This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബുല്‍ ഫിദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:08, 27 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബുല്‍ ഫിദ (1273 - 1331)

Abdul Feda


അറബ് ചരിത്രപണ്ഡിതനും ഭൂമിശാസ്ത്രകാരനും. പൂര്‍ണമായ പേര് അബുല്‍ ഫിദ ഇസ്മായില്‍ ഇബ്നു അലി എന്നാണ്. 1273 ന.-ല്‍ ദമാസ്കസില്‍ ജനിച്ചു. ഈജിപ്തിലെ സുല്‍ത്താനായിരുന്ന സലാഡിന്റെ (സലാഹുദ്ദീന്‍ യൂസഫ് ഇബ്നു അയൂബ് 1137-93) വംശജനായിരുന്നു ഇദ്ദേഹം. അബുല്‍ഫിദ ചെറുപ്പത്തില്‍തന്നെ വിദ്യാഭ്യാസം പൂര്‍ണമാക്കി. 12-ാമത്തെ വയസ്സില്‍ മര്‍ക്കാബ് ഉപരോധ (1285)ത്തില്‍ പങ്കെടുത്തു. കുരിശുയുദ്ധക്കാര്‍ക്കെതിരായുള്ള മികച്ച സേവനത്തിന് പാരിതോഷികമായി 1310-ല്‍ ഈജിപ്തിലെ മംലൂക്ക് സുല്‍ത്താനായ നാസിര്‍മുഹമ്മദ് ഇദ്ദേഹത്തെ ഹമായിലെ ഗവര്‍ണറായി നിയമിച്ചു. ഭരണ നൈപുണ്യം കാരണം ഉദ്യോഗത്തില്‍ പടിപടിയായി ഉയര്‍ന്നു. 1320-ല്‍ സുല്‍ത്താന്‍ എന്ന പദവിയും 'മാലിക്കുല്‍ മുഅയ്യദ്' എന്ന ബിരുദവും ഇദ്ദേഹത്തിനു നല്കപ്പെട്ടു.


ഭരണനിര്‍വഹണത്തിനിടയിലായിരുന്നു അബുല്‍ഫിദ തനിക്കേറ്റവും ഇഷ്ടപ്പെട്ട വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. അബുല്‍ഫിദയുടെ എണ്ണപ്പെട്ട കൃതികള്‍ മുഖ്തസര്‍ താരിഖ് അല്‍ ബഷര്‍ (മനുഷ്യവര്‍ഗത്തിന്റെ സംക്ഷിപ്ത ചരിത്രം), തഖ്‍വീന്‍ അല്‍ ബുല്‍ദാന്‍ (രാജ്യങ്ങളുടെ യഥാര്‍ഥ വിവരണം) എന്നിവയാണ്. മുഖ്തസര്‍ മനുഷ്യവര്‍ഗത്തിന്റെ ഉദ്ഭവം മുതല്‍ 1329 വരെയുള്ള ചരിത്രമാണ് പ്രതിപാദിക്കുന്നത്. ഇതിന്റെ ആദ്യഭാഗങ്ങള്‍ ചരിത്രകഥകളുടെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുകയാണെങ്കിലും ഇതുള്‍ക്കൊള്ളുന്ന സമകാലീനചരിത്രം ഏറ്റവും ആധികാരികമായി ഗണിക്കപ്പെടുന്നു. കുരിശുയുദ്ധത്തെക്കുറിച്ച് ഇതില്‍ വിവരിച്ചിരിക്കുന്ന ഭാഗം, ചരിത്രകാരന്മാര്‍ ഉദ്ധരിക്കാറുണ്ട്. തഖ്‍വീന്‍ അല്‍ ബുല്‍ദാന്‍ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള മധ്യകാലവിജ്ഞാനത്തിന്റെ ഒരു ഭാണ്ഡാഗാരമാണ്. ഭൂപ്രകൃതിയെ സംബന്ധിച്ചുള്ള പൊതുവിവരണത്തിനുശേഷം ഭൂമിയുടെ 28 വിഭാഗങ്ങളുടെ വിശദവിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അക്കാലത്തെ ഏറ്റവും പ്രഗല്ഭ ഭൂമിശാസ്ത്രകാരനുമായിരുന്ന അബുല്‍ ഫിദ, 1331 ഒ.-ല്‍ ഹാമായില്‍ (പശ്ചിമ സിറിയയിലെ ഒരു നഗരം) വച്ച് അന്തരിച്ചു.


(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍