This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോക്ടെയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:05, 3 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കോക്ടെയില്‍

Cocktail

ദീപനശക്തി വര്‍ധിപ്പിക്കാനുതകുന്ന മിശ്രിതമദ്യം. ലഹരിദായകവും ഏറെ ഉത്തേജകവും പഞ്ചസാരയും വെള്ളവും വെണ്ണയും പലതരം ലഹരിപാനീയങ്ങളും ചേര്‍ത്തുണ്ടാക്കുന്നതുമായ മിശ്രിതപാനീയം എന്നാണ് കോക്ടെയിലിന്റെ അംഗീകൃതനിര്‍വചനം. വിശപ്പും ദാഹവും ഉത്തേജിപ്പിക്കുന്നതോടൊപ്പംതന്നെ ഭക്ഷണപദാര്‍ഥങ്ങളോട് ആസക്തിയും ആഭിമുഖ്യവും ഉളവാക്കുന്ന വിഭവങ്ങളെല്ലാം ഇന്ന് ഈ പേരില്‍ അറിയപ്പെടുന്നു. പാശ്ചാത്യസമ്പ്രദായമനുസരിച്ചുള്ള മിക്ക പാര്‍ട്ടികള്‍ക്കും വിളമ്പുന്ന ആദ്യത്തെ ആഹാരപദാര്‍ഥം സൂപ്പ്, പഴവര്‍ഗങ്ങള്‍ മുതലായവ ചേര്‍ത്തുണ്ടാക്കുന്ന കോക്ടെയിലായിരിക്കും. ഇതിന്റെ നിറവും വാസനയും സ്വാദും അത്യധികം ആകര്‍ഷകമാണ്.

കോക്ടെയില്‍

'കോക്ടെയില്‍' എന്ന പദത്തിന്റെ നിഷ്പത്തിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്. പൂവന്‍കോഴിയുടെ വാലിനോട് സാദൃശ്യമുള്ള ഏതൊരു ജീവിയെയും ഈ പേരില്‍ പരാമര്‍ശിക്കാറുണ്ട്. അതുകൊണ്ടായിരിക്കാം ഊര്‍ജസ്വലതയും സന്തോഷവും നല്കുന്ന ലഹരി പാനീയത്തിന് ഈ പേര് നിലവില്‍ വന്നത് എന്ന് എറിക് പാട്രിജ് (Eric Patridge) അഭിപ്രായപ്പെടുന്നു. പൂവന്‍കോഴിയുടെ അങ്കവാല് എന്ന അര്‍ഥം അടിസ്ഥാനപരമായി ഉണ്ടെങ്കിലും 'വെട്ടിനിരപ്പാക്കിയ വാലുള്ള കുതിര' എന്ന അര്‍ഥവും ആദ്യകാലത്ത് ഈ പദത്തിനുണ്ടായിരുന്നുവെന്നും അതിനാല്‍ 'പ്രകാശപൂരിതമായ കണ്ണുകളും സുന്ദരമായ വാലും' ഉണ്ടെന്ന തോന്നലോ ഘനഗാംഭീര്യത്തോടെ നടക്കാനുള്ള പ്രേരണയോ ഒരുവനില്‍ ജനിപ്പിക്കുന്ന ലഹരിപാനീയത്തിന് ഈ പേര് തികച്ചും സമുചിതമാണെന്നും ആണ് എഡ്രിയല്‍ റോമിന്റെ അഭിപ്രായം. ഈ വിവരണം അല്പം ഹാസ്യാത്മകമാണെങ്കിലും നിലവിലുള്ള മറ്റു പല വിശദീകരണങ്ങളെക്കാളും യുക്തിസഹമാണ്. ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളുടെ അന്ത്യമായിരുന്നു കോക്ടെയിലിന്റെ സുവര്‍ണകാലഘട്ടം. ഈ കാലഘട്ടത്തില്‍ നൂറ്റിഇരുപതോളം പുതിയ മിശ്രണവിധികള്‍ നിലവിലുണ്ടായിരുന്നു.

കോക്ടെയില്‍ ലഹരിയുള്ളവയും ഇല്ലാത്തവയും ഉണ്ട്. എല്ലാവിധ ലഹരിപാനീയ മിശ്രിതങ്ങളെയും (ഉദാ. റം, വിസ്കി, ജിന്‍, വൈന്‍) ആദ്യവിഭാഗത്തിലും സസ്യങ്ങളുടെയും പഴവര്‍ഗങ്ങളുടെയും ചാറുകളെയും സോസ്സുകള്‍ ധാരാളം ചേര്‍ത്ത സമുദ്രോത്പന്നഭക്ഷ്യങ്ങളെയും രണ്ടാം വിഭാഗത്തിലും ഉള്‍പ്പെടുത്താവുന്നതാണ്. കേടുകൂടാതെ ടിന്നുകളില്‍ അടച്ച മധുരഫലങ്ങളും കോക്ടെയിലായി ഉപയോഗിക്കാറുണ്ട്. കോക്ടെയില്‍ തയ്യാറാക്കുക വളരെ ലളിതമാണ്. ആവശ്യമായ ചേരുവകള്‍ കൃത്യമായ അളവില്‍ എടുത്ത് ഒന്നിച്ചുചേര്‍ത്ത് ഇളക്കിത്തണുപ്പിച്ച് കോക്ടെയില്‍ തയ്യാറാക്കാം. ലഹരിയുള്ള കോക്ടെയില്‍ തയ്യാറാക്കുമ്പോള്‍ ജിന്നില്‍ മുട്ട, പഞ്ചസാര, പഴച്ചാര്‍, രുചി വര്‍ധിപ്പിക്കാനുള്ള പദാര്‍ഥങ്ങള്‍ എന്നിവ ചേര്‍ക്കാറുണ്ട്. അല്ലെങ്കില്‍ ജിന്‍, വിസ്കി, റം, ബ്രാണ്ടി ഇവയിലേതിനോടെങ്കിലും വെര്‍മത്തോ (സുഗന്ധവ്യഞ്ജനം ചേര്‍ത്ത വീഞ്ഞ്) പഴച്ചാറോ യോജിപ്പിച്ച് രുചിവര്‍ധനയ്ക്കുള്ള പദാര്‍ഥങ്ങളോ (bitters) ജെറാന്‍ ഡയ്നോ (geran dino) ചേര്‍ത്ത് തയ്യാറാക്കാം. ജിന്നും ഫ്രഞ്ച് വെര്‍മത്തും ചേര്‍ന്ന മാര്‍ട്ടിനി (ഗ്ലാസില്‍ ഉള്ളിയോ ഒലിവോ ഇട്ടു നല്കുന്നത്) ആണ് കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്നത്. റൈവിസ്കിയും ഇറ്റാലിയന്‍ വെര്‍മത്തും യോജിപ്പിച്ച് ഗ്ലാസ്സില്‍ ഒരു ചെറിയും ഇട്ട് വിളമ്പുന്ന മന്‍ഹാട്ടന്നും പ്രിയപ്പെട്ടതാണ്.

ലഹരിയില്ലാത്ത പാനീയങ്ങളില്‍ താത്പര്യമുള്ളവര്‍ക്കു ഇഞ്ചിസത്തും (gingerale) വിളമ്പാം. എല്ലാത്തരം കോക്ടെയിലിനും ഐസ് അപരിഹാര്യമായ അംശമാണ്. ഇത് കട്ടകളായോ, പൊടിച്ചോ, ചീന്തിയോ ചേര്‍ക്കുന്നു.

സാധാരണ കോക്ടെയില്‍ വിളമ്പുന്നത് 75 മുതല്‍ 90 വരെ മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന മനോഹരമായ ചെറിയ സര്‍ബത്ത് ഗ്ലാസ്സുകളിലോ കപ്പുകളിലോ ആണ്. വിവിധ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കോക്ടെയിലിനെ അലങ്കരിക്കാറുണ്ട്.

എല്ലാ കോക്ടെയിലുകളോടുമൊപ്പം സൂപ്പിനു വിളമ്പുന്ന ബ്രെഡുകള്‍, ചെറിയ സ്നാക്കുകള്‍ എന്നിവയും നല്കിവരുന്നു. പുതിനയില, മല്ലിയില, ചെറിപ്പഴം മുതലായവ മത്സ്യം, പഴങ്ങള്‍ എന്നിവകൊണ്ടുള്ള കോക്ടെയിലിനോടൊപ്പവും, വിവിധയിനം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് സോസ്സുകള്‍, സമുദ്രോത്പന്നഭക്ഷ്യ കോക്ടെയിലുകള്‍, പച്ചക്കറി കോക്ടെയിലുകള്‍ എന്നിവയോടൊപ്പവും അവയുടെ രുചി വര്‍ധിപ്പിക്കുവാനായി ഉപയോഗിക്കുന്നു.

സാധാരണ തയ്യാറാക്കുന്ന ചില കോക്ടെയിലുകളാണ് കോക്ടെയില്‍ ബണ്ണുകള്‍, ചെമ്മീന്‍ കോക്ടെയില്‍, കോക്ടെയില്‍ കൂണുകള്‍ (മഷ്റൂംസ്), ഓറഞ്ച് കാന്‍ബെറി ജ്യൂസ് കോക്ടെയില്‍, എഗ്നോഗ്, കോക്ടെയില്‍സോസ്, ടൊമാറ്റോ ക്രീം ജ്യൂസ് കോക്ടെയില്‍, കോക്ടെയില്‍ സമോസുകള്‍ എന്നിവ. കോക്ടെയിലുകള്‍ വീട്ടില്‍വച്ചും തയ്യാറാക്കാം.

2. കോക്ടെയില്‍ പാര്‍ട്ടി. കോക്ടെയില്‍കൊണ്ട് ഉപചരിക്കുന്ന സത്കാരങ്ങള്‍. 19-ാം ശതകത്തില്‍ അമേരിക്കയില്‍ നിലവിലിരുന്നതും 1920-കളുടെ അന്ത്യത്തില്‍ വളരെ പ്രചാരം നേടിയതുമായ ഈ സത്കാരങ്ങള്‍ ഇന്നു സാര്‍വത്രികമായിത്തീര്‍ന്നിരിക്കുന്നു. ഈ സത്കാരത്തിനുള്ള ക്ഷണക്കത്തിലും അതിനുള്ള മറുപടിയിലും പ്രഥമ പുരുഷക്രിയകള്‍ ഉപയോഗിക്കണമെന്നുണ്ട്. ക്ഷണിക്കപ്പെടുന്ന ആളിന്റെ പേര് കടലാസിന്റെ ഇടത്തേ കോണിലാണ് എഴുതുക. കടലാസിന്റെ മധ്യത്തില്‍ ആതിഥേയന്റെ പേരും സത്കാരത്തീയതിയും കൊടുക്കും. ഇടതുവശത്ത് 'ദയവായി മറുപടി അയയ്ക്കുക' എന്ന അര്‍ഥത്തില്‍ R.S.V.P. എന്നെഴുതിയ ശേഷം ആതിഥേയന്റെ വിലാസവും വലതുവശത്ത് കോക്ടെയിലിന്റെ സമയവും കുറിക്കും. ഒരു കമ്പനിയോ മറ്റോ ആതിഥേയത്വം വഹിക്കുമ്പോള്‍ ക്ഷണക്കത്തിന്റെ രൂപത്തിനു ചില്ലറ വ്യത്യാസങ്ങള്‍ വരുത്തും. R.S.V.P. യുടെ സ്ഥാനത്തിന്റെ കാര്യത്തിലും വ്യത്യസ്തത പാലിക്കുന്ന ക്ഷണക്കത്തുകളുണ്ട്.

അനൗപചാരികത മുഖമുദ്രയായുള്ള കോക്ടെയില്‍ പാര്‍ട്ടികളില്‍ മറ്റ് അതിഥികള്‍ അപരിചിതരാണെങ്കില്‍ സംഭാഷണം ഒരതിഥിക്ക് സ്വയം ആരംഭിക്കാവുന്നതാണ്. സ്വയം പരിചയപ്പെടുത്തിയശേഷം മര്യാദാപൂര്‍വം അപരനെപ്പറ്റി അന്വേഷണം നടത്താം. ആതിഥേയന്‍ അപരിചിതരായ അതിഥികളെ പരസ്പരം പരിചയപ്പെടുത്തുകയാണ് വേണ്ടത്. ഒരു സ്ഥലത്തുതന്നെ സ്ഥിരമായി നില്ക്കാതെ ചുറ്റി നടക്കുവാനും സംഭാഷണം വളര്‍ത്തുവാനും അതിഥികള്‍ ശ്രമിക്കണം എന്നെല്ലാം എറ്റിക്വെറ്റ് (Etiquete) എന്ന കൃതിയില്‍ ബെര്‍ണീസ്മിത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്.

കോക്ടെയില്‍ വേഷം

സാധാരണ വൈകുന്നേരം ആറിനും എട്ടിനും ഇടയ്ക്കാണ് കോക്ടെയില്‍ പാര്‍ട്ടികള്‍ നടത്തുക. എന്നാല്‍ ബിസിനസ് മേഖലകളില്‍ ഇവ രാവിലെ 11 മണിക്ക് ആരംഭിച്ച് 12.30-ന് അവസാനിപ്പിക്കാറുണ്ട്. അപ്പോള്‍ പലതരം ലഘുഭക്ഷണങ്ങളും കാപ്പിയും മറ്റു പാനീയങ്ങളോടൊപ്പം വിളമ്പാം. എന്നാല്‍ 12-നും 2-നും ഇടയ്ക്കാണ് സമയമെങ്കില്‍ കുറേക്കൂടി ഘനസ്വഭാവമുള്ള ഭക്ഷ്യങ്ങള്‍ നല്കണം.

കോക്ടെയില്‍ പാര്‍ട്ടിയെ പശ്ചാത്തലമാക്കി ടി.എസ്. ഇലിയറ്റ് ദ് കോക്ടെയില്‍ പാര്‍ട്ടി എന്ന ഒരു നാടകം രചിച്ചിട്ടുണ്ട്.

3. കോക്ടെയില്‍ ഡ്രസ്സ്. ഇറക്കം കുറഞ്ഞതും തികഞ്ഞ ഔപചാരികത്വം ഉള്ളതുമായ ഒരു മധ്യാഹ്നവേഷം. രണ്ടാം ലോകയുദ്ധകാലത്ത് സില്‍ക്കും നൈലോണും സൈനികാവശ്യങ്ങള്‍ക്കു വേണ്ടിവന്നപ്പോള്‍ തുണിവ്യവസായത്തിന്റെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആ സാഹചര്യത്തിലാണ് ഫാഷന്‍ ലോകത്തില്‍ ഇത്തരം പുതിയ രീതികള്‍ അവലംബിച്ചത്.

(നോര്‍മാ സേവിയര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍