This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:21, 25 ഡിസംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല

ആയുര്‍വേദ രംഗത്തെ പ്രമുഖ ഗവേഷണ സ്ഥാപനം. ആയുര്‍വേദത്തിലും അലോപ്പതിയിലും ഒരുപോലെ പാണ്ഡിത്യമുണ്ടായിരുന്ന വൈദ്യരത്‌നം പി.എസ്‌. വാര്യര്‍ (1869-1944) ആണ്‌ 1902 ഒ. 12-ന്‌ ഈ വൈദ്യശാല സ്ഥാപിച്ചത്‌. ചികിത്സാ നൈപുണ്യവും നിര്‍മിക്കുന്ന ഔഷധങ്ങളുടെ ഗുണമേന്മയും ഈ സ്ഥാപനത്തെ പ്രശസ്‌തമാക്കി. ഇന്ന്‌ ഇന്ത്യയൊട്ടാകെ 15 ശാഖകളും 900-ല്‍പ്പരം ഏജന്‍സികളുമുള്ള ഒരു ഗവേഷണ സ്ഥാപനമാണിത്‌. കോട്ടയ്‌ക്കല്‍ വൈദ്യശാലയോടനുബന്ധിച്ച്‌ ഒരു ആയുര്‍വേദകോളജും ഗോള്‍ഡന്‍ ജൂബിലി നഴ്‌സിങ്‌ഹോമും ധര്‍മാശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്‌. കേന്ദ്രസര്‍ക്കാറിന്റെ ധനസഹായത്തോടെ പഞ്ചകര്‍മകേന്ദ്രത്തില്‍ (ക്ലിനിക്കല്‍ റിസര്‍ച്ച്‌ യൂണിറ്റ്‌) പ്രത്യേക ഗവേഷണങ്ങള്‍ നടന്നുവരുന്നു. കോട്ടയ്‌ക്കല്‍, കഞ്ചിക്കോട്‌ എന്നിവിടങ്ങളിലായി പത്തേക്കറോളം സ്ഥലത്തു വ്യാപിച്ചുകിടക്കുന്ന ഔഷധ സസ്യത്തോട്ടങ്ങള്‍ ആര്യവൈദ്യശാലയുടെ സവിശേഷതയാണ്‌. ഗുദ്‌ഗുലു, അണലിവേഗം, പാല്‍വള്ളി, മധുനാശിനി, ആനമയക്കി തുടങ്ങിയ 500-ല്‍പ്പരം അപൂര്‍വ സസ്യങ്ങള്‍ ഇവിടെ ഏറെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു. വൈദ്യരത്‌നം പി.എസ്‌. വാരിയര്‍ മുന്‍കൈയെടുത്തു സ്ഥാപിച്ച ആര്യവൈദ്യസമാജത്തിന്റെ (1907) കീഴില്‍ 1917-ലിലാണ്‌ കോഴിക്കോട്‌ കോളജ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. മദിരാശി സര്‍ക്കാര്‍ അംഗീകരിച്ച "ആര്യവൈദ്യന്‍' എന്ന നാലുവര്‍ഷ കോഴ്‌സാണ്‌ തുടക്കത്തില്‍ ഇവിടെ നടത്തിയിരുന്നത്‌. 1924-ല്‍ കോട്ടയ്‌ക്കലില്‍ ആയുര്‍വേദചികിത്സാശാല (ധര്‍മാശുപത്രി) ആരംഭിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രായോഗിക പരിജ്ഞാനം നല്‌കാനുള്ള സൗകര്യത്തെ മുന്‍നിര്‍ത്തി കോളജ്‌ കോഴിക്കോട്ടുനിന്ന്‌ കോട്ടയ്‌ക്കലേക്കു മാറ്റി. കേരളപ്പിറവിക്കുശേഷം ബി.എ.എം., ബി.എ.എം.എസ്‌. എന്നീ ഡിഗ്രികോഴ്‌സുകളും ബിരുദനാന്തര ബിരുദ കോഴ്‌സുകളും ഇവിടെ ആരംഭിച്ചു. ആര്യവൈദ്യശാലയുടെയും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെയും പ്രതിനിധികളടങ്ങിയ ഒരു രജിസ്റ്റേഡ്‌ സൊസൈറ്റിയുടെ (ദ്‌ കേരള ആയുര്‍വേദിക്‌ സ്റ്റഡീസ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ സൊസൈറ്റി) കീഴിലാണ്‌ 1976 മുതല്‍ കോളജ്‌ പ്രവര്‍ത്തിച്ചുപോരുന്നത്‌. ആയുര്‍വേദ മരുന്നുകളുടെ ഉത്‌പാദനം ആധുനികവത്‌കരിക്കുകയും ഗുണമേന്മ ഉയര്‍ത്തുകയും ചെയ്യുന്നതിനായി സി.എസ്‌.ഐ.ആര്‍.-ഡി.എസ്‌.ടി, ഐ.ഐ.സി.ടി എന്നിവയുടെ ധനസഹായത്തോടെ ഒരു ഗവേഷണ വികസന വിഭാഗവും മുംബൈയിലെ ടാറ്റാ ട്രസ്റ്റ്‌ സ്ഥാപിച്ച സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ്‌സ്‌ റിസര്‍ച്ചും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ്‌ ഇതില്‍ മുഖ്യം. ഒരു മാനസികരോഗാശുപത്രിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

കലാലയവിദ്യാര്‍ഥികളുടെ പഠനത്തിനുവേണ്ടി വൈദ്യരത്‌നം പി.എസ്‌. വാരിയര്‍ രചിച്ച ഗ്രന്ഥങ്ങളാണ്‌ അഷ്‌ടാംഗ ശാരീരവും ബൃഹച്ഛാരീരവും. ആയുര്‍വേദ ചികിത്സയ്‌ക്കു പുറമേ തികഞ്ഞ ഒരു സഹൃദയന്‍ കൂടിയായിരുന്നു വൈദ്യരത്‌നം പി.എസ്‌. വാര്യര്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പരമശിവവിലാസം നാടകക്കമ്പനിയാണ്‌ പില്‍ക്കാലത്ത്‌ പി.എസ്‌.വി. നാട്യസംഘമെന്ന പേരില്‍ പ്രസിദ്ധമായത്‌. കഥകളി കലാകാരന്മാരുടെ രംഗവേദിയായി ഇതുവളര്‍ന്നു. ഇന്ത്യയിലും വിദേശങ്ങളിലുമായി ഇവര്‍ ധാരാളം പര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഇവിടെ കഥകളി അഭ്യസിപ്പിച്ചുവരുന്നു. ആയുര്‍വേദത്തേയും ഔഷധസസ്യങ്ങളേയും സംബന്ധിച്ചു അറിവുപകരുന്ന പുസ്‌തകങ്ങള്‍ക്കായി ഒരു പ്രസിദ്ധീകരണ വിഭാഗം കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. "ആര്യ വൈദ്യന്‍' എന്ന മെഡിക്കല്‍ ജേര്‍ണലാണ്‌ ഇക്കൂട്ടത്തില്‍ പ്രമുഖം.

(വിളക്കുടി രാജേന്ദ്രന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍