This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കെന്നഡി, ജോണ്‍ ഫിറ്റ്സ്ജെറാള്‍ഡ് (1917 - 63)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കെന്നഡി, ജോണ്‍ ഫിറ്റ്സ്ജെറാള്‍ഡ് (1917 - 63)
Kennedy, John Fitzgerald
അമേരിക്കയുടെ 35-ാമത് പ്രസിഡന്റ് (1961-63). 1917 മേയ് 29-ന് ബോസ്റ്റണിലെ ബ്രൂക് ലിനില്‍ ജോസഫ് പാട്രിക് കെന്നഡിയുടെയും റോസി ഫിറ്റ്സ്ജെറാള്‍ഡിന്റെയും രണ്ടാമത്തെ മകനായി ജനിച്ചു. ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് (1935), ഹാര്‍വാഡ് സര്‍വകലാശാല (1936-40), സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല (1940-41) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1941 സെപ്തംബറില്‍ അമേരിക്കന്‍ നാവികസേനയില്‍ ചേര്‍ന്നു. രണ്ടാംലോക യുദ്ധത്തില്‍ പങ്കെടുത്ത കെന്നഡി ധീരതയ്ക്കുള്ള ബഹുമതിക്ക് അര്‍ഹനായി. യുദ്ധാനന്തരം കുറേക്കാലത്തെ പത്രപ്രവര്‍ത്തനത്തിനുശേഷം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 44-ാമത്തെ വയസ്സില്‍ ഇദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായി.
സജീവ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചത് 1946-ല്‍ ആയിരുന്നുവെങ്കിലും അതിനു വളരെ മുമ്പുതന്നെ രാഷ്ട്രീയരംഗവുമായി ബന്ധപ്പെടാനുള്ള അവസരം കെന്നഡിക്കു ലഭിച്ചിരുന്നു. 1937-ലെ യൂറോപ്യന്‍ പര്യടനം, അന്താരാഷ്ട്ര ശാക്തിക ബന്ധങ്ങളെപ്പറ്റി മനസ്സിലാക്കാനും 1939-ലെ ബ്രിട്ടന്‍ സന്ദര്‍ശനം, നയതന്ത്രജ്ഞരുമായും രാഷ്ട്രീയ നേതാക്കളുമായും കൂടുതല്‍ അടുക്കുവാനും ഇദ്ദേഹത്തിനു അവസരം നല്കി. 1946-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അമേരിക്കല്‍ കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് രണ്ടുതവണ കൂടി (1948-ലും 1950-ലും) ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
1952 ന. 4-ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഹെന്റി കാബട്ട് ജൂനിയറെ പരാജയപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1954-ഓടുകൂടി പൗരസ്വാതന്ത്ര്യരംഗത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയ ഇദ്ദേഹം സെനറ്റര്‍ മക്കാര്‍ത്തിയുടെ പൗരസ്വാതന്ത്ര്യ വിരുദ്ധ നിലപാടിനെ എതിര്‍ത്തു. സെനറ്റിലെ വിദേശ ബന്ധകമ്മിറ്റിയിലും ലേബര്‍ ആന്‍ഡ് പബ്ലിക് വെല്‍ഫയര്‍ കമ്മിറ്റിയിലും അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958-ല്‍ കെന്നഡി വീണ്ടും സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
1960 ന. 8-ന് വൈസ് പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് എം. നിക്സനെ 119,450 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെന്നഡി 1961 ജനു. 20-ന് അധികാരമേറ്റു. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ റോമന്‍ കത്തോലിക്കാ സമുദായാംഗവും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് ഇദ്ദേഹം. എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഒരു ക്യാബിനറ്റാണ് ഇദ്ദേഹം രൂപവത്കരിച്ചത്. അമേരിക്കയുടെ സാമ്പത്തികാഭിവൃദ്ധി ഉറപ്പുവരുത്തുക, വര്‍ണവിവേചനം ഇല്ലായ്മ ചെയ്യുക, കമ്യൂണിസത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്തുക തുടങ്ങിയവ കെന്നഡി ഭരണത്തിന്റെ ലക്ഷ്യങ്ങളായിരുന്നു.
അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ.)യുടെ സഹായത്തോടുകൂടി പ്രവര്‍ത്തിച്ചുവരികയായിരുന്ന ക്യൂബയിലെ കാസ്ട്രോ വിരുദ്ധസേനയ്ക്ക് പിഗ്സ് ഉള്‍ക്കടലില്‍ താവളം സ്ഥാപിക്കാന്‍ കഴിയാതെ പോയത് കെന്നഡി ഭരണത്തിന് അന്താരാഷ്ട്ര രംഗത്ത് നേരിടേണ്ടി വന്ന അദ്യത്തെ വെല്ലുവിളിയായിരുന്നു. 1961 ഏപ്രിലില്‍ നടന്ന ഈ സംഭവത്തെത്തുടര്‍ന്ന് ആഗോളവ്യാപകമായി അമേരിക്കയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഈ പ്രതിസന്ധിഘട്ടത്തില്‍ കെന്നഡിക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.
സോവിയറ്റ് യൂണിയനുമായുള്ള കെന്നഡിയുടെ ഒരു ബലപരീക്ഷണമായിരുന്നു 'ബര്‍ലിന്‍ പ്രശ്നം'. 1961 ജൂണില്‍ വിയന്നയില്‍ വച്ച് സോവിയറ്റ് പ്രധാനമന്ത്രി നികിതാ ക്രൂഷ്ചേവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 'ബര്‍ലിന്‍ പ്രശ്നം' ഒരു സംഘര്‍ഷത്തിന്റെ വക്കിലെത്തിയത്. പശ്ചിമ ബര്‍ലിന്‍, കമ്യൂണിസ്റ്റുകളുടെ സ്വാധീനത്തിലാകാതെ സൂക്ഷിക്കേണ്ടത് അമേരിക്കയുടെയും പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളുടെയും സുരക്ഷിതത്വത്തിന്റെ പ്രശ്നമായിത്തീര്‍ന്നു. ബര്‍ലിന്‍ പ്രശ്നത്താല്‍ സോവിയറ്റ് യൂണിയന്‍ ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതില്‍ കെന്നഡി പ്രദര്‍ശിപ്പിച്ച ധൈര്യം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കാകെ ഉത്തേജനം നല്‍കുകയും ശീതസമരത്തില്‍ നേട്ടം കൈവരിക്കാന്‍ സഹായകമാവുകയും ചെയ്തു.
1962-ല്‍ റഷ്യ ക്യൂബയിലുടനീളം മിസൈലുകളുടെ ആക്രമണപരമായ ഒരു ശൃംഖല തന്നെ സ്ഥാപിക്കുകയുണ്ടായി. ഇത് അമേരിക്കയെ പ്രകോപിപ്പിച്ചു. ഇതിനെതിരെ 1962 ഒ. 22 -ന് അമേരിക്ക നാവിക-വ്യോമപ്രതിരോധ-ഏര്‍പ്പാടുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഒരു തെര്‍മോ-ന്യൂയര്‍ യുദ്ധഭീഷണിയുടെ നിഴല്‍ സൃഷ്ടിച്ച ക്യൂബന്‍ പ്രശ്നം ഒ. 28-ന് കെന്നഡിയും ക്രൂഷ്ചേവുമായുള്ള ചര്‍ച്ചയിലൂടെ പരിഹൃതമായി. ക്യൂബന്‍ പ്രതിസന്ധി പരിഹരിച്ചതിലൂടെ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ ധീരമായി നേരിടുന്നതിനും കമ്യൂണിസ്റ്റ് നീക്കങ്ങളെ ചെറുക്കുന്നതിനുള്ള കെന്നഡിയുടെ കഴിവിന് അംഗീകാരം ലഭിച്ചു.
1961 സെപ്തംബറില്‍ റഷ്യ ന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ പുനരാരംഭിച്ചതിനെതിരെ കെന്നഡി ശക്തിയായി പ്രതികരിക്കുകയുണ്ടായി. ഭൗമോപരിതലത്തില്‍ വച്ചുള്ള ന്യൂക്ലിയര്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റഷ്യ അതു അംഗീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ഇദ്ദേഹം സ്വീകരിച്ച ധീരമായ നിലപാട് സോവിയറ്റ് യൂണിയനെ 1963-ലെ മോസ്കോ ന്യൂക്ലിയര്‍ നിരോധന ഉടമ്പടിയിലേക്ക് നയിച്ചു. കെന്നഡിയുടെ ഈ നീക്കം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമായി.
കമ്യൂണിസ്റ്റ് ഭീഷണിക്കെതിരെ ശക്തവും ഏകീകൃതവുമായ ഒരു യൂറോപ്പാണ് കെന്നഡി ലക്ഷ്യമിട്ടിരുന്നത്. ഏഷ്യയില്‍ കമ്യൂണിസം പ്രചരിക്കുന്നത് നിയന്ത്രിക്കുന്നതിനു വേണ്ടി ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് സൈനികവും സാമ്പത്തികവുമായ സഹായവും ഇദ്ദേഹം ലഭ്യമാക്കി. ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളെ സഹായിക്കാന്‍ ഇദ്ദേഹം ആവിഷ്കരിച്ച 'പുരോഗതിക്കു വേണ്ടിയുള്ള സഖ്യം' എന്ന ദശവത്സരപദ്ധതിയും സമാധാനസേനയും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി.
ആഭ്യന്തരരംഗത്ത് വര്‍ണവിവേചനത്തിനെതിരായ നടപടികള്‍, ത്വരിതമായ സാമ്പത്തിക പുരോഗതി, നികുതി സംവിധാനം പരിഷ്കരിക്കല്‍, മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കെന്നഡി നേതൃത്വം നല്കി. ഇദ്ദേഹം ഏറെ താത്പര്യം പ്രകടിപ്പിച്ച പൗരാവകാശ സംരക്ഷണ ബില്‍ നിയമമായത് പക്ഷേ ഇദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ്.
1963 ന. 22-ന് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ടെക്സാസിലെ ഡല്ലാസില്‍ വച്ച് ഭാര്യയ്ക്കൊപ്പം ഒരു തുറന്ന കാറില്‍ സഞ്ചരിക്കവേ ഇദ്ദേഹം ഘാതകന്റെ വെടിയേറ്റു മരണ മടഞ്ഞു. ഇതിനോടനുബന്ധിച്ച് അറസ്റ്റു ചെയ്യപ്പെട്ട ഓസ് വാള്‍ഡിനെ പൊലീസ് കസ്റ്റഡിയില്‍ വച്ചുതന്നെ ജാക്റൂബി എന്നൊരാള്‍ വെടിവച്ചു കൊല്ലുകയുണ്ടായി. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തില്‍ വെടിയേറ്റു മരിച്ച നാലാമത്തെ പ്രസിഡന്റാണ് കെന്നഡി. വൈ ഇംഗ്ലണ്ട് സ്ളെപ്റ്റ് (Why England Slept, 1940), പ്രൊഫൈല്‍സ് ഇന്‍ കറേജ് (Profiles in Courage, 1956) എന്നീ രണ്ടു ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് കെന്നഡി. രണ്ടാമത്തെ കൃതിക്ക് 1957-ല്‍ ജീവചരിത്രത്തിനുള്ള പുലിറ്റ്സര്‍ സമ്മാനം ലഭിക്കുകയുണ്ടായി.