This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കെനിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
കെനിയ
Kenya
കിഴക്കനാഫ്രിക്കയിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലൊന്നായി തുടരുന്ന കെനിയ (കീന്യ) 1963-ല്‍ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുമ്പ് ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു. മധ്യരേഖയ്ക്ക് ഇരുപുറവുമായി 4° വടക്ക് മുതല്‍ 4° തെക്ക് അക്ഷാംശം വരെ വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്റെ വിസ്തീര്‍ണം 5,82,645 ച.കി.മീ. ആണ്. കിഴക്കേ അതിര് ഭാഗികമായി ഇന്ത്യാസമുദ്രമാണ്. കിഴക്ക് സൊമാലിയ, വടക്ക് എത്യോപ്യ, സുഡാന്‍, പടിഞ്ഞാറ് ഉഗാണ്ട, തെക്ക് താന്‍സാനിയ എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. പടിഞ്ഞാറനതിര്‍ത്തിയില്‍ ഒരു ഭാഗം വിക്ടോറിയ തടാകമാണ്. തലസ്ഥാനം: നൈറോബി; ജനസംഖ്യ: 41,609,728 (2011).
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് കെനിയയെ മൂന്നു വിഭാഗങ്ങളായി തിരിക്കാം. മധ്യരേഖയ്ക്കു വടക്കുള്ള ഉത്തരകെനിയ, ദക്ഷിണകെനിയായുടെ കിഴക്കും പടിഞ്ഞാറും പകുതികള്‍. മധ്യരേഖയ്ക്കു വടക്ക് പൊതുവേ നിരന്ന പ്രദേശമാണ്. വരണ്ട കാലാവസ്ഥയുള്ള ഈ മേഖലയില്‍ മുള്‍ക്കാടുകള്‍ നിറഞ്ഞിരിക്കുന്നു. ഈ മേഖലയുടെ വടക്കുപടിഞ്ഞാറരികില്‍ ചെങ്കുത്തായി എഴുന്നു നില്‍ക്കുന്ന ഒറ്റപ്പെട്ട പര്‍വതങ്ങള്‍ കാണാം. ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തോടടുത്ത് തെക്കുവടക്കായി കിടക്കുന്ന ഭ്രംശതാഴ്വര (Great Rift Valley) കെനിയയുടെ വടക്കുപടിഞ്ഞാറു ഭാഗത്തു നീണ്ടുകിടക്കുന്നു. ഈ ഭാഗത്താണ് റുഡോള്‍ഫ് തടാകം. ഭ്രംശതാഴ്വരയില്‍ 256 കി.മീ. ദൂരം വ്യാപിച്ചിട്ടുള്ള ജലാശയമാണ് ഇത്. ദക്ഷിണ കെനിയയുടെ കിഴക്കേ പകുതി വീതികുറഞ്ഞ തീരസമതലവും അതിനു പിന്നിലായുള്ള കുന്നിന്‍ പ്രദേശവും ഉള്‍ക്കൊള്ളുന്നു. ഈ കുന്നുകള്‍ പടിഞ്ഞാറുള്ള പീഠഭൂമിയില്‍ ലയിക്കുന്നു. അഗ്നിപര്‍വത പ്രക്രിയ (Volcanic action)യിലൂടെ രൂപം കൊണ്ടിട്ടുള്ള ഈ ഉന്നത തടം 44,030 ച.കി.മീ. വിസ്തീര്‍ണമുള്ളതാണ്. 915 മീറ്ററില്‍ തുടങ്ങി 3050 മീറ്റര്‍ വരെ ചാഞ്ഞുയരുന്ന ഈ പീഠപ്രദേശത്ത് പൊക്കംകൂടിയ ഏതാനും ഗിരിനിരകളുണ്ട്. ആബര്‍ഡെയര്‍ നിരകള്‍ (3994 മീറ്റര്‍), എല്‍ഗണ്‍ (4321 മീറ്റര്‍), മൗണ്ട്കെനിയ (5199 മീറ്റര്‍) എന്നിവയാണ് പ്രധാന പര്‍വതങ്ങള്‍. ഇവയില്‍ മൗണ്ട് കെനിയ ഉയരത്തില്‍ ആഫ്രിക്കന്‍ വന്‍കരയിലെ രണ്ടാമത്തെ പര്‍വതമാണ്. ഈ പര്‍വതത്തിന്റെ സദാ മഞ്ഞുമൂടി ക്കിടക്കുന്ന ഉപരിഭാഗങ്ങളില്‍ 15 ഹിമാനികള്‍ (Glaciers) രൂപം കൊണ്ടിട്ടുള്ളതായി നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. മേല്പറഞ്ഞ പര്‍വതങ്ങളുടെ 365 മീറ്ററോളം ഉയരമുള്ള ചരിവുകളില്‍ ഇടതൂര്‍ന്നു വളരുന്ന വനങ്ങളാണ് ഉള്ളത്.
കെനിയ പീഠഭൂമിക്കു കുറുകെ തെക്കു വടക്കായിട്ടാണ് ഭ്രംശതാഴ്വരയുടെ കിടപ്പ്. റുഡോള്‍ഫ് തടാകത്തില്‍ തുടങ്ങി താന്‍സാനിയ അതിര്‍ത്തിവരെ ഗര്‍ത്തങ്ങളും ചുരങ്ങളും ഉള്‍ക്കൊണ്ടു നീളുന്ന ഈ താഴ്വര ചുറ്റുമുള്ള ഭൂനിരപ്പില്‍ നിന്ന് 600-900 മീറ്റര്‍ താഴ്ചയിലാണ് കിടക്കുന്നത്. കെനിയ അതിര്‍ത്തിക്കുള്ളില്‍ ഈ താഴ്വരയുടെ വീതി 50-65 കി.മീ. ആണ്. ഈ താഴ്വരയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഉന്നതതടം ക്രമേണ ചാഞ്ഞിറങ്ങി വിക്ടോറിയാ തടാകത്തിന്റെ തീരത്തുള്ള ഇടുങ്ങിയ സമതലത്തില്‍ ലയിക്കുന്നു.
കെനിയയുടെ ഇന്ത്യാ സമുദ്രതീരത്തിന് 480 കി.മീ. നീളമുണ്ട്. ഉള്‍നാടന്‍ ജലാശയങ്ങളുടെ മൊത്തം വിസ്തൃതി 13, 400 ച.കി.മീ. വരും. ഇതില്‍ നല്ലൊരു ഭാഗം ചതുപ്പുകളാണ്. രാജ്യത്തിലെ പ്രമുഖ നദികളായ താന, അതി എന്നിവ തെക്കുകിഴക്കോട്ടൊഴുകി ഇന്ത്യാസമുദ്രത്തില്‍ എത്തിച്ചേരുന്നു. വിക്ടോറിയാ തടാകത്തിലേക്കൊഴുകുന്ന നദികളില്‍ പ്രധാനപ്പെട്ടവ യാല, എന്‍സോയ, ഗോറി എന്നിവയാണ്. മറ്റൊരു നദിയായ യുവാസോ എന്‍ഗിരോ പീഠഭൂമിയില്‍ നിന്നുദ്ഭവിച്ച് വടക്കുകിഴക്കോട്ടൊഴുകി ലൊറിയന്‍ സമതലത്തിലെ ചതുപ്പുകളില്‍ എത്തുന്നു.
കാലാവസ്ഥ
വൈവിധ്യം നിറഞ്ഞ കാലാവസ്ഥയാണ് കെനിയയുടേത്. താപനിലയിലും വര്‍ഷപാതത്തിന്റെ തോതിലും പ്രാദേശികമായി വലുതായ അന്തരമുണ്ട്. മാധ്യതാപനില തീരസമതലത്തില്‍ 27° ആണ്. ഉള്‍നാട്ടിലേക്കു കടക്കുമ്പോള്‍ 21° മുതല്‍ 27° വരെയായും ഉന്നത തടങ്ങളിലെത്തുമ്പോള്‍ 21° ആയും 3,050 മീറ്ററിനു മുകളില്‍ 17° ആയും കുറയുന്നു. വിക്ടോറിയാ തടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ മധ്യതാപനില 21° മുതല്‍ ° വരെയാണ്. തലസ്ഥാനമായ നൈറോബിയില്‍ ശരാശരി ചൂട് 19° ആയി രേഖപ്പെടുത്തിയിരിക്കുന്നു. വര്‍ഷപാതത്തിന്റെ തോതിലാണ് സാരമായ വ്യത്യാസം. കെനിയയുടെ വടക്കേ അരികില്‍ ആണ്ടില്‍ 14 സെന്റിമീറ്ററിലേറെ മഴ ലഭിക്കാറില്ല. ഇന്ത്യാസമുദ്രതീരത്തിലെ ശരാശരി വര്‍ഷപാതം 100 സെ.മി. ആണ്. വിക്ടോറിയാ തടത്തില്‍ 180 സെ.മീ. വരെ മഴ കിട്ടുന്നു. ഉന്നത തടങ്ങളില്‍ 100 സെ.മീ. കുറയാതെ മഴയുണ്ട്; രാജ്യത്തിലെ മൊത്തം ശരാശരി 50 സെന്റിമീറ്ററില്‍ താഴെയാണ്. താപനിലയിലെ ഋതുപരമായ വ്യതിചലനം പ്രായേണ അഗണ്യമാണ്. എന്നാല്‍ വര്‍ഷപാതത്തിന്റെ കാര്യത്തില്‍ ഇത് തികച്ചും വ്യക്തവുമാണ്. രണ്ടു മഴക്കാലങ്ങളാണുള്ളത്; ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും. എങ്കിലും എല്ലാ മാസങ്ങളിലും നേരിയ തോതിലെങ്കിലും മഴ പെയ്യാത്തയിടങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. വിക്ടോറിയാ തീരത്ത് ഏതാണ്ട് എല്ലാ ദിവസങ്ങളിലും തന്നെ മധ്യാഹ്നത്തിനു ശേഷം ഉച്ചലിതവൃഷ്ടി (conventional rain) അനുഭവപ്പെടുന്നു.
സസ്യജാലം
കാലാവസ്ഥയ്ക്കും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിനും അനുസൃതമായി നൈസര്‍ഗിക സസ്യജാലത്തിന്റെ സ്വഭാവത്തിലും വ്യത്യാസം കാണുന്നു. ഇന്ത്യാ സമുദ്രതീരത്ത് കണ്ടല്‍വനങ്ങളും മഴക്കാടുകളുമാണുള്ളത്. ഉള്‍നാട്ടിലേക്കു നീങ്ങുന്തോറും വരണ്ട കാലാവസ്ഥയുടെ പ്രത്യേകതയായ മുള്‍ക്കാടുകള്‍ കാണാം. ഉത്തരകെനിയ ഒട്ടാകെത്തന്നെ മുള്‍പ്പടര്‍പ്പുകള്‍ നിറഞ്ഞ കുറ്റിക്കാടുകളാണ്. ഉന്നത തടങ്ങളില്‍ സാവന്നാമാതൃക പുല്‍മേടുകളാണ് പൊതുവിലുള്ളത്. എന്നാല്‍ പര്‍വത സാനുക്കളില്‍ ഇടതൂര്‍ന്ന വനങ്ങളാണ്. ഒലീവ്, സെഡാര്‍, കര്‍പ്പൂരമരം, പോളോ, മുളങ്കൂട്ടങ്ങള്‍ എന്നിവ ഈ വനങ്ങളില്‍ സമൃദ്ധമായി വളരുന്നു.
ജന്തുജാലം.
ജനവാസം കുറഞ്ഞ മേഖലകളിലെ കുറ്റിക്കാടുകളിലും ഇടതൂര്‍ന്ന വനങ്ങളുളള മലമ്പ്രദേശങ്ങളിലും വന്യമൃഗങ്ങള്‍ ധാരാളമുണ്ട്. സിംഹം, കരിമ്പുലി, ആന, കാട്ടുപോത്ത്, ജിറാഫ്, വരയന്‍കുതിര, കാണ്ടാമൃഗം, നീര്‍ക്കുതിര, ഹരിണ വര്‍ഗങ്ങള്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് നിരന്ന പ്രദേശങ്ങളിലെ സാവന്നാമാതൃകാ വനങ്ങളിലാണ്. മലഞ്ചരിവുകളിലെ നിബിഡ വനങ്ങളിലും ഇവ സാധാരണമായി കാണപ്പെടുന്നു. വെള്ളത്തിലും കരയിലുമായി വസിക്കുന്നവ ഉള്‍പ്പെടെ നിരവധിയിനം പക്ഷികളും കെനിയയിലുണ്ട്. ക്ഷുദ്ര ജീവികളുടെ എണ്ണവും വളരെ കൂടുതലാണ്.
ധാതുക്കള്‍.
സോഡിയം ലവണങ്ങളായ കല്ലുപ്പ്, സോഡാചാരം എന്നിവയാണ് പ്രധാന ധാതുക്കള്‍. ഗ്രാഫൈറ്റ്, ചീനമണ്ണ്, ചുണ്ണാമ്പുകല്ല്, ഡയറ്റൊമൈറ്റ്, ജിപ്സം, മാങ്ഗനീസ്, കാരീയം, ഫോസ്ഫേറ്റുകള്‍ എന്നിവയും ചെറിയതോതില്‍ സ്വര്‍ണവും ലഭിച്ചുവരുന്നു. ഖനിജ വസ്തുക്കളില്‍ നിന്നുള്ള വരുമാനത്തില്‍ നാല് ശതമാനവും സോഡിയം ധാതുക്കളാണു നേടിക്കൊടുക്കുന്നത്.
ജനങ്ങള്‍.
കെനിയയിലെ ജനങ്ങളില്‍ 97 ശതമാനവും തദ്ദേശീയരായ ആഫ്രിക്കന്‍ വംശജരാണ്; ശേഷിക്കുന്ന മൂന്ന് ശതമാനം യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയവരും. ഇക്കൂട്ടരില്‍ അറബികളാണ് എണ്ണത്തില്‍ കൂടുതല്‍. തദ്ദേശീയരില്‍ 59 ശതമാനം പേരും ക്രിസ്ത്യാനികളാണ്. മുസ്ലിങ്ങള്‍ ആറ് ശതമാനത്തോളം വരും. ബാക്കിയുള്ളവര്‍ പരമ്പരാഗതമായി പ്രാകൃത വിശ്വാസങ്ങള്‍ പുലര്‍ത്തിപ്പോരുന്നു.
ആഫ്രിക്കന്‍ വംശജര്‍ക്കിടയില്‍ പ്രധാനമായും നാല്പതു ഗോത്രങ്ങളാണുള്ളത്. ഇവരെ ഭാഷയുടെയും ആചാരക്രമങ്ങളുടെയും അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തിരിക്കാം; ബാന്ദു, നീലോട്ടിക്, നീലോ-ഹാമിറ്റിക്, ഹാമിറ്റിക്. കെനിയയില്‍ മിക്ക മേഖലകളിലും ആധിപത്യം പുലര്‍ത്തുന്നത് ഹാമിറ്റിക്, നീലോ-ഹാമിറ്റിക് വിഭാഗങ്ങളാണ്. എന്നാല്‍ തദ്ദേശീയ ജനതയില്‍ ബാന്ദുക്കളുടെ അംഗബലം 70 ശതമാനത്തിലേറെ വരും. വിക്ടോറിയാ തടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ നീലോട്ടിക്കുകള്‍ക്കാണു പ്രാബല്യം. റുഡോള്‍ഫ് തടാകം മുതല്‍ താന്‍സാനിയാ അതിര്‍ത്തിവരെ വടക്കുതെക്കായി നീളുന്ന മേഖലയിലാണ് നീലോ-ഹാമിറ്റുകള്‍ക്കു ഭൂരിപക്ഷമുള്ളത്. രാജ്യത്തിന്റെ കിഴക്കും വടക്കുകിഴക്കും ഭാഗങ്ങളെ അധിവസിക്കുന്നതു ഹാമിറ്റുകളില്‍പ്പെട്ട സോമാലി, ഗാലാ എന്നീ ഗോത്രക്കാരാണ്. പീഠഭൂമിയുടെ കിഴക്കരികിലും തീരപ്രദേശത്തും ബാന്ദുക്കള്‍ക്കാണ് സംഖ്യാബലമുള്ളത്. പരമ്പരാഗത തൊഴിലുകളായ കൃഷിയിലും കാലിവളര്‍ത്തലിലും ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ഗോത്രങ്ങളെ സമുദ്ധരിച്ച് പരിഷ്കാരത്തിന്റെ പടവുകള്‍ കടത്തിയെടുക്കുവാനുള്ള തീവ്രമായ യത്നം നടന്നുവരുന്നു. തദ്ദേശീയ ഗോത്രങ്ങളില്‍ കൂടിയ അംഗസംഖ്യയുള്ള കിക്കുയുകളാണ് ഏറ്റവും കൂടുതല്‍ അഭിവൃദ്ധി നേടിയിട്ടുള്ളത്. തലസ്ഥാനമായ നൈറോബിക്കു ചുറ്റും ഈ ഗോത്രക്കാര്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഓരോ ഗോത്രത്തിനും തനതായ ഭാഷയുണ്ട്. എന്നിരിക്കിലും പൊതുഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് സ്വാഹിലി ആണ്. പ്രധാനപ്പെട്ട പ്രാദേശിക ഭാഷകളില്‍ ഒന്നാണ് ബാന്ദു. അഭ്യസ്തവിദ്യരുടെയിടയില്‍ ഇംഗ്ലീഷും പ്രചാരത്തിലുണ്ട്.
രാജ്യത്തെ വിദേശീയരില്‍ ഏറിയപേരും നഗരങ്ങളിലാണ് പാര്‍ക്കുന്നത്. യൂറോപ്യരില്‍ ബ്രിട്ടിഷുകാര്‍ക്കാണ് ഭൂരിപക്ഷം. ഉത്പാദനരംഗത്തും വാണിജ്യമണ്ഡലത്തിലും ആധിപത്യം പുലര്‍ത്തിയിരുന്ന യൂറോപ്യരും ഏഷ്യന്‍ വംശജരുമായ വിദേശീയരെ ഒഴിവാക്കി പ്രസ്തുത തുറകളില്‍ തദ്ദേശീയരായ ആളുകളെ നിയോഗിക്കുന്നതില്‍ ഒട്ടുമുക്കാലും വിജയിച്ചിട്ടുള്ള അവസ്ഥയാണ് ഇന്നുള്ളത്. അത്യന്തം സാങ്കേതികത്വം നിറഞ്ഞ ജോലികള്‍ പോലും വിദേശങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയെത്തിയ ആഫ്രിക്കന്‍ വംശജര്‍ കയ്യാളുന്ന സ്ഥിതിയിലേക്കു കെനിയ എത്തിച്ചേര്‍ന്നിരിക്കുന്നു.
സമ്പദ് വ്യവസ്ഥ
കൃഷി
കെനിയയുടെ സാമ്പത്തിക ഭദ്രത കാര്‍ഷിക വികസനത്തെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്തിലെ കയറ്റുമതിയിനങ്ങളില്‍ മിക്കതും കാര്‍ഷികോത്പന്നങ്ങളാണ്. 1964-നുശേഷം പ്രതിവര്‍ഷം 6 ശതമാനം വച്ച് കാര്‍ഷികാദായം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് കെനിയ. കാപ്പി, തേയില, പഞ്ഞി, സിസാല്‍ എന്നയിനം ചണനാര്, തുകല്‍ ഊറയ്ക്കിടുന്നതിനുള്ള കറ എന്നിവയാണ് കയറ്റുമതി കാര്‍ഷികോത്പന്നങ്ങളില്‍ പ്രമുഖസ്ഥാനത്തു നില്‍ക്കുന്നവ. കീടനാശിനിയായി പ്രയോജനപ്പെടുന്ന പൈരീത്രം (Pyrethrym extract) എന്ന നൈസര്‍ഗിക എണ്ണയും മാംസവും തുകല്‍, ഗവ്യവസ്തുക്കള്‍ എന്നിവയും വന്‍തോതില്‍ കയറ്റി അയയ്ക്കപ്പെടുന്നു. കാപ്പിക്കും സിസാല്‍ നാരിനും അന്താരാഷ്ട്ര വിപണനരംഗത്തു അപ്രതീക്ഷിതമായ വിലയിടിവുണ്ടാകുന്നത് സാധാരണമായതിനാല്‍ ഇവയെ ഒഴിവാക്കി പകരം കരിമ്പ്, നെല്ല്, കൈതച്ചക്ക, പഴവര്‍ഗങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവണതയാണ് ഇപ്പോഴുള്ളത്. തന്മൂലം ഈ ഉത്പന്നങ്ങളും കയറ്റുമതിച്ചരക്കുകളായി സ്ഥാനം പിടിച്ചിട്ടുണ്ട്.
സ്ഥിരമായി പാര്‍പ്പുറപ്പിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിളയിറക്കുവാന്‍ തദ്ദേശീയര്‍ പ്രേരിപ്പിക്കപ്പെട്ടത് 1950-നുശേഷമാണ്. അക്കാലംവരെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള തോട്ടക്കൃഷി സമ്പ്രദായമാണ് നിലവിലിരുന്നത്. 1950-നുശേഷം തദ്ദേശീയര്‍ക്ക് ഭൂമി അളന്നു തിരിച്ചുനല്കുകയും കൃഷിയിലും കന്നുകാലി വളര്‍ത്തലിലും അനുവര്‍ത്തിക്കേണ്ട ശാസ്ത്രീയ സമ്പ്രദായങ്ങളെക്കുറിച്ച് സാമാന്യജനങ്ങള്‍ക്കു ബോധനം നല്‍കുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിക്കപ്പെടുകയും ഉണ്ടായി. ഒപ്പം തന്നെ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. തരിശുനിലങ്ങള്‍ അധികമുള്ള പ്രദേശങ്ങളില്‍ അധിവാസം വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടു. കെനിയയിലെ 42 പ്രവിശ്യകളില്‍ 19 എണ്ണത്തില്‍ മാത്രമാണ് കാര്‍ഷിക പരിഷ്കാരം മതിയായ തോതില്‍ നടപ്പില്‍ വന്നിട്ടുള്ളത്. എങ്കിലും കാര്‍ഷികോത്പാദനത്തിലെ മുഖ്യപങ്ക് തദ്ദേശീയരായ ചെറുകിട കര്‍ഷകര്‍ വഹിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ബ്രിട്ടീഷുകാര്‍ വിട്ടൊഴിഞ്ഞതോടെ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന തോട്ടങ്ങള്‍ തദ്ദേശീയരായ കര്‍ഷകര്‍ക്കു കൈമാറ്റം ചെയ്യപ്പെട്ടു. വന്‍കിട തോട്ടങ്ങളെ വിഭജിച്ചു പ്രത്യേക നിബന്ധനകള്‍ക്കു വിധേയമായി ചെറുകിട കര്‍ഷകര്‍ക്കു വീതിച്ചു കൊടുക്കുന്നതിലും ഗവണ്‍മെന്റ് ശ്രദ്ധചെലുത്തി. 1967-നുശേഷം ഭൂവുടമാവകാശം ആഫ്രിക്കന്‍ വംശജര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള നിയമം നടപ്പിലാക്കിയിരിക്കുന്നു. ചെറുകിട കര്‍ഷകര്‍ക്കു വിഭജിച്ചു നല്കിയ 4,05,000 ഹെക്ടറുള്‍പ്പെടെ കെനിയയില്‍ മൊത്തം 10,12,000 ഹെക്ടര്‍ തോട്ടങ്ങളുള്ളതായി കണക്കാക്കിയിരിക്കുന്നു. ശാസ്ത്രീയമായ രീതിയില്‍ സംഘടിക്കപ്പെട്ടിട്ടുള്ള വന്‍കിട കാലിവളര്‍ത്തല്‍ കേന്ദ്ര(റാന്‍ഷ്)ങ്ങളുടെ നിയന്ത്രണത്തിലുള്ള മേച്ചില്‍പ്പുറങ്ങളുടെ വിസ്തീര്‍ണ്ണം 10,52,200 ഹെക്ടറാണ്. മലയടിവാരങ്ങളിലെ വെട്ടിത്തെളിക്കപ്പെട്ട വനങ്ങളെ സൈപ്രസ് (പൊങ്കുമരം) കാടുകളായി മാറ്റുവാനുള്ള ശ്രമത്തിലും വലുതായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ കാടുകളില്‍ മരങ്ങള്‍ക്കിടയിലായി കൈത വളര്‍ത്തിവരുന്നു. പ്രതിവര്‍ഷം 5,000 ഹെക്ടര്‍ എന്ന തോതില്‍ 1,41,650 ഹെക്ടര്‍ സൈപ്രസ്വനം വളര്‍ത്തിയെടുക്കുവാനുള്ള പദ്ധതി ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വ്യവസായം
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമാണ് വ്യവസായവത്കരണത്തിന് അര്‍ഹമായ പ്രോത്സാഹനം ലഭിച്ചത്. ഇപ്പോള്‍ കെനിയയുടെ വാര്‍ഷിക വരുമാനത്തില്‍ വ്യാവസായികോത്പന്നങ്ങള്‍ക്കുളള പങ്ക് 11 ശതമാനം ആണ്. ഭക്ഷ്യവിഭവ സംസ്കരണമാണ് പ്രധാന വ്യവസായം. സിമന്റ്, മദ്യം, സിഗററ്റ്, ചുരുട്ട്, പഞ്ചസാര, തുണിത്തരങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഒട്ടുമുക്കാലും വ്യവസായങ്ങള്‍ തലസ്ഥാനമായ നൈറോബിയിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. മൊംബാസയിലെ എണ്ണ ശുദ്ധീകരണശാലയും പശ്ചിമകെനിയയിലെ പള്‍പ്പ് നിര്‍മാണശാലയുമാണ് മറ്റിടങ്ങളിലെ എടുത്തു പറയത്തക്ക വ്യവസായ സംരംഭങ്ങള്‍. തദ്ദേശീയരായ വ്യവസായികള്‍ക്ക് വേണ്ടുന്ന പ്രോത്സാഹനം നല്‍കുന്നതില്‍ ഗവണ്‍മെന്റ് ബദ്ധശ്രദ്ധമാണ്. കല്‍ക്കരിയുടെയും പെട്രോളിയത്തിന്റെയും അഭാവം വ്യവസായ വത്കരണത്തെ മന്ദീഭവിപ്പിക്കുന്ന ഘടകങ്ങളാണ്. ജല വൈദ്യുതിയുടെ ഉത്പാദനത്തിലെ അപര്യാപ്തതമൂലം ഊര്‍ജദ്രവ്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. വാല്‍ജൈ, താന എന്നീ താപനിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതോര്‍ജം ദേശീയോപഭോഗത്തിനു മതിയാവുന്നില്ല. ഉഗാണ്ടയിലെ ഓവന്‍ ഫാള്‍സ് ഡാം (Owen Falls Dam)-ല്‍ നിന്ന് വൈദ്യുതി കൊണ്ടു വരുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. പ്രധാന തുറമുഖമായ മൊംബാസയില്‍ താപ വൈദ്യുതിനിലയം സ്ഥാപിച്ചിരിക്കുന്നു. മറ്റു പ്രധാന നഗരങ്ങളിലെ ആവശ്യങ്ങള്‍ക്കും അതതിടത്തെ താപ വൈദ്യുതി നിലയങ്ങളെയാണ് ആശ്രയിക്കുന്നത്. താനാ ജല വൈദ്യുതപദ്ധതിയുടെ ഒന്നാം ഘട്ടമായ കിണ്ടറുമാ വൈദ്യുതി കേന്ദ്രം 1968-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെനിയയുടെ വിദേശനാണ്യ വരുമാനത്തില്‍ രണ്ടാം സ്ഥാനം വഹിക്കുന്ന ഘടകം ടൂറിസമാണ്. ഹോട്ടല്‍ വ്യവസായം വലുതായ പുരോഗതി നേടിയിരിക്കുന്നു.
ഗതാഗതം
മൊംബാസയും വിദേശീയ തുറമുഖങ്ങളുമായി നേരിട്ടുള്ള കപ്പല്‍ ഗതാഗതം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. നൈറോബി യില്‍ മാത്രമാണ് അന്താരാഷ്ട്ര വിമാനത്താവളമുള്ളത്. കെനിയയില്‍ മൊത്തം 41,600 കി.മീ. റോഡുകളുണ്ട്. ഇതില്‍ 2,265 കി.മീ. ടാര്‍ റോഡുകളാണ്. റെയില്‍വേ വികസനം പൂര്‍ണമായിട്ടില്ല. ഇപ്പോള്‍ 2032 കി.മീ. റെയില്‍പ്പാതകളേ ഉള്ളൂ. വിക്ടോറിയാ തടാകം ചെറുകിട കപ്പലുകള്‍ക്ക് സഞ്ചാരയോഗ്യമാണ്.
(എന്‍. ജെ. കെ. നായര്‍)
ചരിത്രം
കെനിയയുടെ പൂര്‍വകാല ചരിത്രം പ്രധാനമായും ആഫ്രിക്കന്‍ വംശജരുടെ ദേശാന്തരഗമന ചരിത്രമാണ്. 19-ാം ശ. വരെയുള്ള ഇതിന്റെ ചരിത്രം ഒട്ടും തന്നെ വ്യക്തമല്ല. കടല്‍ത്തീരത്ത് പ്രാചീനകാലം-പ്രത്യേകിച്ച് 2-ാം ശ. മുതല്‍ വിദേശീയരുടെ വ്യാപാര കുടിപാര്‍പ്പ് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. 7-ാം ശതകത്തോടു കൂടി ഇന്ത്യാക്കാരും അറബികളും തങ്ങളുടെ വ്യാപാര കേന്ദ്രങ്ങള്‍ അവിടെ സ്ഥാപിച്ചു. അങ്ങനെ കെനിയയില്‍ പതെ, മെലിന്‍ദി, മൊംബാസ എന്നീ നഗരങ്ങള്‍ കേന്ദ്രമാക്കി ഒരു സ്വാഹിലി സംസ്കാരം ഉടലെടുത്തു. 1498-ല്‍ പോര്‍ച്ചുഗീസുകാരുടെ വരവോടു കൂടി തീരപ്രദേശത്തിന്റെ നിയന്ത്രണത്തിനു വേണ്ടി നീണ്ട സമരങ്ങള്‍ നടന്നു. അവസാനം ഒമാനിലെ സയ്യിദ്സ ഈദ് (1806-56) തീരദേശ കേന്ദ്രങ്ങളെല്ലാം അറബികളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. കെനിയ പര്‍വതവും വിക്ടോറിയാ തടാകവും കണ്ടെത്തിയത് കെനിയയുടെ ഉള്‍ഭാഗത്തേക്കു കടക്കുവാന്‍ വിദേശീയരെ പ്രേരിപ്പിച്ചു. പാശ്ചാത്യ നാടുകള്‍ ആഫ്രിക്കയെ തങ്ങളുടെ സ്വാധീന വലയത്തിലാക്കുവാന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍ 1887-ല്‍ കെനിയയുടെ കടല്‍ത്തീരം ഒരു ബ്രിട്ടീഷ് കമ്പനി കൈവശമാക്കി. ബ്രിട്ടീഷ് കമ്പനിയില്‍ നിന്നും 1895-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ അവകാശം ഏറ്റെടുത്തു. ഈ കോളനിയുടെ ഭരണം ആഫ്രിക്കന്‍ പ്രധാനികളും കുടുംബത്തലവന്മാരും വഴിയാണ് ബ്രിട്ടീഷുകാര്‍ നടത്തിപ്പോന്നത്. നൈവഷാ തടാകം മുതല്‍ കടല്‍ത്തീരം വരെയുള്ള പ്രദേശം ബ്രിട്ടീഷ് കിഴക്കേ ആഫ്രിക്ക എന്നറിയപ്പെട്ടു. 1902-ല്‍ ബ്രിട്ടീഷ് കിഴക്കേ ആഫ്രിക്കയുടെ അതിര്‍ത്തി ഉഗാണ്ട വരെ വിസ്തൃതമായി. 1920-ല്‍ ഈ പ്രദേശം ഒരു ക്രൗണ്‍ കോളനിയായിത്തീര്‍ന്നു.
ബ്രിട്ടീഷ് കിഴക്കേ ആഫ്രിക്കയുടെ സമരതന്ത്ര പ്രധാന്യം കണക്കിലെടുത്ത് 1903-ല്‍ മൊംബാസയെ നൈറോബി വഴി ഉഗാണ്ടയുമായി റെയില്‍മാര്‍ഗം ബന്ധിപ്പിച്ചു. ആധുനിക കെനിയയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ ഒരു സംഭവമായിരുന്നു ഇത്. റെയില്‍റോഡുപണിക്കായി കൊണ്ടു വന്ന ഇന്ത്യക്കാരില്‍ അധികം പേരും കെനിയയിലെ കച്ചവട സാധ്യത മനസ്സിലാക്കി. കുടിയേറിപ്പാര്‍ത്ത ധാരാളം ഇന്ത്യക്കാരും കെനിയയില്‍ സ്ഥിരവാസമുറപ്പിച്ചു. റെയില്‍വേ ആദായകരമാക്കുന്നതിനു വേണ്ടി കെനിയയുടെ ഉള്‍പ്രദേശങ്ങള്‍ യൂറോപ്യന്‍ കുത്തക വ്യവസായികള്‍ക്കും കൃഷിക്കാര്‍ക്കും വിട്ടുകൊടുത്തു. യൂറോപ്യന്‍ ആവശ്യത്തിനു വേണ്ട ഭൂമി കൈവശമാക്കുന്നതിനു വേണ്ടി നാട്ടുകാരെ ലൊയിറ്റാ സമതലത്തില്‍ മാറ്റിപ്പാര്‍പ്പിച്ചു. 1923-ല്‍ കെനിയയിലെ യൂറോപ്യന്‍ സ്ഥിരതാമസക്കാര്‍ റൊഡേഷ്യ, തെക്കേ ആഫ്രിക്ക എന്നീ കോളനികളിലെ യൂറോപ്യന്മാര്‍ക്കനുവദിച്ച സ്വയം ഭരണാവകാശം ആവശ്യപ്പെട്ടു. എന്നാല്‍ അവരെക്കാള്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള ഇന്ത്യന്‍ വംശജര്‍ക്കോ ആഫ്രിക്കക്കാര്‍ക്കോ ആ അവകാശം നിഷേധിക്കുന്ന ഒരു നിലപാടാണ് അവര്‍ എടുത്തത്. 1923-ല്‍ നടപ്പാക്കിയ ഭരണപരിഷ്കാരം കൊണ്ട് ആഫ്രിക്കക്കാര്‍ക്ക് യാതൊരു മെച്ചവും ഉണ്ടായില്ല. ആഫ്രിക്കന്‍ താത്പര്യം പരിരക്ഷിക്കാന്‍ ഒരു യൂറോപ്യനെയാണ് നാമനിര്‍ദേശം ചെയ്തിരുന്നത്.
രണ്ടാം ലോകയുദ്ധ കാലത്ത് ഇറ്റാലിയന്‍ സോമാലിയയും എത്യോപ്യയും സ്വതന്ത്രമാക്കുന്നതിനു വേണ്ടി കെനിയ ആസ്ഥാനമാക്കിയാണ് ബ്രിട്ടന്‍ പ്രവര്‍ത്തിച്ചിരുന്നത്. ആഫ്രിക്കന്‍ സ്വാതന്ത്യ്ര പ്രസ്ഥാനത്തിന് ഈ യുദ്ധം വമ്പിച്ച ഉത്തേജനം നല്കി. 1944-ലാണ് ആദ്യമായി നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത ഒരു ആഫ്രിക്കക്കാരന്‍ നിയമസഭയില്‍ പ്രവേശിച്ചത്. അതേ കൊല്ലം തന്നെയാണ് കെനിയയിലെ ആഫ്രിക്കന്‍ വംശജരുടെ ഒരു രാഷ്ട്രീയ പാര്‍ട്ടി ('കെനിയ ആഫ്രിക്കന്‍ യൂണിയന്‍') നിലവില്‍ വന്നതും കിക്കുയു വര്‍ഗക്കാര്‍ രാഷ്ട്രീയമായി മുന്നേറിയതും. 1947-ല്‍ പ്രസിഡന്റായ ജോമോ കെനിയാത്ത കെനിയ ആഫ്രിക്കന്‍ യൂണിയന്റെ പ്രസിഡന്റായി.
ക്രമേണ കെനിയ നിയമസഭയുടെ അധികാരങ്ങളും മെംബര്‍മാരുടെ എണ്ണവും വിപുലമാക്കി. 1952-ല്‍ വിവിധ വര്‍ഗക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഒരു ഭരണഘടനയ്ക്ക് രൂപം നല്‍കപ്പെട്ടു. ഈ ഭരണ പരിഷ്കാര ഫലമായി തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങളുടെ എണ്ണം; യൂറോപ്യന്മാര്‍-14, അറബി-1, ഏഷ്യക്കാര്‍-6 എന്നിങ്ങനെ വര്‍ധിച്ചു. ആറു ആഫ്രിക്കക്കാരെയും ഒരു അറബിയെയും ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യാന്‍ വ്യവസ്ഥയുണ്ടായിരുന്നു. 1954-ല്‍ ഭരണ നിര്‍വഹണത്തിനായി ഒരു മന്ത്രിസഭയും രൂപവത്കരിക്കപ്പെട്ടു.
1952-നും 56 -നും ഇടയില്‍ കെനിയയില്‍ ഉണ്ടായ പ്രധാന സംഭവം, 'മൗ മൗ വിപ്ലവം'-കോളനി ഗവണ്‍മെന്റിനും യൂറോപ്യന്‍ താമസക്കാര്‍ക്കും എതിരായ ഒരു ഭീകര പ്രസ്ഥാനം-ആയിരുന്നു. കിക്കുയു വര്‍ഗക്കാരാണ് ഇതിന് പ്രധാനമായും നേതൃത്വം നല്കിയത്. ഭീകരവും ക്രൂരവുമായ ഒരു സമരമായിരുന്നു ഇത്. നൂറു കണക്കിന് യൂറോപ്യന്മാരും ആഫ്രിക്കക്കാരും കൊല്ലപ്പെട്ടതില്‍ നിന്നുതന്നെ ഈ സമരത്തിന്റെ ഭീകരതയും അത് അടിച്ചമര്‍ത്തുന്നതില്‍ കാണിച്ച ക്രൗര്യവും മനസ്സിലാക്കാവുന്നതാണ്. ഈ സമരത്തിന് നേതൃത്വം കൊടുത്തുവെന്ന് ആരോപിച്ച് 1953-ല്‍ ജോമോ കെനിയാത്തയെ ഏഴു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. 1959-ല്‍ ജയിലില്‍ നിന്നും മോചിപ്പിച്ചുവെങ്കിലും ഒരു വടക്കന്‍ ഗ്രാമത്തില്‍ തടവില്‍ പാര്‍പ്പിക്കുകയാണുണ്ടായത്.
ഭീകരപ്രവര്‍ത്തനം 1956-ല്‍ ഒട്ടൊന്നു ശമിച്ചപ്പോള്‍ നിയമ സഭയിലേക്ക് ആറ് ആഫ്രിക്കക്കാരെ തിരഞ്ഞെടുക്കാന്‍ സംവിധാനമുണ്ടായി. 1958-ല്‍ നിലവില്‍ വന്ന പുതിയ ഭരണഘടനയനുസരിച്ച് ആഫ്രിക്കന്‍ അംഗസംഖ്യ ഗണ്യമായി വര്‍ധിച്ചു. ആഫ്രിക്കക്കാര്‍ തുടര്‍ന്ന് പ്രായപൂര്‍ത്തി വോട്ടവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയെങ്കിലും, കെനിയയിലെ യൂറോപ്യന്മാരും ഏഷ്യക്കാരും അത് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമാവുമെന്നുകണ്ട് അതിനെ എതിര്‍ത്തു, 1960-ലെ ലണ്ടന്‍ ഉടമ്പടിയനുസരിച്ച് നിയമസഭയില്‍ 65 മെംബര്‍മാരുണ്ടായിരിക്കുമെന്നും അവരില്‍ 53 പേരെ നേരിട്ടു തിരഞ്ഞെടുക്കുമെന്നും ബാക്കി 12 പേരെ നിയമസഭ തിരഞ്ഞെടുക്കുമെന്നും തീരുമാനിക്കപ്പെട്ടു. തിരഞ്ഞെടുക്കുന്ന 53 പേരില്‍ 10 യൂറോപ്യന്മാരും 8 ഏഷ്യക്കാരും 2 അറബികളും ബാക്കി ആഫ്രിക്കക്കാരും ആയിരിക്കുമെന്നും വ്യവസ്ഥ ചെയ്തു. നിയമസഭ തിരഞ്ഞെടുക്കുന്ന 12 പേരില്‍ 8 പേര്‍ ആഫ്രിക്കക്കാരല്ലാത്തവരായിരിക്കും. കെനിയയിലെ എക്സിക്യുട്ടീവ് കൗണ്‍സിലിലും പ്രത്യേക വംശജര്‍ക്ക് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ഈ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ 'കെനിയ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍' (KANU) എന്നൊരു പുതിയ സംഘടന രൂപം കൊണ്ടു. ടോ എം ബോയ എന്ന തൊഴിലാളി നേതാവായിരുന്നു ഈ സംഘടനയുടെ പ്രധാന നേതാവ്. എന്നാല്‍ വളരെ വേഗം ഈ സംഘടന പിളരുകയും 'കെനിയ ആഫ്രിക്കന്‍ ഡെമോക്രാറ്റിക് യൂണിയന്‍' (KADU-കാഡു) എന്നൊരു പുതിയ സംഘടന രൂപം കൊള്ളുകയും ചെയ്തു. 1961-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കാനു 33-ല്‍ 18 ആഫ്രിക്കന്‍ സീറ്റും പിടിച്ചെടുത്തു. ഏപ്രിലില്‍ കാഡു കെനിയയില്‍ മന്ത്രിസഭ രൂപവത്കരിക്കുന്നതില്‍ സഹകരിക്കുകയുണ്ടായി. അക്കൊല്ലം ആഗസ്റ്റില്‍ കെനിയാത്ത ജയില്‍മോചിതനായപ്പോള്‍ അദ്ദേഹം കാനുവിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1963 മേയിലെ തിരഞ്ഞെടുപ്പില്‍ കാനു നിയമസഭയില്‍ ഭൂരിപക്ഷം നേടി. കെനിയയ്ക്ക് സ്വയംഭരണം സിദ്ധിച്ചു. കെനിയാത്ത പ്രധാനമന്ത്രിയായി ഒരു മന്ത്രിസഭ രൂപവത്കരിച്ചു. 1963 ഡി. 12-ന് കെനിയ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ ഒരു അംഗമായി. 1964-ല്‍ ഇത് ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു; കെനിയാത്ത ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം കെനിയ പാശ്ചാത്യ രാജ്യങ്ങളെ അനുകൂലിക്കുന്ന ഒരു നയമാണ് പിന്തുടര്‍ന്നത്. കെനിയ, താന്‍സാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള 'കിഴക്കേ ആഫ്രിക്കന്‍ യൂണിയന്‍' രൂപീകരിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും 1967-ല്‍ ഒരു സംയുക്തചുങ്കം യൂണിയനും ഒരു കൂട്ടായ സര്‍വീസും ഉണ്ടാക്കാന്‍ സാധിച്ചു.
1964-ല്‍ കാഡുവിനെ പിരിച്ചുവിട്ടതിനാല്‍ 1966 വരെ കാനുവായിരുന്നു കെനിയയിലെ ഏക രാഷ്ട്രീയ പാര്‍ട്ടി. എന്നാല്‍ അക്കൊല്ലംതന്നെ ഒരു വിഭാഗം കാനുവില്‍ നിന്നു വേര്‍പിരിഞ്ഞ് 'കെനിയ പീപ്പിള്‍സ് യൂണിയന്‍' (KPU) എന്നൊരു പ്രത്യേക സംഘടനയുണ്ടാക്കി. ഈ സംഘടനയ്ക്ക് ലുവോ പ്രദേശത്തിനു പുറത്ത് സ്വാധീനത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒഡിംഗാ കാനുവില്‍ ചേര്‍ന്നതോടുകൂടി കെനിയാത്തയുടെ ഗവണ്‍മെന്റിന് പൂര്‍ണമായ രാഷ്ട്രീയ സ്ഥിരത കൈവന്നു. 1978 ആഗസ്റ്റില്‍ കെനിയാത്ത മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഡാനിയല്‍ അറപ്മോ അധികാരത്തിലെത്തി. 1979, 83, 88 വര്‍ഷങ്ങളില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഡാനിയേല്‍ അറപ്മോ തന്റെ വിജയം നിലനിര്‍ത്തി. എന്നാല്‍ രഹസ്യബാലറ്റ് സ്വഭാവം ഇല്ലാതാക്കിക്കൊണ്ട് 1988-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാരും തങ്ങള്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിക്കുപിന്നില്‍ പരസ്യമായി 'ക്യൂ' നില്‍ക്കണമെന്ന വ്യവസ്ഥ നിലവില്‍വന്നു. ഇതിനെതിരെ ഉയര്‍ന്ന ജനങ്ങളുടെ രോഷം ഭരണഘടനാഭേദഗതിയിലേക്ക് എത്തിപ്പെട്ടു. തുടര്‍ന്ന് 1992-ലും 97-ലും ബഹുകക്ഷി തിരഞ്ഞെടുപ്പാണ് നടന്നത്. ഇവ രണ്ടിലും ഡാനിയേല്‍ തന്റെ വിജയം ആവര്‍ത്തിച്ചു. ഡാനിയേലിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കിക്കൊണ്ട് നടന്ന 2002-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സംഘടനകളുടെ ഏകോപന മുന്നണിയായ നാഷണല്‍ റെയിന്‍ബോ കോയലിഷന്‍ (NARC) ന്റെ നേതാവ് മവി കിബാക്കി രാജ്യത്തെ ഭരണാധികാരിയായി അധികാരത്തിലെത്തി. പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ 2010-ല്‍ രാജ്യത്ത് പുതിയ ഭരണഘടന നിലവില്‍വരികയും 2013 മാ. 13-ന് ആദ്യപൊതുതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.
ഭരണസംവിധാനം
ബഹുകക്ഷി സംവിധാനത്തിലുള്ള പാര്‍ലമെന്ററി ജനാധിപത്യമാണ് രാജ്യത്ത് നിലവിലുള്ളത്. പാര്‍ലമെന്റിന് ദേശീയ അസംബ്ലി, സെനറ്റ് എന്നിങ്ങനെ രണ്ടു സഭകളുണ്ട്. ദേശീയ അസംബ്ലിയില്‍ 349 അംഗങ്ങളാണുള്ളത്. ഇതില്‍ 290 പേരെ നേരിട്ട് തിരഞ്ഞെടുക്കുന്നു. കൗണ്ടികളില്‍നിന്നായി 47 വനിതാ അംഗങ്ങളും ദേശീയ അസംബ്ലിയിലെ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടേതായി 12 അംഗങ്ങളുമാണ് ദേശീയ അസംബ്ലിയില്‍ ഉള്ളത്. 68 അംഗങ്ങളാണ് സെനറ്റില്‍ ഉള്ളത്. ഇതില്‍ 47 പേരെ നേരിട്ട് തിരഞ്ഞെടുക്കുകയും 16 വനിതകളെ വിവിധ കൗണ്ടികളും വിവിധ രാഷ്ട്രീയകക്ഷികള്‍ സെനറ്റിലെ അവരവരുടെ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. യുവാക്കളെയും വ്യത്യസ്ത പ്രാവീണ്യമുള്ളവരെയും പ്രതിനിധീകരിച്ച് രണ്ടുപേര്‍ക്കുവീതം സെനറ്റില്‍ പ്രാതിനിധ്യമുണ്ട്. അഞ്ചുവര്‍ഷമാണ് ദേശീയ അസംബ്ലി അംഗങ്ങളുടെയും സെനറ്റര്‍മാരുടെയും കാലാവധി.
(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)