This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ണേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:42, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോര്‍ണേസി

Cornaceae

ദ്വിബീജപത്രികളില്‍പ്പെട്ട ഒരു സസ്യകുടുംബം. കോര്‍ണേല്‍സ്‌ ഗോത്രത്തിലെ ഏറ്റവും വലിയ കുടുംബമാണിത്‌. പത്തു ജീനസുകളിലായി നൂറ്റിപ്പത്ത്‌ സ്‌പീഷീസുകളുള്ള ഈ കുടുംബത്തിലെ ചെടികള്‍ ഉത്തരാര്‍ധഗോളത്തിലാണ്‌ കൂടുതലായി വളരുന്നത്‌. അലാന്‍ജിയം (Alangium) എന്ന ജീനസ്സിലുള്ള ചെടികള്‍ ഇന്ത്യ, മലയ, തെക്കന്‍ ചൈന, ഫിലിപ്പീന്‍സ്‌, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ ധാരാളമായി വളരുന്നു. മര്‍ലിയയുടെ (Marlea) ഏഴു സ്‌പീഷീസുകള്‍ ഇന്ത്യ, ജപ്പാന്‍, മലയ, ആസ്റ്റ്രേലിയ എന്നിവിടങ്ങളിലും കോര്‍ണസ്സിന്റെ (Cornus) പതിനഞ്ച്‌ സ്‌പീഷീസുകള്‍ വടക്കന്‍ മിതശീതോഷ്‌ണ രാജ്യങ്ങളിലും മ്യാന്മര്‍, ഹോങ്കോങ്‌ തുടങ്ങിയ സ്ഥലങ്ങളിലും കാണപ്പെടുന്നു. ന്യൂസിലന്‍ഡില്‍ കോറോക്കിയ (Corokia) യുടെ മൂന്നു സ്‌പീഷീസുകള്‍ ഉണ്ട്‌. മാസ്റ്റിക്‌സിയ (Mastixia) ജീനസ്സിലുള്ള എട്ടു സ്‌പീഷീസുകള്‍ ദക്ഷിണേന്ത്യയിലും മലയയിലും കാണപ്പെടുന്നു.

കോര്‍ണേസി കുടുംബത്തിലെ മിക്ക അംഗങ്ങളും കുറ്റിച്ചെടികളോ ചെറിയ മരങ്ങളോ ആണ്‌. ഗ്രിസെലീനിയ (Griselinia) ഒരു ദാരുലതയാണ്‌. ചെടികളുടെ ഓരോ പര്‍വത്തിലും ഒന്നോ രണ്ടോ സരളപത്രങ്ങളുണ്ടായിരിക്കും. അനുപര്‍ണങ്ങള്‍ സാധാരണമല്ല. പുഷ്‌പങ്ങള്‍ വളരെ ചെറിയവയാണ്‌. പുഷ്‌പമഞ്‌ജരി ശൂലക (Cyme) മോ, മുണ്ഡ മഞ്‌ജരി(Head or Capitulum)യോ ബഹുശാഖാമഞ്‌ജരി(Panicle)യോ ആയിരിക്കും. ഏകലിംഗ പുഷ്‌പങ്ങളും ദ്വിലിംഗ പുഷ്‌പങ്ങളും കാണുന്നു. വലുപ്പമുള്ള സഹപത്രങ്ങള്‍ ഇവയുടെ പ്രതേ്യകതയാണ്‌. നാലോ അഞ്ചോ ദളങ്ങളുള്ള വൃതി, അധോവര്‍ത്തി അണ്ഡാശയത്തോടു യോജിച്ചിരിക്കുന്നു. ഓരോ ദളത്തിന്റെയും എതിരെ നീളം കുറഞ്ഞ തന്തുക്കളുള്ള ഓരോ കേസരവുമുണ്ട്‌. രണ്ടു പരാഗകോശങ്ങളുടെയും വക്കുകള്‍ പൊട്ടി പരാഗണം നടക്കുന്നു. പരാഗകോശം അധോബദ്ധം ആണ്‌. ജനിപുടം ഒന്ന്‌. അണ്ഡാശയത്തിന്‌ ഒന്നു മുതല്‍ നാലു വരെ അറകള്‍ ഉണ്ട്‌. സ്‌തംഭീയ ബീജാണ്ഡവിന്യാസമാണ്‌ ബീജാണ്ഡങ്ങളുടേത്‌. അണ്ഡങ്ങള്‍ക്ക്‌ അധ്യാവരണം ഒന്നു മാത്രമേയുള്ളൂ. വര്‍ത്തിക ഒന്ന്‌. വര്‍ത്തികാഗ്രം സ്വല്‌പം പുറത്തേക്കു തള്ളിയതാണ്‌. ബറി (Berry), ആമ്രകം (Drupe)എന്നീ മാംസളഫലങ്ങള്‍ സാധാരണമാണ്‌. വിത്ത്‌ വളരെ ചെറുതാണ്‌.

കോര്‍ണേസിയിലെ ചെടികള്‍ സാധാരണയായി പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തപ്പെടുന്നു. ഡോഗ്‌വുഡ്‌ എന്നറിയപ്പെടുന്ന കോര്‍ണസ്‌ ഫ്‌ളോറിഡ ഒരു മനോഹര ഉദ്യാന സസ്യമാണ്‌. അക്യൂബ (Aucuba), കോര്‍ണസ്‌ (Cornus), കോറോക്കിയ (Corokia), ഗ്രിസെലീനിയ (Griselinia), ഹെല്‍വിഞ്ചിയ (Helwingia)തുടങ്ങിയവയുടെ സ്‌പീഷീസുകളെ ഗ്രീന്‍ഹൗസില്‍ വളര്‍ത്താറുണ്ട്‌. കോര്‍ണേലിയന്‍ ചെറി എന്ന പേരില്‍ അറിയപ്പെടുന്ന കോര്‍ണസ്‌ മാസിന്റെ പഴം ഭക്ഷ്യയോഗ്യമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍