This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ I, II, III

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:54, 17 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൃഷ്ണന്‍ I, II, III

രാഷ്ട്രകൂടരാജാക്കന്മാര്‍. മറാഠാദേശം കേന്ദ്രമാക്കി ഭരിച്ചിരുന്ന രാഷ്ട്രകൂടര്‍ പിന്നീട് ഡക്കാന്റെ പലഭാഗങ്ങളും ദക്ഷിണേന്ത്യയുടെ വടക്കന്‍ഭാഗങ്ങളും കീഴടക്കി വിസ്തൃതമായ ഒരു രാജ്യം കെട്ടിപ്പടുത്തു.

കൃഷ്ണന്‍ I (75675). രാഷ്ട്രകൂടവംശത്തിലെ ഏഴാമത്തെ രാജാവായിരുന്നു കൃഷ്ണരാജാ അഥവാ കൃഷ്ണന്‍ I (756-75). രാഷ്ട്രകൂടരാജാവായിരുന്ന ദന്തിദുര്‍ഗനുശേഷം അദ്ദേഹത്തിന്റെ അമ്മാവനായ കൃഷ്ണന്‍ രാജാവായി. ദന്തിദുര്‍ഗന് സന്താനങ്ങളുണ്ടായിരുന്നില്ല എന്നും അതല്ലാ ഇദ്ദേഹത്തിന്റെ പുത്രനെ ഒഴിവാക്കിയിട്ടാണ് കൃഷ്ണന്‍ രാജാവായതെന്നും അഭിപ്രായങ്ങളുണ്ട്.

'ശുംഭതുംഗ'നെന്നും 'അകാലവര്‍ഷ'നെന്നും ബിരുദങ്ങളുള്ള കൃഷ്ണന്‍ I, ദന്തിദുര്‍ഗന്‍ തുടങ്ങിവച്ച ആക്രമണങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചാലൂക്യരെ പൂര്‍ണമായി തോല്പിച്ച് സാമന്തരാക്കുകയും ചെയ്തു (760). അതിനുശേഷം ചാലൂക്യരുടെ സഹായിയായിരുന്ന മൈസൂരിലെ ഗംഗരാജാവായ ശ്രീപുരുഷനെ ആക്രമിച്ചു (768); തലസ്ഥാനമായ മാന്യപുരം ഏറെ കാലത്തേക്ക് കൈവശംവച്ചു. വെംഗിയിലെ ചാലൂക്യരാജാവായ വിജയാദിത്യന്‍ I (755-72)-നെതിരായി രാഷ്ട്രകൂടരാജകുമാരനായ ഗോവിന്ദന്‍ പട നയിക്കുകയും വെംഗിരാജ്യം പിടിച്ചെടുക്കുകയും ചെയ്തു (769-70). വെംഗിരാജകുമാരിയായ ശീലാഭട്ടാരികയെ രാഷ്ട്രകൂടരാജകുമാരനായ ധ്രുവന്‍ (ഗോവിന്ദന്റെ സഹോദരന്‍) വിവാഹം കഴിച്ചത് സമാധാനസന്ധിപ്രകാരമായിരുന്നുവെന്ന് കരുതപ്പെടുന്നു.

കൃഷ്ണന്‍ I രാഹപ്പാ എന്നൊരു രാജാവിനെയും തോല്പിച്ചതായി സൂചനകളുണ്ട്. എന്നാല്‍ ഈ രാജാവിനെപ്പറ്റിയുള്ള മറ്റൊരു വിവരവും ലഭ്യമല്ല. കൃഷ്ണന്‍ I ദക്ഷിണകൊങ്കണം ആക്രമിച്ചു കീഴടക്കി. രാഷ്ട്രകൂടസാമന്തനായി ശീലാകാരവംശസ്ഥാപകനായ സണഫല്ലനെ അവിടെ രാജാവാക്കിവാഴിച്ചു. ഈ ആക്രമണങ്ങള്‍ വഴിയായി രാഷ്ട്രകൂട സാമ്രാജ്യത്തില്‍ മധ്യപ്രദേശം, ഹൈദരാബാദ്, മൈസൂര്‍, ദക്ഷിണകൊങ്കണം എന്നീ പ്രദേശങ്ങള്‍ ലയിച്ചു.

കൃഷ്ണന്‍ I രണശൂരനായ ഒരു യോദ്ധാവെന്നതിലുമുപരി ശില്പകലയില്‍ തത്പരനുമായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് കല്ലില്‍ കൊത്തിയുണ്ടാക്കിയ എല്ലോറയിലെ കൈലാസനാഥക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഭാരതീയ ശില്പകലാവൈദഗ്ധ്യത്തിന്റെ മകുടോദാഹരണമായി ഈ ക്ഷേത്രം പരിഗണിക്കപ്പെടുന്നു. നോ. എല്ലോറ

കൃഷ്ണന്‍ II (878-915). അമോഘവര്‍ഷന്‍ I-ന്റെ പുത്രനും അനന്തരഗാമിയുമായിരുന്നു കൃഷ്ണന്‍ II. ഇദ്ദേഹം ചേദിരാജാവായ കോക്കല്ലന്‍ 1-ന്റെ മകളെ വിവാഹം ചെയ്തു. ശത്രുക്കളുമായുണ്ടായ ഘോരസമരങ്ങളിലെല്ലാം തന്റെ ശ്വശുരന്റെ നിര്‍ലോപമായ സഹായം കൃഷ്ണന്‍ II-ന് ലഭിച്ചിരുന്നു. നിരവധി രാഷ്ട്രകൂടശാസനങ്ങളില്‍ കൃഷ്ണന്‍ II ഗൂര്‍ജരന്മാരെ ഭയപ്പെടുത്തിയതായും ലാട(രാഷ്ട്രകൂട)ന്മാരുടെ ഗര്‍വ് നശിപ്പിച്ചതായും ഗൗഡന്മാരെ വിനയം പഠിപ്പിച്ചതായും സമുദ്രതീരത്തുള്ള ജനങ്ങളുടെ ഉറക്കം നശിപ്പിച്ചതായും അംഗത്തിലും കലിംഗത്തിലും ഗംഗാസമതലത്തിലും മഗധയിലും അധികാരം ചെലുത്തിയിരുന്നതായും രേഖപ്പെടുത്തിയിട്ടുള്ളത് അത്യുക്തിയാണെന്ന് വ്യക്തമാണ്. നിരവധി രാജാക്കന്മാരുമായി കൃഷ്ണന്‍ II തുടര്‍ച്ചയായി യുദ്ധങ്ങള്‍ നടത്തിയിരുന്നുവെന്ന വസ്തുതയായിരിക്കാം ഈ ശാസനങ്ങളില്‍ പരാമര്‍ശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൃഷ്ണന്‍ II നടത്തിയ യുദ്ധങ്ങളില്‍ ഏറ്റവും പ്രധാനമായത് ഗൂര്‍ജരപ്രതിഹാരന്മാരുമായുള്ളതായിരുന്നു. ഗൂര്‍ജര-പ്രതിഹാര രാജാവായിരുന്ന ഭോജനെ യുദ്ധത്തില്‍ തോല്പിച്ച് അവരുടെ തെക്കോട്ടുള്ള പുരോഗതി തടയുകയുണ്ടായി. യുദ്ധത്തില്‍ രാഷ്ട്രകൂടര്‍ വിജയിച്ചുവെങ്കിലും അവരുടെ ലാടശാഖ വളരെവേഗം ക്ഷയോന്മുഖമായിത്തീര്‍ന്നു.

പൗരസ്ത്യ ചാലൂക്യന്മാരുമായി കൃഷ്ണന്‍ II നടത്തിയ സമരം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പൗരസ്ത്യ ചാലൂക്യ രാജാവായ വിജയാദിത്യന്‍ III-ന്റെ കാലത്ത് ഈ രാജ്യം രാഷ്ട്രകൂടാധിപത്യത്തില്‍നിന്നും വിമോചിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വിജയാദിത്യന്‍ രാഷ്ട്രകൂടസാമന്തരായ ഗംഗരെയും നൊളംബരെയും ആക്രമിക്കുകയും, ആക്രമണം രാഷ്ട്രകൂടരാജ്യത്തിന്റെ ആസ്ഥാനം വരെ എത്തിക്കുകയും ചെയ്തു. ഈ ആക്രമണങ്ങളില്‍ കൃഷ്ണന്‍II തുടര്‍ച്ചയായി തോല്പിക്കപ്പെട്ടുവെങ്കിലും സൈന്യത്തെ വളരെവേഗം പുനഃസജ്ജീകരിച്ച് ചാലൂക്യരെ നിശ്ശേഷം തോല്പിച്ചു. ഈ യുദ്ധത്തില്‍ ചാലൂക്യരാജാവായ ഭീമന്‍ തടവുകാരനായി പിടിക്കപ്പെട്ടു. കുറച്ചു നാളുകള്‍ക്കുശേഷം ഭീമനെ സ്വതന്ത്രനാക്കി, രാഷ്ട്രകൂട സാമന്തനായി ഭരിക്കാന്‍ അനുവദിക്കുകയുണ്ടായി. ഭീമന്‍ പിന്നീട് രാഷ്ട്രകൂടര്‍ക്കെതിരായി തിരിഞ്ഞുവെങ്കിലും യുദ്ധത്തില്‍ വീണ്ടും നിര്‍ണായകമായി തോല്പിക്കപ്പെട്ടു.

കൃഷ്ണന്‍ II ചോളരുമായി അടുത്തബന്ധം സ്ഥാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഒരു മകളെ ചോളരാജാവായ ആദിത്യന്‍ I ആണ് വിവാഹം ചെയ്തിരുന്നത്. ഈ വിവാഹത്തില്‍ ജനിച്ച രാജകുമാരന് ആദിത്യനുശേഷം രാജാധികാരം നേടിക്കൊടുക്കാനായി കൃഷ്ണന്‍ II ചോളരാജ്യം ആക്രമിച്ചുവെങ്കിലും വല്ലാല എന്ന സ്ഥലത്തു വച്ചുണ്ടായ യുദ്ധത്തില്‍ തോല്പിക്കപ്പെട്ടു.

മുപ്പത്തിയാറു വര്‍ഷത്തെ ഭരണശേഷം കൃഷ്ണന്‍ II, 915-ല്‍ ചരമമടഞ്ഞു. ഇദ്ദേഹം നടത്തിയ ദീര്‍ഘമായ യുദ്ധങ്ങള്‍ രാഷ്ട്രകൂടാധികാരത്തിനു ഭംഗമൊന്നും വരുത്തിയില്ലെങ്കിലും സാമ്പത്തികമായി രാഷ്ട്രത്തിനു വളരെയേറെ ദോഷം ചെയ്തു.

കൃഷ്ണന്‍ III (939-66). 'അകാലവര്‍ഷന്‍' എന്ന ബിരുദമുള്ള കൃഷ്ണന്‍ III തന്റെ പിതാവായ അമോഘവര്‍ഷന്‍ III-ന്റെ കാലത്തുതന്നെ രാജ്യഭരണത്തില്‍ ഒരു പ്രധാന പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം രാജാവെന്ന നിലയില്‍ കൃഷ്ണന്‍ III ആദ്യമായി ചെയ്തത് തന്റെ സ്യാലനായ ഗംഗാവാടിയിലെ ഭൂതുംഗനുമായി ചോളരാജ്യത്ത് ഒരു മിന്നല്‍ ആക്രമണം നടത്തി കാഞ്ചിയും തഞ്ചാവൂരും പിടിച്ചെടുക്കുകയായിരുന്നു (943). പരാന്തകചോളന്‍ ആക്രമണകാരികളെ തിരിച്ചോടിച്ചെങ്കിലും ആര്‍ക്കാട്, ചിങ്കല്‍പേട്ട, വെല്ലൂര്‍ ജില്ലകള്‍ ഉള്‍പ്പെട്ട തൊണ്ടമണ്ഡലം അവര്‍ കൈവശം വച്ചു. 949-ല്‍ ചോളസൈന്യം ആര്‍ക്കാട്ടില്‍ പ്രവേശിച്ചുവെങ്കിലും 'തക്കോലം' യുദ്ധത്തില്‍ അവര്‍ തോല്പിക്കപ്പെടുകയും ചോളയുവരാജാവായ രാജാദിത്യന്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭം ഉപയോഗിച്ച് കൃഷ്ണന്‍ III രാമേശ്വരം വരെ ജൈത്രയാത്ര നടത്തി. രാമേശ്വരത്തു വിജയസ്തംഭവും അതിനടുത്ത് കൃഷ്ണേശ്വരക്ഷേത്രവും ഗന്ധമാദനാദിത്യക്ഷേത്രവും നിര്‍മിക്കുകയുമുണ്ടായി. എന്നാല്‍ തൊണ്ടമണ്ഡലംമാത്രം തന്റെ സാമ്രാജ്യത്തില്‍ നിലനിര്‍ത്താനേ കൃഷ്ണന്‍ ശ്രമിച്ചുള്ളൂ. ഭരണാവസാനം വരെ ഈ പ്രദേശം ഇദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ നിലനില്ക്കുകയും ചെയ്തു. തന്റെ സ്യാലന്‍ നല്കിയ സഹായത്തിനു പ്രതിഫലമായി വനവാസി തുടങ്ങിയ പ്രദേശങ്ങള്‍ അദ്ദേഹത്തിനു വിട്ടുകൊടുത്തു.

963-നോടടുപ്പിച്ച് കൃഷ്ണന്‍ III ഒരു സൈന്യത്തെ ബുന്ദേല്‍ഖണ്ഡിലേക്കും മാള്‍വായിലേക്കും അയയ്ക്കുകയും ഉജ്ജയിനി പിടിച്ചെടുക്കുകയും ചെയ്തു. വെംഗിചാലൂക്യന്മാര്‍ പൂര്‍ണമായും കൃഷ്ണന്റെ അധീശാധികാരം അംഗീകരിച്ചുവെങ്കിലും കുറേക്കഴിഞ്ഞ് അവര്‍ രാഷ്ട്രകൂടാധീശത്വം തിരസ്കരിക്കുകയാണു ചെയ്തത്.

കൃഷ്ണന്‍ III ഏറ്റവും പ്രഗല്ഭന്മാരായ രാഷ്ട്രകൂടരാജാക്കന്മാരില്‍ ഒരാളായിരുന്നു. തന്റെ ഉത്തരേന്ത്യന്‍ ആക്രമണങ്ങളില്‍ ധ്രുവന്‍, ഗോവിന്ദന്‍ III, ഇന്ദ്രന്‍ III എന്നിവരോളം വിജയം വരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡക്കാണ്‍ മുഴുവനും തന്റെ കീഴില്‍ നിലനിര്‍ത്താനും രാമേശ്വരംവരെ തുളച്ചു കയറാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാരണത്താല്‍ ഇദ്ദേഹം 'സകലദക്ഷിണദിക്കധിപതി' എന്ന അപരനാമധേയത്താലറിയപ്പെട്ടിരുന്നു.

(ഡോ. ഇബ്രാഹിം കുഞ്ഞ്; പ്രൊഫ. ലോറന്‍സ് ലോപ്പസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍