This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേയി, ദാനി (1913 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:53, 21 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കേയി, ദാനി (1913 - 87)

Kaye, Danny

ദാനി കേയി

അമേരിക്കന്‍ ചലച്ചിത്രനടനും ഗായകനും. 1913 ജനു. 18-ന് ന്യൂയോര്‍ക്കില്‍ ജനിച്ച ഡാനിയല്‍ ഡേവിഡ് കോമിന്‍സ്കി അഭിനയരംഗത്ത് കേയി ദാനിയെന്ന പേരില്‍ പ്രസിദ്ധനായി. കാറ്റ്സ്കില്ലിലെ സന്ദര്‍ശനകേന്ദ്രങ്ങളായ ഹോട്ടലുകളിലാണ് ഇദ്ദേഹം ഹാസ്യാഭിനയ പരിശീലനം നേടിയത്. തന്റെ ഭാവിവധുവായ സില്‍വിയാഫൈന്‍ എന്ന യുവതിയെ കണ്ടുമുട്ടിയതും ആ ഹോട്ടലുകളിലായിരുന്നു. സ്തോത്രഗാനങ്ങളിലും സംഭാഷണങ്ങളിലുമുള്ള കേയിയുടെ നിസര്‍ഗ പാടവത്തിന്റെ പ്രകടനത്തിനു വേണ്ട പ്രത്യേക സാമഗ്രികള്‍ ഒരുക്കിക്കൊടുത്തതും ഈ യുവതി തന്നെ. 1940 ജനു. 30-ന് ഇവര്‍ വിവാഹിതരായി.

'ദ് കിഡ് ഫ്രം ബ്രൂക്ക്ലിന്‍' (1946), 'ദ് സീക്രട്ട് ലൈഫ് ഒഫ് വാള്‍ട്ടര്‍ മിറ്റി' (1947), 'ദി ഇന്‍സ്പെക്ടര്‍ ജനറല്‍' (1949) തുടങ്ങിയവയാണ് ഈ ദമ്പതികളുടെ ആദ്യകാല ചിത്രങ്ങള്‍. 1956-ല്‍ പുറത്തിറങ്ങിയ 'ദ് കോര്‍ട്ട്ജെസ്റ്റര്‍' എന്ന സിനിമയിലാണ് ദാനി കേയിയുടെ ഏറ്റവും പ്രശംസനീയമായ സാന്നിധ്യമുള്ളത്.

ചാര്‍ലി ചാപ്ളിനോടൊപ്പം അറിയപ്പെടുന്ന ഈ ഹാസ്യനടന്‍ 'സ്കാറ്റ് സിങ്ങിങ്' (Scat singing) മനോഹര കലയായി വികസിപ്പിച്ചെടുത്തു. ബുദ്ധിശക്തിയോടൊപ്പം ചേര്‍ന്ന ഹാസ്യാനുകരണവാസനയാണ് കേയിയെ ഒരു നല്ല നടനായി ഉയര്‍ത്തിയത്. പല ചിത്രങ്ങളിലും അതിസൂക്ഷ്മ ഭേദഭിന്നങ്ങളായ ഒന്നിലധികം കഥാപാത്രങ്ങളുടെ ഭാഗങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചു വിജയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ സംരംഭമായ യൂനിസെഫി (UNICEF) ന്റെ ആദ്യ അംബാസഡറായിരുന്ന (1954) കേയിയെ 1986-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ 'ഫ്രഞ്ച് ലീജിണ്‍ ഒഫ് ഓണര്‍' നല്‍കി ആദരിക്കുകയുണ്ടായി. യൂനിസെഫിന്റെ ധനശേഖരണാര്‍ഥമാണ് കേയി തന്റെ ഏറ്റവും മികച്ച സംഗീത പരിപാടി ഒരുക്കിയിട്ടുള്ളതും (1984).

1955-ല്‍ അക്കാദമി ഓണററി അവാര്‍ഡ്, 1982-ല്‍ ജീന്‍ ഹെര്‍ഷോള്‍ട്ട് ഹുമാനിറ്റേറിയന്‍ അവാര്‍ഡ്, ഗില്‍ഡ് ആന്വല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടര്‍ന്ന് 1987 മാ. 3-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍