This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോംപ്‌ടണ്‍, ആര്‍തര്‍ ഹോളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:22, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോംപ്‌ടണ്‍, ആര്‍തര്‍ ഹോളി

Compton, Arthur Holly (1892 - 1962)

നോബല്‍ സമ്മാന ജേതാവായ (1927) അമേരിക്കന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. മാക്‌സ്‌ പ്ലാന്നിന്റെ ക്വാണ്ടം സിദ്ധാന്തവും അതിന്‌ ഐന്‍സ്റ്റൈന്‍ നല്‌കിയ വ്യാഖ്യാനവും ശരിയാണെന്ന്‌ സ്ഥാപിച്ച ശാസ്‌ത്രജ്ഞനാണ്‌ കോംപ്‌ടണ്‍. "കോംപ്‌ടണ്‍ പ്രഭാവം' എന്നറിയപ്പെടുന്ന ഈ കണ്ടെത്തല്‍, ക്വാണ്ടം സിദ്ധാന്തം ശാസ്‌ത്രലോകത്ത്‌ സ്വീകാര്യമാക്കുന്നതില്‍ നിര്‍ണായകപന്നാണ്‌ വഹിച്ചിരിക്കുന്നത്‌.

1892 സെപ്‌. 10-നു ഒഹായോയിലെ വൂസ്റ്ററില്‍ ജനിച്ചു. 1913-ല്‍ വൂസ്റ്ററിലെ കോളജില്‍നിന്നും ബിരുദവും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്നു (1916) പി.എച്ച്‌ഡിയും നേടി. 1919-20-ല്‍ കേംബ്രിജ്‌ സര്‍വകലാശാലയിലെ കാവന്‍ഡിഷ്‌ ലബോറട്ടറിയിലെ ഔദ്യോഗിക സേവനത്തെ(1919-20)ത്തുടര്‍ന്ന്‌ മിനസോട്ട (1916-17), വാഷിങ്‌ടണ്‍ (1920-23), ഷിക്കാഗോ (1923-45) എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി. 1940-ല്‍ ഷിക്കാഗോ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗത്തിന്റെ ഡീന്‍ ആയി കോംപ്‌ടണ്‍ നിയമിതനായി. ഇതിനിടയില്‍ പഞ്ചാബ്‌ (1926-27), ഓക്‌സ്‌ഫഡ്‌ (1934-35), വാഷിങ്‌ടണ്‍ (1940) എന്നീ സര്‍വകലാശാലകളിലെ വിസിറ്റിങ്‌ പ്രൊഫസര്‍ ആയും സേവനം അനുഷ്‌ഠിച്ചു. 1945-53 കാലയളവില്‍ വാഷിങ്‌ടണ്‍ സര്‍വകലാശാലയുടെ ചാന്‍സലറായിരുന്ന കോംപ്‌ടണ്‍ 1954 മുതല്‍ വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്‌ത്രത്തിന്റെ പ്രൊഫസറായി നിയമിതനായി.

എക്‌സ്‌-റേ, ഫോട്ടോണുകള്‍, ഗാമാ-റേ, കോസ്‌മിക വികിരണങ്ങള്‍ എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളിലാണ്‌ ഇദ്ദേഹം പ്രധാനമായും ശ്രദ്ധപതിപ്പിച്ചിരുന്നത്‌. പദാര്‍ഥങ്ങളില്‍ നിന്നു പ്രകീര്‍ണിതമാകുന്ന എക്‌സ്‌-റേകളുടെ തരംഗദൈര്‍ഘ്യം പതന രശ്‌മികളില്‍നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്‌ ഇദ്ദേഹം കണ്ടെത്തി. പ്രകാശത്തിന്റെ കണികസ്വഭാവം (particle nature) വ്യക്തമാക്കുന്നതായിരുന്നു ഈ പരീക്ഷണം. എക്‌സ്‌-റേ ഒരു പദാര്‍ഥത്തില്‍ (ഉദാ. ഒരു കനം കുറഞ്ഞ ഗ്രാഫൈറ്റ്‌ തകിട്‌) പതിക്കുമ്പോള്‍, പദാര്‍ഥത്തിലെ സ്വതന്ത്ര ഇലക്‌ട്രാണുകളുമായി കൂട്ടിയിടിച്ച്‌ ഊര്‍ജത്തിന്റെ ഒരു ഭാഗം നഷ്‌ടപ്പെടുത്തുന്നു എന്നും തന്മൂലം അതിന്റെ ആവൃത്തിയില്‍ വരുന്ന കുറവ്‌ കണക്കാക്കാന്‍ അതിനെ ഒരു പ്രകാശ കണം അഥവാ ഫോട്ടോണ്‍ ആയി പരിഗണിച്ചേ മതിയാകൂ എന്നും പരീക്ഷണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു (1923). കോംപ്‌റ്റണ്‍ പ്രഭാവം എന്നറിയപ്പെടുന്ന ഈ കണ്ടുപിടുത്തത്തിനാണ് 1927-ലെ ഭൗതികത്തിനുള്ള നോബല്‍സമ്മാനം ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനായ സി.ടി.ആര്‍. വില്‍സണുമായി ഇദ്ദേഹം പങ്കിട്ടത്‌.

1942-ല്‍ ഷിക്കാഗോ സര്‍വകലാശാലയിലെ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയുടെ തലവനായി നിയമിതനായ ഇദ്ദേഹം അണുബോംബ്‌ പദ്ധതി (Atomic bomb project) ക്കുവേണ്ടി പ്ലൂട്ടോണിയത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കി. പ്ലൂട്ടോണിയം ആദ്യമായി ഉദ്‌പാദിപ്പിക്കാനും അണുശൃംഖലാപ്രവര്‍ത്തനം ആദ്യമായി പ്രാവര്‍ത്തികമാക്കാനും ഇദ്ദേഹത്തിനു സാധിച്ചു. അനേകം ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കിയതിനു പുറമേ എക്‌സ്‌റേയ്‌സ്‌ ആന്‍ഡ്‌ ഇലക്‌ട്രോണ്‍സ്‌ (1926), എക്‌സ്‌റേയ്‌സ്‌ ഇന്‍ തിയറി ആന്‍ഡ്‌ എക്‌സ്‌പെരിമെന്റ്‌ (1935), ദി ഫ്രീഡം ഒഫ്‌ മാന്‍ (1935), ഹ്യൂമന്‍ മീനിങ്‌ ഒഫ്‌ സയന്‍സ്‌ (1940), അറ്റോമിക്‌ ക്വസ്റ്റ്‌ (1956), എന്നീ ഗ്രന്ഥങ്ങളും കോംപ്‌ടണ്‍ രചിച്ചിട്ടുണ്ട്‌.

1962 മാ.15-ന്‌ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയില്‍ കോംപ്‌ടണ്‍ അന്തരിച്ചു. നോ: കോംപ്‌ടണ്‍ പ്രഭാവം

(പ്രൊഫ. കെ. ഗോവിന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍