This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമുണ്‍സെന്‍, റോള്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:17, 28 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമുണ്‍സെന്‍, റോള്‍ഡ് (1872 - 1928)

Amundsen,Roald

റോള്‍ഡ് അമൂണ്‍സെന്‍

ദക്ഷിണധ്രുവം കണ്ടെത്തിയ നോര്‍വീജിയന്‍ സാഹസിക സഞ്ചാരി. 1872 ജൂല. 16-ന് ഓസ്ളോയ്ക്കു തെ. ബോര്‍ജ് എന്ന സ്ഥലത്തു ജനിച്ചു. കുറേക്കാലം വൈദ്യശാസ്ത്രം അഭ്യസിച്ച ശേഷം നാവികനായി. അന്റാര്‍ട്ടിക്കിലേക്കുള്ള സാഹസയാത്ര പുറപ്പെട്ട 'ബെല്‍ജിക്' എന്ന കപ്പലിലെ ഉപനായകനായിരുന്നു അമുണ്‍സെന്‍. ഈ യാത്രികസംഘം തെക്കേ ഷെട്‍ലന്‍ഡ് ദ്വീപുകള്‍ സന്ദര്‍ശിച്ചു. മഞ്ഞുകാലത്ത് അന്റാര്‍ട്ടിക്കയില്‍ ജീവിക്കാന്‍ ധൈര്യപ്പെട്ട ആദ്യകാലധീരന്‍മാര്‍ ഇവരായിരുന്നു. നാലു കൊല്ലംകൂടി കഴിഞ്ഞ് ഏതാനും സുഹൃത്തുക്കളോടുകൂടി 'വ.പടിഞ്ഞാറന്‍ പാത' തരണം ചെയ്യാന്‍ അമുണ്‍സെന്‍ വീണ്ടും പുറപ്പെട്ടു; ആ സഞ്ചാരം വിജയകരമായിരുന്നു. ദക്ഷിണധ്രുവത്തിലേക്കായിരുന്നു അടുത്തയാത്ര. താരതമ്യേന സുഖകരമായ സഞ്ചാരത്തിനുശേഷം അമുണ്‍സെനും കൂട്ടരും 1911 ഡി. 14-ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു.

ഒന്നാം ലോകയുദ്ധത്തില്‍ നോര്‍വീജിയന്‍ നാവിക വ്യോമ സര്‍വീസില്‍ അമുണ്‍സെന്‍ സേവനം അനുഷ്ഠിച്ചു. പിന്നീട് വിമാനമാര്‍ഗേണയുള്ള അന്വേഷണപര്യടനങ്ങളില്‍ കേന്ദ്രീകരിച്ചു. 1918-ല്‍ വാങ്ങിയ 'മോധ്' എന്ന കപ്പലില്‍ ധ്രുവപ്രദേശസഞ്ചാരത്തിന് ഒരുമ്പെട്ടെങ്കിലും 1919-ല്‍ കപ്പലിന്റെ യന്ത്രത്തിനു കേടുവരികയാല്‍ അലാസ്കയില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതനായി. രണ്ടു കൊല്ലം കഴിഞ്ഞു മോധില്‍നിന്നു വിമാനം വഴി ധ്രുവപ്രദേശത്തെത്താന്‍ ശ്രമിച്ചെങ്കിലും ആ ശ്രമവും വിജയിച്ചില്ല. ഋണബദ്ധനായിത്തീര്‍ന്ന അമുണ്‍സെന്‍ 1925-ല്‍ യു.എസ്സിലേക്കു പോയി. ലിങ്കണ്‍ എല്‍സ്‍വര്‍ത്ത് എന്ന അമേരിക്കന്‍ അന്വേഷണയാത്രികന്റെ കൂടെ വിമാനമാര്‍ഗം ധ്രുവപ്രദേശത്തേക്ക് ഒരു പര്യടനം നടത്തി. എന്നാല്‍ 800 കി.മീ. ചെന്നപ്പോഴേക്കും അവര്‍ക്കു പിന്‍വാങ്ങേണ്ടി വന്നു. അനന്തരം അമുണ്‍സെന്‍ ഉബേര്‍ട്ടേനോ ബൈല്‍ എന്ന ഇറ്റാലിയന്റെകൂടെ ചേര്‍ന്നു. 1926 മേയ് 26-ന് അവര്‍ എല്‍സ്‍വര്‍ത്ത്, ലഫ്റ്റനന്റ് റീസര്‍, ലാര്‍സണ്‍ എന്നിവരോടൊന്നിച്ച് സ്പിറ്റ്സ്ബെര്‍ഗനില്‍നിന്നും യാത്ര പുറപ്പെട്ട് മൂന്നു ദിവസംകൊണ്ട് അലാസ്കയിലെത്തി. അമുണ്‍സെന്റെ പര്യടനപരിപാടി ഇതോടെ അവസാനിച്ചു. എങ്കിലും ആര്‍ട്ടിക് പ്രദേശത്തുവച്ച് വിമാനാപകടം സംഭവിച്ച തന്റെ സ്നേഹിതന്‍ നോബൈലിനെ രക്ഷപ്പെടുത്താന്‍ ഇദ്ദേഹം 1928-ല്‍ ഒരു വിമാനത്തില്‍ പുറപ്പെട്ടു. ഈ യാത്രയ്ക്കിടയില്‍ ആര്‍ട്ടിക്സമുദ്രത്തില്‍ എവിടെയോ വച്ചുണ്ടായ അപകടത്തില്‍ ഇദ്ദേഹം മരണമടഞ്ഞു എന്ന് കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍