This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്ടിനെന്റല്‍ പദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:03, 25 ഡിസംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോണ്ടിനെന്റല്‍ പദ്ധതി

ഫ്രഞ്ച്‌ ചക്രവര്‍ത്തിയായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ (1769-1821) ബ്രിട്ടനെതിരെ പ്രയോഗിച്ച സാമ്പത്തിക ഉപരോധം. നെപ്പോളിയന്റെ കാലത്ത്‌, പ്രഷ്യയേയും ആസ്‌ട്രിയയേയും തുടരെത്തുടരെ തോല്‌പിച്ച ഫ്രാന്‍സിന്‌ യൂറോപ്യന്‍ വന്‍കരയുടെ മേല്‍ വ്യക്തമായ അധീശത്വം ഉണ്ടായിരുന്നു. എന്നാല്‍ നൈല്‍, കോപ്പന്‍ഹേഗന്‍ തുടങ്ങിയ നാവികയുദ്ധങ്ങള്‍ വഴി സമുദ്രാധീശത്വം കൈയടക്കിയിരുന്നത്‌ ബ്രിട്ടനായിരുന്നു. യൂറോപ്യന്‍ വിപണികള്‍ ബ്രിട്ടീഷ്‌ സാധനങ്ങള്‍ക്കെതിരായി അടയ്‌ക്കാനും ബ്രിട്ടന്റെ വ്യാപാരക്കുത്തക തകര്‍ക്കാനും ആയിരുന്നു നെപ്പോളിയന്റെ പദ്ധതി. ബ്രിട്ടനെതിരായ സാമ്പത്തിക ഉപരോധം ഫ്രാന്‍സുമായുള്ള യുദ്ധം കാരണം 1793-ല്‍ത്തന്നെ ആരംഭിച്ചു. ഈ നയത്തിന്റെ ഫലമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷ്‌ നിര്‍മിത സാധനങ്ങള്‍ക്കു ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയെങ്കിലും ഈ പദ്ധതി സ്ഥിരമായും കര്‍ശനമായും നടപ്പാക്കിത്തുടങ്ങിയത്‌ നെപ്പോളിയന്റെ കാലത്ത്‌, 1806 മുതലാണ്‌.

1806 നവംബറില്‍ പുറപ്പെടുവിച്ച ബെര്‍ളിന്‍ കല്‌പന മുഖാന്തിരമാണ്‌ ബ്രിട്ടീഷ്‌ ദ്വീപുകള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതും, ഫ്രാന്‍സിന്റെയും സഖ്യരാഷ്‌ട്രങ്ങളുടെയും തുറമുഖങ്ങളില്‍ ബ്രിട്ടന്റെയും ബ്രിട്ടീഷ്‌ കോളനികളുടെയും കപ്പലുകള്‍ക്കു വിലക്കു കല്‌പിച്ചതും. യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ബ്രിട്ടന്റെ ആസ്‌തികള്‍ പിടിച്ചെടുക്കുന്നതിനും ബ്രിട്ടീഷ്‌ തുറമുഖങ്ങളില്‍ അടുക്കുന്ന കപ്പലുകള്‍ പിടിച്ചെടുക്കുന്നതിനുമായുള്ള നെപ്പോളിയന്റെ ഉത്തരവ്‌ 1807-ലെ വാഴ്‌സാ കല്‌പനപ്രകാരം വിപുലീകരിക്കുകയും കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്‌തു. ഇതിനെതിരെ 1807-ല്‍ ബ്രിട്ടന്‍ ചില ഉത്തരവുകള്‍വഴി തിരിച്ചടിക്കുകയുണ്ടായി. ഫ്രാന്‍സും സഖ്യരാജ്യങ്ങളുമായി വ്യാപാരം നടത്തുന്ന കപ്പലുകള്‍ പിടിച്ചെടുക്കുമെന്ന്‌ ബ്രിട്ടന്‍ ഉത്തരവുകളിലൂടെ വ്യക്തമാക്കി. അതിനും പുറമേ യൂറോപ്പുമായി കയറ്റുമതി നടത്തുന്ന കോളനികളുടെ കപ്പലുകള്‍ ആദ്യം ഒരു ബ്രിട്ടീഷ്‌ തുറമുഖത്ത്‌ അടുക്കണമെന്നും നികുതി അടയ്‌ക്കണമെന്നും നിര്‍ബന്ധിച്ചു. എന്നാല്‍ ഡിസംബറിലെ മിലാന്‍ കല്‌പനപ്രകാരം, ബ്രിട്ടീഷ്‌ ഓര്‍ഡറുകള്‍ അംഗീകരിക്കുന്ന ഏതൊരു കപ്പലും-നിഷ്‌പക്ഷ രാജ്യങ്ങളുടേതുള്‍പ്പെടെ പിടിച്ചെടുക്കുമെന്നും നെപ്പോളിയന്‍ പ്രഖ്യാപിച്ചു. കൂടാതെ ഫൗണ്ടന്‍ ബ്‌ളോ കല്‌പന (1810 ഒക്‌ടോബര്‍) പ്രകാരം ഫ്രാന്‍സിലോ സഖ്യരാജ്യങ്ങളിലോ കാണപ്പെടുന്ന ബ്രിട്ടീഷ്‌ നിര്‍മിത സാധനങ്ങള്‍ പിടിച്ചെടുക്കാനും അവ പരസ്യമായി ചുട്ടെരിക്കാനും ഫ്രാന്‍സ്‌ തീരുമാനിച്ചു. കോണ്ടിനെന്റല്‍ പദ്ധതി നടപ്പിലാക്കുവാന്‍ നയതന്ത്രപരവും സൈനികവുമായ നീക്കങ്ങള്‍ നെപ്പോളിയന്‍ നടത്തിയിരുന്നു. 1807-ലെ ടില്‍സിറ്റ്‌ ഉടമ്പടിപ്രകാരം റഷ്യയും റഷ്യയുടെ നിര്‍ബന്ധത്തിനുവഴങ്ങി സ്വീഡനും പദ്ധതിയില്‍ പന്നാളികളായി. 1807-ല്‍ ബ്രിട്ടന്‍ കോപ്പന്‍ഹേഗന്‍ തുറമുഖം ആക്രമിച്ചു ഡെന്‍മാര്‍ക്കിന്റെ കപ്പലുകള്‍ പിടിച്ചെടുത്തതോടെയാണ്‌ ഡെന്മാര്‍ക്ക്‌ ഈ പദ്ധതിയില്‍ ഭാഗഭാക്കാവാന്‍ നിര്‍ബന്ധിതമായത്‌.

പദ്ധതിയുടെ വിജയത്തിനായി ടസ്‌കണിയും പേപ്പല്‍സ്റ്റേറ്റ്‌സും (ഇറ്റലി, 1809) ഹോളണ്ടും (1810) ഓള്‍ഡന്‍ബര്‍ഗും ഹാന്‍സിയാറ്റിക്‌ റിപ്പബ്ലിക്കുകളും (ജര്‍മനി, 1810) ഫ്രാന്‍സിനോടു ചേര്‍ക്കുവാന്‍ നെപ്പോളിയന്‍ തുനിഞ്ഞു. പോര്‍ച്ചുഗലും സ്‌പെയിനും ആക്രമിച്ചു കീഴടക്കുവാന്‍ നെപ്പോളിയനെ പ്രരിപ്പിച്ചതും ഇതേ കാരണമാണ്‌. യൂറോപ്പിനു ചുറ്റുമുള്ള ഹെലിഗോലന്‍ഡ്‌, ജര്‍സി, ജിബ്രാള്‍ട്ടര്‍, മാര്‍ട്ട, സര്‍ഡീനിയ, സിസിലി തുടങ്ങിയ ദ്വീപുകള്‍ ബ്രിട്ടന്‍ കൈവശം വച്ചിരുന്നത്‌ കോണ്ടിനെന്റല്‍ പദ്ധതിക്കു തടസ്സമായിരുന്നു. സാമ്പത്തിക ഉപരോധം ഊര്‍ജിതമാക്കിയതോടെ ബ്രിട്ടീഷ്‌ സാമ്പത്തികഘടന പ്രതിസന്ധിയിലായി. നിര്‍മാണവ്യവസായങ്ങള്‍ ക്ഷയിക്കുകയും യുദ്ധകാലമായിട്ടും തൊഴിലില്ലായ്‌മ വര്‍ധിക്കുകയും യുദ്ധാവശ്യവസ്‌തുക്കളുടെ ഉറവിടം അടഞ്ഞുപോവുകയും ചെയ്‌തതോടെ ദേശീയ ഋണബാധ്യത 26-ല്‍ നിന്ന്‌ 87 കോടി പൗണ്ടായി ഉയര്‍ന്നു. യൂറോപ്പിലേക്കുള്ള കള്ളക്കടത്തും തെക്കേ അമേരിക്കയിലെ പോര്‍ച്ചുഗീസ്‌, സ്‌പാനിഷ്‌ കോളനികളുമായി പുതിയതായി തുടങ്ങിയ വ്യാപാരവുമാണ്‌ ബ്രിട്ടീഷ്‌ സമ്പദ്‌ഘടന തകരാതെ നിലനിര്‍ത്തിയത്‌. എന്നാല്‍ യൂറോപ്യന്‍ വിപണി നഷ്‌ടപ്പെടുന്നതിന്‌ ഇതു പരിഹാരമായില്ല. ചുരുക്കത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ബ്രിട്ടന്റെ സാമ്പത്തികനിലയെ തകര്‍ക്കാന്‍ കോണ്ടിനെന്റല്‍ പദ്ധതിക്കു സാധിച്ചില്ല. ഫ്രാന്‍സിന്റെ സ്ഥിതിയും ഭിന്നമായിരുന്നില്ല. ബ്രിട്ടീഷ്‌ വ്യവസായങ്ങളുമായുള്ള മാത്സര്യം ഒഴിവായപ്പോള്‍ ഫ്രഞ്ചുവ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടെങ്കിലും പല വ്യവസായങ്ങളും അസംസ്‌കൃത സാധനങ്ങളുടെ കുറവുമൂലം ക്ഷയിച്ചു. ഇംഗ്ലീഷ്‌ കോളനികളില്‍നിന്നു പല ഉത്‌പന്നങ്ങളും എത്താതെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിഷമിക്കുകയും ചെയ്‌തു.

1814-ഓടെ യൂറോപ്പിലെ സൈനികനില വഷളായപ്പോള്‍ കോണ്ടിനെന്റല്‍ പദ്ധതി പരാജയപ്പെട്ടുതുടങ്ങി. നിയമം സ്ഥിരമായി നടപ്പിലാക്കുവാനോ നിരോധനങ്ങള്‍, ക്രൂരശിക്ഷകള്‍ എന്നിവയിലൂടെ കള്ളക്കടത്ത്‌ തടയാനോ സാധിച്ചില്ല. നിയമവിരുദ്ധമെങ്കിലും ഈ തൊഴിലില്‍ നിന്നുള്ള വമ്പിച്ച വരുമാനം വിദഗ്‌ധമായ പല ഉപായങ്ങളും പ്രയോഗിക്കുവാന്‍ കള്ളക്കടത്തുകാര്‍ക്ക്‌ അവസരം നല്‌കി. 1812-ല്‍ റഷ്യന്‍ തുറമുഖങ്ങള്‍ ബ്രിട്ടീഷ്‌ കപ്പലുകള്‍ക്കു തുറന്നുകൊടുത്തതോടെ കോണ്ടിനെന്റല്‍ പദ്ധതി പൂര്‍ണമായും പരാജയപ്പെട്ടു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍