This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോലാര്‍ സ്വര്‍ണഖനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോലാര്‍ സ്വര്‍ണഖനി
ഇന്ത്യയിലെ സ്വര്‍ണഖനിസമൂഹം. കര്‍ണാടക സംസ്ഥാനത്തെ റെയിച്ചൂര്‍, കോലാര്‍ എന്നീ ജില്ലകളിലാണ് ഇന്ത്യയിലെ നാലു സ്വര്‍ണഖനികള്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ മൂന്നെണ്ണം (നന്ദിദുര്‍ഗ്, ചാമ്പ്യന്‍, മൈസൂര്‍) കോലാര്‍ ജില്ലയിലാണ്. ലണ്ടനിലെ ഖനന എന്‍ജിനീയറിങ് സ്ഥാപനമായ ജോണ്‍ ടെയ്‌ലര്‍ ആന്‍ഡ് സണ്‍സ് ആണ് 1880-ല്‍ കോലാര്‍ ഖനികളില്‍ സ്വര്‍ണഖനനത്തിനു തുടക്കം കുറിച്ചത്. ലോകത്തിലെ ഏറ്റവും ആഴം കൂടിയ സ്വര്‍ണഖനികള്‍ കോലാറിലാണ്; ആഴം 3000 മീറ്ററില്‍ കൂടും. ഖനനത്തിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള ഭൂഗര്‍ഭപാതകളുടെ മൊത്തം ദൈര്‍ഘ്യം 1000 കിലോമീറ്ററിലേറെ വരുമെന്നു കണക്കാക്കിയിട്ടുണ്ട്. ചാറ്റി ബോട്ടം, കപ്, സിന്ന്, ഫ്‌ളാറ്റ് ബെഡ്, സ്റ്റെപ്‌ഡ് ബാക്ക്, റില്‍ എന്നീ വളരെ സങ്കീര്‍ണമായ സ്റ്റോപിങ് ഖനനപ്രക്രിയകളാണ് ഇവിടെ സ്വീകരിച്ചുവരുന്നത്. സ്വര്‍ണ അയിരിന്റെ പ്രത്യേകത, വിവിധ ആഴങ്ങളിലെ മര്‍ദം, താപനില തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വിവിധ പ്രക്രിയകള്‍ സ്വീകരിച്ചുവരുന്നു. ബംഗാരപ്പേട്ട് താലൂക്കില്‍ ഉള്‍പ്പെട്ട കോലാര്‍ ടൗണ്‍ഷിപ്പിലെ ഭൂരിഭാഗം ജനങ്ങളും ഖനിത്തൊഴിലാളികളാണ്. സമുദ്രനിരപ്പില്‍ നിന്നും 3,195 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഡോഡ്‌ബേട്ട കുന്നാണ് ഖനിയുടെ മുഖ്യകേന്ദ്രം. ബാംഗ്ലൂരില്‍നിന്നും 100 കിലോ മീറ്റര്‍ അകലവും കോലാര്‍ ടൗണ്‍ഷിപ്പില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരവുമാണ് സ്വര്‍ണഖനിയിലേക്കുള്ളത്. 1902-ലാണ് കോലാര്‍ ഖനിപ്രദേശം വൈദ്യുതീകരിക്കപ്പെട്ടത്. മൈസൂര്‍ സര്‍ക്കാരിന്റെ ഉത്തരവിലൂടെ കാവേരി വെള്ളച്ചാട്ടത്തില്‍നിന്നു വൈദ്യുതി ഉത്‌പാദനത്തിനുവേണ്ടി ശിവസമുദ്രത്ത് ജനറേറ്റര്‍ സ്റ്റേഷന്‍ സ്ഥാപിച്ചത് കോലാര്‍ സ്വര്‍ണഖനിയിലേക്കു വൈദ്യുതി എത്തിക്കാനായിരുന്നു. മൈസൂറിലെ ആദ്യത്തെ ജലവൈദ്യുതനിലയം ഇതായിരുന്നു. മൈസൂറിലെ ആദ്യത്തെ വ്യവസായാധിഷ്‌ഠിത വൈദ്യുതപദ്ധതിയും ഇതായിരുന്നു. തുടക്കത്തില്‍ ഇതിന്റെ ഉത്‌പാദനശേഷി 4,500 കിലോവാട്ട് ആയിരുന്നു. 1920-ല്‍ ഇത് 15,700 കിലോവാട്ട് ആക്കി.
1957-58-ല്‍ കോലാര്‍ ഖനികള്‍ ദേശസാത്‌കരിച്ചു. തുടര്‍ന്ന് ഖനികളുടെ ഭരണച്ചുമതല മൈസൂര്‍ ഗവണ്‍മെന്റ് സ്ഥാപനമായ കോലാര്‍ ഗോള്‍ഡ് മൈനിങ് അണ്ടര്‍ടേക്കിങ്ങില്‍ നിക്ഷിപ്‌തമായി. 1962 ഡി. 1-ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനകാര്യമന്ത്രാലയം കോലാര്‍ ഗോള്‍ഡ് മൈനിങ് അണ്ടര്‍ടേക്കിങ്ങിന്റെ ഭരണം ഏറ്റെടുത്തു. 1972 ഏ. 1-ന് കേന്ദ്രഗവണ്‍മെന്റ് പൊതുമേഖലാസ്ഥാപനമായ ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ്, കോലാര്‍ ഗോള്‍ഡ് മൈനിങ് അണ്ടര്‍ടേക്കിങ്ങിന്റെ ആസ്‌തിബാധ്യതകള്‍ ഏറ്റെടുത്തു. 1980-കളില്‍ കോലാര്‍ ഖനികളില്‍നിന്നുള്ള ശരാശരി വാര്‍ഷിക സ്വര്‍ണ ഉത്‌പാദനം 2000 കിലോഗ്രാം ആയിരുന്നത് 2000-ത്തോടെ ഏറെക്കുറഞ്ഞു. ഖനിയിലെ നിക്ഷേപത്തിന്റെ അളവിലെ കുറവും ഖനനപ്രക്രിയയുടെ ചിലവേറിയതും 2001-ല്‍ ഖനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ കാരണമായി. തുടര്‍ന്നുണ്ടായ തൊഴിലാളിസമരത്തെത്തുടര്‍ന്നും കോടതി ഇടപെടലുകളുടെ അടിസ്ഥാനത്തിലും 2006-ല്‍ ഖനികള്‍ തൊഴിലാളികള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവുണ്ടായി. 2010-ഓടെ വിപണിവിലയെ അടിസ്ഥാനപ്പെടുത്തി ഖനിക്ക് വില നിശ്ചയിക്കുകയും, ഉപാധികള്‍ക്കു രൂപം നല്‍കുകയും ചെയ്‌തു. എന്നിരുന്നാലും ഉടമസ്ഥ കൈമാറ്റ പ്രക്രിയ നീണ്ടുപോവുകയാണ്.