This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോത്താരി, ലക്ഷ്‌മണ്‍സിങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോത്താരി, ലക്ഷ്‌മണ്‍സിങ്
Kothari, Lakhman Singh (1926 - )
ഇന്ത്യന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. ഖരാവസ്ഥാ ഭൗതികം (Solid State Physics), ന്യൂട്രോണ്‍ ഭൗതികം (Neutron Physics)എന്നീ രംഗങ്ങളിലാണ് കോത്താരിയുടെ ഗണ്യമായ സംഭാവനകള്‍.
പ്രശസ്‌ത ഇന്ത്യന്‍ ശാസ്‌ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്‌ധനുമായ ദൗലത്ത് സിങ് കോത്താരിയുടെ മകനായി 1926 ഏ. 13-ന് രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ജനിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബി.എസ്സ്‌സി. (1946), എം.എസ്സ്‌സി. (1948) ബിരുദങ്ങള്‍ കരസ്ഥമാക്കിയശേഷം 1961-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്നു പിഎച്ച്.ഡി നേടി. തുടര്‍ന്ന്, ട്രാംബെയിലെ അറ്റോമിക് എനര്‍ജി എസ്റ്റാബ്ലിഷ്‌മെന്റ് (1954-61), പഞ്ചാബ് സര്‍വകലാശാല (1961), ഡല്‍ഹി സര്‍വകലാശാല (1963-91) എന്നിവിടങ്ങളില്‍ ഭൗതികശാസ്‌ത്രത്തിന്റെ വിവിധ മേഖലകളിലായി ഔദ്യോഗിക സേവനമനുഷ്‌ഠിച്ചു.
ക്വാണ്ടം ഇലക്‌ട്രാ ഡൈനാമിക്‌സ് എന്ന ശാഖയിലാണ് ഇദ്ദേഹം തന്റെ ശാസ്‌ത്രപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടതെങ്കിലും പില്‌ക്കാലത്ത് ഖരാവസ്ഥാഭൗതികം, ന്യൂട്രോണ്‍ ഭൗതികം എന്നീ ശാഖകളിലേക്കും ഗവേഷണം വ്യാപിപ്പിച്ചു. ഗ്രാഫൈറ്റുകളിലെ ന്യൂട്രോണ്‍ പ്രകീര്‍ണനം (scattering), ന്യൂട്രാണുകളുടെ മന്ദീകരണവും വിസരണവും (diffusion), മന്ദീകാരി(moderator)കളിലെ ന്യൂട്രോണ്‍ സ്‌പെക്‌ട്രം, മന്ദീകാരക മാധ്യമങ്ങളിലൂടെയുള്ള ന്യൂട്രോണ്‍ തരംഗ സംചരണം, ജലം, ഘനജലം (H2 O D2 O) എന്നിവയില്‍ ന്യൂട്രാണുകളുടെ വിസരണവും താപീയവത്‌കരണവും (thermalization) എന്നിവയില്‍ സുപ്രധാന പഠനങ്ങളും ഗവേഷണനിരീക്ഷണങ്ങളും ഇദ്ദേഹം നടത്തി. ലാറ്റിസ് ഡൈനാമിക്‌സ്, സൗരസെല്ലുകള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും ശ്രദ്ധേയങ്ങളാണ്.
1946 മുതല്‍ അന്തര്‍ദേശീയ-ദേശീയ ജേര്‍ണലുകളില്‍ വിവിധ വിഷയങ്ങളിലായി 170-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ലാറ്റിസ് ഡൈനാമിക്‌സ്, ന്യൂക്ലിയര്‍ ഭൗതികം എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്‌തിട്ടുണ്ട്. ഹിന്ദിഭാഷയിലും ഇദ്ദേഹത്തിന്റെ ശാസ്‌ത്രഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി; ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്‌സ് എന്നിവയില്‍ ഫെലോ ആയിരുന്ന കോത്താരി, അമേരിക്കന്‍ ന്യൂക്ലിയര്‍ സൊസൈറ്റി, ഐ.യു.പി.എ.പി. (I.U.P.A.P.) കമ്മിഷന്‍ എന്നിവയിലും അംഗമായിരുന്നു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 61-ാം വാര്‍ഷിക സമ്മേളനത്തില്‍ ഭൗതികവിഭാഗത്തിന്റെ അധ്യക്ഷന്‍, ഐ.എന്‍.എസ്.എ. പ്രസിദ്ധീകരണമായ ജര്‍ണല്‍ ഒഫ് ഫിസിക്‌സ് എഡ്യൂക്കേഷന്റെ ചീഫ് എഡിറ്റര്‍ (1975-78), ട്രഷറര്‍ (1989-92) യു.ജി.സി. നാഷണല്‍ ഫെലോ (1980-83) എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കണ്‍സപ്‌റ്റ് ഒഫ് ട്രൂത്ത് ഇന്‍ സയന്‍സ് ആന്‍ഡ് റിലിജ്യന്‍ തുടങ്ങിയ നാല് പുസ്‌തകങ്ങള്‍ സംശോധനം ചെയ്‌തിട്ടുണ്ട്.
1986-ല്‍ ഉദ്യോഗത്തില്‍നിന്നു വിരമിച്ച കോത്താരി, ഡല്‍ഹി സര്‍വകലാശാല ഭൗതികശാസ്‌ത്രവിഭാഗത്തില്‍ പ്രൊഫസറായി വീണ്ടും നിയമിതനാവുകയും തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിതുടങ്ങിയ ശാസ്‌ത്ര ഗവേഷണ സ്ഥാപനങ്ങളുടെ ഉപദേശകമ്മിറ്റികളിലും സേവനമനുഷ്‌ഠിച്ചുവരികയും ചെയ്യുന്നു.