This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചുണ്ണിത്തമ്പുരാന്‍,കൊടുങ്ങല്ലൂര്‍ (1859 - 1926)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:41, 22 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കൊച്ചുണ്ണിത്തമ്പുരാന്‍,കൊടുങ്ങല്ലൂര്‍ (1859 - 1926)

കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍

കൊടുങ്ങല്ലൂര്‍ കളരിയിലെ ഒരു പ്രമുഖാംഗം. ബുദ്ധിവൈഭവം കൊണ്ട് സമകാലികരായ കവികളെയും പണ്ഡിതന്മാരെയും അമ്പരപ്പിച്ചിരുന്ന ഇദ്ദേഹം ദ്രുതകവനത്തില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെ വൈദഗ്ധ്യമുള്ളവനായിരുന്നു. കൊ.വ. 1034 മീനമാസം 17-ന് (1859 ഏ.) കോവിലകത്തെ വിദുഷിയായ ഇക്കാവമ്മത്തമ്പുരാട്ടിയുടെയും പൂരാടത്തു മനയ്ക്കല്‍ ഗംഗാധരന്‍ നമ്പൂതിരിയുടെയും മകനായി ജനിച്ചു. വിളപ്പില്‍ കൊച്ചുണ്ണി ആശാന്‍ ആയിരുന്നു പ്രഥമ ഗുരുനാഥന്‍. ഗോദവര്‍മ, കുഞ്ഞുണ്ണിത്തമ്പുരാന്‍, കുംഭകോണം കൃഷ്ണശാസ്ത്രി എന്നിവരില്‍ നിന്നും കാവ്യനാടകവ്യാകരണാദികള്‍ പഠിച്ചു. ഇട്ടീരിമൂസ്സില്‍ നിന്നും വൈദ്യം പഠിച്ച തമ്പുരാന്‍ വിദഗ്ധനായ വൈദ്യനായി. വേദാന്തത്തിലും അഗാധമായ പാണ്ഡിത്യം നേടിയിരുന്നു. കാത്തുള്ളി അച്യുതമേനോന്റെ ഭാഗിനേയിയെ ആണ് തമ്പുരാന്‍ വിവാഹം കഴിച്ചത്. പാണ്ഡവോദയം, ഭദ്രോത്പത്തി കിളിപ്പാട്ട്, ലക്ഷ്മീസ്വയംവരം കിളിപ്പാട്ട്, ഉമാവിവാഹം നാടകം, കല്യാണീനാടകം, മധുരമംഗലം മുതലായ നാടകങ്ങള്‍; മലയാംകൊല്ലം, ഗോശ്രീശാദിത്യചരിതം, സാവിത്രീ മാഹാത്മ്യം തുടങ്ങിയ മഹാകാവ്യങ്ങള്‍; ദേവീമാഹാത്മ്യം തുടങ്ങിയ ദീര്‍ഘകൃതികള്‍; കാന്തവൃത്തം, അലങ്കാരമാല എന്നീ വൃത്താലങ്കാരങ്ങളെപ്പറ്റി രണ്ടു ചെറുകൃതികള്‍; ബാലചികിത്സയെപ്പറ്റി ഒരു ഗ്രന്ഥം; ശങ്കരാചാര്യരെപ്പറ്റി സുദീര്‍ഘമായ ഒരു ഗദ്യ ഗ്രന്ഥം എന്നിങ്ങനെ നിരവധി കൃതികള്‍ തമ്പുരാന്റേതായിട്ടുണ്ട്. ദേവീസ്തുതികള്‍, ഒറ്റസ്ലോകങ്ങള്‍ എന്നിവയും രചിച്ചിട്ടുണ്ട്. തൃശൂരില്‍ വച്ചു നടന്ന ഒരു സാഹിത്യസമ്മേളനത്തില്‍ തമ്പുരാന്‍ പദ്യത്തിലാണ് അധ്യക്ഷപ്രസംഗം നടത്തിയത്. ഇതില്‍ നിന്നും ഇദ്ദേഹത്തിന്റെ ദ്രുതകവന വൈദഗ്ധ്യം വ്യക്തമാക്കുന്നു. 22 സര്‍ഗങ്ങളുള്ള പാണ്ഡവോദയം പാണ്ഡവന്മാരുടെ അജ്ഞാതവാസം മുതല്‍ ഉത്തരാസ്വയംവരം വരെയുള്ള കഥയാണ് ഉള്‍ക്കൊള്ളുന്നത്. വിടരാജവിജയം ഭാണം, ബാണയുദ്ധംചമ്പൂ, ഉത്തരരാമചരിതകാവ്യം മുതലായ 10 സംസ്കൃത കൃതികളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. കൊച്ചി വലിയ തമ്പുരാന്‍ 'കവിസാര്‍വഭൗമന്‍' എന്ന ബഹുമതിയും ആജീവനാന്തം പെന്‍ഷനും വീരശൃംഖലയും നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. അക്ഷരസ്ലോക നിപുണനായ തമ്പുരാന്‍ കൊ.വ. 1101 കര്‍ക്കടകം 11-ന് (1926 ജൂലൈ) അന്തരിച്ചു.

(പ്രൊ.എസ്.കെ.വസന്തന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍