This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍തമ്പി, വി. (1890 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:20, 18 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൃഷ്ണന്‍തമ്പി, വി. (1890 - 1938)

വി.കൃഷ്ണന്‍തമ്പി

മലയാള സാഹിത്യകാരന്‍. പാല്‍ക്കുളങ്ങര കൈപ്പള്ളിയില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും ഇരിങ്ങാലക്കുട നടവരമ്പത്തു കൃഷ്ണന്‍നായരുടെയും മകനായി 1890 ജനു. 9-ന് (കൊ.വ. 1065 ധനു) ജനിച്ചു.

മെട്രിക്കുലേഷന്‍, ഇന്റര്‍മീഡിയറ്റ്, ബിരുദപഠനങ്ങള്‍ക്കുശേഷം തമ്പി ഹജൂരില്‍ ഒരു ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കുകയും ലാ കോളജില്‍ ചേര്‍ന്നു പഠനം തുടരുകയും ചെയ്തു. 1914-ല്‍ തിരുവിതാംകൂറിലെ ഒരു ജഡ്ജിയായിരുന്ന ഹണ്ട് സായിപ്പിനൊപ്പം ഇംഗ്ലണ്ടിലേക്കു പുറപ്പെട്ട ഇദ്ദേഹം ഓക്സ്ഫഡിലെ ബാലിയോള്‍ കോളജില്‍ ബി.ഡി.എല്‍. പഠനം നടത്തി. അയര്‍ലണ്ടില്‍ നടന്ന സ്വാതന്ത്ര്യസമരത്തില്‍ ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി.

1918-ല്‍ തിരുവനന്തപുരം സംസ്കൃതകോളജ് പ്രിന്‍സിപ്പലായി ചുമതലയേറ്റ ഇദ്ദേഹം അവിടത്തെ അധ്യാപനപദ്ധതിയില്‍ സംസ്കൃതത്തിനുപുറമേ ഇംഗ്ലീഷ്, രസതന്ത്രം, ഗണിതം, ചരിത്രം, ഭാഷാശാസ്ത്രം ഇവകൂടി ഉള്‍പ്പെടുത്തുകയും എല്ലാ ജാതിക്കാര്‍ക്കും സംസ്കൃതം പഠിക്കാനവസരം നല്കാനായി കലാശാലയുടെ ആസ്ഥാനം കോട്ടയ്ക്കകത്തുനിന്നും പാല്‍ക്കുളങ്ങരയിലേക്കു മാറ്റുകയും നാട്ടിലുടനീളം സംസ്കൃതവിദ്യാലയങ്ങള്‍ സ്ഥാപിപ്പിക്കാനുള്ള തീവ്രശ്രമം നടത്തുകയും ചെയ്തു. 1934-ല്‍ ഇദ്ദേഹം തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ പൗരസ്ത്യവിഭാഗം അധ്യക്ഷനായി.

തിരുവനന്തപുരം കഥകളിക്ലബ്ബിന്റെ സ്ഥാപകനായ കൃഷ്ണന്‍ തമ്പി, കവി, ഗായകന്‍, ഗാനരചയിതാവ്, പ്രഹസനകര്‍ത്താവ്, നടന്‍, ഗദ്യകാരന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വല്ലീകുമാരം, താടകാവധം, ചൂഡാമണി തുടങ്ങിയ ഇദ്ദേഹത്തിന്റെ ആട്ടക്കഥകള്‍ കഥകളിപ്രസ്ഥാനത്തിന്റെ സവിശേഷതകളും ആധുനികതയുടെ പരിവേഷവും ഉള്‍ക്കൊള്ളുന്നവയാണ്. ദ്രൗപദീ വിജയം, അജ്ഞാതവാസം, ധ്രുവചരിതം, പ്രതിക്രിയാ, വനജ്യോത്സനാ, ധര്‍മസ്യ സൂക്ഷ്മാ ഗതിഃ, പേടികാസന്ന്യാസീ, ലളിതാ എന്നീ നാടകങ്ങളും ശ്രീകൃഷ്ണചരിതം (ഗേയപ്രബന്ധം), പാദുകാപട്ടാഭിഷേകം (കാവ്യം) എന്നിവയും തമ്പിയുടെ ശ്രദ്ധേയമായ രചനകളാണ്. 1938 ഫെ. 5-ന് ഇദ്ദേഹം അന്തരിച്ചു.

(ഡോ. എന്‍.പി. ഉണ്ണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍