This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോഫി ബോര്‍ഡ് ഒഫ് ഇന്ത്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോഫി ബോര്‍ഡ് ഒഫ് ഇന്ത്യ
ഇന്ത്യയില്‍ കാപ്പിയുടെ ഉത്പാദനം, വിപണനം തുടങ്ങിയവ നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനം. ഇന്ത്യന്‍ കോഫി മാര്‍ക്കറ്റ് എക്സ്പാന്ഷന് ഓര്‍ഡിനന്‍സിന്റെ (1940) അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കോഫി ബോര്‍ഡ് സ്ഥാപിച്ചത്. 1942-ല്‍ കോഫി ആക്റ്റ് പാസ്സാക്കി; ഇതു സംബന്ധിച്ച ചട്ടങ്ങള്‍ 1955-ല്‍ തയ്യാറാക്കി. ആസ്ഥാനം കര്‍ണ്ണാടകയിലെ ബംഗളൂരു.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വില്പന, ഉപഭോഗം എന്നിവ അഭിവൃദ്ധിപ്പെടുത്തുക; കാപ്പി വ്യവസായത്തെ സംബന്ധിക്കുന്ന കാര്‍ഷിക സാങ്കേതിക ഗവേഷണങ്ങള്‍ നടത്തുക; കാപ്പി എസ്റ്റേറ്റുകളുടെ വികസനം ലക്ഷ്യമാക്കി അവയെ സഹായിക്കുക; ഈ മേഖലയിലെ തൊഴിലാളികളുടെ സേവനവ്യവസ്ഥകള്‍ മെച്ചപ്പെടുത്തുക; കോഫി ആക്റ്റില്‍ പ്രസ്താവിച്ചിട്ടുള്ള നടപടിക്രമങ്ങളനുസരിച്ച് കോഫി പൂളില്‍ അധികം വരുന്ന ഉത്പന്നം കൈകാര്യം ചെയ്യുക എന്നിവയാണ് ബോര്‍ഡിന്റെ പ്രധാന ചുമതലകള്‍.
ബോര്‍ഡ് നിശ്ചയിക്കുന്ന രീതിയിലല്ലാതെ ഇന്ത്യയില്‍ നിന്നു കാപ്പി കയറ്റുമതി ചെയ്യാന്‍ സാധ്യമല്ല. കയറ്റുമതി ചെയ്യപ്പെടുന്ന കാപ്പി വീണ്ടും ഇറക്കുമതി ചെയ്യണമെങ്കില്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ഓരോ രജിസ്റ്റേഡ് എസ്റ്റേറ്റ് ഉടമയ്ക്കും ഓരോ വര്‍ഷവും ആഭ്യന്തര വില്പന ക്വാട്ട നിശ്ചയിക്കുന്നതു ബോര്‍ഡാണ്. ഇതു ബോര്‍ഡ് പ്രതീക്ഷിക്കുന്ന ഉത്പാദനത്തിന്റെ ഒരു നിശ്ചിത ശതമാനമായിരിക്കും. എല്ലാ രജിസ്റ്റേഡ് എസ്റ്റേറ്റുകള്‍ക്കും പൊതുവായി നിശ്ചയിക്കുന്ന ആഭ്യന്തര വില്പന ക്വാട്ട ഏതു സമയത്തും മാറ്റാനുള്ള അവകാശം ബോര്‍ഡിനുണ്ട്. ഓരോ എസ്റ്റേറ്റുടമയും ഉത്പാദനവും മറ്റും സംബന്ധിച്ച ചില കണക്കുകള്‍ ബോര്‍ഡിനു സമര്‍പ്പിക്കേണ്ടതുണ്ട്. ഇവയുടെ സത്യാവസ്ഥ പരിശോധിക്കാന്‍ ബോര്‍ഡ് നിയോഗിക്കുന്ന ആഫീസര്‍ക്ക് അധികാരമുണ്ടായിരിക്കും. ആഭ്യന്തര വില്പന ക്വാട്ട കഴിഞ്ഞുള്ള കാപ്പി എസ്റ്റേറ്റുടമ ബോര്‍ഡിന്റെ അധിക പൂളിലേക്കു നല്‍കേണ്ടതാണ്. ഈ പൂളിലുള്ള കാപ്പിയുടെ വിപണനത്തിനുള്ള നടപടികള്‍ ബോര്‍ഡ് കാലാകാലങ്ങളില്‍ സ്വീകരിക്കും. കാപ്പി സംസ്കരിക്കാനയയ്ക്കുമ്പോഴും ഒരു രജിസ്റ്റേഡ് എസ്റ്റേറ്റുടമ ബോര്‍ഡിനെ അറിയിക്കേണ്ടതാണ്.
കോഫി ആക്റ്റുപ്രകാരം വില്‍ക്കാനും വിതരണം നടത്താനുമുള്ള കാപ്പി മുഴുവന്‍ കോഫിബോര്‍ഡില്‍ നിര്‍ബന്ധമായും പൂള് ചെയ്യണം. ആഭ്യന്തരവിപണിയിലുള്ള വില്പന ആഭ്യന്തരലേലങ്ങള് വഴി തീരുമാനിക്കപ്പെടുന്നു. ഒരു മിനിമം റിലീസ് വിലയുടെ അടിസ്ഥാനത്തിലാണ് റിസര്‍വ് വില തിട്ടപ്പെടുത്തുന്നത്. കയറ്റുമതിക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള കാപ്പി പ്രത്യേക കയറ്റുമതി ലേലങ്ങള്‍ വഴി വില്ക്കപ്പെടുന്നു. ഇവിടെ റിസര്‍വ് വിലയുടെ അടിസ്ഥാനം ലണ്ടനിലെ മിനിമം വിലയാണ്. ആഭ്യന്തര-കയറ്റുമതി ലേലങ്ങള്‍ വഴിയുള്ള വില്പന കര്‍ഷകര്‍ക്കു ന്യായമായ ലാഭം ലഭ്യമാക്കാന്‍ സഹായകമാണ്. ആഭ്യന്തര ഉപഭോക്താവിനു കുറഞ്ഞ വിലയ്ക്ക് കാപ്പി ലഭ്യമാക്കാനും ഇവ സഹായിക്കുന്നു.
ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായ ബോര്‍ഡില്‍ ചെയര്മാന് ഉള്‍പ്പെടെ 33 അംഗങ്ങളുണ്ട്. കാര്യനിര്‍വഹണം, പ്രചാരണം, വിപണനം, വികസനം, ഗവേഷണം, ഗുണനിയന്ത്രണം എന്നിവയ്ക്കുള്ള ആറ് സ്റ്റാറ്റ്യൂട്ടറി കമ്മിറ്റികളുടെ സഹായത്തോടെയാണു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡ് ഒരു പൊതുഫണ്ടും ഒരു പൂള്ഫണ്ടും സൂക്ഷിക്കുന്നു. കേന്ദ്രഗവണ്മെന്റില്നിന്ന് ലഭിക്കുന്ന തുകകള്‍ പൊതുഫണ്ടില്‍ നിക്ഷേപിക്കുന്നു. അധികപൂളിലുള്ള കാപ്പി വിറ്റുകിട്ടുന്ന തുക പൂള്ഫണ്ടില് നിക്ഷേപിക്കുന്നു. ബോര്‍ഡ് അതിന്റെ പ്രവര്‍ത്തനം നടത്തുന്നതിന് പൊതുഫണ്ടില്‍ നിന്നും പൂള്ഫണ്ടില്നിന്നുമുള്ള ധനവിഭവങ്ങള്‍ ഉപയോഗിക്കുന്നു. പൊതുഫണ്ടിന്റെയോ പൂള്ഫണ്ടിന്റെയോ ഉറപ്പില്‍ ബോര്‍ഡിനു വായ്പ സ്വീകരിക്കാവുന്നതാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രഗവണ്മെന്റിന്റെ നിയന്ത്രണത്തിനു വിധേയമാണ്.
കാപ്പിയുടെ പ്രചാരണാര്‍ഥം ബോര്‍ഡിന്റെ പ്രചാരണ വിഭാഗം ഇംഗ്ലീഷ്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ഇന്ത്യന്‍ കോഫി എന്ന മാസിക പ്രസിദ്ധീകരിച്ചുവരുന്നു. ബോര്‍ഡിന്റെ ഗവേഷണ-പരിശീലനകേന്ദ്രമാണ് ചിക്ക്മഗലൂര്‍ ജില്ലയിലെ ബാലേഹോന്നൂരില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍ട്രല്‍ കോഫി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. കല്പറ്റയിലും (കേരളം) ചിന്റപ്പള്ളിയിലും (ആന്ധ്രപ്രദേശ്) ഓരോ പ്രാദേശിക ഗവേഷണ കേന്ദ്രമുണ്ട്. റോബസ്റ്റ കോഫിയെ സംബന്ധിച്ചുള്ള ഗവേഷണമാണു കല്പറ്റയില് നടത്തുന്നത്. കാപ്പിക്കൃഷിക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കാപ്പിക്കൃഷി നടത്തിവരുന്ന 51 പ്രദേശങ്ങളില്‍ ബോര്‍ഡിന്റെ എക്സ്റ്റന്‍ഷന്‍ ആഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ബോര്‍ഡിന്റെ ഒരു റീജിയണല്‍ ആഫീസ് അസമിലെ ഗുവാഹത്തിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
കാപ്പിക്കൃഷിയില്‍ നിന്നുള്ള ആദായം വര്‍ധിപ്പിക്കുന്നതിനും കാപ്പിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുംവേണ്ടി ബോര്‍ഡ് ഒരു വികസന പദ്ധതി ആവിഷ്കരിച്ചുനടപ്പാക്കിവരുന്നു. ഇതിന്റെ ഭാഗമായി ബോര്‍ഡ് കര്‍ഷകര്‍ക്ക് ഉദാരമായ വായ്പകള്‍ അനുവദിച്ചുവരുന്നു.
2009-ല്‍ 19,71,715 മെട്രിക് ടണ്‍ കാപ്പി ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. നിലവില്‍ (2011) 93 വിദേശരാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തുവരുന്നത്. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ണാടകയിലെ ചിക്കമംഗലൂര്‍, കുടക്, ഹസ്സന് എന്നീ പ്രദേശങ്ങളില്‍ നിന്നായി 2,13,780 മെട്രിക് ടണ്ണും, കേരളത്തില്‍ വയനാട്, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ നിന്നായി 65,650 മെട്രിക് ടണ്ണും, തമിഴ്നാട്ടില്‍ പുല്‍നേയ്, നീലഗിരി, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 16,650 മെട്രിക് ടണ്ണും, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍നിന്നും 5,750 മെട്രിക് ടണ്ണും വടക്ക് കിഴക്കന്‍ മേഖലകളില്‍നിന്ന് 120 മെട്രിക് ടണ്ണും കാപ്പി ഉത്പാദിപ്പിച്ചിട്ടുണ്ട്. 2010-11 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയിലെ ആകെ കാപ്പി ഉത്പാദനം 3,02,000 മെട്രിക് ടണ്ണാണ്.
(എസ്. കൃഷ്ണയ്യര്‍, സ.പ.)