This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോങ്‌ഗോ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:57, 7 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോങ്‌ഗോ നദി

Congo river

കോങ്‌ഗോ നദി

ലോകത്തെ ഏറ്റവും നീളംകൂടിയ അഞ്ചാമത്തെ നദി. ആഫ്രിക്കയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദിയുമാണ്‌ കോങ്‌ഗോ. സയര്‍ (Zaire) നദി എന്നും അറിയപ്പെട്ടിരുന്നു (1971-97). നീളം: 4667 കി.മീ.; വീതി: 0.8 മുതല്‍ 16 കി.മീ. വരെ.

കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിന്റെ തെക്കുകിഴക്കേ ഭാഗത്തുള്ള സാംബിയന്‍ അതിര്‍ത്തിയ്‌ക്കടുത്ത്‌ ചാമ്പെഷിയില്‍ നിന്നുദ്‌ഭവിക്കുന്ന കോങ്‌ഗോ നദി, ലുവാലാബാ എന്ന പേരില്‍ രാജ്യത്തിന്റെ വടക്കുഭാഗത്തുകൂടെയൊഴുകിയശേഷം ബൊയോമ വെള്ളച്ചാട്ടം സൃഷ്‌ടിക്കുന്നു. ഇവിടെനിന്ന്‌ പിന്നെയങ്ങോട്ടുള്ള നദിയുടെ ഗതി ഭീമാകരമായ ഒരു "റ' യുടെ ആകൃതിയിലാണ്‌. വ. പടിഞ്ഞാറേക്കു തിരിയുന്ന നദി പടിഞ്ഞാറോട്ടൊഴുകി, വീണ്ടും തെ. പടിഞ്ഞാറേക്കു തിരിഞ്ഞ്‌, ദക്ഷിണ അത്‌ലാന്തിക്കില്‍ പതിക്കുന്നു. ആമസോണ്‍ കഴിഞ്ഞാല്‍, കടലില്‍ ഏറ്റവുമധികം വെള്ളമെത്തിക്കുന്ന നദിയാണ്‌ കോങ്‌ഗോ. ഇത്‌ മിസ്സിസ്സിപ്പിയിലേതിനേക്കാള്‍ ഉദ്ദേശം രണ്ടരമടങ്ങു കൂടുതല്‍ വരും. ഏകദേശം 40 ലക്ഷം ച.കി.മീ. പ്രദേശം നനയ്‌ക്കാന്‍ കോങ്‌ഗോനദീജലം ഉപകരിക്കുന്നു. 4000-ത്തിലേറെ ദ്വീപുകള്‍ ഈ നദിയിലുണ്ട്‌.


കോങ്‌ഗോ റിപ്പബ്ലിക്കിനും (ബ്രാസാവീല്‍) കോങ്‌ഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിനും (കിന്‍ഷാസ) അതിരായി കുറച്ചുദൂരം ഒഴുകുന്ന ഈ നദി മധ്യാഫ്രിക്കയിലെ ജലഗതാഗതത്തിന്റെ പ്രധാന സിരാകേന്ദ്രമാണ്‌. നദിക്കരകളും താഴ്‌വരകളും ജനസാന്ദ്രതയേറിയതും സസ്യസമൃദ്ധവുമാണ്‌. ഭൂമധ്യരേഖയ്‌ക്കടുത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍, മഴക്കാടുകളും പുല്‍മേടുകളും ധാരാളമായുണ്ട്‌. കോങ്‌ഗോനദീവ്യൂഹം മത്സ്യശേഖരത്തിന്റെ കാര്യത്തില്‍ സമ്പന്നമാണ്‌. ഏകദേശം 700-റോളം മത്സ്യ സ്‌പിഷീസുകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. ക്ഷുദ്രജീവികളുടെ ആധിക്യമുള്ള മേഖലയാണിവിടം. ആമ, ചീന്നണ്ണി, പെരുമ്പാമ്പ്‌, മൂര്‍ഖന്‍, അണലി, പച്ചിലപ്പാമ്പ്‌ തുടങ്ങിയവയെ ധാരാളമായി കാണാം. മാരകമായ നിദ്രാരോഗം പരത്തുന്ന സെസീ (Tsetse) ഈച്ചകളും മഞ്ഞപ്പനിയും മലമ്പനിയും പരത്തുന്ന കൊതുകുകളും ഇവിടെ പ്രശ്‌നം സൃഷ്‌ടിക്കുന്നു.

കോങ്‌ഗോനദീവ്യൂഹത്തെ മൂന്ന്‌ വിഭാഗങ്ങളായി തിരിക്കാം: അപ്പര്‍ കോങ്‌ഗോ, മധ്യകോങ്‌ഗോ, ലോവര്‍ കോങ്‌ഗോ. സാംബിയന്‍ അതിര്‍ത്തിക്കടുത്താരംഭിച്ച്‌ വടക്കോട്ടൊഴുകി ബൊയോമാ വെള്ളച്ചാട്ടത്തില്‍ വീഴുന്ന ഏഴു വന്‍ ജലപാതങ്ങള്‍ ചേര്‍ന്നതാണ്‌ അപ്പര്‍ കോങ്‌ഗോ അഥവാ ലുവാലാബ. താന്നനീക്ക തടാകത്തില്‍ വീഴുന്ന ലുക്കൂഗ, മ്വേറൂതടാകത്തില്‍ നിന്നാരംഭിക്കുന്ന ലൂവുവ എന്നിവ ഇതിന്റെ പോഷകനദികളാണ്‌.

ബൊയോമ വെള്ളച്ചാട്ടത്തിനും ബൊയോമകയത്തിനും ഇടയ്‌ക്കുള്ള ഭാഗമാണ്‌ മധ്യകോങ്‌ഗോ. കിന്‍ഷാസയ്‌ക്കടുത്തുവച്ച്‌ നദിയുടെ വീതി കൂടിവരുന്നു. നാവികയോഗ്യമായ ഏറ്റവും നീണ്ട നദീഭാഗവും ഇവിടെയാണുള്ളത്‌. ലോമാമി, ആറുവീമി, ഉബാങ്ങി, ക്വേകസായ തുടങ്ങി കോങ്‌ഗോയുടെ പല പോഷകനദികളും വലുപ്പമേറിയവയാണ്‌.

ബൊയോമ കയത്തില്‍ നിന്നാരംഭിക്കുന്ന ലോവര്‍ കോങ്‌ഗോ അത്‌ലാന്തിക്‌ സമുദ്രത്തിലാണവസാനിക്കുക. കിന്‍ഷാസാ മുതല്‍ മട്ടാഡിവരെയുള്ള സ്ഥലത്ത്‌ നദി ക്രിസ്റ്റല്‍ പര്‍വതനിരകള്‍ മുറിച്ച്‌ പല ജലപാതങ്ങളും കടന്ന്‌ ലീവിങ്‌സ്റ്റന്‍ വെള്ളച്ചാട്ടത്തില്‍ പതിക്കുന്നു. മട്ടാഡി കഴിഞ്ഞാല്‍ നദിയുടെ ഗതി താരതമ്യേന അലസമാണ്‌. ഉദ്ദേശം 145 കി.മീ.-റോളം പടിഞ്ഞാറൊട്ടൊഴുകി ഇത്‌ അത്‌ലാന്തിക്‌ സമുദ്രത്തിലെത്തുന്നു. നദീമുഖം വിസ്‌തൃതവും ആഴമേറിയതുമാണ്‌. സമുദ്രത്തില്‍നിന്ന്‌ മട്ടാഡിക്കു താഴെവരെയുള്ള നദീഭാഗം ഗതാഗതയോഗ്യമാണ്‌. അപ്പര്‍കോങ്‌ഗോയുട മിക്ക ഭാഗങ്ങളും ജലഗതാഗതത്തിനുപയോഗപ്പെടുന്നുണ്ട്‌. കോങ്‌ഗോയുടെയും പോഷകനദികളുടെയും 14,500 കി.മീറ്ററും ഗതാഗതയോഗ്യമാണ്‌.

ഏറ്റവും പ്രധാന തുറമുഖപട്ടണം മട്ടാഡിയാണ്‌. കിന്‍ഷാസാ, ബാന്‌ഡജാകാ, കിസങ്‌ഗാനി എന്നിവ പ്രധാന നദീതടതുറമുഖങ്ങളില്‍ പെടുന്നു. കുത്തൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും മൂലം നദി ഗതാഗതയോഗ്യമല്ലാത്തയിടങ്ങളില്‍ റോഡ്‌, റെയില്‍ എന്നീ മാര്‍ഗങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്‌. ചെമ്പ്‌, പാമോയില്‍, പഞ്ചസാര, കാപ്പി, പഞ്ഞി എന്നിവ കയറ്റുമതി ചെയ്യപ്പെടുന്നു.

ദീയാഗോ കാവോ എന്ന പോര്‍ച്ചുഗീസ്‌ നാവികനാണ്‌ കോങ്‌ഗോനദീമുഖം ആദ്യമായി കണ്ടെത്തിയത്‌ (1482). എന്നാല്‍ അടുത്ത നാനൂറോളം വര്‍ഷങ്ങള്‍കൂടി കോങ്‌ഗോനദിയുടെ ഗതി തികച്ചും അജ്ഞാതമായിരുന്നു. ബ്രി.മിഷണറിയായ ഡേവിഡ്‌ ലീവിങ്‌സ്റ്റണ്‍ 1860-കളുടെ അവസാനത്തില്‍ അപ്പര്‍ ലുവാലാബയിലെത്തിച്ചേര്‍ന്നു. എന്നാല്‍ കോങ്‌ഗോനദിയുടെ പ്രഭവസ്ഥാനം മുതല്‍ നദീമുഖംവരെ ആദ്യമായി സഞ്ചരിച്ചത്‌ പത്രപ്രവര്‍ത്തകനും സഞ്ചാരിയുമായ ഹെന്‌റി സ്റ്റാന്‍ലിയാണ്‌ (1876-77).

(എസ്‌. ഗോപിനാഥന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍