This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോര്‍ണേലിയസ്, വിശുദ്ധന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോര്‍ണേലിയസ്, വിശുദ്ധന്
Saint Cornelius
കത്തോലിക്കാസഭയിലെ 21-ാമത്തെ മാര്‍പ്പാപ്പ (251-253). സഭയുടെ ചരിത്രത്തിലെ ഒരു അപചയഘട്ടത്തിലാണ് ക്രൈസ്തവ നേതാക്കന്മാര് ഒരുമിച്ചുകൂടി അഭിജാതനായ ഒരു പുരോഹിതന് എന്ന നിലയില്‍ ഇറ്റലിക്കാരനായ കോര്‍ണേലിയസ്സിനെ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തത്. ഗോത്തുകള്‍ എന്നറിയപ്പെടുന്ന അപരിഷ്കൃതവര്‍ഗക്കാര്‍ റോമന്‍ സാമ്രാജ്യത്തില്‍ നുഴഞ്ഞു കയറി കൊള്ളയും കൊലയും നടത്തിയപ്പോള്‍ ഡേഷ്യസ് ചക്രവര്‍ത്തിക്ക് അവരെ അമര്‍ച്ച ചെയ്യാന്‍ സൈന്യവുമായി ഡാന്യൂബ് നദിക്കരയിലേക്കു പോകേണ്ടിവന്നു. ചക്രവര്‍ത്തി റോമാനഗരം വിട്ടപ്പോള്‍ ക്രൈസ്തവസഭാനേതാക്കന്മാര്‍ ഒരുമിച്ചു കൂടി കോര്‍ണേലിയസ്സിനെ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തു.
ക്രൈസ്തവസഭയുടെ നിലനില്പിനും വളര്‍ച്ചയ്ക്കും വേണ്ടി ഇദ്ദേഹം അക്ഷീണം പ്രയത്നിച്ചു. റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയും ക്രൈസ്തവ സഭാവിരോധിയുമായ ഡേഷ്യസിന്റെ മതപീഡനത്തെ പേടിച്ച് ക്രിസ്തുമതം ഉപേക്ഷിച്ചവര്‍ പശ്ചാത്തപിച്ചാല്‍ സഭയില്‍ ചേര്‍ക്കുന്നതാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. മതപീഡനം ഭയന്നു സഭവിട്ടവരെ സംയോജിപ്പിക്കാന്‍ കോര്‍ണേലിയസ് യത്നിച്ചു. അനേകം കത്തുകളും ലേഖനങ്ങളും എഴുതി. കാര്‍ത്തേജിലെ മെത്രാനായ സിപ്രിയന് എഴുതിയ രണ്ടെഴുത്തുകളും അന്തേ്യാഖ്യ മെത്രാന് ഫാബിയോസിനെഴുതിയ കത്തും ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു. അക്കാലത്തെ റോമന്‍ സഭയുടെ സംഘടനാകാര്യങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഇവ.
ഗോത്തുകളെന്ന അപരിഷ്കൃതവര്ഗത്തെ അടിച്ചമര്‍ത്തി ഡാന്യൂബ് നദിക്കരയില്‍ നിന്നും തിരിച്ചെത്തിയ ഡേഷ്യസ് കോര്‍ണേലിയസിനെ സിവിതാ വേക്കിയ (Civita vecchia) യിലേക്കു നാടുകടത്തി. 253-ല്‍ സിവിതാ വേക്കിയയില് വച്ച് നിര്യാതനായി. 258-ല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം റോമില്‍ കൊണ്ടുവന്ന് കല്ലിത്തൂസിലെ സെമിത്തേരിയില്‍ സംസ്കരിച്ചു. മാര്‍ബിള്‍ ശിലയില്‍ "കോര്‍ണേലിയസ്-രക്തസാക്ഷി'(CORNELIUS-MARTYR) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ത്തേജിലെ ബിഷപ്പായ വിശുദ്ധ സിപ്രിയന് കോര്ണേലിയസ്സിന്റെ രക്തസാക്ഷിത്വം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോര്ണേലിയസ്സിന്റെ പെരുന്നാള്‍ വിശുദ്ധ സിപ്രിയന്റെ പെരുന്നാളിനോടൊപ്പം സെപ്.16-ന് ആഘോഷിച്ചു വരുന്നു.
(വില്‍ഫ്രഡ് തോമസ്)