This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:53, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌

Commonwealth Games

കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളിലെ കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഒരു അന്താരാഷ്‌ട്ര കായികമേള. നാലുകൊല്ലത്തിലൊരിക്കല്‍, ഒളിമ്പിക്‌ ഗെയിംസിന്റെ മാതൃകയില്‍ നടത്തുന്ന ലോകത്തിലെ മൂന്നാമത്തെ ഏറ്റവുംവലിയ കായികമേളയാണിത്‌. 1930-ലാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ തുടക്കമിട്ടത്‌. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ ജനിച്ചവരോ, സ്ഥിരതാമസമാക്കിയവരോ ആയ അമച്വര്‍ താരങ്ങളെ മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ. ഒളിമ്പിക്‌ വര്‍ഷങ്ങള്‍ക്കിടയ്‌ക്കാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘടിക്കപ്പെടുന്നത്‌.

വര്‍ഷങ്ങളിലൂടെ പല പരിണാമങ്ങള്‍ക്കും വിധേയമായാണ്‌ ഇന്നറിയുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ രൂപപ്പെട്ടത്‌. വിവിധകാലങ്ങളില്‍ ബ്രിട്ടീഷ്‌ എംപയര്‍ ഗെയിംസ്‌ (1930-54), ബ്രിട്ടീഷ്‌ എംപയര്‍ ആന്‍ഡ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ (1954-70), ബ്രിട്ടീഷ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ (1970-78), എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ കായികമേളയ്‌ക്ക്‌ 1978-ലാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എന്ന പേരു ലഭിച്ചത്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷ(CGF)നാണ്‌ ഗെയിംസിന്റെ ചുമതല വഹിക്കുന്നു.

ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സിനു (1928) തൊട്ടു പിന്നാലെയാണ്‌ ഒളിമ്പിക്‌ ഗെയിംസിന്റെ മാതൃകയില്‍ കോമണ്‍വെല്‍ത്ത്‌ രാഷ്‌ട്രങ്ങള്‍ക്കായി ഒരു കായികമേള സംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചനയുണ്ടായത്‌. ബ്രിട്ടനിലെയും യു.എസ്സിലെയും കായികതാരങ്ങള്‍ ലണ്ടനില്‍ ഒന്നിച്ചുചേര്‍ന്ന്‌ പ്രകടനങ്ങള്‍ കാഴ്‌ചവച്ചതോടെ ഇംപീരിയല്‍ ഗെയിംസ്‌ എന്ന ആശയം യാഥാര്‍ഥ്യമായി. ഒന്നാമത്തെ ബ്രിട്ടീഷ്‌ എംപയര്‍ ഗെയിംസ്‌ ഹാമില്‍ട്ടണില്‍ നടന്നു (1930). തുടര്‍ന്ന്‌ ലണ്ടന്‍ (1934), സിഡ്‌നി (1938), ഓക്‌ലന്‍ഡ്‌ (1950), വാന്‍കൂവര്‍ (1954), കാര്‍ഡിഫ്‌ (1958), പെര്‍ത്‌ (1962), കിങ്‌സ്റ്റണ്‍ (1966), എഡിന്‍ബറോ (1970), ക്രൈസ്റ്റ്‌ചര്‍ച്ച്‌ (1974), എഡ്‌മണ്‍ടണ്‍ (1978), ബ്രിസ്‌ബേന്‍ (1982), എഡിന്‍ ബറോ (1986), ഓക്‌ലന്‍ഡ്‌ (1990) എന്നിവിടങ്ങളില്‍ വച്ച്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അരങ്ങേറി. രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്ന്‌ 1942-ലും 46-ലും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടന്നില്ല.

1930-ല്‍ ആറ്‌ ഇനങ്ങളിലായി 11 രാജ്യങ്ങള്‍ മാത്രം പങ്കെടുത്തിരുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ 1982 ആയപ്പോഴേക്കും 10 ഇനങ്ങളിലായി (ആര്‍ച്ചറി, അത്‌ലറ്റിക്‌സ്‌, ബാഡ്‌മിന്റണ്‍, ബോക്‌സിങ്‌, സൈക്ലിങ്‌, ലാണ്‍ബൗള്‍സ്‌, ഷൂട്ടിങ്‌, സ്വിമ്മിങ്‌ ആന്‍ഡ്‌ ഡൈവിങ്‌, വെയിറ്റ്‌ ലിഫ്‌റ്റിങ്‌, റെസ്‌ലിങ്‌) 47 രാജ്യങ്ങളുടെ പന്നാളിത്തം ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച്‌ 1986 ജൂല. 24 മുതല്‍ ആഗ. 2 വരെ നടന്ന 13-ാം കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍നിന്നു ഇന്ത്യയുള്‍പ്പെടെ 32 രാഷ്‌ട്രങ്ങള്‍ വിട്ടുനിന്നു.

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സാധാരണയായി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്‌ ഇംഗ്ലണ്ടും കാനഡയും ആസ്റ്റ്രേലിയയുമാണ്‌. 1986-ലെ മേളയില്‍ ഇംഗ്ലണ്ട്‌ മെഡല്‍ നിലയില്‍ ഒന്നാംസ്ഥാനത്തായിരുന്നു (52 സ്വര്‍ണം, 42 വെള്ളി, 48 വെങ്കലം). കാനഡയും (51 സ്വര്‍ണം, 34 വെള്ളി, 34 വെങ്കലം) ആസ്റ്റ്രേലിയയും (40 സ്വര്‍ണം, 46 വെള്ളി, 34 വെങ്കലം) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 2010-ലെ ഇന്ത്യയുടെ മെഡല്‍നില

ഇനം സ്വര്‍ണം വെള്ളി വെങ്കലം ആകെ ഷൂട്ടിങ്‌ 14 11 5 30 ഗുസ്‌തി 10 5 4 19 അമ്പെയ്‌ത്ത്‌ 3 1 4 8 ബോക്‌സിങ്‌ 3 0 4 7 അത്‌ലറ്റിക്‌സ്‌ 2 3 7 12 ഭാരോദ്വഹനം 2 2 4 8 ബാഡ്‌മിന്റണ്‍ 2 1 1 4 ടേബിള്‍ ടെന്നീസ്‌ 1 1 3 5 ടെന്നീസ്‌ 1 1 2 4 ജിംനാസ്റ്റിക്‌ 0 1 1 2 ഹോക്കി 0 1 0 1 നീന്തല്‍ 0 0 1 1 സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലാണ്‌ 2014-ലെ മേള നിശ്ചയിച്ചിരിക്കുന്നത്‌.

2002-ല്‍ മാഞ്ചസ്റ്ററിലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ 30 സ്വര്‍ണമുള്‍പ്പെടെ 69 മെഡലുകള്‍ ഇന്ത്യ നേടുകയുണ്ടായി. 2010-ലാണ്‌ ഇന്ത്യ ആദ്യമായി കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ആതിഥേയത്വമരുളിയത്‌. 2010 ഒ. 3 മുതല്‍ 14 വരെ ന്യൂഡല്‍ഹിയില്‍ 12-ഓളം, വേദികളിലായി മല്‍സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. 71 രാജ്യങ്ങളില്‍നിന്നുള്ള 6081 കായികതാരങ്ങള്‍ പങ്കെടുത്തു. ഇതില്‍, ആസ്‌റ്റ്രലിയ മെഡല്‍നിലയില്‍ ഒന്നാംസ്ഥാനവും (74 സ്വര്‍ണം, 55 വെള്ളി, 48 വെങ്കലം) ഇന്ത്യ (38 സ്വര്‍ണം, 27 വെള്ളി, 36 വെങ്കലം) രണ്ടാം സ്ഥാനവും ഇംഗ്ലണ്ട്‌ (37 സ്വര്‍ണം, 59 വെള്ളി, 46 വെങ്കലം) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത്‌ (30) ഷൂട്ടിങ്ങിലാണ്‌. ഈ ഗെയിംസില്‍ ഏറ്റവും മികച്ച നേട്ടം കൊയ്‌ത കായികതാരം ഇന്ത്യയുടെ ഷൂട്ടിങ്‌താരം ഗഗന്‍ നാരംഗ്‌ ആണ്‌ (4 സ്വര്‍ണം).

ഇന്ത്യ കരസ്ഥമാക്കിയ 101 മെഡലുകളില്‍ ഒന്‍പതെണ്ണം (ഒരു സ്വര്‍ണം, ഒരു വെള്ളി, ഏഴു വെങ്കലം) മലയാളികളായ കായിക താരങ്ങളിലൂടെ നേടിയതാണ്‌. വനിതകളുടെ 4 x 400 മീറ്റര്‍ റിലേയില്‍ പങ്കെടുത്ത സിനിജോസ്‌ ആണ്‌ കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടിയ ആദ്യമലയാളി. അത്‌ലറ്റിക്‌സില്‍ എം.എ. പ്രജുഷ (വെള്ളി), ട്രിപ്പിള്‍ ജംപില്‍ രഞ്‌ജിത്ത്‌ മഹേശ്വരി, പി.കെ. പ്രിയ, ഷമീര്‍ മോന്‍, അപര്‍ണബാലന്‍, വി.സജു, രൂപേഷ്‌കുമാര്‍, സനേവ്‌ തോമസ്‌ എന്നിവരാണ്‌ മെഡല്‍ ജേതാക്കളായ മറ്റു കായിക താരങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍