This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോലം (കോലമിടല്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:10, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോലം (കോലമിടല്‍)

ബ്രാഹ്മണസമുദായക്കാരുടെയും മറ്റും ഗൃഹങ്ങളുടെ മുമ്പില്‍ തറ മെഴുകി തുടച്ച്‌ അരിപ്പൊടികൊണ്ടു വരയ്‌ക്കുന്ന ചിത്രം. ഈ കലയാണ്‌ കോലമിടല്‍. "കോലമിടീല്‍' കളമെഴുത്തുമായി ബന്ധപ്പെട്ട കലയാണ്‌. പുരാതനകാലത്തു ഇന്ത്യയില്‍ നിലവിലിരുന്ന കലാബോധത്തിനു തെളിവാണ്‌ ഈ കല.

മഹാരാഷ്‌ട്ര, കര്‍ണാടകം, ബംഗാള്‍, തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളില്‍ "കോലം ഇടല്‍' പ്രചാരത്തിലുണ്ട്‌. മറാഠി, കന്നഡ ഭാഷകളില്‍ രംഗാവലി (രംഗോലി), ബംഗാളിയില്‍ അല്‌പനാ, ഗുജറാത്തിയില്‍ സതിയാ ഉത്തര്‍പ്രദേശില്‍ സാംജി എന്നിങ്ങനെ ഇതറിയപ്പെടുന്നു. പ്രധാനമായും സ്‌ത്രീകളുടേതു മാത്രമായ ഈ കല എല്ലാ മംഗളകാര്യങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌. പിറന്നാള്‍, അന്നപ്രാശനം, ഉപനയനം, വിവാഹം തുടങ്ങിയ മംഗളകാര്യങ്ങളിലും മതപരമായ ചടങ്ങുകളിലും കോലമിടല്‍ മുഖ്യമായി ഗണിക്കപ്പെടുന്നു. ഗൃഹാന്നണങ്ങളിലോ തറയിലോ ആണ്‌ സാധാരണ കോലം ഇടാറുള്ളത്‌. കേരളത്തില്‍ ഓണക്കാലത്ത്‌ ഇടാറുള്ള അത്തപ്പൂവും ഈ കലയുമായി സാദൃശ്യമുണ്ട്‌. ബ്രാഹ്മണരുടെ വീടുകളില്‍ പൂജാമുറി, വരാന്ത, അടുക്കള, മുറ്റം, തുളസിത്തറ എന്നിവിടങ്ങളില്‍ ദിവസേന കോലം ഇടുന്ന പതിവുണ്ട്‌.

കരവിരുത്‌ പ്രകടമാക്കുന്ന ഈ കലയില്‍ ബ്രഷ്‌ ഉപയോഗിക്കാറില്ല. അരിപ്പൊടിയും വെള്ളവും കൂട്ടിച്ചേര്‍ത്ത ഒരു മിശ്രിതമുണ്ടാക്കി ഒരു ചെറിയ തുണിയില്‍ മുക്കി, വലതുകൈപ്പത്തിക്കുള്ളില്‍ വച്ചു രണ്ടു വിരലുകള്‍ക്കിടയില്‍ തിരുകി, അതുകൊണ്ടാണ്‌ കോലം വരയ്‌ക്കുന്നത്‌. കൂടാതെ നേര്‍മയായി പൊടിച്ചെടുത്ത അരിപ്പൊടിയും കരിങ്കല്ല്‌ നേര്‍ത്തതായി പൊടിച്ചെടുത്ത പൊടിയും കോലമിടാന്‍ ഉപയോഗിക്കാറുണ്ട്‌. വിശേഷദിവസങ്ങളില്‍ മഞ്ഞള്‍പ്പൊടി, കുന്നുമം, ചെന്നല്‍പ്പൊടി, പലതരം കളര്‍പ്പൊടികള്‍ എന്നിവ ചേര്‍ത്തും വിവിധതരം കോലങ്ങള്‍ വരയ്‌ക്കാറുണ്ട്‌. കൂടുതല്‍ നേരം മായാതിരിക്കുന്നതിനായി മിശ്രിതത്തില്‍ പശയും ചേര്‍ക്കുന്ന പതിവുണ്ട്‌. ചിലര്‍ കോലം ഇടുന്നതിനുവേണ്ടി ഒരു ഭാഗം അടച്ച ചെറിയ ചെറിയ ദ്വാരങ്ങളുള്ള കുഴലുകളും ഉപയോഗിക്കാറുണ്ട്‌.

ഓരോ വിശേഷങ്ങള്‍ക്കും ഓരോ തരം കോലമാണ്‌ വരയ്‌ക്കുന്നത്‌. സുദര്‍ശന ചക്രവും സ്വസ്‌തികവുമാണ്‌ സാധാരണ ഇടാറുള്ള കോലങ്ങള്‍. പൊന്നല്‍, നവരാത്രി, ദീപാവലി, വിഷു തുടങ്ങിയ വിശേഷങ്ങള്‍ക്കും കല്യാണം, ആയുഷ്യഹോമം, ഭഗവതീസേവ, സീമന്തം, ഊഞ്ഞാലിടീല്‍, നാമകരണം, അന്നപ്രാശനം, ഉപനയനം, നവഗ്രഹപൂജ തുടങ്ങിയ ചടങ്ങുകള്‍ക്കും വലിയ കോലങ്ങള്‍ ഇടാറുണ്ട്‌. പുള്ളിക്കോലം, നെളിവുകോലം, കോടുകോലം, ചതുരക്കോലം, വട്ടക്കോലം, പിന്നല്‍ക്കോലം തുടങ്ങി പലതരം കോലങ്ങള്‍ ഉണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍