This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെന്നഡി സ്പെയ്സ് സെന്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:55, 22 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കെന്നഡി സ്പെയ്സ് സെന്റര്‍

Kennedy Space Centre

കെന്നഡി സ്പെയ്സ് സെന്റര്‍

നാസയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബഹിരാകാശ വാഹന വിക്ഷേപണ-നിയന്ത്രണ കേന്ദ്രം. ചന്ദ്ര എക്സ് റേ ഒബ്സര്‍വേറ്ററി, ഹബ്ള്‍ സ്പെയ്സ് ടെലിസ്കോപ്, ഇന്റര്‍നാഷണല്‍ സ്പെയ്സ് സ്റ്റേഷന്‍ എന്നിവ വിക്ഷേപിക്കപ്പെട്ടത് ഇവിടെ നിന്നാണ്. കൂടാതെ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ-11 വാഹനത്തിന്റെ വിക്ഷേപണകേന്ദ്രവും കെന്നഡി സ്പെയ്സ് സെന്റര്‍ ആയിരുന്നു.

യു.എസ്സിലെ ഫ്ളോറിഡയിലുള്ള മെരിറ്റ് ദ്വീപിലാണ് കെന്നഡി സ്പെയ്സ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. 567 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ കേന്ദ്രം പൂര്‍ത്തിയായത് 1962-ലാണ്. തുടക്കത്തില്‍ ലോഞ്ച് ഓപ്പറേഷന്‍ സെന്റര്‍ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. യു.എസ്. പ്രസിഡണ്ടായിരുന്ന ജോണ്‍ എഫ്.കെന്നഡി 1963-ല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം, ഈ കേന്ദ്രത്തെ കെന്നഡി സ്പെയ്സ് സെന്റര്‍ എന്നു പുനര്‍ നാമകരണം ചെയ്തു.

ലോഞ്ച് കോംപ്ലക്സ് 39 എന്ന പേരുള്ള വിക്ഷേപണത്തറകള്‍ കൂടാതെ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിങ്, ലോഞ്ച് കണ്‍ട്രോള്‍ സെന്റര്‍, മറ്റു ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങള്‍, ഭരണ-കേന്ദ്രങ്ങള്‍, വിസിറ്റര്‍ കോംപ്ലക്സ്‌ എന്നിവയും കെന്നഡി സ്പെയ്സ് സെന്ററിന്റെ ഭാഗമായുണ്ട്.

1965-ല്‍ വിക്ഷേപിച്ച നാസയുടെ ജെമിനി പദ്ധതി മുതലാണ് കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്നും കൃത്രിമോപഗ്രഹങ്ങളുടെയും മറ്റും വിക്ഷേപണം ആരംഭിച്ചത്. തുടര്‍ന്ന് അപ്പോളോ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന ബഹിരാകാശ വാഹനങ്ങളെല്ലാം ഇവിടെ നിന്നു വിക്ഷേപിച്ചു. ഇവ കൂടാതെ സര്‍വേയര്‍, വൈക്കിങ്, വൊയേജര്‍, ചാലഞ്ചര്‍ എന്നീ ബഹിരാകാശ പേടകങ്ങളും ഇവിടെ നിന്നും വിക്ഷേപിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍