This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
സെയിര്‍ഗേയ് പാവ് ലോവിച്ച് (1906 - 66)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
സെയിര്‍ഗേയ് പാവ് ലോവിച്ച് (1906 - 66)
Korolev, Sergei Pavlovich
സോവിയറ്റ് ബഹിരാകാശ പരിപാടിയുടെ പ്രധാന സംവിധായകന്‍ (1954-66). 1906 ഡി. 30-ന് ഷീതമിറില്‍ കൊറാല്യേഫ് (കുറാല്യേഫ്) ജനിച്ചു. റോക്കറ്റ് എന്‍ജിനീയറിങ്ങില്‍ വൈദഗ്ധ്യം നേടിയ വ്യക്തിയായിരുന്നു ഇദ്ദേഹം.
1930-കളില്‍ സ്റ്റാലിന്റെ ഭരണകാലത്ത് രാഷ്ട്രീയകാരണങ്ങളാല്‍ കൊറാല്യേഫിനെ അറസ്റ്റുചെയ്യുകയും സൈബീരിയയിലെ ഗുലാഗ് ജയിലില്‍ തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. പിന്നീട് സൈനികപ്രാധാന്യമുള്ള ശാസ്ത്രസാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുവാന്‍ സൗകര്യപ്രദമായ ഒരു പ്രത്യേക ജയിലിലേക്ക് രണ്ടാംലോകയുദ്ധകാലത്ത് ഇദ്ദേഹത്തെ കൊണ്ടുപോയി പാര്‍പ്പിച്ചു. ഇക്കാലത്താണ് 'കറ്റ്യൂഷാ' (katyusha) ആക്രമണ റോക്കറ്റുകള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഇദ്ദേഹം വ്യാപൃതനായത്. യുദ്ധാനന്തരം ഇദ്ദേഹം ജയില്‍വിമോചിതനായി. അധീനമാക്കപ്പെട്ട ജര്‍മന്‍ വി-2 റോക്കറ്റുകളെ മാതൃകയാക്കി നൂതന റോക്കറ്റുകള്‍ നിര്‍മിക്കുന്നതിനും ഇതിലേക്കുവേണ്ടി ജര്‍മന്‍ സാങ്കേതിക വിദഗ്ധന്മാരെയും എന്‍ജിനീയര്‍മാരെയും തെരഞ്ഞെടുക്കുന്നതിനും ഇദ്ദേഹത്തിന്റെ പരിജ്ഞാനവും വൈദഗ്ധ്യവും ഭരണാധികാരികള്‍ പ്രയോജനപ്പെടുത്തി. സ്റ്റാലിനുശേഷം അധികാരമേറ്റ ക്രൂഷ്ചേവിന്റെ അംഗീകാരത്തോടെ 1954-ല്‍ 'സെമ്യോര്‍ക' ഇന്റര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍' പദ്ധതി ഇദ്ദേഹം ആസൂത്രണം ചെയ്തു പ്രാവര്‍ത്തികമാക്കി. 1957 ജൂണില്‍ ഇതിന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം ഭൂമിയെ ചുറ്റുന്ന സ്പുട്നിക് കൃത്രിമോപഗ്രഹങ്ങള്‍ നിര്‍മിക്കാനുള്ള ഇദ്ദേഹത്തിന്റെ പദ്ധതികള്‍ക്കും ഗവണ്‍മെന്റ് അനുമതി നല്കി. ആദ്യത്തെ സ്പുട്നിക്കിന്റെ വിക്ഷേപണം അന്താരാഷ്ട്രരംഗത്ത് രാഷ്ട്രീയമായി സോവിയറ്റ് യൂണിയന്റെ നില ഉയര്‍ത്തിയതോടെ, കൊറാല്യേഫിനെ തുടര്‍ന്നുള്ള റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കും നിയോഗിച്ചു. ഇതിന്റെ ഫലമായി 1962-ല്‍ വോസ്തോക്കിന്റെയും 1963-ല്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിണിയെ കയറ്റിയ ഉപഗ്രഹത്തിന്റെയും 1964-ല്‍ മൂന്നുപേരടങ്ങിയ സംഘത്തെ കയറ്റിയ ഉപഗ്രഹത്തിന്റെയും വിജയകരമായ വിക്ഷേപണങ്ങള്‍ക്കും നേതൃത്വം നല്കാന്‍ കൊറാല്യേഫിനു കഴിഞ്ഞു.
യു.എസ്.എസ്.ആറിലെ അക്കാദമി ഒഫ് സയന്‍സസില്‍ 'അക്കാദമിഷ്യന്‍' ആയിരുന്ന കൊറാല്യേഫ്, 1956-ലും 61-ലും 'ഹീറോ ഒഫ് ദ് സോഷ്യലിസ്റ്റ് ലേബര്‍' ആയി പ്രഖ്യാപിക്കപ്പെട്ടു. 1957-ല്‍ ലഭിച്ച ലെനിന്‍ പ്രൈസിനു പുറമേ, 'ഓര്‍ഡര്‍ ഒഫ് ലെനിന്‍', 'ഓര്‍ഡര്‍ ഒഫ് ദ് ബാഡ്ജ് ഒഫ് ഓണര്‍' എന്നീ ബഹുമതികള്‍ക്കും ഇദ്ദേഹം അര്‍ഹനായി.
ചാന്ദ്രയാത്രയ്ക്കുള്ള ബഹിരാകാശ പ്രോബുവിക്ഷേപണത്തിന് ഇദ്ദേഹം നേതൃത്വം നല്കിയെങ്കിലും സാങ്കേതികത്തകരാറുമൂലം ഇതിന്റെ പ്രവര്‍ത്തനത്തിനു കുറേക്കാലത്തേക്ക് പുരോഗതിയുണ്ടായില്ല. എങ്കിലും ആ യത്നം തുടര്‍ന്നുകൊണ്ടുതന്നെയിരുന്നു. ഇദ്ദേഹം അന്തരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആദ്യത്തെ ചന്ദ്രസ്പര്‍ശനയന്ത്രത്തിന് ചന്ദ്രഗോളത്തിലെത്തുവാന്‍ സാധിക്കുകയും കൊറാല്യേഫിന്റെ ആയുഷ്കാല യത്നത്തിനു സഫലത കൈവരിക്കുകയും ചെയ്തു. ബഹിരാകാശയാത്രകള്‍ക്ക് കൊറാല്യേഫ് നല്കിയ സംഭാവനകളെ പുരസ്കരിച്ച് ചന്ദ്രന്റെ ഒരു പ്രത്യേകഭാഗത്തിന് ഇദ്ദേഹത്തിന്റെ പേരു നല്കിയിരിക്കുന്നു.
ശൂന്യാകാശഗവേഷണസപര്യയില്‍ മുഴുകിക്കഴിയുകയും ആ ശാസ്ത്രവിഭാഗത്തിന് അവിസ്മരണീയമായ സംഭാവനകള്‍ നല്കുകയും ചെയ്ത കൊറാല്യേഫിനു നിരവധി മരണാനന്തര ബഹുമതികള്‍ ലഭിക്കുകയുണ്ടായി. 1966 ജനു. 14-ന് മോസ്കോയില്‍ ഇദ്ദേഹം നിര്യാതനായി. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം, റെഡ് സ്ക്വയറിലെ 'ക്രെംലിന്‍ വാളി'ല്‍ അടക്കം ചെയ്തു.