This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊന്ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:54, 6 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കൊന്ന

Cassia

ലെഗുമിനേസി കുടുംബത്തില്‍പ്പെടുന്ന ചില വൃക്ഷങ്ങളുടെ പൊതുനാമം. മഞ്ഞക്കൊന്ന (കാഷ്യ സയാമിയ), ചരക്കൊന്ന (പെല്‍റ്റോഫോറം ഇനോര്‍മ), ചെങ്കൊന്ന (കാഷ്യ നെനിഗൊ), കടക്കൊന്ന (കാഷ്യ മാര്‍ജിനേറ്റ) എന്നിങ്ങനെ വിവിധയിനം കൊന്നകളുണ്ട്.

പിച്ഛാകാരത്തിലുള്ള ഇലകളും, മഞ്ഞയോ ഇളം റോസ് നിറമോ ഉള്ള വര്‍ണഭംഗിയേറിയ പൂക്കളും കൊണ്ട് കൊന്ന വൃക്ഷങ്ങള്‍ പൊതുവേ കാണാന്‍ കൌതുകമുള്ളവയാണ്. തീരെ ചെറിയ വിദളപുടക്കുഴല്‍, 5 ദളങ്ങള്‍, 10 കേസരങ്ങള്‍ എന്നിവ പൂക്കളെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു. അപൂര്‍വമായി ഉണ്ടാകുന്ന 35 കേസരങ്ങള്‍ വന്ധ്യമായിത്തീരുകയോ അപ്രത്യക്ഷമായിരിക്കുകയോ ചെയ്യാറുണ്ട്.

മഞ്ഞക്കൊന്ന

മഞ്ഞക്കൊന്ന. മലയന്‍ ദ്വീപുകളിലും ഇന്തോചൈനയിലും ആണ് ഇവ ധാരാളമായി വളരുന്നത്. 18 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു വൃക്ഷമാണിത്. ധാരാളം ശാഖോപശാഖകളും ഉണ്ടായിരിക്കും. കേരളത്തിലെ താണപ്രദേശങ്ങളില്‍ ഈ ഇനം കൊന്ന വലിയ തോതില്‍ നട്ടുവളര്‍ത്തിവരുന്നു. ഇലകള്‍ സംയുക്തങ്ങളും പുളിയിലയോട് സാദൃശ്യമുള്ളവയുമാണ്. 20 -30 സെ.മീ. നീളം വരും. പര്‍ണകങ്ങളുടെ സംഖ്യ 30 വരെ ആവാറുണ്ട്. അനുപര്‍ണങ്ങള്‍ വേഗത്തില്‍ കൊഴിഞ്ഞുപോകുന്നു. കടുംപച്ച ഇലകളുള്ള ഈ മരം ഏതാണ്ട് വര്‍ഷം മുഴുവനും പുഷ്പിക്കാറുണ്ട്. പുഷ്പങ്ങള്‍ ശാഖാഗ്രങ്ങളിലുള്ള പാനിക്കിളില്‍ കൂട്ടമായിട്ടാണ് കാണപ്പെടുന്നത്. ഇവയ്ക്ക് 20-40 സെ.മീ. നീളം വരും. ബാഹ്യദളങ്ങള്‍ അസമവും ദളങ്ങള്‍ വൃത്താകാരവുമാണ്. പത്തു കേസരങ്ങളുള്ളതില്‍ ഏഴെണ്ണം പൂര്‍ണവളര്‍ച്ചയെത്തി പ്രത്യുത്പാദനശേഷി കൈവരിച്ചവയായിരിക്കും; ബാക്കിയുള്ള മൂന്നെണ്ണം വന്ധ്യകേസരങ്ങളും. 20-30 സെന്റിമീറ്ററോളം നീളമുള്ള 'പോഡ്' ആണ് ഫലം. പരന്ന കായ്കള്‍ക്കുള്ളില്‍ 8-15 വിത്തുകളുണ്ടായിരിക്കും.

കടുപ്പമുള്ളതും ഈടു നില്‍ക്കുന്നതുമായ ഇതിന്റെ തടി കൊട്ടുവടി, അലമാരകള്‍, വടി എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വളരെ വേഗം വളരുന്നതിനാല്‍ വിറകിനു വേണ്ടി നട്ടുവളര്‍ത്താറുണ്ട്. ഒരു നല്ല തണല്‍ വൃക്ഷം കൂടിയാണിത്.

ചരക്കൊന്ന. പെല്‍റ്റെഫോറം (കവചധാരി), ഇനേര്‍മസ് (ആയുധമില്ലാത്തവന്‍) എന്നീ ഗ്രീക്-ലാറ്റിന്‍ പദങ്ങളില്‍ നിന്നാണ് ഇതിന്റെ ശാസ്ത്രനാമം നിഷ്പന്നമായിട്ടുള്ളത്. ശ്രീലങ്കയാണ് ജന്മദേശം. ആന്‍ഡമാന്‍, മലയന്‍ ദ്വീപസമൂഹങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു.

പൂര്‍ണമായോ ഭാഗികമായോ ഇല പൊഴിക്കുന്ന വലിയ വൃക്ഷമാണു ചരക്കൊന്ന. ദ്വിപിച്ഛികവും സംയുക്തവുമായ ഇലകള്‍ക്ക് കടുംപച്ചനിറവും നല്ല ഭംഗിയുമുണ്ട്. ശാഖാഗ്രങ്ങളിലുള്ള വലിയ പാനിക്കിളില്‍ ആണ് പൂക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. പൂക്കള്‍ക്ക് അഞ്ച് ദളങ്ങളുണ്ട്. 5-10 സെ.മീ. നീളവും രണ്ടര സെന്റിമീറ്ററോളം വീതിയുമുള്ള പോഡ് ആണ് ഫലം. ഇവ ദീര്‍ഘായതവും പരന്നതും കനം കുറഞ്ഞതും ദൃഢവുമാണ്. ഫലത്തിന്റെ രണ്ടഗ്രങ്ങളും വീതി കുറഞ്ഞിരിക്കുന്നു. പോഡില്‍ 1-4 വിത്തുകളുണ്ടായിരിക്കും. കായിക പ്രവര്‍ധനവും വിരളമല്ല.

വീട്ടുപകരണങ്ങളുടെ നിര്‍മാണത്തിന് ചരക്കൊന്നയുടെ തടി ഉപയോഗിക്കുന്നു. അലങ്കാരവൃക്ഷമായും ഇത് വച്ചുപിടിപ്പിക്കാറുണ്ട്.

ചെങ്കൊന്ന

ചെങ്കൊന്ന. ഇതിന് പിങ്ക് കാഷ്യ എന്നൊരുപേരും പ്രചാരത്തിലുണ്ട്. ഇന്ത്യ, മലയ, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ വരണ്ട പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. ഏകദേശം 9 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇലകൊഴിയും വൃക്ഷമാണിത്. ഇലകള്‍ക്ക് 10-35 സെ.മീ. നീളമുണ്ട്. 8-20 ജോടി പര്‍ണകങ്ങള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ശാഖകളില്‍ കുലകളായിട്ടാണ് വലിയ പൂക്കള്‍ കാണപ്പെടുന്നത്. വൃന്തകം നീളമുള്ളതും കനം കുറഞ്ഞതുമാണ്. പുഷ്പങ്ങള്‍ക്ക് അഞ്ചു ചെറിയ ബാഹ്യദളങ്ങളും ഭംഗിയുള്ള അഞ്ചു ദളങ്ങളുമുണ്ട്. അസ്ഫുടന ശീലമുള്ള പോഡ് ആണ് ഫലം. ഉള്‍ഭാഗം കുറുകെയുള്ള ഭിത്തികള്‍ കൊണ്ട് വിഭജിക്കപ്പെട്ടിരിക്കുന്നു.

ശാഖകളില്‍ മുഴുവന്‍ പൂക്കള്‍ കാണപ്പെടുന്ന ചെങ്കൊന്ന നല്ല ഒരു അലങ്കാരവൃക്ഷമായി കരുതപ്പെടുന്നു.

കടക്കൊന്ന. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. കേരളത്തില്‍ കുളത്തൂപ്പുഴ വനങ്ങളിലെ 600 മീ. വരെ ഉയരമുളള പ്രദേശങ്ങളില്‍ ഇത് സര്‍വസാധാരണമാണ്. 15 മീറ്ററിലധികം ഉയരത്തില്‍ ഇതുവളരുന്നു. താഴേക്കു തൂങ്ങിനില്‍ക്കുന്ന സ്വാഭാവമുള്ള ഇലകളും ചില്ലകളുമുള്ള ഈ മരം അലങ്കാരവൃക്ഷമെന്ന നിലയില്‍ തോട്ടങ്ങളില്‍ നട്ടുവളര്‍ത്താറുണ്ട്. 18-30 പര്‍ണകങ്ങള്‍ ചേര്‍ന്ന സംയുക്തപത്രത്തിന് 20 സെന്റിമീറ്ററോളം നീളമുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളില്‍ തളിരിലകളോടൊപ്പം പൂക്കളും പ്രത്യക്ഷപ്പെടുന്നു. പത്രകക്ഷ്യങ്ങളില്‍ 7-10 സെ.മീ. നീളമുള്ള റെസീം പൂങ്കുലകളിലാണ് മഞ്ഞയോ പിങ്ക് നിറമോ ഉള്ള ചെറുപൂക്കള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. സഹപത്രങ്ങള്‍ സാമാന്യം വലുപ്പമുള്ളതാണ്. കട്ടിയുള്ളതും ഉരുണ്ടതുമായ കായ്കള്‍ക്ക് 20-30 സെ.മീ. നീളവും 2 സെ.മീ. വ്യാസവുമുണ്ടായിരിക്കും. അല്പം പരന്ന വിത്തുകള്‍ക്ക് ഇളം തവിട്ടുനിറമാണ്.

ഇളംതവിട്ടു നിറമുള്ള തടിക്ക് സാമാന്യം കടുപ്പവുമുണ്ട്. എന്നാലും ഗൃഹോപകരണങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. നോ. ശീമക്കൊന്ന; കണിക്കൊന്ന

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍