This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോര്‍ഡിലെ(ല)റ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോര്‍ഡിലെ(ല)റ
Cordillera
പര്‍വതങ്ങളുടെ ദൈര്‍ഘ്യമേറിയ സമാന്തരവലയങ്ങള് അഥവാ ശൃംഖലകള്‍. "ചെറിയ കയര്‍' എന്നര്‍ഥം വരുന്ന "കോഡില്ല' എന്ന പുരാതന സ്പാനിഷ് പദത്തില്‍ നിന്നാണ് "കോര്‍ഡിലറ'യുടെ നിഷ്പത്തി.
വ്യത്യസ്തപര്വതശ്രണികള്, സമീപ പീഠഭൂമികള്‍, അന്തര-പര്‍വതീയ-നിമ്നഭൂമികള് എന്നിവയുടെ കൂട്ടത്തെയാണ് "കോര്‍ഡിലറ' സാധാരണ പ്രതിനിധാനം ചെയ്യുന്നത്. ഒരു ഭൂഖണ്ഡത്തിന്റെ തുടര്‍ച്ചയാണ് കോര്‍ഡിലറ. ഇതിന് ദൈര്ഘ്യപ്രവണതയുണ്ടായിരിക്കും. തെക്കും വടക്കും അമേരിക്കകളുടെ പശ്ചിമഭാഗത്ത് പസിഫിക് സമുദ്രത്തിനും, ഉള്ളിലേക്കുമാറി കിഴക്കായി കാണുന്ന നിമ്നഭൂമിക്കും മധ്യേ സ്ഥിതി ചെയ്യുന്ന പര്‍വതപ്രദേശത്തെ സൂചിപ്പിക്കുന്നതിനായാണ് ഈ പദം അധികമായും ഉപയോഗിക്കുന്നത്. തെക്കേ അമേരിക്കയിലെ ആന്‍ഡീസ് പര്‍വതനിരകളെ അവയുടെ പൂര്‍ണമായ അസ്തിത്വത്തില്‍ വിവരിക്കുന്നതിനാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത് ("Cordeillera de los Andes"). ആഫ്രിക്കയില്‍ കോര്ഡിലറകള് വളരെ ചെറുതാണ്; ആസ്റ്റ്രേലിയയിലാകട്ടെ പ്രത്യേക ദ്വീപുകളായി കാണപ്പെടുന്നു.
ഫലക-വിവര്‍ത്തനിക മാതൃക (plate-tectonic model) പ്രകാരം, ഭൂവല്കത്തിലുണ്ടാകുന്ന തീവ്രമായ രൂപമാറ്റമേഖലയെ കോര്‍ഡിലറ പ്രതിനിധാനം ചെയ്യുന്നു. ഫലകങ്ങള്‍ എന്നറിയപ്പെടുന്ന വലുതും താരതമ്യേന ദൃഢതയുമുള്ള സ്ഥലങ്ങള്‍ ഒത്തുചേരുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. കോര്ഡിലറകളുടെ ബൃഹത്തായ അഗ്നിപര്വതീയവും പ്ളൂട്ടോണികവും ആയ ആഗ്നേയ പ്രവര്‍ത്തനങ്ങളും പര്വതവലയത്തിന്റെ ആക്സിസില്നിന്നുമകന്ന് നിമ്നകോണിലുള്ള ക്ഷേപഭ്രംശമേഖലകള് ഇരുവശത്തും ഉണ്ടാകാനുള്ള പ്രവണതയുമാണ് ഈ വിഭാഗത്തിലുള്ള പര്വതവലയങ്ങളുടെ സവിശേഷതകള്‍. കോര്‍ഡിലറ വലയങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്ന ആഗ്നേയവും കായാന്തരവുമായ സവിശേഷതകള്‍ക്ക് പല ഘടകങ്ങള്‍ ബാധകമാണ്. ഭൂവല്ക്കത്തിലെ സമ്മര്‍ദം, ആഴത്തില്‍, ചരിഞ്ഞ ഫലക-സീമകള്‍ക്കുള്ളിലുള്ള ശിലകളുടെ ഉരുകല്‍, മുകളില്‍ കിടക്കുന്ന ഭൂഖണ്ഡഫലകങ്ങളിലെ താപപരിണാമങ്ങളുടെ അനുഗമനം എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനമാണ്. വടക്കേ അമേരിക്കയിലേതുപോലുള്ള കോര്‍ഡിലറ-പര്വതവലയങ്ങള്, ഹിമാലയന്‍ വിഭാഗമായ സംഘര്ഷമേഖലാ പര്വതവലയങ്ങളില്നിന്നു വ്യത്യസ്തമാണ്. ഇവ രൂപംകൊണ്ട ഫലകസംവ്രജനരീതിയിലുള്ള വ്യതിയാനമാണ് ഇതിനു കാരണം. ഒരു സമുദ്രഫലകം ഭൂവല്ക്കഫലകവുമായോ അതിനടിയിലോ ദീര്‍ഘകാലീന സംവ്രജനത്തിലായിരിക്കുമ്പോഴാണ് കോര്‍ഡിലറ-പര്‍വതനിരകള്‍ വികാസം പ്രാപിക്കുന്നത്. എന്നാല്‍ ഒരു ഭൂവല്‍ക്കഫലകം മറ്റൊരു ഭൂവല്ക്കഫലകവുമായോ ഒരു ദ്വീപചാപവുമായോ സംവ്രജനവും സംഘര്‍ഷവും നടക്കുന്നതിന്റെ ഫലമായാണ് ഹിമാലയന്‍ വിഭാഗ-സംഘര്ഷമേഖലാപര്വതവലയങ്ങള് രൂപംകൊള്ളുന്നത്.
സാധാരണയായി കോര്ഡിലറയുടെ അരികുകള്‍ ആദായകരമായ ഖനിജീഭവനപ്രദേശങ്ങളാണ്. പോര്ഫിറിറ്റിക-അന്തര്വേധികളുമായി ചേര്‍ന്നുകാണുന്ന "പോര്‍ഫിറി' ചെമ്പുനിക്ഷേപങ്ങള്‍, സിലിക്കാ-ആഗ്നേയശിലകളുമായി ചേര്‍ന്നുകാണുന്ന "കുറോകോ-ടൈപ്പ്' സള്‍ഫൈഡ് നിക്ഷേപങ്ങള്‍ എന്നിവയാണ് ഇവിടെ കാണപ്പെടുന്ന മുഖ്യ അയിരുകള്‍. ജപ്പാനിലെ ഹോണ്ഷുദ്വീപിലുള്ള ഖനികളാണ് "കുറോകോ' എന്ന പേരിനാധാരം.
(ഡോ. എം. സന്തോഷ്)