This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊറിവള്ളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൊറിവള്ളി
ലെഗുമിനേസി സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഔഷധവള്ളിച്ചെടി. ശാ.നാ.: മ്യുക്കനാ പ്രുറിറ്റ (Mucuna prurita). സാധാരണയായി ഇന്ത്യയിലെ കാടുകളില്‍ വളരുന്ന ഈ ചെടിയെ വെല്‍വെറ്റുപോലെ മൃദുലവും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമുള്ളതുമായ കായ്കള്‍ക്കുവേണ്ടി ചിലയിടങ്ങളില്‍ നട്ടുവളര്‍ത്താറുമുണ്ട്. ചിലര്‍ ഈ കായ്കള്‍ പാകപ്പെടുത്തി ഭക്ഷിക്കാറുമുണ്ട്.
ഇലകള്‍ വലുതും ഏകാന്തരന്യാസക്രമത്തിലുള്ളതും അനുപര്‍ണങ്ങളുള്ളതുമാണ്. പിച്ഛാകാരത്തിലുള്ള ത്രിപര്‍ണങ്ങളാണിവ. അനുപര്‍ണങ്ങള്‍ വേഗം തന്നെ കൊഴിഞ്ഞുപോകുന്നു. ഇലത്തണ്ടിന് 8-13 സെ.മീ. നീളമുണ്ട്; പത്രകങ്ങള്‍ക്ക് 7.5-9 സെ.മീ. നീളവും 5-7.5 സെ.മീ. വീതിയുമുണ്ട്. കട്ടിയുള്ള ഇലകള്‍ ലോമങ്ങളും ചെറിയ വൃന്തങ്ങളുമുള്ളവയാണ്.
പുഷ്പങ്ങള്‍ ഏകദേശം 30 സെന്റിമീറ്ററോളം നീളമുള്ള കുലകളായിട്ടാണ് കാണുന്നത്. പൂങ്കുലത്തണ്ടില്‍ ഇടവിട്ടിടവിട്ട് രണ്ടോ മൂന്നോ പുഷ്പങ്ങള്‍ വീതം ഒരുമിച്ച് മുപ്പതെണ്ണം വരെയുണ്ടാകുന്നു. പുഷ്പങ്ങള്‍ വളരെ വലുതാണ്. ഇവയ്ക്ക് കടുത്ത കാവിയോ കടും ചുവപ്പോ നിറമായിരിക്കും. സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ട്. ബാഹ്യദളപുഞ്ജം സംയുക്തമാണ്. ഇതിന് എട്ടു മില്ലിമീറ്ററോളം നീളമുണ്ട്. ഇതിന്റെ പുറവശം ലോമങ്ങള്‍ നിറഞ്ഞതുമാണ്. രണ്ടായി പിരിഞ്ഞിരിക്കുന്നതും അഞ്ചു പാളികള്‍ ഉള്ളതുമായ നാളമുണ്ട്. ദളപുഞ്ജത്തിന് 5-40 മില്ലിമീറ്റര്‍ വരെ വലുപ്പമുണ്ട്. ധ്വജം (standard), പക്ഷങ്ങള്‍ (wings), കീല്‍ദളം (keel petal) എന്നീ ഭാഗങ്ങളുണ്ട് ദളപുഞ്ജത്തിന്. ഈ പുഷ്പങ്ങള്‍ ദ്വിഗുച്ഛകേസരങ്ങള്‍ (diadephous) ആണ്. വലിയ കേസരകോശങ്ങളെ പുഷ്പലഗ്നാവസ്ഥ (dorsifixed)യില്‍ ഘടിപ്പിച്ചിരിക്കുന്നു. ജനി ഒന്നുമാത്രം. ഇതിന്റെ വര്‍ത്തികാഗ്രത്തിനു മകുടമുണ്ട്. കായ് ഉണങ്ങി പൊട്ടിത്തെറിക്കുന്ന ഒരു പോഡ് (pod) വിഭാഗത്തില്‍പ്പെടുന്നതാണ്. 5-10 സെ.മീ. നീളവും 12 മില്ലിമീറ്ററോളം വീതിയുമുണ്ടായിരിക്കും. കായ്കളില്‍ നിറയെ ലോമങ്ങള്‍ കാണാം. ഓരോ കായിലും 4-6 വരെ വിത്തുകള്‍ ഓരോ പ്രത്യേക അറയിലായി കാണുന്നു. വിത്തുകളില്‍ ഫാറ്റി അമ്ലങ്ങളും ഒലിക് അമ്ലങ്ങളും ആല്‍ബുമെനുകളും അടങ്ങിയിരിക്കുന്നു.
വേരും കായ്കളും വിത്തുകളും ഔഷധഗുണമുള്ളവയാണ്. ഇവയിലൊക്കെ റെസിന്‍, ടാനില്‍, കൊഴുപ്പ്, മാങ്ഗനീസ് തുടങ്ങിയവയുമുണ്ട്. കായ്കളിലുള്ള കട്ടികൂടിയ ലോമങ്ങള്‍ ചൊറിച്ചിലുണ്ടാക്കുന്നു. ഈ ലോമങ്ങള്‍ തേനുമൊത്ത് വിരശല്യത്തിന് ഔഷധമായുപയോഗിക്കുന്നു. വിത്തുകളുടെ പൊടി ല്യുക്കേറിയ, സ്പെര്‍മറ്റേറിയ എന്നിവയ്ക്ക് ഉത്തമമാണ്. വേര് കോളറയ്ക്കു സിദ്ധൗഷധമാണ്. മന്തുരോഗത്തിന് ഇതിന്റെ വേര് അരച്ചു പുരട്ടാറുണ്ട്. വിത്ത് തേള്‍ വിഷത്തിനു നല്ല ഔഷധമാണ്.