This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്‍വിലീയന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അബ്‍വിലീയന്‍
Abbevillian
പ്രാചീന ശിലായുഗത്തിലെ ഒരു കാലഘട്ടം. ഉത്തരഫ്രാന്‍സിലെ സോം നദീതീരത്തുള്ള അബ്‍വില്‍ എന്ന സ്ഥലനാമത്തില്‍നിന്നുണ്ടായതാണ് ഈ സംജ്ഞ. ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ ഉപയോഗിച്ചിരുന്ന ശിലായുധങ്ങള്‍ ഈ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. 'അനലാശ്മം' (flint) കൊണ്ടാണ് ഈയിനം ആയുധങ്ങള്‍ നിര്‍മിച്ചിരുന്നത്. കല്‍ച്ചീളുകള്‍ മിനുസപ്പെടുത്തി മഴു, കത്തി, അസ്ത്രമുനകള്‍ എന്നിവ ആദിമ മനുഷ്യര്‍ ഉണ്ടാക്കിവന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഇത്തരം കല്‍ച്ചീളുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാചീന ശിലായുഗത്തില്‍ നിര്‍മിക്കപ്പെട്ട ഇത്തരം ആയുധങ്ങള്‍ (Fllint axe) പരുപരുപ്പുള്ളവയും ഒരറ്റംമാത്രം കൂര്‍ത്തവയുമായിരുന്നു. തുടര്‍ന്നുവന്ന നവീന ശിലായുഗത്തില്‍ ഈ പരുക്കന്‍ കല്‍ച്ചീളുകള്‍ തേച്ചുമിനുസപ്പെടുത്തി ഉപയോഗിച്ചുതുടങ്ങി.
ഇത്തരം ശിലായുധങ്ങള്‍ പുരാവസ്തുഗവേഷകര്‍ ആദ്യം കണ്ടെടുത്തത് ഫ്രാന്‍സില്‍ തന്നെയുള്ള മര്‍നേ താഴ്വരയില്‍ പെട്ട ഷെലിസ് എന്ന സ്ഥലത്തുനിന്നായിരുന്നു. അതുകൊണ്ട് ആദ്യം 'ഷെല്ലീയന്‍' (chellean) എന്ന പേരായിരുന്നു ഈ യുഗത്തിന് നല്കിയിരുന്നത്. എന്നാല്‍ അവിടെനിന്നും ലഭിച്ച അശ്മോപകരണങ്ങളും ആയുധങ്ങളും ശിലായുഗത്തെ പിന്നിട്ടുവന്ന അക്കീലിയന്‍ സംസ്കാരകാലഘട്ടത്തില്‍പ്പെട്ടവയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടതോടുകൂടി അവയെ ആ കാലഘട്ടത്തില്‍പ്പെട്ടവയായി തരംതിരിച്ചു. പ്രാചീന ശിലായുഗത്തിലാണ് പ്രധാനമായും ശിലാപാളികള്‍ അടര്‍ത്തിയെടുത്ത് മഴുപോലുള്ള ആയുധങ്ങള്‍ ഉണ്ടാക്കിവന്നത്. 19-ാം ശ.-ത്തില്‍ അബീവീലില്‍ നടത്തിയ ഉത്ഖനനത്തില്‍ ഇത്തരം ആയുധങ്ങളും കണ്ടുകിട്ടിയിരുന്നു. അതുകൊണ്ട് ഷെല്ലീയന്‍ സംസ്കാര കാലഘട്ടത്തിലേതെന്ന് തരംതിരിക്കപ്പെട്ടിരുന്നവയുള്‍പ്പെടെ കല്‍ച്ചീളുകള്‍കൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടുള്ള പ്രാചീനായുധങ്ങളെ മൊത്തത്തില്‍ ഇന്ന് അബ്‍വിലീയന്‍ എന്നു വിളിച്ചുവരുന്നു.