരി, നടുവം മഹന്‍, ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍, കുണ്ടൂര്‍ നാരായണമേനോന്‍, ഒറവങ്കര, ശീവൊള്ളി എന്നിങ്ങനെ അക്കാലത്ത് ലബ്ധപ്രതിഷ്ഠരായ മിക്ക കവികളും ഈ പണ്ഡിതസദസ്സുമായി അടുത്തബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. മാന്തിട്ട നമ്പൂതിരി, ആറ്റൂര്‍ തുടങ്ങിയ പണ്ഡിതന്മാരും ഇതേ കളരിയില്‍ അഭ്യസിച്ചവരാണ്. കൂനേഴത്ത് പരമേശ്വരമേനോന്‍, കാത്തുള്ളി അച്യുതമേനോന്‍, സി.പി. അച്യുതമേനോന്‍, ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാര്‍ തുടങ്ങി പലരും കൊടുങ്ങല്ലൂര്‍ സദസ്സുമായി ദീര്‍ഘകാലം അടുത്ത് ഇടപഴകിയവരായിരുന്നു. തെക്കുനിന്ന് കെ.സി. കേശവപിള്ള, ഉള്ളൂര്‍ പ്രഭൃതികളും വടക്കുനിന്ന് കെ.സി. നാരായണന്‍ നമ്പ്യാരും മധ്യതിരുവിതാംകൂറില്‍ നിന്ന് കെ.സി. മാമ്മന്‍മാപ്പിള, കൊട്ടാരത്തില്‍ ശങ്കുണ്ണി എന്നിവരും കൊടുങ്ങല്ലൂര്‍ കളരിയുമായി ബന്ധം പുലര്‍ത്തി. അതുകൊണ്ട് സാംസ്കാരിക കേരളത്തിന്റെ ആസ്ഥാനം കൊടുങ്ങല്ലൂര്‍ കളരിതന്നെ ആയിത്തീര്‍ന്നു. മലയാള മനോരമയുടെ സാഹിത്യപംക്തിയും ഭാഷാപോഷിണിസഭയും ഇവരുടെ നിര്‍വ്യാജമായ പരിലാളനത്തിനു പാത്രീഭവിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ കവിക്കളരിയില്‍ കുംഭകോണം കൃഷ്ണശാസ്ത്രികളും (സംസ്കൃതം) വെണ്മണി അച്ഛന്‍ നമ്പൂതിരിയും (മലയാളം) നിര്‍ണേതാക്കളായിരുന്നു. സംസ്കൃതകവിതയിലും മലയാളകവിതയിലും പയറ്റുമുറ അഭ്യസിപ്പിക്കുകയായിരുന്നു കളരിയുടെ ലക്ഷ്യം. വെണ്മണിമഹന്‍, കാത്തുള്ളി അച്യുതമേനോന്‍, കൊച്ചുണ്ണിത്തമ്പുരാന്‍, വിദ്വാന്‍ കൊച്ചുരാമവര്‍മത്തമ്പുരാന്‍, ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി, കുണ്ടൂര്‍ നാരായണമേനോന്‍, നടുവത്തച്ഛന്‍, നടുവത്തുമഹന്‍ നമ്പൂതിരി എന്നിവര്‍ ഈ കളരിയിലെ പ്രായോഗിക വിദ്യാലയാംഗങ്ങളുമായിരുന്നു.
സാഹിത്യരചനയില്‍ അക്കാലത്തെ പൊതുവായ ധാരണകള്‍ അനുസരിച്ച് കൊടുങ്ങല്ലൂര്‍ കളരിയിലെ അന്തേവാസികള്‍ നിഷ്കൃഷ്ടമായ അഭ്യാസം നേടിയവരായിരുന്നു. അനധ്യായ ദിവസങ്ങളും വിശ്രമവേളകളും അവര്‍ സാഹിത്യാസ്വാദനത്തിനു വിനിയോഗിച്ചു. കാവ്യനാടകങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥി, സുഹൃത് സദസ്സുകളില്‍ പഠിച്ച കവിതയുടെ വ്യംഗ്യം വിശദീകരിച്ച്, രസാലങ്കാരങ്ങള്‍ ചര്‍ച്ച ചെയ്ത് ശ്രോതാക്കളെ രസിപ്പിച്ചിരുന്നു.
വൈയാകരണന്മാരാകട്ടെ സിദ്ധാന്തകൌമുദി മുതല്‍ ഭാഷ്യപര്യന്തമുള്ള ഗ്രന്ഥങ്ങളില്‍ തങ്ങളുടെ പാണ്ഡിത്യത്തെ വിശദമാക്കാനാണ് ഇമ്മാതിരി സന്ദര്‍ഭങ്ങള്‍ വിനിയോഗിച്ചിരുന്നത്. ചുരുക്കത്തില്‍ സാഹിത്യാസ്വാദനപരിശീലനത്തിന്റെ വാക്യാര്‍ഥ സദസ്സുകള്‍ തന്നെ ആയിരുന്നു അത്തരം സമ്മേളനങ്ങള്‍. ഇതിന്റെ ഫലമായി കവിതാരചന കൊടുങ്ങല്ലൂര്‍ കലികുലത്തിലെ എല്ലാവര്‍ക്കും അനായാസമായ കവികര്‍മമായിത്തീര്‍ന്നു.
കൂട്ടുകവിതകള്‍, ഖണ്ഡകാവ്യങ്ങള്‍, ഛായാസ്ലോകങ്ങള്‍, ദ്രുതകവിതകള്‍, നാടകങ്ങള്‍, മഹാകാവ്യങ്ങള്‍ എന്നു വേണ്ട സാഹിത്യത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച പലരേയും കൊടുങ്ങല്ലൂര്‍ കളരിയില്‍ കണ്ടെത്താം. അക്ഷരസ്ലോകകമ്പക്കാരായിരുന്നു മിക്കവാറും എല്ലാവരും തന്നെ മഹത്തായ കാവ്യസംസ്കാരവുമായി അടുത്തബന്ധം പുലര്‍ത്തുവാന്‍ സഹായിക്കുന്നു എന്നതാണ് അക്ഷരസ്ലോകത്തിന്റെ ഒരു ഗുണവശം. കൊടുങ്ങല്ലൂര്‍ കളരിയുടെ അക്ഷരസ്ലോക സദസ്സുകള്‍ പലതുകൊണ്ടും പുതുമകലര്‍ന്നവ ആയിരുന്നു. ചിലപ്പോള്‍ അവര്‍ ഒരു നിശ്ചിതമായ ഇതിവൃത്തം ആസ്പദമാക്കിയാണ് അക്ഷരസ്ലോകസദസ്സുകള്‍ നടത്തിയിരുന്നത്. മിക്കവാറും എല്ലാവരും നിമിഷകവികള്‍ തന്നെ ആയിരുന്നതുകൊണ്ടാണ് ഇതു സാധിച്ചിരുന്നത്. മുന്‍ഗാമി, സംസ്കൃതസ്ലോകമാണ് ചൊല്ലിയതെങ്കില്‍ , തന്റെ തവണ വരുമ്പോള്‍ ആ സംസ്കൃതസ്ലോകത്തിന്റെ മലയാള പരിഭാഷ ചൊല്ലുക എന്നൊരു നേരമ്പോക്കും പലപ്പോഴും അവര്‍ സ്വീകരിച്ചു. അഞ്ചോ ആറോ മണിക്കൂര്‍ തുടര്‍ച്ചയായി നടത്തുന്ന ഈ സദസ്സിനുശേഷം മിക്കവാറും എല്ലാവര്‍ക്കും താന്താങ്ങള്‍ രചിച്ച സ്ലോകങ്ങള്‍, ആദ്യന്തം ഓര്‍മിക്കുകവാന്‍ സാധിച്ചിരുന്നുവത്രെ, കൊച്ചുണ്ണിത്തമ്പുരാനെപ്പോലുള്ള അതിബുദ്ധിമാന്മാര്‍, എല്ലാവരും ചൊല്ലിയ സ്ലോകങ്ങള്‍ ഓര്‍മയില്‍ നിന്നും വീണ്ടും ചൊല്ലുക മാത്രമല്ല, അപ്പപ്പോള്‍ അവയുടെ സംസ്കൃത പരിഭാഷകള്‍ കൂടി ഉണ്ടാക്കിച്ചൊല്ലി ആളുകളെ അമ്പരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സമസ്യാപൂരണങ്ങള്‍ അന്ന് ഏറെ പ്രചാരം നേടിയിരുന്ന ഒരു സാഹിത്യവിനോദം ആയിരുന്നു. 'ആറും പിന്നെയൊരാറും ഉണ്ടവ ഗണിക്കുമ്പൊളേഴായ് വരും' കണ്ടേന്‍ കറുത്തു രുധിരാം ബു നിലാവുപോലെ 'കളമമലദലക്കണ്ണനെന്‍ കണ്ണിലാമോ' തുടങ്ങിയ സമസ്യകളുടെ പൂരണങ്ങളായി നമുക്കു കിട്ടിയിട്ടുള്ള സ്ലോകങ്ങള്‍ ഒറ്റ സ്ലോകങ്ങളുടെ കൂട്ടത്തില്‍ നറുമുത്തുകളാണ്. വിചിത്രമായ സമസ്യകളും ചിലപ്പോള്‍ കാണാം. ഉദാഹരണമായി, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, പൂരണത്തിനയച്ച ഒരു സമസ്യ '000,000,00' എന്നിങ്ങനെ എട്ടു പൂജ്യങ്ങള്‍ മാത്രമായിരുന്നു. നാലാംപാദം ശൂന്യാക്ഷരങ്ങളാലാണ് വിരചിതമാകേണ്ടത് എന്നു മനസ്സിലാക്കി പല കവികളും അന്ന് അത് പൂരിപ്പിക്കുകയുണ്ടായി. പ്രാസവാദത്തിനിടയില്‍, കേരളവര്‍മത്തമ്പുരാനെ മുട്ടുകുത്തിക്കുവാന്‍ 'ര്‍ത്സ്ന്യേ എന്ന അക്ഷരം രണ്ടാമതു വരത്തക്ക ഒരു സമസ്യ കെ.സി. രചിച്ചതും, 'കാര്‍ത്സ്ന്യേന കാണാന്‍ കഴിയാ ജഗത്തില്‍' എന്ന ആ സമസ്യ തമ്പുരാന്‍ പൂരിപ്പിച്ചതും ഈ ഘട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്.
ഛായാസ്ലോകങ്ങള്‍ എടുത്തു പറയത്തക്ക മറ്റൊരു സാഹിത്യവിനോദം ആയിരുന്നു. തങ്ങള്‍ക്കു പരിചയമുള്ള വ്യക്തികളെ ഒരൊറ്റ സ്ലോകത്തില്‍ വിവരിക്കുന്ന ഈ രചനകളില്‍ പലതും നല്ല നര്‍മബോധം പ്രകടിപ്പിക്കുന്നവയാണ്. ഈ സാഹിത്യവിനോദത്തിന്റെ ഫലമായി ഒറവങ്കര, വെണ്മണിമഹന്‍ തുടങ്ങിയ കവികളെക്കുറിച്ചു മാത്രമല്ല, കൊട്ടാരത്തിലെ ചില ആശ്രിതരെക്കുറിച്ചു പോലും പല ഛായാസ്ലോകങ്ങള്‍ നമുക്കു കിട്ടിയിട്ടുണ്ട്.
ദ്രുതകവനപാടവം ആണ് കൊടുങ്ങല്ലൂര്‍ കളരിയുടെ പ്രധാന പ്രത്യേകത. ഭാഷാപോഷിണി സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന പല ദ്രുതകവനമത്സരങ്ങളിലും കൊടുങ്ങല്ലൂര്‍ കവികള്‍ അനായാസം വിജയിച്ചിട്ടുണ്ട്. നീണ്ടകവിതകള്‍ മാത്രമല്ല ഇങ്ങനെ എഴുതപ്പെട്ടത്. 1891- ല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നൂറ്റിയമ്പതു സ്ലോകങ്ങള്‍ ഉള്ള സ്യമന്തകം നാടകം ഒമ്പതു മണിക്കൂര്‍ കൊണ്ടും മുന്നൂറു സ്ലോങ്ങളുള്ള നളചരിതം പന്ത്രണ്ടു മണിക്കൂറു കൊണ്ടും ആണ് എഴുതിയത്. കൊച്ചുണ്ണിത്തമ്പുരാനും ഏഴരമണിക്കൂര്‍ കൊണ്ട് നൂറ്റിയമ്പതു സ്ലോകങ്ങളുള്ള പാഞ്ചാലീസ്വയംവരവും പത്തരമണിക്കൂര്‍ കൊണ്ട് മുന്നീറ്റി ഇരുപതു സ്ലോകങ്ങള്‍ അജ്ഞാതവാസവും രചിച്ചു. കാത്തുള്ളി, ഒറവങ്കര, കുണ്ടൂര്‍ എന്നിങ്ങനെ പലരും ഈ അരങ്ങില്‍ പയറ്റി തെളിഞ്ഞവരാണ്. ഈ പ്രവണത, നമ്മുടെ കവിതയുടെ ഗുണനിലവാരത്തെ പ്രതികൂലമായിട്ടാണു ബാധിച്ചത് എന്ന നിരൂപകാഭിപ്രായവും അക്കാലത്തു നിലവിലിരുന്നു.
കൊടുങ്ങല്ലൂര്‍ കളരിയുടെ മറ്റൊരു മികച്ച സംഭാവനയാണ് പച്ച മലയാളം. ഈ വിഭാഗത്തില്‍ വളരെ കുറച്ചു കവിതകള്‍ മാത്രമേ നമുക്കു കിട്ടിയിട്ടുള്ളൂ എങ്കിലും അതിനു ബീജാവാപം ചെയ്തത് കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. 'നല്ലഭാഷ' യിലൂടെ കേരളവര്‍മ വളര്‍ത്തികൊണ്ടുവന്ന സംസ്കൃതപദബഹുലമായ മണിപ്രവാള പ്രസ്ഥാനത്തിന്റെ നേരെ എതിര്‍വശത്താണ് പച്ചമലയാളത്തിന്റെ നില. മലയാളം അല്ലാതെ ഒരൊറ്റ വാക്കു പോലും ആ കവിതകളില്‍ കാണുന്നില്ല. പ്രകടമായ ലാളിത്യത്തില്‍ പൊതിഞ്ഞുവച്ചിരിക്കുന്ന പാണ്ഡിത്യം ഇന്ന് അദ്ഭുതത്തോടുകൂടി മാത്രമേ നമുക്കു കാണാനാവുകയുള്ളൂ. ഇവയില്‍ പ്രസിദ്ധം കുണ്ടൂരിന്റെ കൃതികളാണ്.
പുരാണത്തിലെയും ഇതിഹാസത്തിലെയും നാടകീയമായ ചില രംഗങ്ങള്‍ തെരഞ്ഞെടുത്ത്, അവയെ ഇതിവൃത്തമാക്കി അതിദീര്‍ഘമായ ഖണ്ഡകാവ്യങ്ങള്‍ രചിച്ചതും കൊടുങ്ങല്ലൂര്‍ കളരിയിലെ അംഗങ്ങളാണ്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കൃതിരത്നപഞ്ചകം അങ്ങനെ നമ്മുടെ ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെ തന്നെ ആരംഭം കുറിച്ചുഎന്നു പറയാം. അഷ്ടമിയാത്ര, മദിരാശിയാത്ര, കുംഭകോണം യാത്ര തുടങ്ങിയ യാത്രാകാവ്യങ്ങളും ഈ സദസ്സിന്റെ തന്നെ സംഭാവനയാണ്.
പില്ക്കാലത്ത് വെണ്മണിശൈലി എന്ന് വിദിതമായ ഭാഷാരീതിയാണ് മിക്കവാറും കൊടുങ്ങല്ലൂര്‍ കളരിയിലെ കവികള്‍ കൈകൊണ്ടത്. അതിരറ്റ സംസ്കൃത ഭാഷാപാണ്ഡിത്യം അവരില്‍ പലര്‍ക്കും ഉണ്ടായിരുന്നു എങ്കിലും, സംബോധനയ്ക്ക് ദീര്‍ഘസമസ്തപദങ്ങള്‍ ഉപയോഗിക്കുക, ശ്യംഗാരത്തെ ചിലപ്പോഴെങ്കിലും അതിരുകടന്ന മട്ടില്‍ ആവിഷ്കരിക്കുക, സംസ്കൃത വൃത്തങ്ങള്‍ ധാരാളമായും ദ്രാവിഡ വൃത്തങ്ങള്‍ കുറഞ്ഞതോതിലും ഉപയോഗിക്കുക എന്നിങ്ങനെ ഭാഷാപരമായും രചനാപരമായും പ്രത്യേകതകള്‍ പുലര്‍ത്തുന്നതാണ് കൊടുങ്ങല്ലൂര്‍ കളരി.
ഗദ്യസാഹിത്യത്തിന്റെ പുരോഗതിക്കും അവര്‍ നിസ്സാരമല്ലാത്ത സംഭാവന നടത്തിയിട്ടുണ്ട്. അക്കാലത്തെ പ്രമുഖമാസികകളായ ലക്ഷ്മീഭായി, വിദ്യാവിനോദിനി, രസികരഞ്ജിനി, കേരള വ്യാസന്‍, മംഗളോദയം എന്നിവയില്‍ ഈ ഗുരുകുലത്തില്‍പ്പെട്ട നിരവധി എഴുത്തുകാരുടെ ഗദ്യപ്രബന്ധങ്ങള്‍ കാണാം. സംസ്കൃതസാഹിത്യത്തിലെ അനര്‍ഘങ്ങളായ ചില കൃതികള്‍ ഇവരില്‍ ചിലര്‍ നന്നായി വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. അക്കൂട്ടത്തില്‍ പ്രഥമഗണനീയം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതം തന്നെ
കൊടുങ്ങല്ലൂര്‍ കളരി മലയാള സാഹിത്യത്തിന്റെ പരപ്പ് ഏറെ വര്‍ധിപ്പിച്ചു. കത്തുസാഹിത്യം എന്നൊരു സാഹിത്യശാഖതന്നെ-സാമാന്യമായി അങ്ങോട്ടും ഇങ്ങോട്ടും അയച്ച പദ്യരൂപത്തിലുള്ള എഴുത്തുകള്‍- അവര്‍ ആവിഷ്കരിച്ചു. അന്യഥാ അലഭ്യങ്ങളായ പല സാഹിത്യചരിത്രരഹസ്യങ്ങളും ഈ കത്തുസാഹിത്യത്തില്‍ കാണാം. ഈ കളരി കത്തുസാഹിത്യത്തിലൂടെ സാഹിത്യഭാഷയെ ജനസാമാന്യത്തിന്റെ ഭാഷയോടു ഈടുറ്റ ബന്ധം പുലര്‍ത്തുന്നതാക്കിത്തീര്‍ത്തു.
(പ്രൊഫ. എസ്.കെ. വസന്തന്‍; സ.പ.)