This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോതാമൂരിയാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:31, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോതാമൂരിയാട്ടം

ഉത്തര കേരളത്തില്‍ ഉര്‍വരതാപൂജയ്‌ക്കുള്ള ഒരു ഗ്രാമീണ നൃത്തം. ഗോദാവാരിയാട്ടമായിരിക്കാം കോതാമൂരിയാട്ടമായത്‌ എന്നു കരുതപ്പെടുന്നു. കുട്ടികള്‍ കാളവേഷം കെട്ടുന്നതുകൊണ്ടാണ്‌ കോതാമൂരി എന്നു പറയുന്നതെന്നാണ്‌ ഉള്ളൂരിന്റെ അഭിപ്രായം. (കോത=കുട്ടി; മൂരി=കാള) ഈ ഗ്രാമീണോത്സവത്തില്‍ ഇത്‌ ആടിപ്പാടിക്കളിച്ചാല്‍ കൃഷിക്കും പശുവിനും അഭിവൃദ്ധിയുണ്ടാകുമെന്നാണു വിശ്വാസം. മലയരും, പാണരും പങ്കെടുക്കുന്നു.

കന്നിക്കൊയ്‌ത്തു കഴിഞ്ഞാണ്‌ കോതാമൂരിയാട്ടം നടത്തപ്പെടുന്നത്‌. ഗോദാവരി സങ്കല്‌പത്തിലുള്ള ഒരു തെയ്യവും, പശുസംരക്ഷകരെന്ന നിലയില്‍ രണ്ടോ നാലോ പണിയന്മാരും വാദ്യക്കാരും വീടുതോറും നടന്ന്‌ ആടിപ്പാടുന്നു. മുഖത്തു കണ്ണാമ്പാളയും അരയില്‍ ഓലയുടുപ്പും ധരിച്ച്‌ നേരമ്പോക്കുകള്‍ പറഞ്ഞ്‌ ആളുകളെ രസിപ്പിക്കുന്ന വിദൂഷകവേഷങ്ങളാണു പണിയന്മാര്‍. മുഖത്തു ചുവപ്പുതേച്ച്‌ തലയില്‍ ചെറിയ കിരീടവും, അരയില്‍ മൂരിയുടെ പൊയ്‌ത്തല ബന്ധിച്ച അരയുടയും ധരിക്കുന്ന വേഷമാണ്‌ ഗോദാവരിത്തെയ്യം.

ഗോദാവരിയാട്ടത്തിനു ഹരിനാരായണസ്‌തുതി, തിരുവര്‍ക്കാട്ടുസ്‌തുതി, പുരോത്സവത്തെ സംബന്ധിച്ച പൂപ്പാട്ട്‌, വിത്തോ കലശമോ പൊലിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ എന്നിവ പാടിവരുന്നു. ചെറുകുന്നത്ത്‌ അന്നപൂര്‍ണേശ്വരിയെക്കുറിച്ചുള്ള കഥാഗാനം അവയില്‍ പ്രധാനമാണ്‌. സ്‌ത്രീലമ്പടന്മാരായ പ്രഭുക്കന്മാരെ ഈ ഗാനങ്ങളില്‍ പരിഹസിക്കുന്നുണ്ട്‌.

(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍