This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:38, 29 ഡിസംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോട്ടാ

Kotah

രാജസ്ഥാനിലെ ഒരു ജില്ലയും നഗരവും. ഏ.ഡി. 12-ാം ശതകത്തില്‍ ഹഡാ സൈന്യാധിപനായ റാവുദേവ കോട്ടാരാജ്യം കീഴടക്കുകയും ബുന്ദി, ഹഡോക്കി എന്നീ പ്രദേശങ്ങള്‍ സ്ഥാപിക്കുകയും ചെയ്‌തതു മുതലുള്ള ചരിത്രമാണ്‌ ലഭ്യമായിട്ടുള്ളത്‌. 17-ാം ശതകത്തിന്റെ തുടക്കത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത്‌ റാവു രത്തന്‍സിങ്‌ ആയിരുന്നു ബുന്ദിയുടെ ഭരണാധികാരി. 13-ാം ശതകത്തില്‍ സ്ഥാപിതമായ കോട്ടാനഗരം കോട്ടാരാജ്യത്തിന്റെ തലസ്ഥാനമായത്‌ ഇക്കാലത്താണ്‌ (1925). റാവുവിന്റെ ഭരണകാലം കോട്ടയെ രജപുത്ര സംസ്‌കാരത്തിന്റെ മുഖമുദ്രയാക്കിമാറ്റി. ബുന്ദി, ബാരന്‍, ജല്‍വാര്‍, കോട്ട എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്റെ ദക്ഷിണ പൂര്‍വമേഖല ഹഡോത്തി എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ഗുഹകള്‍, ചിത്രശില്‍പ്പങ്ങള്‍, കോട്ടകള്‍, വിന്ധ്യയില്‍ നിന്നൊഴുകുന്ന ചമ്പല്‍ നദി തുടങ്ങിയവ ഈ പ്രദേശത്തിന്റെ പെരുമ വര്‍ധിപ്പിച്ചു. ബുന്ദിയിലെ ജയ്‌ത്‌ സിങ്‌ ബീല്‍ സൈന്യാധിപന്‍ ഒരു യുദ്ധത്തില്‍ കോട്ടയെ പരാജയപ്പെടുത്തിയശേഷം തന്റെ സാമ്രാജ്യത്തിനു ചുറ്റും വന്‍മതില്‍ (കോട്ട) പണിതുയര്‍ത്തി. എന്നാല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ബുന്ദിയിലെ റാവു രത്തന്റെ രണ്ടാമത്തെ മകനായ മധോ സിങ്ങിനെ ഭരണാധികാരിയാക്കിയതോടെ 1631-ല്‍ കോട്ട സ്വതന്ത്രരാജ്യമായി. തുടര്‍ന്ന്‌ കോട്ടയുടെ വിസ്‌തൃതിയും വരുമാനവും വര്‍ധിക്കുകയും രാജ്യം ശക്തമായി തീരുകയും ചെയ്‌തു. മാന്‍സാബ്‌ എന്നു വിശേഷണത്തില്‍ അറിയപ്പെട്ട മഹാറാവു ബീം സിങ്ങും കോട്ടയുടെ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഭരണാധികാരിയാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1948-ല്‍ കോട്ടാരാജ്യം രാജസ്ഥാന്‍ സംസ്ഥാനത്തോടുചേര്‍ക്കപ്പെട്ടു. ജനസംഖ്യ: 10,76,000 (2011); വിസ്‌തീര്‍ണം: 20,205 ച.കി.മീ.

ഇലപൊഴിക്കുന്ന വൃക്ഷങ്ങളാണ്‌ കോട്ടായുടെ വനസമ്പത്തില്‍ പ്രധാനം. മര-ഉരുപ്പടികള്‍ക്കും വിറകിനും കരിക്കും വേണ്ടി ഈ തടികള്‍ ഉപയോഗിക്കുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ അത്യപൂര്‍വമായ തവിട്ടുനിറമുള്ള ഒരിനം കരടി (sloth bear) കോട്ടായില്‍ പലയിടങ്ങളിലും കാണാം. വര്‍ഷത്തില്‍ 30 മുതല്‍ 35 ദിവസം വരെ ഇവിടെ ഇടിമിന്നലോടുകൂടിയ പേമാരി ഉണ്ടാകാറുണ്ട്‌. മേയ്‌ മുതല്‍ സെപ്‌തംബര്‍ വരെയുള്ള സമയത്താണ്‌ പതിവായി മഴയുണ്ടാവുക. ജൂണ്‍-ജൂലായ്‌ മാസങ്ങളില്‍ മഴ പൊതുവേ കൂടുതലായിരിക്കും. 75 മി.മീ. ആണ്‌ ഇവിടത്തെ ശരാശരി വര്‍ഷപാതം.

രാജസ്ഥാനിലേയും മധ്യപ്രദേശിലേയും നദികളില്‍ വച്ച്‌ ഏറ്റവും വലുപ്പമേറിയതാണ്‌ ചമ്പല്‍. വിന്ധ്യനില്‍നിന്നുദ്‌ഭവിക്കുന്ന ഈ നദി മാര്‍ഗമധ്യേ ചൗറാസീഗഡ്ഡിനും കോട്ടായ്‌ക്കുമിടയില്‍ 113 കി.മീ. നീളമുള്ള ഒരു മലയിടുക്കിലൂടെ കടന്നുപോകുന്നു. ചമ്പല്‍നദിയിലെ വെള്ളം കാര്‍ഷികാവശ്യങ്ങള്‍ക്കും വൈദ്യുതോത്‌പാദനത്തിനുംവേണ്ടി ഉപയോഗിക്കാന്‍ ആവശ്യമായ പല പദ്ധതികളും ഇന്‍ഡോര്‍, മേവാര്‍, കോട്ടാ എന്നീ നാട്ടുരാജ്യങ്ങള്‍ തന്നെ തയ്യാറാക്കിയിരുന്നു. മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ രൂപവത്‌കരണത്തിനുശേഷം ചമ്പല്‍വാലി ഡെവല്‌പ്‌മെന്റ്‌ സ്‌കീം എന്ന പദ്ധതിക്ക്‌ രൂപം നല്‌കുകയും പ്ലാനിങ്‌ കമ്മിഷന്‍ അതംഗീകരിക്കുകയും ചെയ്‌തു. മൂന്ന്‌ അണക്കെട്ടുകളും മൂന്ന്‌ പവര്‍ഹൗസുകളും നിര്‍മിക്കുക, കോട്ടയ്‌ക്കടുത്ത്‌ ജലസേചനത്തിനായി ചിറ കെട്ടുക, ചമ്പല്‍നദിയുടെ ഇരുവശങ്ങളിലും കനാലുകളുണ്ടാക്കുക, രണ്ടു സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടുംവിധം ഹൈ-ടെന്‍ഷന്‍ ട്രാന്‍സ്‌മിഷന്‍ ലൈനുകള്‍ക്കും സബ്‌-സ്റ്റേഷനുകള്‍ക്കും രൂപം നല്‌കുക എന്നിവയായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഗാന്ധിനഗര്‍, റാണാ പ്രതാപ്‌സാഗര്‍ എന്നീ പ്രധാന അണക്കെട്ടുകള്‍ ആണ്‌ ചമ്പല്‍വാലിപദ്ധതിയുടെ മുഖ്യഘടകങ്ങള്‍. കോട്ടായിലെ വ്യവസായങ്ങള്‍ക്കാവശ്യമായ വൈദ്യുതി മുഴുവന്‍ ഈ അണക്കെട്ടില്‍നിന്നു ലഭിക്കുന്നു. ഇതു കൂടാതെ മറ്റുപല ചെറുകിട പദ്ധതികള്‍ക്കും രൂപം നല്‌കിയിട്ടുണ്ട്‌. ബനസ്വരയ്‌ക്കടുത്തുള്ള മാഹി അണക്കെട്ട്‌ 31,000 ഹെക്‌ടര്‍ ഭൂമി നനയ്‌ക്കുന്നതിനും 32,000 കിലോവാട്ട്‌ ജലവൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിനും ഉപയുക്തമാകുമെന്നു കരുതപ്പെടുന്നു.

ഭീലുകളാണ്‌ കോട്ടായിലെ പ്രധാന ജനവര്‍ഗം. രാജസ്ഥാനിലുള്ള പത്തുലക്ഷം ഭീലുകള്‍ ബനസ്വര, ചിറ്റോര്‍ഗഡ്‌, ദുങ്‌ഗാര്‍പൂര്‍, ജാലോര്‍, സിരോഹി, ഉദയ്‌പൂര്‍, പാലി, കോട്ടാ എന്നിവിടങ്ങളിലായി വസിക്കുന്നു.

തുണിത്തരങ്ങള്‍, പരുത്തി, കടലാസ്‌ എന്നിവയാണ്‌ കോട്ടായിലെ പ്രധാന ഉത്‌പന്നങ്ങള്‍. കമ്പിളിവ്യവസായവും ഇവിടെ ഏറെയുണ്ടെങ്കിലും ലോകവിപണിയുടെ നിലവാരത്തിലെത്താന്‍ ഇനിയും പുരോഗതി പ്രാപിക്കേണ്ടിയിരിക്കുന്നു. പഞ്ചസാരവ്യവസായവും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്‌. റബ്ബര്‍ ഫാക്‌ടറി, ഇലക്‌ട്രിക്‌ കേബിള്‍ ഫാക്‌ടറികള്‍, ഡിസ്റ്റിലറികള്‍ എന്നിവ നഗരത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളാണ്‌. നഗരത്തിനു വളരെയടുത്തായി ഒരു വിമാനത്താവളവും പ്രവര്‍ത്തിക്കുന്നു. ചമ്പല്‍ ഉദ്യാനം, മഹാറാവു മാഥോ സിങ്‌ മ്യൂസിയം, ഗവണ്‍മെന്റ്‌ മ്യൂസിയം, ജാഗ്‌ മന്ദിര്‍, ഹവേലി മാര്‍ക്കറ്റ്‌, ഐ.ഐ.ടി. ഉള്‍പ്പെടെ നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയും കോട്ടയിലുണ്ട്‌.

ഇന്ത്യയിലെ രണ്ടാമത്തേതായ കോട്ടാ അണുവൈദ്യുതി കേന്ദ്രം റാണാ പ്രതാപ്‌സാഗര്‍ അണക്കെട്ടിനു സമീപമാണ്‌. കാനഡയുടെ സാങ്കേതികസഹായത്തോടെ നിര്‍മിച്ചതാണ്‌ ഈ കേന്ദ്രം.

കോട്ടാനഗരം. ചമ്പല്‍നദിയിലെ ചമ്പല്‍ അണക്കെട്ടിനടുത്താണ്‌ ജില്ലയുടെ തലസ്ഥാനമായ കോട്ടാനഗരത്തിന്റെ സ്ഥാനം. വിസ്‌തീര്‍ണം : 5217 ച.കി.മീ.; ജനസംഖ്യ: 15,68,525 (2011). ഈ പ്രദേശം മാള്‍വാ പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍