This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോട്ടയ്ക്കല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോട്ടയ്ക്കല്‍
1. മലപ്പുറം ജില്ലയില്‍ ഏറനാടു താലൂക്കിലുള്ള ഒരു വില്ലേജ്. കോട്ടയ്ക്കല്‍, കുറ്റിപ്പുറം, വില്ലൂര്‍, ഇന്ത്യനൂര്‍ എന്നീ കരകള്‍ ഉള്‍പ്പെടുന്ന ഈ വില്ലേജിന്റെ വിസ്തൃതി 20.43 ച.കി.മീ. ആണ്. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന കോട്ടയ്ക്കല്‍ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണിത്. 10ബ്ബ 55' വടക്ക് അക്ഷാംശം.; 76ബ്ബ 00 കിഴക്ക് രേഖാംശം. ജില്ലാ ആസ്ഥാനമായ മലപ്പുറത്തുനിന്ന് 13 കി.മീ. പടിഞ്ഞാറും തിരൂരില്‍നിന്ന് 15 കി.മീ. കിഴക്കുമായി സ്ഥിതിചെയ്യുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പ്രസിദ്ധമായ ആയുര്വേദചികിത്സാകേന്ദ്രമാണ്.
കരുവാരൂര് മൂസ്സതെന്ന ദേശവാഴിയുടേതായിരുന്ന ഈ പ്രദേശം സാമൂതിരി കോവിലകത്തെ പ്രബലരായിരുന്ന കിഴക്കേ കോവിലകത്തുകാര്‍ കീഴടക്കി. പ്രദേശത്തെ പ്രധാന ആരാധനാലയമായ വെന്നട്ടത്തേവരുടെ (ശിവന്) ക്ഷേത്രത്തിനടുത്തായി സാമൂതിരിമാര്‍ കോവിലകം നിര്‍മിച്ചു. ടിപ്പുവിന്റെ ആക്രമണകാലത്ത് ഈ കോവലികത്തുകാര് തിരുവിതാംകൂറില്‍ അഭയം തേടി. മലബാറിന്റെ ആധിപത്യം ടിപ്പുവില്‍നിന്നും ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചതോടെ സാമൂതിരിമാര്‍ കോട്ടയ്ക്കലില്‍ തിരിച്ചെത്തി. സാമൂതിരികാലത്തെ കോട്ടകൊത്തളങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കോട്ടയ്ക്കലില്‍ ശേഷിക്കുന്നുണ്ട്.
കോട്ടയ്ക്കലിലെ വെങ്കട്ടത്തേവരുടെ ക്ഷേത്രം, വൈദ്യരത്നം പി.എസ്. വാര്യരുടെ കൈലാസമന്ദിരത്തോടനുബന്ധിച്ചുള്ള ശ്രീവിശ്വംഭരക്ഷേത്രം, പാണ്ടമംഗലത്തു ശ്രീകൃഷ്ണക്ഷേത്രം, ഇന്ത്യനൂര്‍ ഗണപതിക്ഷേത്രം എന്നിവ ഏറെ പ്രസിദ്ധമാണ്. വെങ്കട്ടത്തേവരുടെ ക്ഷേത്രത്തിന്റെ സാന്നിധ്യം കൊണ്ടാകാം ഒരു കാലത്ത് ഈ പ്രദേശത്തിന് "വെങ്കടക്കോട്ട' എന്നു പേരുണ്ടായിരുന്നു. കാവുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കാടാമ്പുഴ ഭഗവതിക്ഷേത്രം കോട്ടയ്ക്കലിനു സമീപമാണ് സ്ഥിതിചെയ്യുന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളുമാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം. നെല്ല്, അടയ്ക്ക, നാളികേരം എന്നിവയാണ് മുഖ്യവിളകള്‍. രാജാസ് ഹൈസ്കൂള്‍, ആര്യവൈദ്യശാലയോടനുബന്ധിച്ചുള്ള ആയുര്‍വേദകോളജ് എന്നിവയാണ് കോട്ടയ്ക്കലിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
2. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലെ പയ്യോളി വില്ലേജിലെ ഒരു സമുദ്രതീരപ്രദേശം. ഇരിങ്ങല്‍-കോട്ടയ്ക്കല്‍ എന്ന സംയുക്തനാമമാണ് പഴയ പ്രാദേശികാധാരങ്ങളില് രേഖപ്പെടുത്തി കാണുന്നത്. കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ശക്തികേന്ദ്രമായിരുന്നു ഇവിടം. അവര്‍ കോട്ടകെട്ടി സ്വാധികാരം ഉറപ്പിക്കുന്നതിനുമുമ്പ് പുതുപ്പട്ടണം എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെട്ടിരുന്നു. ക്രിസ്ത്വബ്ദം ആദ്യകാലത്ത് കടല്‍ക്കൊള്ളക്കാരുടെ താവളമായിരുന്ന ഈ സ്ഥലത്തെപ്പറ്റി പ്ലിനി, ടോളമി, എന്നിവര്‍ പരാമര്‍ശിച്ചിട്ടുണ്ട്. കോഴിക്കോടു സാമൂതിരിയുടെ നാവികത്തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ മൂന്നാമന് സാമൂതിരിയുടെ അനുവാദത്തോടെ കോട്ടയ്ക്കലില്‍ സമുദ്രാഭിമുഖമായി വലിയൊരു കോട്ട നിര്‍മ്മിച്ചിട്ടുണ്ട്. മരയ്ക്കാര്ക്കോട്ട, പുതുപ്പട്ടണംകോട്ട, കോട്ടയ്ക്കല്‍ എന്നീ പേരുകളില്‍ ഇതറിയപ്പെടുന്നു. സാമൂതിരിയില്‍ നിന്ന് സാമന്തപദവി ലഭിച്ച മരയ്ക്കാര്‍ പറന്നിക്കപ്പലുകള് കൊള്ളയടിച്ച് ധാരാളം സ്വത്തുനേടിയെടുക്കുകയുണ്ടായി.
1595-ല്‍ മരയ്ക്കാര്ക്കോട്ടയുടെ അധിപനായും സാമൂതിരിയുടെ സൈന്യാധിപനായും കുഞ്ഞാലിമരയ്ക്കാര്‍ IV സ്ഥാനമേറ്റു. ഇദ്ദേഹം തന്റെ മുന്‍ഗാമി നിര്‍മിച്ച കോട്ട ബലപ്പെടുത്തുകയും കൂടുതല്‍ സൈനികസജ്ജീകരണം നടത്തുകയും ചെയ്തു. മരയ്ക്കാരുടെ വളര്‍ച്ച തങ്ങളുടെ താത്പര്യങ്ങള്ക്കെതിരാവുമെന്നു കണ്ട പോര്‍ച്ചുഗീസുകാര്‍, സാമൂതിരിയും കുഞ്ഞാലിയുമായുണ്ടായ അല്പമായ നീരസത്തെ മുതലെടുത്ത് സാമൂതിരിയെ മരയ്ക്കാരുടെ ശത്രുവാക്കി മാറ്റി. തുടര്‍ന്ന് സാമൂതിരി പോര്‍ച്ചുഗീസുകാരുമായി ചേര്‍ന്നു മരയ്ക്കാരുടെ കോട്ട ആക്രമിച്ചുവെങ്കിലും മരയ്ക്കാരെ പരാജയപ്പെടുത്താനായില്ല. എന്നാല്‍ 1599-ല്‍ വീണ്ടും ആക്രമണം നടത്തിയ സാമൂതിരി പോര്‍ച്ചുഗീസ് സൈന്യവുമായി ചേര്‍ന്ന് കുഞ്ഞാലിയെ കീഴടക്കി. പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിമരയ്ക്കാരെ വധിച്ചതോടെ കോട്ടയ്ക്കല്‍ കോട്ടയും നാമാവശേഷമായി.