This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരള ഹൈക്കോടതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കേരള ഹൈക്കോടതി
കേരളത്തിലെ പരമോന്നത നീതിന്യായപീഠം. കേരള സംസ്ഥാനവും യൂണിയന്‍ ഭരണപ്രദേശമായ ലക്ഷദ്വീപും ആണ് കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍ വരുന്നത്. 1956 ന. 1-ന് നിലവില്‍വന്ന ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളമാണ്. 1814-ല്‍ സ്ഥാപിക്കപ്പെട്ട തിരുവിതാംകൂര്‍ ഹജൂര്‍ക്കച്ചേരിയുടെ ചരിത്രം യഥാര്‍ഥത്തില്‍ കേരള ഹൈക്കോടതിയുടെ ചരിത്രംതന്നെയാണ്.
ബ്രിട്ടീഷ് റസിഡന്റും തിരുവിതാംകൂര്‍ ദിവാനും കൊച്ചി സംസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ഏജന്റും ദിവാനും ആയിരുന്ന കേണല്‍ ജോണ്‍ മണ്‍റോ (ഭ.കാ. 1810-19) ആയിരുന്നു തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിയമവ്യവസ്ഥയുടെ ആസൂത്രണത്തിന്റെ മുഖ്യശില്പി. ഭരണപാടവവും ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്ന മണ്‍റോയുടെ ശ്രമമാണ് തിരുവിതാംകൂറിലും കൊച്ചിയിലും നിയമവ്യവസ്ഥയുടെ സമാരംഭത്തിനും വ്യവസ്ഥാപിതമായ കോടതികളുടെ ആവിര്‍ഭാവത്തിനും കേരള ഹൈക്കോടതിയുടെ മുന്‍ഗാമികളായ തിരുവിതാംകൂര്‍ ഹജൂര്‍ക്കച്ചേരി, കൊച്ചിന്‍ ചീഫ് കോര്‍ട്ട് എന്നിവയുടെ സ്ഥാപനത്തിനും ഇടയാക്കിയത്.
തിരുവിതാംകൂര്‍. ആധുനിക തിരുവിതാംകൂറിന്റെ ചരിത്രം മാര്‍ത്താണ്ഡവര്‍മയുടെ കാലത്തോടെയാണ് (1729) ആരംഭിക്കുന്നതെങ്കിലും ആധുനികരീതിയിലുള്ള നിയമവ്യവസ്ഥ ആസൂത്രിതമായത് റാണി ഗൗരി ലക്ഷ്മീബായിയുടെ കാലത്ത് (1811-15) മാത്രമായിരുന്നു. അതുവരെ നാട്ടാചാരാങ്ങള്‍ക്കനുസൃതമായി നാടുവാഴികളും ദേശവാഴികളുമാണ് നിയമനിര്‍വഹണം നടത്തിയിരുന്നത്. ഭരണത്തലവന്‍ എന്ന നിലയില്‍ ദിവാന്‍ നിയമനിര്‍വഹണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നു. കേണല്‍ മണ്‍റോയുടെ കാലത്ത് (1811) തിരുവിതാംകൂറില്‍ ജില്ലാക്കോടതികള്‍ ആരംഭിച്ചു. 1814-ല്‍ അപ്പീല്‍ കോടതിയായ ഹജൂര്‍ക്കച്ചേരിയും (Huzur Court) സ്ഥാപിതമായി. അധ്യക്ഷപദവി അലങ്കരിക്കുന്ന ദിവാനും മറ്റു മൂന്നു ജഡ്ജിമാരും അടങ്ങുന്ന ഹജൂര്‍ക്കച്ചേരിക്ക് ഇന്നത്തെ ഹൈക്കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരുന്നു. ഹജൂര്‍ക്കച്ചേരിയുടെ അധ്വാനഭാരം വര്‍ധിച്ചതിനെത്തുടര്‍ന്ന് വെങ്കടറാവു ദിവാനായിരുന്നകാലത്ത് (1817) ജില്ലാക്കോടതികളില്‍നിന്നുള്ള അപ്പീല്‍ കേള്‍ക്കുന്നതിനു ഒരു പുതിയ അപ്പീല്‍ കോടതി സ്ഥാപിക്കുകയുണ്ടായി. 1831-ല്‍ മുന്‍സിഫ് കോടതികള്‍ സ്ഥാപിതമായി.
മദ്രാസ് പ്രസിഡന്‍സിയിലേതിനു തുല്യമായ നിയമവ്യവസ്ഥ തിരുവിതാംകൂറിലും നടപ്പിലാക്കുന്നതിനുവേണ്ടി 1834-ല്‍ അഞ്ചു റഗുലേഷനുകള്‍ പുറപ്പെടുവിക്കുകയുണ്ടായി. പില്ക്കാലത്ത് ചില ഭേദഗതികള്‍ വരുത്തിയെങ്കിലും അന്നത്തെ ഹജൂര്‍ ദിവാന്‍ പേഷ്കാര്‍ ആയിരുന്ന കണ്ടന്‍ മേനോന്‍ തയ്യാറാക്കിയ ഈ റഗുലേഷനുകള്‍ തിരുവിതാംകൂര്‍, ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതുവരെ തിരുവിതാംകൂറിലെ നിയമവ്യവസ്ഥയുടെ അടിസ്ഥാനശിലയായി നിലകൊണ്ടിരുന്നുവെന്നതു ശ്രദ്ധേയമാണ്. 1834-ലെ അഞ്ചാം റഗുലേഷന്‍ അനുസരിച്ച് നാലു ജഡ്ജിമാര്‍ (മൂന്നു ഹിന്ദുക്കളും ഒരു ക്രിസ്ത്യാനിയും) അടങ്ങുന്ന ആദ്യത്തെ സ്റ്റാറ്റ്യൂട്ടറി അപ്പീല്‍ കോടതി പ്രവര്‍ത്തനമാരംഭിച്ചു. ജഡ്ജിമാരുടെ ഉപദേശകരായി ഒരു ശാസ്ത്രിയെയും ഒരു മുഫ്തിയെയും നിയമിച്ചു. ഈ അപ്പീല്‍ കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് മലബാര്‍ ജില്ലയിലെ മുന്‍സിഫ് ആയിരുന്ന ഭവന്തറാവു ആയിരുന്നു. കേസുകള്‍ കേള്‍ക്കുന്നതിനു നാലു ജഡ്ജിമാരും ഹാജരായിരിക്കണമെന്നും ഈ റഗുലേഷന്‍ വ്യവസ്ഥ ചെയ്തിരുന്നു. മരണശിക്ഷ, 14 വര്‍ഷത്തില്‍ക്കവിഞ്ഞ തടവുശിക്ഷ, 36-ല്‍ കൂടുതല്‍ ചമ്മട്ടിപ്രഹരം എന്നിവ വിധിക്കുന്നതിനു രാജാവിന്റെ അനുമതി വേണമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. ഇവയൊഴിച്ചുള്ള ഏതുശിക്ഷയും വിധിക്കുന്നതിനുള്ള അധികാരം ഈ കോടതിക്കുണ്ടായിരുന്നു. വാറന്‍ ഹേസ്റ്റിങ്സിന്റെ അഡ്മിനിസ്ട്രേറ്റീവ് പ്ലാന്‍ (1772) അനുസരിച്ച് സ്ഥാപിക്കപ്പെട്ട സദര്‍ അദാലത്തുകള്‍ ആണ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഭരണപ്രദേശങ്ങളില്‍ നിയമനിര്‍വഹണം നടത്തിയിരുന്നത്. 1802-ല്‍ മദ്രാസ് പ്രസിഡന്‍സിയിലും സദര്‍ അദാലത്ത് പ്രവര്‍ത്തനമാരംഭിച്ചു. 1861-ലെ ഹൈക്കോര്‍ട്ട്സ് ആക്റ്റ് അനുസരിച്ച് ബ്രിട്ടീഷ് പ്രസിഡന്‍സികളില്‍ (ബോംബെ, കല്‍ക്കട്ട, മദ്രാസ്) ഹൈക്കോടതികള്‍ സ്ഥാപിതമായതോടെ (1861) സദര്‍ അദാലത്തുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയുണ്ടായി. 1861-ലെ ഒന്നാം റഗുലേഷന്‍ അനുസരിച്ച് തിരുവിതാംകൂറിലെ സ്റ്റാറ്റ്യൂട്ടറി അപ്പീല്‍ കോര്‍ട്ടിന്റെ പേര് സദര്‍ കോര്‍ട്ട് എന്നാക്കി മാറ്റുകയുണ്ടായി. 1861-ലെ ഹൈക്കോര്‍ട്സ് ആക്റ്റ് അനുസരിച്ച് ബ്രിട്ടീഷ് ഭരണപ്രദേശങ്ങളില്‍ സ്ഥാപിക്കപ്പെട്ട ഹൈക്കോടതിയില്‍നിന്നു വേര്‍തിരിച്ചറിയാനായിരിക്കണം തിരുവിതാംകൂറിലെ ഉന്നതന്യായപീഠത്തിനു സദര്‍കോര്‍ട്ട് എന്ന പേരുനല്കിയത്. ഈ വര്‍ഷംതന്നെ സിവില്‍ നടപടിക്രമസംഹിതയും പാസാക്കുകയുണ്ടായി. ഇന്നത്തെ ഹൈക്കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരുന്ന തിരുവിതാംകൂര്‍ സദര്‍ കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് കൃഷ്ണന്‍ പരമേശ്വരന്‍ നമ്പൂതിരി ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ സദര്‍ കോടതികള്‍ കമ്പനിക്കോടതികളായിരുന്നതുകൊണ്ട് ആ കോടതികള്‍ക്കു പ്രയോഗിക്കാവുന്ന അധികാരങ്ങള്‍ക്ക് ഒരു പരിമിതിയുണ്ടായിരുന്നു. എന്നാല്‍ തിരുവിതാംകൂറിലെ സദര്‍ കോടതി രാജാവിന്റെ കോടതി ആയിരുന്നതുകൊണ്ട് അതിനു പ്രയോഗിക്കാവുന്ന അധികാരങ്ങള്‍ക്കു യാതൊരുവിധ പരിമിതികളുമുണ്ടായിരുന്നില്ല. വ്യവഹാരങ്ങളുടെ വിചാരണയ്ക്കു ഫുള്‍കോര്‍ട്ട് വേണമെന്ന വ്യവസ്ഥയ്ക്ക് 1862-ല്‍ മാറ്റംവരുത്തുകയുണ്ടായി. സദര്‍ കോടതിയെ സിവില്‍ എന്നും ക്രിമിനല്‍ എന്നും രണ്ടായി തിരിച്ച് ഓരോന്നിനും രണ്ടു ജഡ്ജിമാര്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്തു. ടി. മാധവറാവു ദിവാനായിരുന്ന കാലത്താണ് ഈ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
1864-ല്‍ മദ്രാസ് പ്രസിഡന്‍സിയില്‍ മധുരയിലെ ജില്ലാ മുന്‍സിഫ് ആയിരുന്ന എം. സദാശിവന്‍പിള്ള തിരുവിതാംകൂര്‍ സദര്‍ കോടതിയിലെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. ജസ്റ്റിസ് സദാശിവന്‍പിള്ളയുടെ വിധിന്യായങ്ങള്‍ പ്രിവി കൌണ്‍സില്‍ ഉദ്ധരിച്ചിരുന്നുവെന്നതു സദര്‍ കോടതിയിലെ ന്യായാധിപന്മാരുടെ നിയമപാണ്ഡിത്യത്തിനു തെളിവാണ്. ദിവാന്‍ മാധവറാവുവും ജസ്റ്റിസ് സദാശിവന്‍പിള്ളയും ചേര്‍ന്ന് തിരുവിതാംകൂറിലെ നിയമവ്യവസ്ഥയുടെ അലകും പിടിയും മാറ്റുകയുണ്ടായി. ഒരു വ്യവഹാരത്തിന്റെ വിചാരണയ്ക്കു കക്ഷികളുടെയോ അവരുടെ അഭിഭാഷകരുടെയോ വാദംകേള്‍ക്കണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചു പരസ്യപ്പെടുത്തിയ തീയതിയില്‍ വിധി കോടതിയില്‍വച്ചു പരസ്യമായി പ്രഖ്യാപിക്കണമെന്നും അനുശാസിക്കുന്ന ചട്ടങ്ങള്‍ 1864-ല്‍ പുറപ്പെടുവിച്ചു. വിധിന്യായം ജഡ്ജിമാര്‍തന്നെ എഴുതി തയ്യാറാക്കണമെന്നും വ്യവസ്ഥ ചെയ്തു.
ജുഡിഷ്യറിയെ എക്സിക്യൂട്ടീവില്‍നിന്നും വേര്‍തിരിക്കുന്നതിനും 1871-ല്‍ വ്യവസ്ഥ ചെയ്തു. കോടതികളുടെമേല്‍ ദിവാനുണ്ടായിരുന്ന അധികാരങ്ങള്‍ സദര്‍ കോടതിയിലേക്കു മാറ്റിയാണ് ഈ അധികാരവേര്‍തിരിവ് പ്രാവര്‍ത്തികമാക്കിയത്. സദര്‍ കോര്‍ട്ടില്‍ നാലു ജഡ്ജിമാര്‍ ഉള്ളതുകൊണ്ട് അഭിപ്രായഭിന്നത ഉണ്ടാകുന്ന അവസരങ്ങളില്‍ അവസാനതീര്‍പ്പു കല്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ സാഹചര്യത്തില്‍ വ്യവഹാരത്തിന് അവസാനതീര്‍പ്പു കല്പിക്കുന്ന ചുമതല രാജാവില്‍ നിക്ഷിപ്തമായിരുന്നു. 1871-ലെ റഗുലേഷന്‍ മുഖേന ഈ അസന്ദിഗ്ധാവസ്ഥയ്ക്കു വിരാമമിട്ടു. അഭിപ്രായഭിന്നത ഉണ്ടാകുന്ന വ്യവഹാരങ്ങളില്‍ സീനിയര്‍ ജഡ്ജിയുടെ അഭിപ്രായത്തിനു മുന്‍തൂക്കമുണ്ടായിരിക്കണമെന്നു വ്യവസ്ഥ ചെയ്തു. 1879-ലെ മൂന്നാം റഗുലേഷന്‍ അനുസരിച്ച് സദര്‍ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം മൂന്നാക്കി കുറച്ചതോടെ തുല്യാഭിപ്രായം (2-2) ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെട്ടു. മൊത്തത്തില്‍ കോടതിയുടെയും ഓരോ ജഡ്ജിയുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും ഈ റഗുലേഷന്‍ നിര്‍വചിക്കുകയും ചെയ്തു.
ബ്രിട്ടീഷ് പ്രജകളുടെമേല്‍ തിരുവിതാംകൂര്‍ സദര്‍ കോടതിയുടെ അധികാരവിനിയോഗം ഒരു പ്രശ്നമായിരുന്നു. ആലപ്പുഴയിലെ ഒരു വാണിജ്യദല്ലാളും ബ്രിട്ടീഷ് പൗരനുമായിരുന്ന ജോണ്‍ ലിഡെല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ പണം ദുരുപയോഗപ്പെടുത്തിയതിന്റെ പേരില്‍ തിരുവിതാംകൂര്‍ സദര്‍ കോടതി അയാളെ രണ്ടു കൊല്ലത്തെ തടവിനു വിധിച്ചു. ബ്രിട്ടീഷ് പ്രജയെ ശിക്ഷിക്കാന്‍ നാട്ടുരാജ്യങ്ങളിലെ കോടതികള്‍ക്കു അധികാരമില്ലെന്ന വാദം മുന്‍നിര്‍ത്തി മദ്രാസ് ഗവണ്‍മെന്റ് സദര്‍ കോടതിയുടെ ശിക്ഷ അസ്ഥിരപ്പെടുത്തി. ഇതു സംബന്ധിച്ച് തിരുവിതാംകൂര്‍ സര്‍ക്കാരും മദ്രാസ് ഗവണ്‍മെന്റും തമ്മിലുണ്ടായ തര്‍ക്കത്തില്‍ തിരുവിതാംകൂറാണ് ജയിച്ചത്. പ്രശസ്ത അഭിഭാഷകനും നിയമപണ്ഡിതനും ആയിരുന്ന ജോണ്‍ ഡി. മേയിന്റെ ഉപദേശാനുസരണം തിരുവിതാംകൂറിന്റെ വാദമുഖങ്ങള്‍ മദ്രാസ് ഗവണ്‍മെന്റ് ശരിവയ്ക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണം ബ്രിട്ടീഷ് പ്രജകളെ സംബന്ധിച്ച നിയമനിര്‍വഹണം പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി 1872-ല്‍ തിരുവിതാംകൂര്‍ സദര്‍ കോര്‍ട്ടിന്റെ ഘടനയ്ക്കു മാറ്റംവരുത്തി; യൂറോപ്യന്‍ ബാരിസ്റ്ററായ ഡബ്ള്യു.ഇ. ഓംസ്ബിയെ സദര്‍ കോര്‍ട്ടിലെ ഒരു ജഡ്ജിയായി നിയമിച്ചു. എന്നാല്‍ ബ്രിട്ടീഷ് പ്രജകളുടെ മേല്‍ തിരുവിതാംകൂര്‍ സദര്‍ കോടതിക്ക് യാതൊരു അധികാരവുമില്ലെന്ന് വൈസ്രോയി വിധിക്കുകയും മദ്രാസ് ഗവണ്‍മെന്റിന്റെ നടപടികള്‍ അസ്ഥിരപ്പെടുത്തുകയും ചെയ്തു. ഒരു പ്രതിവിധിയെന്നോണം ബ്രിട്ടീഷ് പ്രജകളെ സംബന്ധിച്ച വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്പിക്കുന്നതിനു മദ്രാസ് ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ സ്പെഷ്യല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാന്‍ 1875-ല്‍ രാജകീയ വിളംബരം പുറപ്പെടുവിച്ചു. സ്പെഷ്യല്‍ മജിസ്ട്രേറ്റു കോടതികളില്‍ നിന്നുള്ള അപ്പീലുകള്‍ കേള്‍ക്കുന്നതിന് സദര്‍ കോടതിയിലെ ക്രിസ്ത്യന്‍ ജഡ്ജിയെ സ്പെഷ്യല്‍ അപ്പലേറ്റ് ജഡ്ജിയാക്കിക്കൊണ്ട് 1876-ല്‍ മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചതോടെ മദ്രാസ് ഹൈക്കോടതിയുടെ അപ്പലേറ്റ് അധികാരം വേണ്ടെന്നായി.
കാലക്രമേണ 1879-ലെ മൂന്നാം റഗുലേഷന്‍ അനുസരിച്ചു വരുത്തിയ പരിഷ്കാരങ്ങള്‍ അപര്യാപ്തമെന്നുവന്നു. സദര്‍ കോടതിക്കു മുകളില്‍ ഒരു അപ്പീല്‍ കോടതിയില്ലെന്നതായിരുന്നു പ്രധാന ന്യൂനത. 1882-ലെ രണ്ടാം റഗുലേഷനിലൂടെ ചീഫ് കോര്‍ട്ട് ഒഫ് ജൂഡിക്കേറ്ററായ സദര്‍ കോടതിയുടെ ഘടനയില്‍ മാറ്റംവരുത്തുകയും അതിന്റെ പേര് ഹൈക്കോര്‍ട്ട് എന്നാക്കി മാറ്റുകയും ചെയ്തു. ജഡ്ജിമാരുടെ എണ്ണം അഞ്ചാക്കി (ഒരു ചീഫ് ജസ്റ്റിസും നാലു പ്യൂണി ജഡ്ജിമാരും) ഉയര്‍ത്തി. ഹിന്ദുനിയമത്തിന്റെ സങ്കീര്‍ണപ്രശ്നങ്ങളെപ്പറ്റി ഉപദേശിക്കാന്‍ ഒരു പണ്ഡിറ്റിനെയും നിയമിച്ചു. ഡിവിഷന്‍ ബഞ്ചിന്റെയും സിംഗിള്‍ ബഞ്ചിന്റെയും അധികാരങ്ങള്‍ നിര്‍വചിക്കുകയും ചെയ്തു. സിവില്‍-ക്രിമിനല്‍ വ്യവഹാരങ്ങളില്‍ ഡിവിഷന്‍ ബഞ്ചിലെ രണ്ടു ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടാകുന്നപക്ഷം ആ കേസ് മൂന്നോ അഞ്ചോ ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന ഫുള്‍ ബഞ്ചിനു റഫര്‍ ചെയ്യണമെന്നും ഫുള്‍ ബഞ്ചിന്റെ തീരുമാനം അവസാനത്തേതായിരിക്കുമെന്നും ഈ റെഗുലേഷന്‍ അനുശാസിച്ചു. ഡിവിഷന്‍ ബഞ്ചിന്റെ തീരുമാനങ്ങള്‍ക്കെതിരായി രാജാവിന് അപ്പീല്‍ സമര്‍പ്പിക്കാനും ഈ റെഗുലേഷന്‍ വ്യവസ്ഥ ചെയ്തു. എന്നാല്‍ ഫുള്‍ ബഞ്ചിന്റെ വിധിക്കെതിരായി റോയല്‍ അപ്പീല്‍ അനുവദിക്കുന്നതല്ല. റോയല്‍ അപ്പീല്‍ കേള്‍ക്കുന്നത് ഇംഗ്ലണ്ടിലെ പ്രിവി കൌണ്‍സിലിനു സമാനമായ ഒരു ജുഡിഷ്യല്‍ കമ്മിറ്റിയാണ്. ഡിവിഷന്‍ ബഞ്ചിലെ രണ്ടു ജഡ്ജിമാര്‍ ഒഴികെയുള്ള മൂന്നു ജഡ്ജിമാരാണ് റോയല്‍ അപ്പീലില്‍ ജുഡിഷ്യല്‍ കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നത്.
1882-ലെ രണ്ടാം റഗുലേഷനനുസൃതമായി കൊ.വ. 1057 മകരം 7-നു (1882 ജനുവരി) തിരുവിതാംകൂര്‍ ഹൈക്കോടതി നിലവില്‍വന്നു. 35 വയസ്സുമാത്രം പ്രായമുള്ള രാമചന്ദ്രയ്യര്‍ ആയിരുന്നു തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്. മറ്റു നാലു ജഡ്ജിമാര്‍ ഡബ്ള്യു.ഇ. ഓംസ്ബി, കുഞ്ഞന്‍മേനോന്‍, ടി.ആര്‍. നാരായണപിള്ള, ടി. കുഞ്ഞുരാമന്‍നായര്‍ എന്നിവരായിരുന്നു. ഈ റെഗുലേഷനു പിന്നീട് പല ഭേദഗതികളും വരുത്തിയിട്ടുണ്ട്. ഒരു ജഡ്ജിയെ വെക്കേഷന്‍ ജഡ്ജിയായി ചുമതലപ്പെടുത്തിയത് 1885-ലാണ്. 1889-ല്‍ ജഡ്ജിമാരുടെ എണ്ണം നാലായി കുറച്ചു. ഫുള്‍ ബഞ്ചിന് മൂന്നു ജഡ്ജിമാര്‍ മതിയാകുമെന്നും വ്യവസ്ഥ ചെയ്തു. 1892-ല്‍ റോയല്‍ അപ്പീല്‍ നിര്‍ത്തലാക്കി. ജഡ്ജിമാരുടെ എണ്ണം നാലായി കുറച്ചതുമൂലം ജുഡിഷ്യല്‍ കമ്മിറ്റി സാധ്യമാകാത്തതുകൊണ്ടാണ് റോയല്‍ അപ്പീല്‍ വേണ്ടെന്നുവച്ചത്.
1892-ലെ ഹൈക്കോടതി റഗുലേഷന്‍ 20 വര്‍ഷത്തോളം പ്രാബല്യത്തിലിരുന്നു. 1912-ലെ ഏഴാം റഗുലേഷന്‍ ഹൈക്കോടതിയുടെ ഘടനയില്‍ ചില ചില്ലറ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. 1924 ആഗ. 16-ന് പ്രാബല്യത്തില്‍വന്ന 1924-ലെ നാലാം റഗുലേഷന്‍ അപ്പീലുകള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനു താത്കാലിക ജഡ്ജിമാരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്തു. 1932 ജനു. 20-ന് (എച്ച്.എസ്. ചാറ്റ്ഫീല്‍ഡ് ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍) ഹൈക്കോടതി അതിന്റെ കനകജൂബിലി ആഘോഷിക്കുകയുണ്ടായി. നിയമനിര്‍വഹണത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുവേണ്ടിയുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ 1931-ല്‍ നിയമിതനായ ലാസ് ഡിലേസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1922-ലെ റഗുലേഷനു 1937-ലും 43-ലും ഭേദഗതികള്‍ വരുത്തുകയുണ്ടായി. തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ ജഡ്ജിപദവി അലങ്കരിച്ചിരുന്നവരില്‍ പ്രമുഖരാണ് റാവു ബഹാദൂര്‍ എ. വര്‍ഗീസ്, ടി.എം. കൃഷ്ണസ്വാമി അയ്യര്‍, ജോസഫ് തളിയത്ത്, പുതുപ്പള്ളി എസ്. കൃഷ്ണപിള്ള, കെ. ശങ്കരന്‍ എന്നിവര്‍. തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ശങ്കരന്‍ (1946-49) തിരു-കൊച്ചി ഹൈക്കോടതിയിലെ ജഡ്ജിപദവിയും (1949-56) കേരള ഹൈക്കോടതിയിലെ ജഡ്ജി പദവിയും (1956-59) ചീഫ് ജസ്റ്റിസ് പദവിയും (1959-60) അലങ്കരിച്ചുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.
67 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം തിരുവിതാംകൂര്‍-കൊച്ചി ലയനത്തെത്തുടര്‍ന്ന് 1949-ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ ഹൈക്കോര്‍ട്ട് ഓര്‍ഡിനന്‍സിലൂടെ 1949 ജൂല. 7-ന് തിരുവിതാംകൂര്‍ ഹൈക്കോടതിയും കൊച്ചി ഹൈക്കോടതിയും ചേര്‍ന്ന് ഹൈക്കോര്‍ട്ട് ഒഫ് ട്രാവന്‍കൂര്‍-കൊച്ചിന്‍ ആയി. ഈ ഹൈക്കോടതിയുടെ ആസ്ഥാനം കൊച്ചി ഹൈക്കോടതിയുടെ ആസ്ഥാനമായ എറണാകുളംതന്നെ ആയിരുന്നു. തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ അവസാനത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന പുതുപ്പള്ളി എസ്. കൃഷ്ണപിള്ളയായിരുന്നു തിരു-കൊച്ചി ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്. മറ്റു ജഡ്ജിമാര്‍ കെ.ടി. കോശി, കെ. ശങ്കരന്‍, കെ.എസ്. ഗോവിന്ദപ്പിള്ള, എസ്. ഗോവിന്ദമേനോന്‍, എ. ഹബീബ് മുഹമ്മദ്, പി.ഐ. സൈമണ്‍, മാത്യു മുരിക്കന്‍ എന്നിവരായിരുന്നു. കേരളപ്പിറവി വരെ (1956 ന. 1) ഈ കോടതി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. ഈ കോടതിയിലെ അവസാനത്തെ ചീഫ് ജസ്റ്റിസായിരുന്ന കെ.ടി. കോശിയെയാണ് കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. തിരു-കൊച്ചി ഹൈക്കോടതിയിലെ ജഡ്ജിമാരായിരുന്ന കെ. ശങ്കരന്‍, എം.എസ്. മേനോന്‍, എന്‍. വരദരാജയ്യങ്കാര്‍, ജി.കുമാരപിള്ള, ടി.കെ. ജോസഫ് എന്നിവരെയും കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായി നിയമിച്ചു. ജസ്റ്റിസ് കെ. ശങ്കരനും ജസ്റ്റിസ് എം.എസ്. മേനോനും പിന്നീട് കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമാരായി.
കൊച്ചി. 1812 വരെ കൊച്ചിയില്‍ ആസൂത്രിതനിയമവ്യവസ്ഥയുണ്ടായിരുന്നില്ല. ആചാരങ്ങളും നാട്ടുമര്യാദയുമനുസരിച്ച് ദേശവാഴികളും നാടുവാഴികളും തര്‍ക്കങ്ങള്‍ക്കു തീര്‍പ്പു കല്പിക്കുകയായിരുന്നു പതിവ്. ഗൗരവമേറിയ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പുകല്പിച്ചിരുന്നത് റവന്യുഭരണത്തിന്റെയും നിയമനിര്‍വഹണത്തിന്റെയും ചുമതലവഹിച്ചിരുന്ന കാര്യക്കാരായിരുന്നു. വളരെ ഗൗരവമുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയ്ക്കു തീര്‍പ്പുകല്പിച്ചിരുന്നത് രാജാവായിരുന്നു. നീതിനിര്‍വഹണകാര്യങ്ങളില്‍ പ്രാഗല്ഭ്യമുള്ള കാര്യക്കാരുടെയും ധര്‍മശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള ശാസ്ത്രികളുടെയും ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് രാജാവു ശിക്ഷവിധിച്ചിരുന്നത്. ക്രിമിനല്‍ നീതിനിര്‍വഹണം നടത്തിയിരുന്നത് മാടമ്പികളും സ്വരൂപികളുമായിരുന്നു. രാജകുടുംബത്തിന്റെ കുലദൈവമായ പൂര്‍ണത്രയീശനെ സാക്ഷിനിര്‍ത്തിയായിരുന്നു കൊച്ചിരാജാവ് നീതി നടപ്പിലാക്കിയിരുന്നത്.
1812-ല്‍ കേണല്‍ മണ്‍റോ കാര്യക്കാരുടെ നീതിനിര്‍വഹണച്ചുമതല അവസാനിപ്പിച്ചു. ഒരു ഉത്തരവിലൂടെ തൃപ്പൂണിത്തുറയും തൃശൂരും ഓരോ സബോര്‍ഡിനേറ്റ് കോര്‍ട്ടും എറണാകുളത്ത് അപ്പലേറ്റ് അധികാരമുള്ള ഒരു ഹജൂര്‍ക്കച്ചേരിയും (Huzur Court) സ്ഥാപിച്ചു. ഈ സബോര്‍ഡിനേറ്റ് കോര്‍ട്ടുകള്‍ തൃശൂരെയും എറണാകുളത്തെയും ഇപ്പോഴത്തെ ജില്ലാക്കോടതികളുടെ മുന്‍ഗാമികളാണ്. ഹജൂര്‍ക്കച്ചേരിയില്‍ നാല് ജഡ്ജിമാരാണ് ഉണ്ടായിരുന്നത്: ദിവാന്‍, ഒരു ഹിന്ദു ജഡ്ജി, ഒരു ക്രിസ്ത്യന്‍ ജഡ്ജി, ഒരു ശാസ്ത്രി. ഹജൂര്‍ക്കച്ചേരിക്ക് ഒറിജിനല്‍ അധികാരങ്ങളും അപ്പീല്‍ അധികാരങ്ങളും ഉണ്ടായിരുന്നു. മണ്‍റോയെത്തുടര്‍ന്ന്(1818) ദിവാനായ നഞ്ജപ്പയ്യ നീതിനിര്‍വഹണവ്യവസ്ഥയില്‍ പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തി. തൃശൂരിലെയും തൃപ്പൂണിത്തുറയിലെയും സബോര്‍ഡിനേറ്റ് കോടതികള്‍ നിര്‍ത്തലാക്കി. അതിനുപകരം തൃശൂര്‍ ജില്ലാക്കോടതിയും എറണാകുളത്ത് അഞ്ചികൈമളും സ്ഥാപിച്ചു; ഹജൂര്‍ക്കച്ചേരിയുടെ സ്ഥാനത്ത് അപ്പീല്‍ കോടതിയും. സിവില്‍-ക്രിമിനല്‍ നടപടി സംഹിതകള്‍ തയ്യാറാക്കി നടപ്പിലാക്കിയതും ഇക്കാലത്താണ്.
1835-ല്‍ ദിവാന്‍ വെങ്കടസുബ്ബയ്യയും അദ്ദേഹത്തിന്റെ സഹായിയായ ഇ. ശങ്കരവാര്യരും ചേര്‍ന്ന് കൊച്ചിയിലെ നിയമവ്യവസ്ഥയ്ക്ക് കാലികമായ പല പരിഷ്കാരങ്ങളും വരുത്തുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവിലിരുന്ന നിയമനിര്‍മാണസമ്പ്രദായത്തോടു കിടപിടിക്കത്തക്കതായിരുന്നു കൊച്ചിയിലേത്. നാലാം റഗുലേഷന്‍ അനുസരിച്ച് ജില്ലാക്കോടതികളെ ക്രിമിനല്‍ കോടതികളാക്കി മാറ്റി. സെഷന്‍സ് കേസുകള്‍ തീര്‍ക്കുന്നതിന് അപ്പീല്‍ കോടതിയിലെ ജഡ്ജികളെ സര്‍ക്യൂട്ട് ജഡ്ജിമാരായി നിയമിച്ചു.
1840 ജനുവരിയില്‍ വെങ്കടസുബ്ബയ്യ ദിവാന്‍ പദവിയില്‍നിന്നു വിരമിച്ചതിനെത്തുടര്‍ന്ന് രാജാവ് ശങ്കരവാര്യരെ ദിവാനായി നിയമിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ ടി. ശങ്കുണ്ണി മേനോന്‍ ദിവാനായി (1860-79). 1868-ല്‍ സര്‍ക്യൂട്ട് കോടതികള്‍ നിര്‍ത്തലാക്കുകയും ജില്ലാ ക്രിമിനല്‍ കോടതികള്‍ സ്ഥാപിച്ച് അവയുടെ അധികാരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ശങ്കുണ്ണിമേനോന്റെ സഹോദരനായ ഗോവിന്ദമേനോന്‍ ദിവാനായിരുന്ന കാലത്താണ് (1879-89) ബ്രിട്ടീഷ് ഇന്ത്യയുടെ മാതൃകയില്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിക്രമവും നടപ്പില്‍വരുത്തിയത്.
1900-ത്തില്‍ രാജാസ് കോര്‍ട്ട് ഒഫ് അപ്പീല്‍ പുനഃസംഘടിപ്പിച്ച് ചീഫ് കോര്‍ട്ട് ഒഫ് കൊച്ചിന്‍ ആക്കി. ചീഫ് കോര്‍ട്ടില്‍ മൂന്ന് സ്ഥിരജഡ്ജിമാരാണുണ്ടായിരുന്നത്. കോര്‍ട്ട് ഒഫ് അപ്പീലിലെ ചീഫ് ജസ്റ്റിസായിരുന്ന എസ്. ലോക്ക് ആയിരുന്നു ചീഫ് കോര്‍ട്ടിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്. ദിവാന്‍ ഷണ്‍മുഖം ചെട്ടിയാരുടെ ഭരണകാലത്ത് ചീഫ് കോര്‍ട്ട് ഹൈക്കോടതിയായി. ചീഫ് കോര്‍ട്ടിലും ഹൈക്കോടതിയിലും ജഡ്ജിപദം അലങ്കരിച്ചിരുന്നവരില്‍ പ്രമുഖരാണ് നാരായണമാരാര്‍, ദിവാന്‍ ബഹാദൂര്‍ ജെ.എസ്. നാരായണയ്യര്‍, പി.ഐ. വര്‍ഗീസ്, പാട്ടത്തില്‍ നാരായണമേനോന്‍, സഹസ്രനാമയ്യര്‍, ടി.എം. കൃഷ്ണമേനോന്‍ തുടങ്ങിയവര്‍.
1949 ജൂല. 1 വരെ ഹൈക്കോര്‍ട്ട് ഒഫ് ജൂഡിക്കേറ്റര്‍ ഒഫ് കൊച്ചിന്‍ പ്രവര്‍ത്തിച്ചു. തിരു-കൊച്ചി ലയനത്തെത്തുടര്‍ന്ന് 1949 ജൂല. 7-ന് പ്രവര്‍ത്തനമാരംഭിച്ച തിരു-കൊച്ചി ഹൈക്കോടതി കേരളപ്പിറവി വരെ പ്രവര്‍ത്തനംതുടര്‍ന്നു.
1956 ന. 1-നാണ് കേരള ഹൈക്കോടതി പ്രവര്‍ത്തനം ആരംഭിച്ചത്. അന്നു കേരള ഗവര്‍ണറായിരുന്ന പി.എസ്. റാവു, ചീഫ് ജസ്റ്റിസ് കെ.ടി. കോശിക്കും മറ്റു ജഡ്ജിമാരായ കെ. ശങ്കരന്‍, എം.എസ്. മേനോന്‍, ജി. കുമാരപിള്ള, ടി.കെ. ജോസഫ്, എന്‍. വരദരാജ അയ്യങ്കാര്‍ എന്നിവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് (1957) പി.ടി. രാമന്‍നായര്‍, സി.എ. വൈദ്യലിംഗം എന്നിവര്‍ ജഡ്ജിമാരായി നിയമിതരായി. ജസ്റ്റിസ് കെ.ടി. കോശി 1956 ന. 1 മുതല്‍ 1959 ജനു. 31 വരെ കേരള ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. നിലവില്‍ (2014) മഞ്ജുള ചെല്ലൂര്‍ ആണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
കേരള ഹൈക്കോടതിയില്‍ സേവനമനുഷ്ഠിച്ച ചില ജഡ്ജിമാര്‍ പിന്നീട് സുപ്രീകോടതിയിലും ഇതര സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ് ടി.എസ്. കൃഷ്ണമൂര്‍ത്തി അയ്യര്‍, ജസ്റ്റിസ് അന്നാചാണ്ടി എന്നിവര്‍ ലാ കമ്മിഷന്‍ അംഗങ്ങളായി സേവനമനുഷ്ഠിച്ചവരാണ്. ഇന്ത്യയിലെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി എന്ന പദവി നേടിയത് കേരള ഹൈക്കോടതിയില്‍ പ്രശസ്ത സേവനം അനുഷ്ഠിച്ച ജസ്റ്റിസ് അന്നാചാണ്ടിയാണ് (1959-67) (നോ. അന്നാചാണ്ടി). കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ഫാത്തിമാബീവി, സുപ്രീംകോടതി ജഡ്ജിയായി നിയമിതയായ പ്രഥമവനിതയാണ്. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുള്ള ഏക മലയാളിയാണ്. സുപ്രീംകോടതിയുടെ 37-ാമത് ചീഫ് ജസ്റ്റിസായാണ് ഇദ്ദേഹം നിയമിതനായത്. ഇപ്പോള്‍ (2013) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാണിദ്ദേഹം.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 25 സ്ഥിരജഡ്ജിമാരും ഒന്‍പത് അഡീഷണല്‍ ജഡ്ജിമാരും ഇപ്പോള്‍ (2014) കേരള ഹൈക്കോടതിയില്‍ സേവനം അനുഷ്ഠിക്കുന്നു. ഹൈക്കോടതിയില്‍ നിയമിതരാകുന്ന ജുഡീഷ്യല്‍ അംഗങ്ങള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുന്നതിന് ഒരു ജുഡീഷ്യല്‍ അക്കാദമി ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുന്നു.