This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കെനേ, ഫ്രാന്‍സ്വ (1694 - 1774)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കെനേ, ഫ്രാന്‍സ്വ (1694 - 1774)
Quesnay, Francois
പ്രകൃതിനിയമ വാദത്തിന്റെ സ്ഥാപകനായ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍. ഒരു ഇടത്തരം വക്കീലിന്റെ പുത്രനായി വെഴ്സെയിലിനു സമീപമുള്ള ഗ്രേ എന്ന ഗ്രാമത്തില്‍ ജനിച്ചു. സ്വകുടുംബത്തില്‍ നിന്നു വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കാതിരുന്ന കെനേ 12-ാമത്തെ വയസ്സു വരെ അക്ഷരങ്ങള്‍ വായിക്കാന്‍ പോലും പഠിച്ചിരുന്നില്ല. എന്നാല്‍ സ്വന്തം പരിശ്രമം കൊണ്ടു പ്രശസ്തനായ ഒരു ഭിഷഗ്വരനായിത്തീരാന്‍ കഴിഞ്ഞ ഇദ്ദേഹം 1730-നും 58-നും ഇടയ്ക്ക് നിരവധി വൈദ്യശാസ്ത്ര പ്രബന്ധങ്ങള്‍ രചിച്ചു. 1735-ല്‍ വില്ലെറോയ് പ്രഭുവിന്റെ ഭിഷഗ്വരനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഇദ്ദേഹം ലൂയി XV-ന്റെ പ്രഭ്വിയായ മദാം പോംപദൂവിന്റെ ഒത്താശയോടെ പ്രധാന രാജകീയ ഭിഷഗ്വരനായി ഉയര്‍ന്നു. മദാം പോംപദൂവിന്റെ പ്രോത്സാഹനത്തിലൂടെയാണ് ഇദ്ദേഹം അഭിജാത വിഭാഗങ്ങളുടെ ഇടയില്‍ പ്രശസ്തനായതും സാമ്പത്തികശാസ്ത്ര രംഗത്തേക്കു തിരിഞ്ഞതും. ഫ്രഞ്ചുവിജ്ഞാനകോശത്തിനു വേണ്ടി ഇദ്ദേഹം നിരവധി ലേഖനങ്ങള്‍ രചിച്ചു. ഇവയില്‍ 'കര്‍ഷകര്‍' (Farmers - 1756), 'ധാന്യങ്ങള്‍' (Grains, 1757) എന്നീ രണ്ടെണ്ണമാണ് സാമ്പത്തിക ശാസ്ത്രത്തിനു ഇദ്ദേഹം നല്‍കിയ ആദ്യകാല സംഭാവനകള്‍. അനുകൂലമായ സാഹചര്യങ്ങളില്‍ കൃഷിയില്‍ നിന്നു ശിഷ്ടോത്പാദനം (product net) ഉണ്ടാകുമെന്നുള്ള വാദഗതി കെനേ ആദ്യമായി അവതരിപ്പിച്ചത് ഈ ലേഖനങ്ങളിലൂടെയാണ്.
1758-ലാണ് വിഖ്യാതമായ സാമ്പത്തിക സാരണി (Tableau economique)യുടെ രചന നിര്‍വഹിച്ചത്. 1765-ല്‍ പ്രകൃതിനിയമ (Droit natural)വും 1766-ല്‍ വാണിജ്യത്തെപ്പറ്റി (Du commerce) എന്ന കൃതിയും പ്രസിദ്ധീകൃതമായി. മിക്ക സാമ്പത്തികശാസ്ത്ര ലേഖനങ്ങളും സ്വന്തം പേരു വയ്ക്കാതെയാണ് ഇദ്ദേഹം പ്രസിദ്ധീകരിച്ചത്.
1756-നും 76-നും ഇടയ്ക്കുള്ള കാലത്ത് ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും പ്രകൃതിനിയമ വാദമായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സാമ്പത്തികശാസ്ത്ര സിദ്ധാന്തം. പ്രകൃതിനിയമ വാദത്തിന്റെ ഏറ്റവും കാതലായ ഭാഗം പ്രകൃതി വ്യവസ്ഥയെക്കുറിച്ചുള്ളതായിരുന്നു. പ്രകൃതി വ്യവസ്ഥയനുസരിച്ചു പ്രവര്‍ത്തിക്കുന്ന സമൂഹത്തില്‍ സ്വകാര്യസ്വത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും പരിമിതികളില്ല. ഈ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കുക മാത്രമാണ് ഭരണകൂടത്തിന്റെ ചുമതല. പ്രകൃതിയുടെ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും എതിരായി മനുഷ്യന്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ സുഖവും സ്വാതന്ത്രവും നശിപ്പിക്കാന്‍ ഇടവരുത്തുമെന്ന് ഇക്കൂട്ടര്‍ വാദിച്ചു. 'തോന്നുന്നതുപോലെ ചെയ്യട്ടെ, തോന്നുന്നതുപോലെ നടക്കട്ടെ. ലോകം അതിന്റെ ഗതിക്കു നീങ്ങിക്കൊള്ളും' എന്നതായിരുന്നു പ്രകൃതി നിയമവാദത്തിന്റെ സത്ത.
പ്രകൃതിനിയമ വാദത്തിന്റെ മുന്‍ഗണനാക്രമത്തില്‍ ഏറ്റവും പ്രധാനം കൃഷിയാണ്; അതിനടുത്തതു വ്യവസായം; അവസാനം വ്യാപാരം. കൃഷിയില്‍ ശിഷ്ടോത്പാദനമുണ്ടാകുന്നു. വ്യവസായത്തില്‍ ശിഷ്ടോത്പാദനമില്ലെങ്കിലും അസംസ്കൃത സാധനങ്ങളില്‍ ചെലവഴിക്കപ്പെടുന്ന അധ്വാനം ഉത്പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുന്നു. വ്യാപാരം ആവശ്യമാണെങ്കിലും അതുകൊണ്ട് ധനം വര്‍ധിക്കുന്നില്ല. വ്യാപാരികളെ തീറ്റിപ്പോറ്റാന്‍ കൃഷിമേഖലയിലെ മിച്ചം വേണം. ശിഷ്ടോത്പന്നമുണ്ടാകുന്നതു കൃഷിമേഖലയില്‍ നിന്നു മാത്രമായതുകൊണ്ട് കൃഷിയെ ഉത്പാദനക്ഷമമെന്നും മറ്റു സാമ്പത്തിക വ്യാപാരങ്ങളെ വന്ധ്യമെന്നും കെനേ വിശേഷിപ്പിച്ചു. ക്ളാസ്സിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍പോലും ഈ വാദഗതിയെ ഒരു പരിധി വരെ അംഗീകരിച്ചുകാണുന്നു. സാമ്പത്തിക സരണിയിലൂടെയാണ് കെനേ പ്രശസ്തനായത്. ജന്തുശരീരത്തിന്റെ നിയമങ്ങള്‍ സാമ്പത്തിക ശരീരത്തിനും ബാധകമാണെന്നു ഭിഷഗ്വരന്‍ കൂടിയായ കെനേ സമര്‍ഥിച്ചു. ഒരു നാട്ടിലുണ്ടാകുന്ന ധനം എങ്ങനെയാണ് സമൂഹത്തിന്റെ വിവിധ തലങ്ങളിലെത്തുന്നത് എന്ന് സംഖ്യകളുടെ സഹായത്തോടെ കെനേ തന്റെ സാരണിയില്‍ വിശദമാക്കുന്നു. ഭൂവുടമകള്‍, കൃഷിക്കാര്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ എന്നീ വിഭാഗങ്ങളുള്ള സമൂഹമാണു കെനേ ചിത്രീകരിക്കുന്നത്. ഇതില്‍ കൃഷിക്കാര്‍ ഉത്പാദക വര്‍ഗവും മറ്റുള്ളവരെല്ലാം വന്ധ്യവര്‍ഗവുമാണ്.
ഭൂവുടമകള്‍ക്കു കല്പിക്കുന്ന അദ്വിതീയ സ്ഥാനമോ ശിഷ്ടോത്പാദനത്തിന്റെ തോതോ തൊഴില്‍വര്‍ഗത്തിന്റെ ഉത്പാദന ക്ഷമതയോ തെളിയിക്കാനുള്ള ശ്രമമെന്ന നിലയിലല്ല ഈ സാരണിയുടെ മേന്മ. സാമ്പത്തികാപഗ്രഥനത്തിനുള്ള ഒരു ഉപകരണമായി സാരണി ഉപയോഗിക്കുന്ന രീതി ധനശാസ്ത്രജ്ഞരെ പഠിപ്പിച്ചുവെന്നതാണ് കെനേയുടെ സംഭാവന. അപഗ്രഥന പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ സാരണിരീതി സഹായിക്കുന്നു; സാരണിയെന്ന ഉപാധികൊണ്ട് അപഗ്രഥന മാര്‍ഗം എളുപ്പമാകുമ്പോള്‍ സംഖ്യകളുടെയും അവയുടെ ഉപയോഗത്തിന്റെയും അടിസ്ഥാനത്തില്‍ സാമ്പത്തിക ശാസ്ത്രാന്വേഷണം സുഗമമായിത്തീരുന്നു. സാമ്പത്തിക സന്തുലിതാവസ്ഥ എന്ന ആശയത്തെ വ്യക്തമാക്കുന്നതിനുള്ള ആദ്യത്തെ ശ്രമമെന്ന നിലയിലും സാരണിക്കു പ്രാധാന്യമുണ്ട്. കെനേ 1774-ല്‍ അന്തരിച്ചു.