This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണ്‍ഡെ പ്രഭുക്കന്മാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോണ്‍ഡെ പ്രഭുക്കന്മാര്‍
Lords of De Conde
ഫ്രഞ്ച് രാജകുടുംബമായ ബൂര്‍ബണ്‍ വംശത്തിലെ ഇളയശാഖ. ഫ്‌ളാന്‍ഡേഴ്‌സ് പ്രഭുവിന്റെ വിരുത്തി പ്രദേശത്താണ് കോണ്‍ഡെ മൂലകുടുംബം സ്ഥിതിചെയ്‌തിരുന്നത്. മേരി ഡിലക്‌സ് ബര്‍ഗ്, കൗണ്ട് ഡിവെന്‍ ഡോമിനെ വിവാഹം കഴിക്കുകവഴി കോണ്‍ഡെ കുടുംബം ബൂര്‍ബണ്‍ കുടുംബവുമായി ബന്ധപ്പെട്ടു. പുത്രനായ ചാള്‍സ് IV-ാമന്‍ 1527-ല്‍ ബൂര്‍ബണ്‍ ശാഖയിലെ ആദ്യത്തെ കോണ്‍ഡെ പ്രഭൂവായി സ്ഥാനമേല്‍ക്കുകയും തുടര്‍ന്ന് 10 തലമുറവരെ ഈ സ്ഥാനപ്പേര് നിലനിര്‍ത്തുകയും ചെയ്‌തു (1830).
ലൂയി I (1530-69). വെന്‍ഡോമിലെ പ്രഭുവായ ചാള്‍സ് ദ് ബൂര്‍ബന്റെ പുത്രനും ഫ്രാന്‍സിലെ രാജാവായ ഹെന്‌റി IV-ന്റെ പിതാവുമായിരുന്ന ലൂയി I ആണ്, ഈ കുടുംബത്തിന്റെ സ്ഥാപകന്‍. ഫ്രഞ്ച് കാല്‍വിനിസ്റ്റ് പാര്‍ട്ടിയായ ഹ്യൂഗ്നോകളുടെ (Huguenot) നേതാവും അക്കാലത്തു നടന്ന കാല്‍വിനിസ്റ്റ്-കത്തോലിക്കായുദ്ധങ്ങളില്‍ പ്രധാന പങ്കുവഹിച്ച ആളുമായിരുന്ന ഇദ്ദേഹത്തിന്റെ സൈനികസാമര്‍ഥ്യം സെന്റ് ഡെനിസ് യുദ്ധത്തില്‍ (1567) തെളിയിക്കപ്പെട്ടു. എന്നാല്‍, ജര്‍ണാക് യുദ്ധത്തില്‍ (1569) തോല്‌ക്കുകയും മുറിവേല്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് കത്തോലിക്കാ ഭടന്മാരുടെ കൈയിലകപ്പെട്ട ഇദ്ദേഹം ചതിവില്‍ വധിക്കപ്പെടുകയാണുണ്ടായത്. ഹെന്‌റി I (1552-88), ഹെന്‌റി II (1588-1646). ഹെന്‌റി I-ാമന്‍ തന്റെ പിതാവ് ലൂയി I-ാമന്റെ കാല്‌പാടുകള്‍ പിന്തുടര്‍ന്നു. ഒരു ജര്‍മന്‍ സ്വകാര്യസേന സംഘടിപ്പിച്ച് കത്തോലിക്കര്‍ക്കെതിരായി തുടര്‍ച്ചയായി യുദ്ധങ്ങള്‍ നടത്തി. 1587-ല്‍ കൗട്രാസ് യുദ്ധത്തില്‍ ഇദ്ദേഹം അസാമാന്യധീരത പ്രകടിപ്പിച്ചു. 1588-ല്‍ ഭാര്യ ഇദ്ദേഹത്തിനു വിഷംകൊടുത്തു കൊന്നുവെന്നു വിശ്വസിക്കപ്പെടുന്നു.
മേരി ഡിമെഡിസി രാജ്ഞിയുടെ "റീജന്‍സി'ക്കാലത്ത് (1610-15) മേരിക്കെതിരായി ഉപജാപം നടത്തിയതിനാല്‍ ഹെന്‌റി II-മാന്‍ മൂന്നു കൊല്ലം തടവുകാരനായി. അതിനുശേഷം രാജപ്രീതി നേടിയ ഹെന്‌റി, ഹ്യൂഗ്നോകള്‍ക്കും സ്‌പെയിനിനും എതിരായി യുദ്ധങ്ങളില്‍ പങ്കെടുത്തു.
ലൂയി II (1621-86). 17-ാം ശതകത്തിലെ പ്രസിദ്ധനായ ഒരു വീരയോദ്ധാവ്. രാഷ്‌ട്രീയകാരണങ്ങളാല്‍ 20-ാമത്തെ വയസ്സില്‍ ഫ്രഞ്ച് പ്രധാനമന്ത്രിയായിരുന്ന കാര്‍ഡിനല്‍ റിഷ്‌ല്യൂവിന്റെ ഭാഗിനേയിയെ വിവാഹംചെയ്യുവാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് കോണ്‍ഡെ ഗുസ്‌റ്റാവസ് അഡോല്‍ഫസ് രാജാവിന്റെയും ക്രോംവെല്ലിന്റെയും യുദ്ധമുറകള്‍ പഠിച്ചു. സ്വയം വികസിപ്പിച്ചെടുത്ത പ്രത്യേക യുദ്ധമുറയിലൂടെ കുതിരപ്പടയേയും പീരന്നിപ്പടയേയും ഒന്നിച്ചുപയോഗിച്ച് സ്‌പെയിനിന്റെ കാലാള്‍പ്പടയെ തോല്‌പിച്ച ഇദ്ദേഹം 22-ാം വയസ്സില്‍ (റോക്‌റോയ് യുദ്ധം) ആദ്യവിജയം നേടി.
30 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍, മറ്റൊരു സേനാനായകനായ ടുറീനിലെ ഹെന്‌റിയുമായിച്ചേര്‍ന്നു പല വിജയങ്ങളും നേടി. 1645-ലെ നോര്‍ഡ്‌ലിന്‍ഗെന്‍ യുദ്ധത്തിലും ഫിലിപ്‌സ് ബര്‍ഗ് കോട്ട, മാര്‍ഡൈക്, ഡണ്‍കിര്‍ക്ക് തുറമുഖങ്ങള്‍ എന്നിവ പിടിച്ചടക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഈ സൈനികവിജയങ്ങള്‍ ലൂയിക്ക് കീര്‍ത്തിയും സൈനികബഹുമതിയും ഫ്രഞ്ചുരാഷ്‌ട്രീയത്തില്‍ സ്വാധീനവും നേടിക്കൊടുത്തു. ഇദ്ദേഹവും കോണ്ടിയിലെ പ്രഭുവായ സഹോദരനും ലോന്‍ജവില്ലിലെ പ്രഭുവായ സ്യാലനും ബര്‍ഗന്‍ഡി, ബെറി, ലോറൈനിന്റെ ഭാഗങ്ങള്‍, ഷാമ്പെയ്‌ന്‍, നോര്‍മന്‍ഡി തുടങ്ങിയ പ്രവിശ്യകളുടെ ഗവര്‍ണര്‍സ്ഥാനം വഹിച്ചിരുന്നു. റിഷ്‌ല്യൂവിനെ പിന്തുടര്‍ന്നു പ്രധാനമന്ത്രിയായ കാര്‍ഡിനല്‍ മസാറിന്‍, ലൂയിയുടെ രാഷ്‌ട്രീയസ്വാധീനം തനിക്കു ദോഷമാണെന്ന് ഭയന്ന് ഇദ്ദേഹത്തെ സൈന്യത്തലവനാക്കി സ്‌പെയിനിലേക്ക് അയച്ചു. എന്നാല്‍, കുറച്ചു മാസങ്ങള്‍ക്കകം പാരിസിനു വടക്കുണ്ടായ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ലൂയിയെ തിരിച്ചുവിളിക്കേണ്ടിവന്നു. ലെന്‍സ് യുദ്ധത്തില്‍ (1648) വിജയം നേടിയ ലൂയി, ഫ്രോണ്ട് എന്ന വിപ്ലവകാരികള്‍ക്കെതിരായി രാജപക്ഷത്തെ സഹായിക്കുകയുണ്ടായി. കാലക്രമേണ കാര്‍ഡിനല്‍ മസാറിന്റെ നയപരിപാടികള്‍ വെറുത്ത ലൂയി, ഗവണ്‍മെന്റിനെതിരായി നിലപാട് സ്വീകരിച്ചു. 1650 ജനുവരിയില്‍ ലൂയിയും സഹപ്രവര്‍ത്തകരും ജയിലിലടയ്‌ക്കപ്പെട്ടു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ ശ്രമഫലമായി 1651 ഫെബ്രുവരിയില്‍ അവര്‍ ജയില്‍ വിമോചിതരായി. അതിനുശേഷം രാജപക്ഷക്കാരുമായി തുറന്ന യുദ്ധംതന്നെ ലൂയി നടത്തി. പിരണീസ്സന്ധിയെ (1659) തുടര്‍ന്ന് ഫ്രഞ്ചുരാജാവായ ലൂയി XIV-ാമന്‍ തന്റെ ബന്ധുവിനു മാപ്പുനല്‌കി. ലൂയി അതിനുശേഷം തന്റെ എസ്റ്റേറ്റായ ഷാന്‍ടില്ലിയിലേക്കു മടങ്ങി.
1668-ല്‍ ലൂയി XIV-ാമനുവേണ്ടി ലൂയി വീണ്ടും സൈനികനേതൃത്വം ഏറ്റെടുത്ത് ഫ്രാല്‍ഷ്-കോംടെയ്‌ക്കെതിരായി ആക്രമണം നടത്തി. ഫ്രാന്‍കോ-ഡച്ചു യുദ്ധത്തില്‍ (1672-78) ഇദ്ദേഹം ടൂറിനുമായി ചേര്‍ന്ന് വീസല്‍ യുദ്ധത്തിലും (1672) സെനെഫ് യുദ്ധത്തിലും (1674) വിജയം കൈവരിച്ചു. 1675-ല്‍ ടൂറിന്റെ മരണശേഷം സൈന്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇദ്ദേഹം ഏറ്റെടുത്തു പല വിജയങ്ങളും നേടി. എല്ലാ യുദ്ധങ്ങളിലും ഇദ്ദേഹത്തിന്റെ പ്രത്യേകരീതിയിലുള്ള യുദ്ധമുറയാണ് വിജയം നേടിക്കൊടുത്തത്. ശാസ്‌ത്ര-സാഹിത്യശാഖകളുടെ ഒരു പ്രമുഖ രക്ഷാധികാരികൂടിയായിരുന്ന ഇദ്ദേഹം 1686 ഡി. 11-ന് ഫൗണ്ടന്‍ബ്ലോയില്‍ അന്തരിച്ചു. മറ്റു കോണ്‍ഡെ പ്രഭുക്കന്മാര്‍. ലൂയി II-മാന്റെ പുത്രനായ ഹെന്‌റി ജൂള്‍സും അക്കാലത്ത് യൂറോപ്പിലുണ്ടായ പല യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മറ്റൊരംഗമായ ലൂയി ജോസഫ് "സപ്‌തവര്‍ഷയുദ്ധ' (1756-63)ത്തിലെ റോസ്‌ബാക്ക്, ജൊഹാനീസ്‌ബര്‍ഗ് യുദ്ധങ്ങളില്‍ പ്രധാനപങ്ക് വഹിച്ചിരുന്നു. ലൂയി ഹെന്‌റി ജോസഫ് (1756-1830) കോണ്‍ഡെ പ്രഭുക്കന്മാരില്‍ അവസാനത്തെ ആളായിരുന്നു. ഫ്രഞ്ചുവിപ്ലവകാലത്ത് പ്രഭുക്കന്മാരുടെ പക്ഷത്തുചേര്‍ന്ന് യുദ്ധം ചെയ്യുകയും പിന്നീട് ഇംഗ്ലണ്ടിലേക്ക് ഓടിപ്പോവുകയും ചെയ്‌ത ഇദ്ദേഹം 1830 ആഗ. 27-ന് അന്തരിച്ചു.
(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)