This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോബ്‌ളെന്‍സ്‌, വില്യം വെബര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:52, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോബ്‌ളെന്‍സ്‌, വില്യം വെബര്‍

Coblentz, William Weber (1873 - 1962)

സ്‌പെക്‌ട്രോസ്‌കോപ്പി, ഇന്‍ഫ്രാറെഡ്‌ റേഡിയോമെട്രി (Infrared radiometry) എന്നീ ഭൗതികശാഖകളിലും ജ്യോതിശ്ശാസ്‌ത്രജ്ഞമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച യു.എസ്‌. ഭൗതികശാസ്‌ത്രജ്ഞന്‍. ഇന്‍ഫ്രാറെഡ്‌ വികിരണോര്‍ജം നിര്‍ണയിച്ച ആദ്യകാലശാസ്‌ത്രജ്ഞന്മാരിലൊരാളും ജ്യോതിശ്ശാസ്‌ത്രമേഖലയില്‍, ഇന്‍ഫ്രാറെഡ്‌ വര്‍ണരാജിപഠനങ്ങള്‍ക്ക്‌ പ്രാരംഭം കുറിച്ച ശാസ്‌ത്രജ്ഞനുമാണ്‌ കോബ്‌ളെന്‍സ്‌.

1873 ന. 20-ന്‌ ഉത്തര ലിമയിലെ ഒഹായോവില്‍ ജനിച്ചു. കെയ്‌സ്‌ സ്‌കൂള്‍ ഒഫ്‌ അപ്ലൈയ്‌ഡ്‌ സയന്‍സസില്‍ (Case Western Reserve University) നിന്ന്‌ ബിരുദവും (1900) കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന്‌, എം.എസ്‌. ബിരുദവും (1901), പിഎച്ച്‌.ഡി.യും (1903) കരസ്ഥമാക്കി. വാഷിങ്‌ടണിലെ കാര്‍ണേഗീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണവിഭാഗത്തില്‍ ചുരുങ്ങിയകാലം പ്രവര്‍ത്തിച്ചതിനുശേഷം, 1904-ല്‍ നാഷണല്‍ ബ്യൂറോ ഒഫ്‌ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ (National Institute of Standard & Technology-NIST) ചേര്‍ന്നു. 1905 മുതല്‍ 45 വരെ, 40 വര്‍ഷക്കാലത്തോളം ഈ സ്ഥാപനത്തിന്റെ ഡയറക്‌ടറായി സ്‌തുത്യര്‍ഹസേവനമനുഷ്‌ഠിക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്‌.

ശുദ്ധ-പ്രയുക്ത ശാസ്‌ത്രമേഖലകളിലായി, വിവിധ കണ്ടുപിടുത്തങ്ങള്‍ നടത്തിയ കോബ്‌ളെന്‍സ്‌ ഇന്‍ഫ്രാറെഡ്‌ വര്‍ണരാജികളെക്കുറിച്ചുള്ള പഠനങ്ങളിലാണ്‌ മുഖ്യമായും ശ്രദ്ധപതിപ്പിച്ചിരുന്നത്‌. അയഡിന്റെ പ്രാകാശിക സ്വഭാവങ്ങളെക്കുറിച്ചുള്ള ഗവേഷണഫലങ്ങളായിരുന്നു ആദ്യപ്രസിദ്ധീകരണം. കൃഷ്‌ണികാവികിരണം (black body radiation) സൂക്ഷ്‌മമായി നിര്‍ണയിക്കുന്ന പ്ലാന്ന്‌ നിയമം, (മാക്‌സ്‌ പ്ലാങ്ക്; 1900) പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിക്കാനും ലോകവ്യാപകമായി ഉപയോഗത്തിലുള്ള വികിരണമാപനോപാധികളുടെ സംവിധാനത്തില്‍ നേതൃത്വം നല്‌കാനും ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്‌. കൂടാതെ ഹാനികരമായ വികിരണങ്ങളെ ചെറുക്കാന്‍ തക്കശേഷിയുള്ള കണ്ണടകള്‍ക്കുപയുക്തമായ സംവിധാനങ്ങളും വികസിപ്പിച്ചെടുത്തു. മികച്ച സൗരസെല്ലുകളും ഇദ്ദേഹത്തിന്റെ നേട്ടങ്ങളില്‍പ്പെടുന്നു.

ജ്യോതിശ്ശാസ്‌ത്രമേഖലയില്‍, ഇന്‍ഫ്രാറെഡ്‌ വികിരണ ഡിറ്റക്‌റ്ററു(I.R.Detector)കള്‍, ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌. ഇതിലൂടെ ലിക്ക്‌ വാനനിരീക്ഷണാലയത്തില്‍ വച്ച്‌ 110 നക്ഷ്‌ത്രങ്ങളുടെയും ചൊത്മ, ശുക്രന്‍, വ്യാഴം എന്നീ ഗ്രഹങ്ങളുടെയും ഇന്‍ഫ്രാറെഡ്‌ വികിരണം നിര്‍ണയിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ചൊത്മയിലെ ദിന-രാത്ര താപനിലയില്‍ വമ്പിച്ച വ്യത്യാസമുണ്ടെന്നും പഠനങ്ങളിലൂടെ ഇദ്ദേഹം കണ്ടെത്തി. സൂര്യഗ്രഹണനിരീക്ഷണ പഠനങ്ങളും നടത്തിയിട്ടുണ്ട്‌. ഈ മേഖലയില്‍ കോബ്‌ളെന്‍സിന്റെ നേട്ടങ്ങള്‍ക്കു ബഹുമാനസൂചകമായി അന്താരാഷ്‌ട്ര ജ്യോതിശ്ശാസ്‌ത്ര സംഘടന, ചന്ദ്രനിലെയും ചൊത്മയിലെയും ചില ക്രേറ്ററുകള്‍ക്ക്‌ ഇദ്ദേഹത്തിന്റെ പേരാണ്‌ നല്‌കിയിട്ടുള്ളത്‌.

അള്‍ട്രാവയലറ്റ്‌ വികിരണങ്ങളെക്കുറിച്ചുള്ള കോബ്‌ളെന്‍സിന്റെ ഗവേഷണ പഠനങ്ങളില്‍ അള്‍ട്രാവയലറ്റ്‌ തെറാപ്പി (1938), അള്‍ട്രാവയലറ്റ്‌ വികിരണങ്ങളിലൂടെ ഉണ്ടാകുന്ന അര്‍ബുദം (1948) എന്നിവ ഉള്‍പ്പെടുന്നു.

1954-ല്‍ സ്ഥാപിച്ച കോബ്‌ളെന്‍സ്‌ സൊസൈറ്റിയില്‍ പ്രഥമ അംഗത്വമുണ്ടായിരുന്ന ഇദ്ദേഹത്തിന്‌ പത്തോളം പേറ്റന്റുകള്‍ ലഭിച്ചിട്ടുണ്ട്‌. നൂറുകണക്കിന്‌ ശാസ്‌ത്ര പ്രബന്ധങ്ങളാണ്‌ ഇദ്ദേഹത്തിന്റേതായിട്ടുള്ളത്‌. നാഷണല്‍ അക്കാദമി അംഗത്വം, ജാന്‍സെന്‍ മെഡല്‍ (1920), റംഫോഡ്‌ മെഡല്‍ (Rumford Medal), ഹോവാര്‍ഡ്‌ എന്‍. പോട്ട്‌സ്‌ മെഡല്‍ (1910), ഫ്രഡറിക്‌ ഈവ്‌സ്‌ മെഡല്‍ (1945) തുടങ്ങിയവ കോബ്‌ളെന്‍സിനു ലഭിച്ച ചില ബഹുമതികളാണ്‌.

1962 സെപ്‌. 15-ന്‌ വാഷിങ്‌ടണില്‍ അന്തരിച്ച ഇദ്ദേഹത്തിന്റെ ഓര്‍മയ്‌ക്കായി, വര്‍ണരാജിപഠനമേഖലയില്‍ മികച്ച നേട്ടം കൈവരിക്കുന്ന വ്യക്തികള്‍ക്ക്‌ വര്‍ഷന്തോറും കോബ്‌ളെന്‍സ്‌ സൊസൈറ്റി, കോബ്‌ളെന്‍സ്‌ മെഡല്‍ നല്‌കിവരുന്നു. 2012-ലെ സമ്മേളനം, മാര്‍ച്ച്‌ 14-ന്‌ ഒര്‍ലാന്റോയില്‍ വച്ചാണ്‌ നടന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍