This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, മന്നത്ത് (1870 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:38, 18 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൃഷ്ണന്‍ നായര്‍, മന്നത്ത് (1870 - 1938)

മന്നത്ത് കൃഷ്ണന്‍ നായര്‍

ഒന്നാം ലോകയുദ്ധക്കാലത്ത് തിരുവിതാംകൂറിലെ ദിവാന്‍. 1870-ല്‍ പാലക്കാടിനു സമീപമുള്ള കഴനിയില്‍ മന്നത്തമ്മയുടെ മകനായി ജനിച്ചു. ആറുവര്‍ഷക്കാലം (1928-34) മദ്രാസില്‍ ഗവര്‍ണറുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ലാ മെംബറായിരുന്നു. ഇതിനിടയ്ക്ക് കുറച്ചുകാലം ആക്റ്റിങ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലത്തൂര്‍ മിഡില്‍സ്കൂള്‍, പാലക്കാട്ടു വിക്ടോറിയാ കോളജ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മെട്രിക്കുലേഷന്‍ പാസായശേഷം കോഴിക്കോട്ട് കേരള വിദ്യാശാലയില്‍ പഠിച്ച് എഫ്.എ. ഒന്നാംക്ലാസ്സില്‍ പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും ബി.എ. ജയിച്ചു. തുടര്‍ന്ന് ആ സ്ഥാപനത്തില്‍ത്തന്നെ കുറച്ചുകാലം ട്യൂട്ടറായി ജോലി നോക്കുകയും ബി.എല്‍. ബിരുദം നേടുകയും ചെയ്തു. പാലക്കാട്ടു വിക്ടോറിയാ കോളജിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1894-ല്‍ കോഴിക്കോട്ട് വക്കീലായി പ്രാക്ടീസ് തുടങ്ങി. 1903 മുതല്‍ ഏഴു വര്‍ഷക്കാലം മദ്രാസ് നിയമസഭയില്‍ അംഗമായിരുന്നു.

1908-ല്‍ തിരുവനന്തപുരത്തു നടന്ന കേരളീയ നായര്‍ സമ്മേളനത്തിന്റെ അധ്യക്ഷന്‍ കൃഷ്ണന്‍നായരായിരുന്നു. നായര്‍സമുദായത്തില്‍ ദൂരവ്യാപകമായ ചലനങ്ങളുളവാക്കാന്‍പോന്ന പല സുപ്രധാന തീരുമാനങ്ങളും ഈ സമ്മേളനം അംഗീകരിച്ചു. ഇക്കാലത്ത് തിരുവിതാംകൂറിലെ ചീഫ് ജസ്റ്റീസ് ആയിരുന്ന സദാശിവയ്യര്‍ വിരമിച്ച ഒഴിവിലേക്ക് ശ്രീമൂലം തിരുനാള്‍ രാജാവ് കൃഷ്ണന്‍ നായരെ നിയമിച്ചു.

ദളവാമാരുടെ ഭരണത്തിനുശേഷം തിരുവിതാംകൂറില്‍ മലയാളികളല്ലാത്ത പരദേശികളെയാണ് ദിവാനായി നിയമിച്ചുപോന്നത്. ഇതിനൊരപവാദം കൃഷ്ണന്‍ നായര്‍ മാത്രമായിരുന്നു. 1914-ല്‍ പി. രാജഗോപാലാചാരി ദിവാന്‍പദം ഒഴിഞ്ഞപ്പോള്‍ ഇദ്ദേഹം ആ സ്ഥാനത്തു നിയമിതനായി. ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട കാലമായിരുന്നു അത്. ഭരണവകുപ്പുകള്‍ പരിഷ്കരിക്കുകയും നിയമസഭയെ വിപുലപ്പെടുത്തുകയും ചെയ്തത് ഇദ്ദേഹമാണ്. വ്യവസായവികസനത്തിന് അടിസ്ഥാനമിട്ടതും സ്ത്രീകള്‍ക്കു വോട്ടവകാശം നല്കുന്നതിനു മുന്‍കൈയെടുത്തതും കൃഷ്ണന്‍നായരാണ്. യുദ്ധസഹായത്തിനുവേണ്ട ഫണ്ടു പിരിച്ചും യുദ്ധവായ്പയിലൂടെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്കനുസൃതമായ നടപടികള്‍ സ്വീകരിച്ചുപോന്ന ഇദ്ദേഹം 1920-ല്‍ ദിവാന്‍ സ്ഥാനത്തുനിന്നും വിരമിച്ചു.

കോണ്‍ഗ്രസ് നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയതോടെ ഇദ്ദേഹം ജസ്റ്റീസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. മൊണ്ടേഗു ചെംസ്ഫോര്‍ഡ് പരിഷ്കാരത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ ജയിച്ചു വീണ്ടും നിയമസഭാംഗമായി. മലബാറിലെ ജന്മി-കുടിയാന്‍ ബന്ധം പരിഷ്കരിക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ പ്രതിബന്ധമായി നിന്നതുകൊണ്ട് അതില്‍ വിജയിച്ചില്ല. 1928-ല്‍ ഗവര്‍ണറുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ലാ മെംബറായി സേവനമനുഷ്ഠിച്ചു.

1915-ല്‍ റാവുബഹദൂര്‍ സ്ഥാനം ലഭിച്ച കൃഷ്ണന്‍നായരെ, 1930-ല്‍ 'സര്‍' സ്ഥാനം നല്കി ബ്രിട്ടീഷ് ഗവണ്‍മെന്റ് ബഹുമാനിച്ചിട്ടുണ്ട്. 1938 ജൂല. 11-ന് ഇദ്ദേഹം അന്തരിച്ചു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍