This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈമേറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:42, 19 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൈമേറ

Chimaera

കൈമേറ

സ്രാവുമായി ബന്ധമുള്ളതും കടലില്‍ ജീവിക്കുന്നതുമായ ഒരിനം തരുണാസ്ഥിമത്സ്യം. കോണ്‍ഡ്രിക്തിസ് മത്സ്യവര്‍ഗത്തിന്റെ ഉപവര്‍ഗമായ ഹോളോസെഫാലി കുടുംബത്തിലെ കൈമേറിഡേ, റൈനോകൈമേറിഡേ, കലോറിങ്കിഡേ എന്നീ മൂന്നു മത്സ്യകുടുംബങ്ങളിലായി ഈ വര്‍ഗത്തിലെ മത്സ്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറു ജീനസുകളിലായി അന്‍പതോളം സ്പീഷീസുകളുണ്ട്. ശീതോഷ്ണമേഖലയിലെ കടലുകളുടെ അടിത്തട്ടിലാണിവ സാധാരണ കാണപ്പെടുന്നത്. 2500 മീ. ആഴത്തില്‍ വരെ ഇവ വളരുന്നു. വലിയ തലയും കണ്ണുകളും ഈ മത്സ്യങ്ങളുടെ ഒരു പ്രത്യേകതയാണ്. ശരീരത്തിന് 60 മുതല്‍ 200 സെ.മീ. വരെ നീളമുണ്ടായിരിക്കും. അതുപോലെ ഇവയുടെ വാലു നീണ്ടതും അഗ്രം കൂര്‍ത്തതുമാണ്. എലിയുടേതു പോലുള്ള ഈ വാലുകള്‍മൂലമാവാം ഇവയെ എലിമത്സ്യങ്ങള്‍ (rat fishes) എന്നു വിളിക്കുന്നത്. ശരീരത്തിന്റെ നിറം കറുപ്പ്, തവിട്ട്, തിളങ്ങുന്ന വെള്ള എന്നിവയിലേതെങ്കിലുമാകാം. ചില കൈമേറകളുടെ ശരീരത്തില്‍ വരകളും പൊട്ടുകളും കാണാറുണ്ട്. ചില സ്പീഷീസുകളുടെ പൃഷ്ഠപത്ര (dorsal fin)ത്തോടു ചേര്‍ന്ന് വിഷമുള്ള ഒരു മുള്ളും കാണപ്പെടുന്നു. സ്രാവുകളില്‍ കാണപ്പെടുന്നതുപോലെ ആണ്‍കൈമേറ മത്സ്യങ്ങളുടെ വയറിന്റെ അടിഭാഗത്തായി ആലിംഗകങ്ങള്‍ (Claspers) ഉണ്ട്. പെണ്‍മത്സ്യങ്ങളുടെ ആന്തരികബീജസങ്കലനം നടത്താന്‍ ആണിനുള്ള പ്രത്യുത്പാദനാവയവമായി ആലിംഗകങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. പെണ്‍മത്സ്യങ്ങള്‍ തുകല്‍ സഞ്ചിപോലെ തോന്നിക്കുന്ന ഒരാവരണത്തിലാണ് മുട്ടകള്‍ ഇടുന്നത്. അസ്ഥിമത്സ്യങ്ങളില്‍ കാണപ്പെടുന്നതുപോലെ ഗില്ലുകളെപ്പൊതിഞ്ഞ് അസ്ഥിനിര്‍മിതമായ ഒരു ആവരണം കൈമേറകളിലും കാണപ്പെടുന്നു. നാലു ജോടി ഗില്ലുകളാണിവയ്ക്കുള്ളത്. അസ്ഥിമത്സ്യങ്ങളിലേതു പോലെ ഇവയിലും മുകളിലെ ഹനുക്കള്‍ തലയോടുമായി യോജിച്ച നിലയിലാണു കാണപ്പെടുന്നത്. ശ്വാസോച്ഛ്വാസത്തിനായി വായ വഴിയല്ല ഇവ വെള്ളം വലിച്ചെടുക്കുന്നത്; തലയുടെ മുകളില്‍ മുന്നറ്റത്തായുള്ള നാസാദ്വാരങ്ങള്‍ (nostrils)വഴിയാണ്. ഈ ജലം ഗില്‍രന്ധ്രംവഴി പുറന്തള്ളപ്പെടുന്നു.

ഏറ്റവും അധികം കാണപ്പെടുന്ന സ്പിഷീസ് ഹൈഡ്രോലാഗസ് കൊളീയി ആണ്. ഇവയ്ക്ക് രണ്ടു മീറ്റര്‍ വരെ നീളമുണ്ടാവും. ചെറിയ മത്സ്യങ്ങളും അകശേരുകികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%88%E0%B4%AE%E0%B5%87%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍