This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോതമംഗലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോതമംഗലം
എറണാകുളം ജില്ലയിലെ ഒരു താലൂക്കും അതിന്റെ ആസ്ഥാനമായ മുനിസിപ്പല്‍ നഗരവും. 1978-ലാണ് കോതമംഗലം മുനിസിപ്പാലിറ്റി രൂപം കൊണ്ടത്. നഗരത്തിന്റെ വിസ്‌തൃതി: 37.45 ച.കി.മീ; ജനസംഖ്യ: 1,14,574 (2011); താലൂക്കിന്റെ വിസ്‌തൃതി: 285 ച.കി.മീ.; ജനസംഖ്യ: 2,25,551 (2011). മൂവാറ്റുപുഴ നിന്ന് 12 കി.മീ. വടക്കുകിഴക്കായിട്ടാണ് കോതമംഗലം സ്ഥിതിചെയ്യുന്നത്. "ഹൈറേഞ്ചിന്റെ കവാടം' എന്നറിയപ്പെടുന്ന കോതമംഗലം മലഞ്ചരക്കുവ്യാപാരത്തിനു പ്രസിദ്ധമാണ്. ബോഡിനായ്‌ക്കനൂര്‍ വഴി പ്രാചീനകാലം മുതല്‍ തന്നെ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, ദിണ്ടുഗല്‍ തുടങ്ങിയ സ്ഥലങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്നു. പഴക്കമുള്ള ക്രൈസ്തവദേവാലയങ്ങളും വിദ്യാകേന്ദ്രങ്ങളും കോതമംഗലത്തിന്റെ പ്രസിദ്ധിക്കു കാരണമാണ്. മൂന്നാര്‍-ദേവികുളം ഭാഗത്തേക്കുള്ള റോഡുഗതാഗതത്തിലെ മുഖ്യ-ഇടത്താവളമാണ് കോതമംഗലം.
2500 വര്‍ഷത്തെ ചരിത്ര പാരമ്പര്യവും മഹാശിലാസംസ്‌കാരകാലം മുതലുള്ള പ്രാധാന്യവും കോതമംഗലത്തിനുണ്ട്. എന്നാല്‍ പില്‌ക്കാലങ്ങളില്‍ ചേരരാജാക്കന്മാരുടെ ഭരണകാലചരിത്രത്തിനുശേഷം ഇടപ്രഭുക്കന്മാരായ കര്‍ത്താക്കന്മാരുടെ കൈയില്‍ ഈ ദേശത്തിന്റെ ഭരണം ചെന്നു ചേര്‍ന്നു. ഈ പ്രദേശത്തില്‍ ജൈന-ബുദ്ധ മതങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. പുരാതനകാലത്ത് ആദിചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കോതമംഗലം.
1338-ല്‍ സ്ഥാപിതമായ വലിയകാവ് ക്ഷേത്രത്തില്‍ ഭദ്രകാളിയുടെ പ്രതിഷ്‌ഠ ഉണ്ടായിരുന്നതിനാല്‍ ഭദ്രകാളിയുടെ മറ്റൊരു നാമേധയമായ "കോത'യുമായി ബന്ധപ്പെട്ടാണ് കോതമംഗലം എന്ന പേര് രൂപപ്പെട്ടതെന്നും ചേരരാജാക്കന്മാരുടെ സ്ഥാനപ്പേരായ "കോത'യില്‍നിന്നു ഉദ്‌ഭവിച്ചതാണ് കോതമംഗലം എന്നും അഭിപ്രായമുണ്ട്. 1972 ജനു. 26-ന് (ഇടുക്കി ജില്ലാരൂപവത്‌കരണത്തോടൊപ്പം) മൂവാറ്റുപുഴ താലൂക്കില്‍പ്പെട്ടിരുന്ന കോതമംഗലം, കീരംപാറ, കോട്ടപ്പടി, പിണ്ടിമന, എരമല്ലൂര്‍, പോത്താനിക്കാട്, വാരപ്പെട്ടി, കുട്ടന്‍പുഴ, കടവൂര്‍, കുട്ടമംഗലം എന്നീ വില്ലേജുകള്‍ ചേര്‍ത്ത് കോതമംഗലം താലൂക്ക് രൂപവത്‌കരിച്ചു. 1981-ലെ സെന്‍സസിനുശേഷം നേരിയമംഗലം, തൃക്കാരിയൂര്‍ എന്നീ രണ്ടു വില്ലേജുകള്‍കൂടി ഈ താലൂക്കില്‍ പുതിയതായി ചേര്‍ത്തു. (മൊത്തം 12 വില്ലേജുകള്‍). കിഴക്ക് ദേവികുളം താലൂക്കും തെക്ക് തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകളും വടക്ക് കുന്നത്തുനാട് താലൂക്കും പടിഞ്ഞാറ് മൂവാറ്റുപുഴ-കുന്നത്തുനാട് താലൂക്കുകളും ആണ് അതിര്‍ത്തികള്‍.
1978-ല്‍ മുന്‍സിപ്പാലിറ്റി രൂപംകൊണ്ടതോടെ നേരിയമംഗലം-പള്ളിവാസല്‍ റോഡ് ഗതാഗതയോഗ്യമായി ഇതിന്റെഫലമായി കോതമംഗലം അഭിവൃദ്ധിയിലേക്കുയര്‍ന്നു. മലങ്കര സുറിയാനി വിഭാഗക്കാരുടെ മാര്‍ത്തമറിയം വലിയപള്ളിയും (സെന്റ് തോമസ് പള്ളി) മാര്‍ത്തമറിയം ചെറിയ പള്ളിയും സിറിയന്‍ കത്തോലിക്കരുടെ സെന്റ് ജോര്‍ജ് പള്ളിയും പ്രസിദ്ധമാണ്. പൂക്കോട്ടുമല എന്നു പേരുള്ള പ്രകൃതിമനോഹരമായ ഒരു കുന്നിന്‍മുകളില്‍ പശ്ചിമാഭിമുഖമായി സ്ഥിതിചെയ്യുന്ന വലിയപള്ളിക്ക് പതിനാലു നൂറ്റാണ്ടു പഴക്കമുണ്ട്. റോമന്‍ മാതൃകയിലുള്ള ഈ ദേവാലയത്തിന്റെ ത്രികോണാകൃതിയുള്ള കമാനം പശ്ചിമേഷ്യക്കാരോ പേര്‍ഷ്യക്കാരോ ആയ ശില്‌പികളുടേതാവാം. 700 വര്‍ഷത്തെ പഴക്കമുള്ള മാര്‍ത്തമറിയം ചെറിയ പള്ളിയില്‍ കബറടക്കിയ മാര്‍ ബസേലിയസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ ആണ്ടുതോറും കന്നിമാസത്തില്‍ കൊണ്ടാടുന്നു.
മാര്‍ അത്തനേഷ്യസ് കോളജ് (1955), മാര്‍ അത്തനേഷ്യസ് കോളജ് ഒഫ് എന്‍ജിനീയറിങ് (1961) എന്നിവ കൂടാതെ ഏതാനും ഹൈസ്‌കൂളുകളും, മിഡില്‍-പ്രമറി സ്‌കൂളുകളും കോതമംഗലത്തുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസ്, ഡി.ഇ.ഒ. ഓഫീസ്, സബ്‌ട്രഷറി ഓഫീസ്, സര്‍വേ ഓഫീസ്, കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, താലൂക്കാഫീസ്, താലൂക്കാശുപത്രി, ഇലക്‌ട്രിക്കല്‍ സബ്‌സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവയാണ് സ്ഥലത്തെ മുഖ്യ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ധര്‍മഗിരി സിസ്റ്റേഴ്‌സിന്റെ ആധ്യാത്മികാസ്ഥാനമായ ഇവിടെ അവരുടെ മേല്‍നോട്ടത്തില്‍ ധര്‍മഗിരി എന്ന ആശുപത്രിയും പ്രവര്‍ത്തിക്കുന്നു.
എടമനക്കാട്ടു കര്‍ത്താക്കാന്മാരുടെയും തച്ചയത്ത് മൂന്നാം കൂറിന്റെയും അധീനതയിലായിരുന്നു ഇപ്പോഴത്തെ കോതമംഗലം അങ്ങാടി ഉള്‍പ്പെട്ട പ്രദേശങ്ങള്‍. അങ്ങാടിക്കു ചുറ്റുമായി ഇവരുടെ കോട്ടകളുടെ അവശിഷ്‌ടങ്ങള്‍ (നീര്‍ച്ചാക്കല്‍, പൂക്കോട്ട) ഇപ്പോഴും കാണാം. പ്രസിദ്ധമായ തൃക്കാരിയൂര്‍ മഹാദേവക്ഷേത്രം ഇവിടെ നിന്ന് 3 കി.മീ. വടക്കാണ്. പ്രാചീനമായ ചില കോട്ടകളും കൊട്ടാരാവശിഷ്‌ടങ്ങളും ക്ഷേത്രപരിസരത്തു കാണാന്‍ കഴിയും. ആദിചേരന്മാരുടെ ആസ്ഥാനം തൃക്കാരിയൂരായിരുന്നുവെന്നും അഭിപ്രായമുണ്ട്.
കര്‍ത്താക്കന്മാരുടെ ഭരണത്തിലിരുന്ന കിഴക്കേ കോതമംഗലത്ത് തൈക്കാട്ടു പടുതോള്‍ മനവക കൊട്ടാരവും വലിയകാവും സ്ഥിതി ചെയ്യുന്നു. നേരിയമംഗലത്ത് മധുര തിരുമലനായ്‌ക്കന്‍വക കൊട്ടാരങ്ങളുടെ അവശിഷ്‌ടങ്ങളും രണ്ടു ക്ഷേത്രങ്ങളും (മീനാക്ഷി, ശാസ്‌താവ്) ഉണ്ട്. പല്ലാരിമംഗലത്ത് അതിപുരാതനമായ ഒരു ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു. പല്ലാരിമംഗലം, പെരുമറ്റം, മുളവൂര്‍ എന്നിവിടങ്ങളിലെ മുസ്‌ലിംപള്ളികള്‍ പ്രസിദ്ധങ്ങളാണ്. പെരിയാര്‍വാലി ജലസേചന പദ്ധതിയും ഭൂതത്താന്‍ അണക്കെട്ടും ഈ താലൂക്കിലാണ്. കോതമംഗലം, പെരിയാര്‍, കാളിയാര്‍ എന്നീ നദികള്‍ ഈ താലൂക്കിലൂടെ ഒഴുകുന്നു. കുന്നും മേടും സമതലങ്ങളും നിറഞ്ഞതാണ് ഭൂപ്രകൃതി. റബ്ബര്‍, തെങ്ങ്, നെല്ല്, ഇഞ്ചി, കുരുമുളക് തുടങ്ങിയവയാണ് മുഖ്യവിളകള്‍.
(വിളക്കുടി രാജേന്ദ്രന്‍)