This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:28, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോവല്‍

കുക്കുര്‍ബിറ്റേസി (Cucurbitaceae) സസ്യകുലത്തില്‍പ്പെടുന്ന ഔഷധിയായ ഒരു വള്ളിച്ചെടി. ശാ.നാ. സെഫാലാന്‍ഡ്ര ഇന്‍ഡിക്ക (Cephalandra indica). ഏഷ്യയില്‍ ധാരാളമായി വളരുന്നു. മരങ്ങളിലും വേലികളിലും പടര്‍ന്നുകയറുന്ന പ്രതാനാരോഹിയാണിത്‌. വേരുകള്‍ കിഴങ്ങു(tuber)പോലെയാണ്‌. നീണ്ട ഇലഞെടുപ്പുള്ള സാമാന്യം വലിയ ഇലകളാണുള്ളത്‌. ഇലകള്‍ക്കു കരതലാകൃതിയില്‍ അഞ്ചുകര്‍ണങ്ങളുണ്ട്‌. ഇലയുടെ എതിര്‍വശത്തു നിന്നാണ്‌ പ്രതാനം (tendril) ഉദ്‌ഭവിക്കുന്നത്‌. പുഷ്‌പങ്ങള്‍ക്ക്‌ തൂവെള്ള നിറമാണ്‌. ഏകലിംഗപുഷ്‌പങ്ങളാണിവയുടേത്‌. ഇവ സമമിത(actinomorphic)വും ഉപരിജനി(hypogynous)യുമാണ്‌. ആണ്‍പുഷ്‌പങ്ങളും പെണ്‍പുഷ്‌പങ്ങളും വെത്മേറെ ചെടികളിലാണുണ്ടാവുക. ആണ്‍പുഷ്‌പങ്ങള്‍ക്കും പെണ്‍പുഷ്‌പങ്ങള്‍ക്കും അഞ്ചു ബാഹ്യദളപുടങ്ങളുണ്ട്‌. അഞ്ചുദളങ്ങളും തമ്മില്‍ യോജിച്ച്‌ മണിയുടെ ആകൃതിയായിത്തീര്‍ന്നിരിക്കുന്നു. പെണ്‍പുഷ്‌പത്തില്‍ രോമംപോലെയുള്ള മൂന്നു വന്ധ്യകേസരങ്ങളുണ്ട്‌. അണ്ഡാശയത്തിന്‌ ഒരു അറയേ ഉള്ളൂ. വര്‍ത്തികാഗ്രം ശൂലംപോലെ മൂന്നായി പിരിഞ്ഞിരിക്കുന്നു. ആണ്‍പൂവില്‍ അഞ്ചു കേസരങ്ങളുണ്ട്‌. തന്തുക്കള്‍ യോജിച്ച്‌ പുഷ്‌പത്തിന്റെ നടുവില്‍ ഒരു തൂണുപോലെ നില്‍ക്കുന്നു. മാംസളമായ കായ്‌കള്‍ക്കു പച്ചനിറമാണ്‌; പഴുക്കുമ്പോള്‍ ചുവപ്പുനിറമാകും. കായ്‌കളില്‍ വെല്‍വെറ്റുപോലെ മിനുസമുള്ള ബീജകവചത്തോടുകൂടിയ അനേകം വിത്തുകളുണ്ട്‌. വിത്തുകള്‍ക്കു ബീജാന്നമില്ല.

കോവയ്‌ക്ക കറിവയ്‌ക്കുവാനുപയോഗിക്കുന്നു; ഇലയും വേരും ഔഷധമായും. കഫപിത്തരോഗങ്ങള്‍, രക്തപിത്തം, പാണ്ഡുരോഗം, ജ്വരം, കാസം ഇവയ്‌ക്കു കോവല്‍ക്കിഴങ്ങ്‌ ഔഷധമായി ഉപയോഗിക്കാറുണ്ട്‌. ജീവനപഞ്ചമൂലങ്ങളില്‍ ഒന്നാണിത്‌. കാട്ടുകോവല്‍ എന്നൊരിനവും ഉണ്ട്‌. ഇത്‌ മരുന്നിനു മാത്രമേ ഉപയോഗിക്കുകയുള്ളൂ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍