This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോവെല്‍, ഹെന്‌റി ഡിക്‌സന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോവെല്‍, ഹെന്‌റി ഡിക്‌സന്‍
Cowell, Henry Dixon (1897 - 1965)
അമേരിക്കന്‍ സംഗീതജ്ഞന്‍. പിയാനോ വാദകന്‍, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് കോവെല്‍. കാലിഫോര്‍ണിയയിലെ മെന്‍ലോപാര്‍ക്കില്‍ 1897 മാ. 11-ന് ജനിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ സംഗീതത്തില്‍ അവഗാഹം നേടിയ ഇദ്ദേഹത്തിന് 11-ാം വയസ്സില്‍ത്തന്നെ പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ സാധിച്ചു. പരമ്പരാഗത സംഗീതധാരകള്‍ക്കപ്പുറം പഴയതും പുതിയതുമായ രീതികളെ സമരസപ്പെടുത്തിക്കൊണ്ട് തന്റേതായ ഒരു രീതി രൂപപ്പെടുത്താന്‍ കോവെലിനു കഴിഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ഇദ്ദേഹം കച്ചേരികള്‍ (പിയാനോ) നടത്തുകയും യു.എസ്. സംഗീതജ്ഞരുടെ പുതിയ രചനകള്‍ പ്രചരിപ്പിക്കുന്നതിനായി കോവെല്‍ പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുകയും അവയുടെ എഡിറ്റിങ് നിര്‍വഹിക്കുകയും ചെയ്‌തു. "ടോണ്‍ ക്ലസ്റ്റര്‍' പ്രചാരത്തില്‍ വരുത്തിയതുള്‍പ്പെടെ വിജയകരമായ പല പരീക്ഷണങ്ങളും സംഗീതത്തിന്റെ "ശബ്‌ദ-രൂപ' ങ്ങളില്‍ വരുത്തിയത് കോവെലിന്റെ ശ്രദ്ധേയനേട്ടങ്ങളില്‍ പെടുന്നു. മ്യൂസിക്കല്‍ റിസോഴ്‌സസ്, ചാള്‍സ് ഇവ്‌സ് ആന്‍ഡ് ഹിസ് മ്യൂസിക് എന്നിവയാണ് പ്രസിദ്ധ ഗ്രന്ഥങ്ങള്‍. ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ മിക്ക രാജ്യങ്ങളും സന്ദര്‍ശിച്ച് വൈവിധ്യപൂര്‍ണങ്ങളായ ഭിന്നസംസ്‌കാരങ്ങളില്‍ നിന്നു സൗന്ദര്യധാരകള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള രചനകളിലൂടെ പുതിയൊരു സംഗീതപ്രപഞ്ചം ഇദ്ദേഹം സജ്ജമാക്കി. എല്ലാത്തരത്തിലുമുള്ള സംഗീതരചനകള്‍ അനായാസം നടത്താന്‍ സാധിച്ചിട്ടുണ്ട്. സിംഫണി നമ്പര്‍ 3, സിംഫണി നമ്പര്‍ 16, ഒന്‍ഗാകു, ഹോമേജ് റ്റു ഇറാന്‍, പേര്‍ഷ്യന്‍ സെറ്റ് തുടങ്ങിയവ ശ്രഷ്‌ഠ രചനകളാണ്.
1965 ഡി. 10-ന് ന്യൂയോര്‍ക്കില്‍ ഹെന്‌റി ഡിക്‌സന്‍ അന്തരിച്ചു.