This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറെ, ഏലിയാസ്‌ ജെയിംസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:31, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോറെ, ഏലിയാസ്‌ ജെയിംസ്‌

Corey, Elias James (1928 - )

നോബല്‍ പുരസ്‌കാര ജേതാവായ (1990) അമേരിക്കന്‍ രസതന്ത്രജ്ഞന്‍. 1928 ജൂലായില്‍ അമേരിക്കയിലെ മാസച്യുസെറ്റ്‌സില്‍ ജനിച്ചു. മാസച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി(MIT)യില്‍ നിന്ന്‌ ബിരുദവും (1948) പിഎച്ച്‌.ഡിയും (1950) കരസ്ഥമാക്കി. തുടര്‍ന്ന്‌ ഇല്ല്യാനോസ്‌ സര്‍വകലാശാല, ഹാവാര്‍ഡ്‌ സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു.

രാസസംശ്ലേഷണത്തില്‍, സാധാരണയായി ലളിതഘടനയുള്ള തന്മാത്രകളെ കൂട്ടിച്ചേര്‍ത്താണ്‌ സങ്കീര്‍ണഘടനയുള്ള സംയുക്തങ്ങളെ നിര്‍മിച്ചിരുന്നത്‌. എന്നാല്‍, ഏലിയാസ്‌ കോറെ ഇതിനു വിപരീതമായി സങ്കീര്‍ണഘടനാതന്മാത്രകളെ വിഘടിപ്പിച്ച്‌ ലഘുതന്മാത്രകളാക്കുകയായിരുന്നു ചെയ്‌തത്‌. ഏറ്റവും ലഘു തന്മാത്രകള്‍ ലഭ്യമാകുന്നതുവരെ ഈ വിഘടനപ്രക്രിയ തുടര്‍ന്നു കൊണ്ടേയിരിക്കും എന്നതാണിതിന്റെ സവിശേഷത. റിട്രാസിന്തെസിസ്‌ (Retro Synthesis)എന്നാണിത്‌ അറിയപ്പെടുന്നത്‌.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സങ്കീര്‍ണമായ ഘടനയോടു കൂടിയ നൂറുകണക്കിന്‌ വ്യത്യസ്‌ത തന്മാത്രകള്‍ സൃഷ്‌ടിക്കാന്‍ ഇദ്ദേഹത്തിനുകഴിഞ്ഞു. ജീവശാസ്‌ത്രത്തിലും രസതന്ത്രത്തിലും പ്രാധാന്യമര്‍ഹിക്കുന്ന തന്മാത്രകളായ പ്രാസ്റ്റാഗ്ലാന്‍ഡിനുകള്‍, ഫാറ്റി അമ്ലങ്ങള്‍ എന്നിവ ഇദ്ദേഹം ഇപ്രകാരം നിര്‍മിച്ചു. ജിങ്കോ മരത്തില്‍നിന്നും വളരെ നേരിയ അളവില്‍ ലഭിക്കുന്ന ജിങ്കോലൈഡ്‌-ബി എന്ന ഔഷധവസ്‌തുവിന്റെ നിര്‍മാണത്തിലും കോറെ റിട്രാസിന്തെസിസ്‌ പ്രക്രിയയാണ്‌ അവലംബിച്ചത്‌. 1989-ല്‍ കോറെ തന്റെ നൂതന സാങ്കേതികവിദ്യ സമാഹരിച്ച്‌ "ദ്‌ ലോജിക്‌ ഒഫ്‌ കെമിക്കല്‍ സിന്തെസിസ്‌' എന്ന പുസ്‌തകം പ്രസിദ്ധീകരിക്കുകയുണ്ടായി. മഹത്തായ ഈ കണ്ടുപിടിത്തത്തിനാണ്‌ ഇദ്ദേഹത്തിന്‌ നോബല്‍ സമ്മാനം ലഭിച്ചത്‌.

സങ്കീര്‍ണ രാസ തന്മാത്രകളുടെ നിര്‍മാണത്തിനായി തന്മാത്രാ റോബോട്ടുകള്‍ എന്നറിയപ്പെടുന്ന നിരവധി റീ ഏജന്റുകളും എന്‍സൈമുകളും കോറെയും സംഘവും വികസിപ്പിച്ചിട്ടുണ്ട്‌. സിന്തെറ്റിക്‌ ഓര്‍ഗാനിക്‌ കെമിസ്‌ട്രിയില്‍ 300-ലധികം രാസസംശ്ലേഷണ പ്രവര്‍ത്തനങ്ങള്‍ കോറെ ഏലിയാസ്‌ ആവിഷ്‌കരിച്ചിട്ടുണ്ട്‌. കോറി-ഇത്സുനോ റിഡക്ഷന്‍, കോറി-ഫുച്ച്‌സ്‌ റിയാക്ഷന്‍, കോറെ-കിം ഓക്‌സിഡേഷന്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌. ലിനസ്‌ പോളിങ്‌ അവാര്‍ഡ്‌ (1973), ഫ്രാന്ന്‌ളിന്‍ മെഡല്‍ (1978), വൂള്‍ഫ്‌ പ്രസ്‌ (1986), നാഷണല്‍ മെഡല്‍ ഒഫ്‌ സയന്‍സ്‌ (1988), പ്രീസ്റ്റ്‌ലി മെഡല്‍ (2004) തുടങ്ങിയവ ഇദ്ദേഹത്തിനു ലഭിച്ച ബഹുമതികളാണ്‌. ഓക്‌സ്‌ഫഡ്‌, കേംബ്രിജ്‌ തുടങ്ങിയ ലോക പ്രശസ്‌ത സര്‍വകലാശാലകള്‍ ഉള്‍പ്പെടെ നിരവധി സര്‍വകലാശാലകള്‍ ഇദ്ദേഹത്തെ ഒണററി ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍