This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരള ഗ്രന്ഥശാലാസംഘം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കേരള ഗ്രന്ഥശാലാസംഘം
കേരളത്തിലെ ഗ്രന്ഥശാലകള്‍ അംഗങ്ങളായുള്ള ഒരു മാതൃ സംഘടന. അമ്പലപ്പുഴ പി. കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് 1945-ല്‍ നടന്ന ഒരു സമ്മേളനത്തിലാണ് തിരുവിതാംകൂര്‍ പ്രദേശത്തുണ്ടായിരുന്ന 47 ഗ്രന്ഥശാലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 'തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘ'ത്തിനു തുടക്കം കുറിച്ചത്.
ഗ്രന്ഥശാലാപ്രസ്ഥാനത്തെപ്പറ്റി ബഹുജനങ്ങളോ ഗവണ്‍മെന്റോ ഗൌരവപൂര്‍വം ചിന്തിക്കുന്നതിനു മുമ്പുതന്നെ അവിടവിടെയായി ഗ്രന്ഥശാലാസംഘങ്ങള്‍ രൂപംകൊണ്ടിരുന്നു. 1926-ല്‍ നെയ്യാറ്റിന്‍കരയിലും 1934-ല്‍ തിരുവനന്തപുരത്തും 1938-ല്‍ നെയ്യൂര്‍ ദിവാന്‍ താണുപിള്ള സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലും 1931-ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലും 1937 ജൂണ്‍ 11-ന് കേളപ്പന്റെ അധ്യക്ഷതയില്‍ കോഴിക്കോട്ടുവച്ചും 1943-ല്‍ തലശ്ശേരിയില്‍ വച്ചും സംഘങ്ങള്‍ രൂപംകൊണ്ടത് ഇതിനുദാഹരണങ്ങളാണ്. ഈ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആരോഗ്യപരമായ വളര്‍ച്ചയ്ക്കു സഹായകങ്ങളായിരുന്നില്ല. 1945-ന് ആരംഭിച്ച 'തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം' ഉദ്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂര്‍ ദിവാനായ സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നു. ഈ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനു മുന്നിട്ടുനിന്നവര്‍ പി. എന്‍. പണിക്കര്‍, വായനശാല കേശവപിള്ള, എന്‍. നാരായണക്കുറുപ്പ്, വെട്ടിക്കാട്ട് ജി. എന്‍. നായര്‍, പി. കുഞ്ഞന്‍ കുറുപ്പ്, ആലപ്പുഴ പാര്‍ഥസാരഥി അയ്യങ്കാര്‍ എന്നിവരായിരുന്നു.
തിരു-കൊച്ചി സംയോജനത്തോടുകൂടി സംഘത്തിന്റെ പേര് 'തിരു-കൊച്ചി ഗ്രന്ഥശാലാസംഘം' എന്നും കേരളപ്പിറവിയോടുകൂടി 'കേരള ഗ്രന്ഥശാലാസംഘം' എന്നും മാറ്റപ്പെട്ടു. ആദ്യകാലത്ത് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവണ്‍മെന്റ് പ്രതിമാസം 250 രൂപ അനുവദിച്ചിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിന് ശൂരനാട്ട് കുഞ്ഞന്‍പിള്ള, മാത്യു എം. കുഴിവേലി, ഡോ. എ. ശിവരാമസുബ്രഹ്മണ്യയ്യര്‍ എന്നിവരുള്‍പ്പെട്ട ഒരു സമിതിയെയും ഗവണ്‍മെന്റ് നിയോഗിക്കുകയുണ്ടായി. ഈ സമിതിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകള്‍ ഇവയായിരുന്നു: (1) ഗ്രന്ഥശാലാസംഘത്തിനുള്ള വാര്‍ഷിക ഗ്രാന്റ് ഇരട്ടിപ്പിക്കുക, (2) ഗ്രന്ഥശാലകള്‍ പരിശോധിക്കാനും ഗ്രാന്റ് ശിപാര്‍ശ ചെയ്യാനും സംഘത്തെ അധികാരപ്പെടുത്തുക, (3) ഡിപ്പാര്‍ട്ടുമെന്റലായും മറ്റും നടത്തിവരുന്ന എല്ലാ ലൈബ്രറികളും സംഘത്തില്‍ അഫിലിയേറ്റു ചെയ്യുക, (4) വിദ്യാഭ്യാസവകുപ്പു നടത്തിവരുന്ന ലൈബ്രറി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനകോഴ്സ് സംഘത്തിന്റെ സഹായത്തോടുകൂടി നടത്തുക എന്നിവയായിരുന്നു. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഗവണ്‍മെന്റ് മൊത്തത്തില്‍ അംഗീകരിക്കുകയും ഗ്രന്ഥശാലാസംഘത്തെ ഗവണ്‍മെന്റിന്റെ പ്രധാന ഏജന്‍സിയായി പ്രഖ്യാപിക്കുകയും ചെയ്തു. സംഘത്തിന്റെ ആദ്യത്തെ അധ്യക്ഷന്‍ ഏവൂര്‍ കെ. എം. കേശവനായിരുന്നു.
സംഘത്തിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നവരില്‍പ്പെട്ടവരാണ് പറവൂര്‍ ടി. കെ. നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍, ആര്‍. ശങ്കര്‍, കെ. എ. ദാമോദരമേനോന്‍, പി. എസ്. ജോര്‍ജ്, പി. ടി. ഭാസ്കരപ്പണിക്കര്‍, തായാട്ടു ശങ്കരന്‍ തുടങ്ങിയവര്‍. അമ്പലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘംഓഫീസ് പിന്നീട് തിരുവനന്തപുരത്തേക്കു മാറ്റപ്പെട്ടു. സി. കേശവന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംഘത്തിന് സര്‍ക്കാര്‍ കെട്ടിടം ഓഫീസായി അനുവദിച്ചു. 1954-ല്‍ എ. അച്യുതന്‍ മന്ത്രിയായിരുന്ന കാലത്താണ് പബ്ളിക് ലൈബ്രറി കാമ്പൌണ്ടില്‍ സംഘത്തിനു സ്ഥലം അനുവദിച്ചത്. 1957-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സംഘത്തിന്റെ ഇന്നുള്ള ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. 1977-ല്‍ സംഘത്തിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുത്തു. സംഘത്തിന്റെ തുടക്കം മുതല്‍ 1977 വരെ ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചത് പി. എന്‍. പണിക്കരായിരുന്നു.
ബഹുമുഖമായ ജീവിതവികാസത്തിന് ആജീവനാന്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗ്രന്ഥശാലകള്‍ വളരേണ്ടത് അത്യാവശ്യമാണെന്ന ബോധ്യത്തോടെ ഗ്രന്ഥശാലകളുടെ കേന്ദ്രസംഘടനയായി പ്രവര്‍ത്തിക്കുക, പുതിയ ഗ്രന്ഥശാലകള്‍ ആരംഭിക്കുക, നിശാപാഠശാലകള്‍ ഏര്‍പ്പെടുത്തുക, ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കുക, താലൂക്കുകള്‍തോറും ഓരോ പ്രധാന ഗ്രന്ഥശാല സ്ഥാപിക്കുക, വിഭാഗീയ ചിന്താഗതികള്‍ക്കതീതമായി ആരോഗ്യകരവും സംസ്കാരികപരവുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക, പൊതുജനങ്ങള്‍ക്കിടയില്‍ ഗ്രന്ഥപാരായണശീലം വളര്‍ത്തുക, കലകളെ പ്രോത്സാഹിപ്പിക്കുക, കുട്ടികള്‍ക്കും വനിതകള്‍ക്കും വായിക്കുവാന്‍ ഗ്രന്ഥശാലകളില്‍ പ്രത്യേക വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങി ബഹുമുഖങ്ങളായ പദ്ധതികളാണ് കേരള ഗ്രന്ഥശാലാസംഘം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംഘത്തിന്റെ ആരംഭകാലം മുതല്‍ നിരക്ഷരതാനിര്‍മാര്‍ജനത്തിനുവേണ്ടി ശ്രമിച്ചു വിജയിച്ചതിന് യുണെസ്കോയുടെ പ്രത്യേക ജൂറി 1975-ലെ 'ക്രൂപ്സ്കായാ അവാര്‍ഡ്' കേരള ഗ്രന്ഥശാലാസംഘത്തിനു നല്‍കുകയുണ്ടായി.
സംസ്ഥാന ഗ്രന്ഥശാലാസംഘത്തില്‍ 7191 ഗ്രന്ഥശാലകള്‍, രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് (2010). വായന പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രന്ഥശാലാസേവനം ശക്തിപ്പെടുത്തുന്നതിനുമായി ബാലവേദി, വനിതാവേദി തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ അഖില കേരള വായനാമത്സരവും ഗ്രന്ഥശാലാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു.
താലൂക്കുകള്‍തോറും ഗ്രന്ഥാലയ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് 'സെമിനാറുകളും, വര്‍ഷത്തില്‍ സംസ്ഥാനതല സെമിനാറും, കാര്‍ഷിക സെമിനാറും സംഘടിപ്പിച്ച് ജനങ്ങളില്‍ ഗ്രന്ഥശാലകളോടുള്ള ആഭിമുഖ്യം സുദൃഢമാക്കുന്നതില്‍ സംഘം വഹിച്ചിട്ടുള്ള പങ്കു നിസ്തുലമാണ്. ഗ്രന്ഥശാലാസേവനത്തിന്റെ ശാസ്ത്രീയ സാങ്കേതിക വശങ്ങള്‍ വിശദമാക്കുന്ന മൂന്നുമാസത്തെയും ആറു മാസത്തെയും ലൈബ്രേറിയന്‍ പരിശീലനകോഴ്സുകള്‍ ഗ്രന്ഥശാലാസംഘം നടത്തുന്നുണ്ട്. ഓരോ താലൂക്കിലെയും ഏറ്റവും നല്ല ലൈബ്രറി തെരഞ്ഞെടുത്തു അവാര്‍ഡ് നല്‍കുക; നല്ല പുസ്തകങ്ങള്‍ വാങ്ങുന്നതിനുവേണ്ടി വിദഗ്ധന്മാരടങ്ങിയ ബുക്ക് സെലക്ഷന്‍ കമ്മിറ്റിയെ ഏര്‍പ്പെടുത്തി പുസ്തക ലിസ്റ്റുകള്‍ ഉണ്ടാക്കുക; ഗ്രന്ഥശാലാ റിക്കാര്‍ഡുകള്‍, മാതൃകാനിയമാവലികള്‍, ഗ്രന്ഥശാലാമാന്വല്‍, ഗ്രന്ഥശാലാഡയറക്റ്ററി തുടങ്ങി ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ക്കാവശ്യമായ വിജ്ഞാനഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നീ പ്രവര്‍ത്തനങ്ങളും സംഘം നടത്തിവരുന്നുണ്ട്.
ഗ്രന്ഥശാലകളുടെ അടിസ്ഥാനസൗകര്യവികസനത്തിനും സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുംവേണ്ടി നിരവധി പദ്ധതികള്‍ ഗ്രന്ഥശാലാസംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു. ഇതിനുപുറമേ ജുവനൈല്‍/ജയില്‍ ഗ്രന്ഥശാലകള്‍, ആശുപത്രി ഗ്രന്ഥശാലകള്‍, അനാഥാലയങ്ങളിലെ ഗ്രന്ഥശാലകള്‍ എന്നിവയ്ക്കുവേണ്ട സാമ്പത്തിക സഹായവും ഗ്രന്ഥശാലാസംഘം നല്‍കിവരുന്നു. ഓരോ ജില്ലയിലും കുട്ടികള്‍, യുവാക്കള്‍, കൃഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക വിഭാഗങ്ങളുള്ള ഗ്രന്ഥശാലകളും സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗ്രന്ഥശാലാനികുതി ശേഖരിക്കുന്നത് സംസ്ഥാന ഗ്രന്ഥശാലാ സംഘമാണ്.
വിജ്ഞാനമേഖലകളിലെ അത്യുന്നത നിലവാരം പുലര്‍ത്തുന്ന ലേഖനങ്ങള്‍, ഗ്രന്ഥനിരൂപണം, ഗ്രന്ഥശാലാവാര്‍ത്തകള്‍, ഗ്രന്ഥശാലാപ്രസ്ഥാനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഗ്രന്ഥാലോകം എന്ന പേരില്‍ ഒരു മാസികയും സംഘം പ്രസിദ്ധീകരിക്കുന്നുണ്ട്.
'വായിച്ചു വളരുക', 'ചിന്തിച്ചു വിവേകം നേടുക', 'നിരക്ഷരതയ്ക്കെതിരായി പൊരുതുക', 'വീട്ടില്‍ പുസ്തകം-മനസ്സില്‍ വെളിച്ചം', 'ഗ്രന്ഥശാലകള്‍ സാംസ്കാരികകേന്ദ്രങ്ങള്‍', 'വിജ്ഞാനമാണ് ശക്തി', 'എഴുത്തുപഠിച്ചു കരുത്തുനേടുക' എന്നീ മുദ്രാവാക്യങ്ങളുടെ പ്രചാരണത്തിലൂടെ കേരളത്തിലെ സാംസ്കാരിക രംഗത്തെ ചലനാത്മകമാക്കുവാന്‍ കേരളത്തിലെ ഗ്രന്ഥശാലാസംഘത്തിനു സാധിച്ചിട്ടുണ്ട്.