This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമഡോ ഡ്രാഗണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:44, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോമഡോ ഡ്രാഗണ്‍

Komodo dragon

ഉടുമ്പിനങ്ങളില്‍ വച്ച്‌ ഏറ്റവും വലിയ ജീവി. ഇഴജന്തുഗോത്രമായ സ്‌ക്വാമേറ്റയില്‍ ഉള്‍പ്പെട്ട വരാനിഡേ കുടുംബത്തിലെ അംഗമായ ഇവയുടെ ശാ.നാ. വരാനസ്‌ കോമൊഡോയെന്‍സിസ്‌ (Varanus Komodoensis)എന്നാണ്‌. ഡച്ച്‌ ഈസ്റ്റ്‌ ഇന്‍ഡീസിലെ കോമഡോ ദ്വീപിലും സുണ്‍ഡാ ദ്വീപുകളുടെ കിഴക്കന്‍ഭാഗങ്ങളിലും മാത്രമാണ്‌ ഇവ കാണപ്പെടുന്നത്‌. കോമഡോ ഡ്രാഗണെപ്പറ്റി ആദ്യവിവരങ്ങള്‍ 1912-ല്‍ മാത്രമാണ്‌ ശാസ്‌ത്രലോകത്തിനു ലഭ്യമായത്‌. ജാവയിലെ ബ്യുറ്റെന്‍സോര്‍ഗ്‌ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സിന്റെ ഡയറക്‌ടറായിരുന്ന മേജര്‍ പി.എ. ഔവെന്‍സ്‌ ഒരു പഠനപര്യടനത്തിനിടയിലാണ്‌ ഈ ഉടുമ്പിനത്തെ കണ്ടെത്തിയത്‌. വരണ്ട തുറസ്സായ പുല്‍മേടുകളാണ്‌ കോമഡോ ഡ്രാഗണുകളുടെ ആവാസകേന്ദ്രം. മൂന്നു മീ. വരെ വളരുന്ന ഈ ജന്തുക്കള്‍ക്ക്‌ 135 കിലോഗ്രാം വരെ ഭാരം വരും. ശരീരം നീളംകൂടിയതും വണ്ണം കുറഞ്ഞതുമാണ്‌. പരന്ന വലിയ തലയും ശരീരത്തിന്റെ അത്രയുംതന്നെ നീളമുള്ള വാലുമാണ്‌ ഇവയ്‌ക്കുള്ളത്‌. ശരീരത്തെ പൊതിഞ്ഞു കറുപ്പുകലര്‍ന്ന ചാരനിറമുള്ള ശല്‌ക്കങ്ങളുടെ ഒരു പാളിയുണ്ട്‌. ശല്‌ക്കങ്ങളുടെ ഇടയില്‍ കാണപ്പെടുന്ന ശരീരചര്‍മത്തിനു തിളക്കമേറിയ നിറമാണുള്ളത്‌. ചെറിയ ഇനം മാന്‍, ചെറിയ പന്നി, ജന്തുക്കളുടെ ജഡം എന്നിവയാണ്‌ പ്രധാന ആഹാരം. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്വയം നിര്‍മിക്കുന്ന കുഴികളിലാണ്‌ ഇവ മുട്ട നിക്ഷേപിക്കുന്നത്‌. ഒരു പ്രാവശ്യം 20 മുട്ടകള്‍വരെ ഇടും. ഏഴ്‌-എട്ട്‌ മാസം കഴിഞ്ഞാണ്‌ മുട്ടകള്‍ വിരിയുന്നത്‌. കുഞ്ഞുങ്ങള്‍ക്ക്‌ മരത്തില്‍ കയറാനുള്ള കഴിവ്‌ ഉണ്ടായിരിക്കും. ശരാശരി 30 വര്‍ഷമാണ്‌ ഇവയുടെ ആയുര്‍ദൈര്‍ഘ്യം.

കോമഡോ ഡ്രാഗണുകളുടെ എണ്ണം വര്‍ഷന്തോറും കുറഞ്ഞുവരികയും അവ വംശനാശത്തിന്റെ വക്കിലെത്തിച്ചേരുകയും ചെയ്‌തിരിക്കുന്നു. അസ്‌തമിത ഭീമാകാര ഇഴജന്തുക്കളുടെ ജീവിച്ചിരിക്കുന്ന പ്രതിനിധികള്‍ എന്ന നിലയില്‍ ഇന്ന്‌ (2012) ഇവയെ സംരക്ഷിച്ചുവരുന്നുണ്ട്‌. യൂറോപ്യന്‍ രാജ്യങ്ങളിലെ മൃഗശാലകളിലെ പ്രിയപ്പെട്ട അന്തേവാസികള്‍ എന്ന നിലയിലും ഇവ ശ്രദ്ധേയങ്ങളാണ്‌. നോ. ഉടുമ്പ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍