This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഫ്ഗാനിസ്താന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
അഫ്ഗാനിസ്താന്‍
Afganisthan
മധ്യപൂര്‍വേഷ്യയിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗികനാമം: ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് അഫ്ഗാനിസ്താന്‍; വിസ്തീര്‍ണം: 6,52,090 ച.കി.മീ.. അറേബ്യന്‍ കടലോരത്തുനിന്ന് സു. 300 കി.മീ. വ.മാറി സ്ഥിതിചെയ്യുന്ന അഫ്ഗാനിസ്താന്‍ പൂര്‍ണമായും വന്‍കര ഭാഗങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതിരുകള്‍: വ. തുര്‍ക്മെനിസ്താന്‍, ഉസ്ബെസ്കിസ്താന്‍, തജികിസ്താന്‍; കി. ചൈന, പാകിസ്താന്‍; തെ. പാകിസ്താന്‍; പ. ഇറാന്‍. രാജ്യ തലസ്ഥാനമായ കാബൂള്‍ സമുദ്രനിരപ്പില്‍നിന്ന് 1,800 മീ. ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്; ഈ നഗരം അഫ്ഗാനിസ്താനിലെ ഇതര പ്രവിശ്യകളുമായും വ. ഉം കിഴക്കുമുള്ള അയല്‍ രാജ്യങ്ങളുമായും റോഡുമാര്‍ഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.ജനസംഖ്യ: 25,824,882 (2001).
ഭൌതിക ഭൂമിശാസ്ത്രം
ഉച്ചാവചം
അഫ്ഗാനിസ്താനിലെ വിവിധ ഭൂരൂപങ്ങളില്‍ ഏറ്റവും പ്രാധാന്യം വഹിക്കുന്നത് ഹിന്ദുക്കുഷ് പര്‍വതനിരകളാണ്. കിഴക്കരികിലെ വഖാന്‍ ഉന്നത തടത്തിന്റെ തുടര്‍ച്ചയായി വരുന്ന മലനിരകളുടെ സമുച്ചയമാണ് ഹിന്ദുക്കുഷ്. രാജ്യത്തിന്റെ വടക്കേ പകുതിയിലുള്ള ഫലഭൂയിഷ്ഠങ്ങളായ പ്രദേശങ്ങളെ തെക്കുള്ള നിമ്ന്നോന്നത ഭൂഭാഗങ്ങളില്‍നിന്നു വേര്‍തിരിച്ചുകൊണ്ട് ഹിന്ദുക്കുഷിന്റെ മുഖ്യനിര വ.കി. - തെ.പ. ദിശയില്‍ രാജ്യാതിര്‍ത്തിയോളം നീണ്ടുകിടക്കുന്നു. കാബൂളിന് 100 കി.മീ. വ. നിന്ന് പടിഞ്ഞാറേക്കു നീളുന്ന അനേകം പര്‍വതങ്ങളില്‍ പ്രാധാന്യമുള്ളത് ബാബാ, ബായന്‍, സഫേദ് കോഹ് എന്നീ മലനിരകള്‍ക്കാണ്. ഇവയോരോന്നിലും വിവിധ ദിശകളില്‍ നീളുന്ന മലനിരകള്‍ ഉണ്ട്. ഇവയില്‍ വ. പടിഞ്ഞാറേക്കു നീണ്ടുകിടക്കുന്ന തുര്‍കിസ്താന നിരകളും കസാമുര്‍ഗ്, ഹിസാര്‍, മസാര്‍, ഖുര്‍ദ് എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു. കി. പാകിസ്താനതിര്‍ത്തിക്കു സമാന്തരമായി സ്ഥിതി ചെയ്യുന്ന മലനിരകള്‍ ഇന്ത്യാസമുദ്രത്തില്‍ നിന്നെത്തുന്ന നീരാവി പൂരിതമായ കാറ്റിനെ പ്രതിരോധിക്കുന്നതുമൂലം രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ മഴക്കുറവും വരള്‍ച്ചയും അനുഭവപ്പെടുന്നു.
ഹിന്ദുക്കുഷും ശാഖാ പര്‍വതങ്ങളും ചേര്‍ന്ന് അഫ്ഗാനിസ്താനെ മൂന്നു നൈസര്‍ഗിക മേഖലകളായി തിരിക്കുന്നു. (i) മധ്യ ഉന്നതതടങ്ങള്‍; (ii) ഉത്തരസമതലങ്ങള്‍; (iii) തെ.പ. പീഠപ്രദേശം. ഇവയില്‍ മധ്യഉന്നതതടം ഹിമാലയന്‍ നിരകളുടെ തുടര്‍ച്ചയാണെന്നു കരുതാം; ഹിന്ദുക്കുഷ് പര്‍വതത്തിലെ പ്രധാനനിര ഈ ഭാഗത്താണു സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ അഗാധതാഴ്വരകളും ഉത്തുംഗമായ മലനിരകളും നിറഞ്ഞ മധ്യഉന്നതതടത്തിന്റെ വിസ്തീര്‍ണം: സു. 4,14,400 ച.കി.മീ.യും, ശ.ശ. ഉയരം 3650-4575 മീ.യും ആണ്. 6,400 മീ.ലേറെ ഉയരമുള്ള അനേകം കൊടുമുടികളും ഉണ്ട്. ബാബാനിരകള്‍ പ്രധാനപര്‍വതത്തില്‍നിന്നുപിരിയുന്ന ഭാഗത്തുള്ള സേബര്‍, പാകിസ്താന്‍ അതിര്‍ത്തിയിലുള്ള ഖൈബര്‍ എന്നീ മലമ്പാതകള്‍ തന്ത്രപ്രധാനങ്ങളാണ്. ഇവയില്‍ സേബര്‍ കാബൂളിനു വ.പ. സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള മധ്യഉന്നതതടത്തിന്റെ വ.കി. ഭാഗത്തുള്ള ബരാക്ഷാന്‍ ഒരു ഭൂകമ്പമേഖലയാണ്. പ്രതിവര്‍ഷം അഫ്ഗാനിസ്താനില്‍ അനുഭവപ്പെടുന്ന അമ്പതോളം ഭൂകമ്പങ്ങളില്‍ മിക്കവയുടേയും അഭികേന്ദ്രം (epicentre) ബരാക്ഷാനിലാണ്.
മധ്യ ഉന്നതതടത്തിനു വടക്കായി ഇറാനതിര്‍ത്തിയില്‍നിന്നു കിഴക്കോട്ട് പാമീറിന്റെ അടിവാരം വരെ വ്യാപിച്ചു കിടക്കുന്ന സമതല മേഖലയാണ് രണ്ടാമത്തെ ഭൂവിഭാഗം. സു.1,03,600 ച.കി.മീ. വിസ്തീര്‍ണമുള്ള ഈ ഭൂഭാഗം ആമു-ദാരിയ നദീതടത്തിലേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് വ്യാപിച്ചിരിക്കുന്നത്. മധ്യേഷ്യന്‍ സ്റ്റെപ്പ് (steppe) പുല്‍മേടുകളുടെ ഒരു ഭാഗമാണിത്. ശ.ശ. ഉയരം 600 മീ. ഉര്‍വരമായ മണ്ണിനാലും ധാതുനിക്ഷേപങ്ങളാലും സമ്പന്നമാണ് ഈ പ്രദേശം. പ്രകൃതിവാതകം ആണ് പ്രധാന ഖനിജോത്പന്നം.
മധ്യ ഉന്നത തടത്തിനു തെക്കായാണ് തെ.പ. പീഠപ്രദേശത്തിന്റെ കിടപ്പ്. താരതമ്യേന ഉയരം കൂടിയ ഈ പീഠഭൂമി (ശ.ശ. ഉയരം 915 മീ.), മണലാരണ്യങ്ങളും അര്‍ധമരുഭൂമികളുമായി പരിണമിച്ചിരിക്കുന്നു. മൊത്തം 1,29,500 ച.കി.മീ. വിസ്തൃതിയുള്ള ഈ പീഠപ്രദേശത്തിന്റെ കാല്‍ഭാഗത്തോളവും രേഗിസ്താന്‍ മരുഭൂമിയാണ്. ഈ മണല്‍പ്പരപ്പിന്റെ പടിഞ്ഞാറായി മഡ്ഗാവ് എന്നറിയപ്പെടുന്ന മറ്റൊരു മരുഭൂമിയുണ്ട്. ഇടയ്ക്കിടെയുള്ള സ്റ്റെപ്പ് മാതൃക പുല്‍മേടുകളും കല്ലുപ്പുമട(Salt flat)കളുമാണ് ഈ പ്രദേശത്തിന്റെ മുഖ്യ സവിശേഷതകള്‍. സാമാന്യം വലുപ്പമുള്ള ഏതാനും നദികള്‍ ഈ പീഠപ്രദേശത്തിനുകുറുകെ ഒഴുകുന്നുണ്ട്. ഹെല്‍മന്ത് (1,046 കി.മീ.), അതിന്റെ പോഷകനദിയായ അര്‍ഗന്‍ദാബ് എന്നിവയാണ് ഇവയില്‍ മുഖ്യം.
അഫ്ഗാനിസ്താന്റെ ഏറിയഭാഗവും 600-3,050 മീ. ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും താണമേഖല ദ. പശ്ചിമപീഠപ്രദേശത്തെ ശീസ്താന്‍ താഴ്വാര (450-520 മീ.) ആണ്. 14-ാം ശ. വരെ നിലനിന്നിരുന്ന പ്രാചീന സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്നു ശീസ്താന്‍.
അപവാഹം
അഫ്ഗാനിസ്താനിലെ പ്രധാന നദികളില്‍ മിക്കവയും ആന്തരാപവാഹക്രമം പാലിക്കുന്നവയാണ്; ഇവ ഉള്‍നാടന്‍ തടാകങ്ങളില്‍ പതിക്കുകയോ മരുഭൂമികളിലേക്കൊഴുകി ലുപ്തമായിത്തീരുകയോ ചെയ്യുന്നു. ഇവയൊക്കെത്തന്നെ മധ്യ-ഉന്നതതടത്തില്‍ നിന്ന് ഉദ്ഭവിക്കുന്നവയാണ്. കിഴക്കോട്ടൊഴുകുന്ന കാബൂള്‍നദീവ്യൂഹം ഉദ്ദേശം 83,000 ച.കി.മീ. പ്രദേശത്തെ ജലസിക്തമാക്കുന്നു. മുഖ്യനദിയായ കാബൂള്‍ പാകിസ്താനിലേക്കു കടന്ന് സിന്ധുനദിയില്‍ ലയിക്കുന്നു. പാമിര്‍ പീഠഭൂമിയിലെ ഹിമാനികളില്‍ നിന്നുദ്ഭവിക്കുന്ന ആമു അഫ്ഗാനിസ്താന്റെ വ. കിഴക്കും വ. ഭാഗങ്ങളിലുമുള്ള 31,080 ച.കി.മീ. പ്രദേശത്തെ ജലസിക്തമാക്കുന്നു. സു. 2525 കി.മീ. നീളമുള്ള ഈ നദിയിലെ 600 കി.മീ. തജികിസ്താന്‍, ഉസ്ബെകിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള അഫ്ഗാന്‍ അതിര്‍ത്തി നിര്‍ണയിക്കുന്നുണ്ട്. ഉസ്ബെകിസ്താനിലെ ആറാള്‍ കടലിലേക്കാണ് ആമു ഒഴുകുന്നത്. കൌക്ഷേ, ഖോണ്‍ഡൂസ് എന്നിവ അഫ്ഗാനിസ്താനിനുള്ളില്‍ വച്ച് ഈ നദിയില്‍ ചേരുന്ന പോഷകനദികളാണ്. കൌക്ഷേയുടെ ലയനസ്ഥാനം മുതല്‍ ആമു നദി ഗതാഗതയോഗ്യമായി മാറുന്നു.
വ.പ. അഫ്ഗാനിസ്താനിലെ പ്രധാന നദീവ്യൂഹം ഹാരീ റൂദും (1126 കി.മീ.) പോഷകനദികളുമാണ്. 2745 മീ. ഉയരത്തില്‍ ബാബാപര്‍വതത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ഹാരീ ഹീരേത്ത് താഴ്വരയിലൂടെ പടിഞ്ഞാറേക്കൊഴുകിയശേഷം വടക്കോട്ടു തിരിയുന്നു. ഇറാനുമായുള്ള അന്താരാഷ്ട്രാത്തിര്‍ത്തിയിലൂടെ 104 കി.മീ. പിന്നിട്ടശേഷം തുര്‍ക്മെനിസ്താനിലേക്കു കടക്കുന്ന ഹാരീ കാരാകും മരുഭൂമിയില്‍ ലുപ്തമായിത്തീരുന്നു. ഹീരേത്ത് താഴ്വരയെ ജലസിക്തമാക്കുന്നുവെന്നതാണ് ഈ നദിക്കുള്ള പ്രാധാന്യം.
തെ.പ. അഫ്ഗാനിസ്താനിലെ പ്രധാന നദീവ്യൂഹമാണ് ഹെല്‍മന്ത് (1144 കി.മീ.). കാബൂളിന് 80 കി.മീ. പ., ബാബാ മലനിരകളില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം. പോഷകനദികളില്‍ ഏറ്റവും പ്രമുഖം അര്‍ഗന്‍ദാബ് ആണ്. 160,000 ച.കി.മീ. ആവാഹക്ഷേത്രമുള്ള ഈ നദീവ്യൂഹം സാബ്ദി തടാകത്തില്‍ പതിക്കുന്നു. തെ. അഫ്ഗാനിസ്താനിലെ രേഗിസ്താന്‍, മഡ്ഗാവ് എന്നീ മരുഭൂമികളെ താണ്ടിയാണ് ഹെല്‍മന്ത് ശീസ്താന്‍ താഴ്വാരത്തിലെ തടാകസമുച്ചയത്തിലെത്തുന്നത്. ഈ തടാകങ്ങളിലും കാലികമായി മാത്രമേ വെള്ളമുണ്ടാകാറുള്ളൂ.
അഫ്ഗാനിസ്താന്റെ തെ.കി. ഭാഗത്താണ് ജലവാഹകങ്ങളായ നദികള്‍ കാണപ്പെടുന്നത്. കാബൂള്‍നദിയും ഉപനദികളുമാണ് ഇക്കൂട്ടത്തില്‍ പ്രധാനം. മസാര്‍ ഇ ഷെരീഫ് മലനിരകളില്‍നിന്ന് ഉദ്ഭവിച്ചൊഴുകുന്ന ഇവ കാബൂള്‍ നദിയായി പരിണമിച്ചശേഷം രാജ്യാതിര്‍ത്തി കടന്ന് പാകിസ്താനില്‍ പ്രവേശിക്കുകയും തുടര്‍ന്ന് സിന്ധുനദിയില്‍ ലയിക്കുകയും ചെയ്യുന്നു. ലൌഗാര്‍ ആണ് കാബൂളിന്റെ പ്രധാന പോഷകനദി. അഫ്ഗാനിസ്താനിലെ നിരവധി തടാകങ്ങളില്‍ ബാബാമലനിരകളിലെ ആമീര്‍തടാകങ്ങള്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. താരതമ്യേന വലുപ്പം കുറഞ്ഞ അഞ്ചുതടാകങ്ങളുടെ സമുച്ചയമാണ് ആമീര്‍. ആധാരശിലകളിലെ സ്വഭാവസവിശേഷതകളുടെ പ്രതിഫലനമായി ഈ തടാക ജലം തൂവെള്ള മുതല്‍ കടുംപച്ച വരെയുള്ള വര്‍ണവൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു.
മണ്ണിനങ്ങള്‍
രാജ്യത്തെ വടക്കന്‍ സമതലങ്ങളില്‍ മാത്രമാണ് ഫലഭൂയിഷ്ഠമായ ലോയസ്സ് ഇനം മണ്ണ് കാണപ്പെടുന്നത്. മധ്യ-ഉന്നതതടങ്ങളില്‍ പൊതുവേ വളക്കൂറുകുറഞ്ഞ സ്റ്റെപ്പ് മാതൃക മണ്ണിനങ്ങളും; തെ.പ. പീഠഭൂമിയില്‍ മരുഭൂമികളിലേതായ പരുക്കന്‍ മണലുമാണുള്ളത്. നദീതീരങ്ങളില്‍മാത്രം അല്പമായ തോതില്‍ എക്കല്‍മണ്ണ് കാണപ്പെടുന്നു. ശേഷിക്കുന്ന ഭാഗങ്ങളില്‍ ഉര്‍വരത തീരെകുറവാണ്. മധ്യഉന്നതതടങ്ങളില്‍ വര്‍ധിച്ച തോതിലുള്ള മണ്ണൊലിപ്പ് ചരിവുതലങ്ങളുടെ സ്ഥായിത്വത്തിന് കടുത്ത ഭീഷണിയായി തുടരുന്നു.
കാലാവസ്ഥ
അര്‍ധ-ശുഷ്ക സ്റ്റെപ് മാതൃകാ കാലാവസ്ഥയാണ് പൊതുവിലുള്ളത്; അതികഠിനമായ ശൈത്യകാലവും അത്യുഷ്ണമുള്ള ഗ്രീഷ്മകാലവും ഇവിടെ അനുഭവപ്പെടുന്നു. കാലാവസ്ഥയുടെ പൊതുസ്വഭാവത്തില്‍ സ്ഥാനീയമായ അവസ്ഥാന്തരങ്ങളും സാധാരണമാണ്. വ.കി. ഭാഗത്തെ പര്‍വതസാനുക്കളില്‍ വരള്‍ച്ചയും അതിശൈത്യവും അനുഭവപ്പെടുന്നു; പാകിസ്താനതിര്‍ത്തിക്കടുത്തുള്ള മലമ്പ്രദേശങ്ങളില്‍ ജൂണ്‍ മുതല്‍ സെപ്. വരെ സാമാന്യം നല്ല മഴയും അന്തരീക്ഷത്തിന് ഉയര്‍ന്ന ഈര്‍പ്പനിലയും പ്രദാനം ചെയ്യുന്ന മണ്‍സൂണ്‍ പ്രഭാവത്തിന്റെ തുടര്‍ച്ചയായി താരതമ്യേന തണുപ്പു കുറഞ്ഞ ശൈത്യകാലമാണുള്ളത്. വ.പ. അഫ്ഗാനിസ്താനില്‍ ഉഷ്ണകാലത്ത് നിത്യേനയെന്നോണം ശക്തമായ തെ.പ. കാറ്റുകള്‍ വീശുന്നതിനും മണ്‍സൂണ്‍ പ്രഭാവം കാരണമാകുന്നു. ഉച്ചാവചത്തിന്റെ അടിസ്ഥാനത്തിലും കാലാവസ്ഥയില്‍ സ്ഥാനീയ വ്യതിയാനങ്ങള്‍ കാണാം. ശൈത്യകാലത്ത് വ. നിന്നുള്ള ഉപധ്രുവീയ വാതങ്ങളും വ.പ. നിന്നെത്തുന്ന അത്‍ലാന്തിക് നിമ്നമര്‍ദ (depression)ങ്ങളും ചേര്‍ന്ന് വ. അഫ്ഗാനിസ്താനിലെ ഉന്നതപ്രദേശങ്ങളില്‍ മഞ്ഞുപൊഴിയുന്നതിനും താഴ്വാരങ്ങളില്‍ മഴപെയ്യുന്നതിനും ഇടവരുത്തുന്നു.
താപനിലയുടെ കാര്യത്തില്‍ അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങള്‍ക്കിടയില്‍ വലിയ അന്തരം കാണാം. രാജ്യത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥാനമായ ജലാലാബാദില്‍ ജൂലാ.-യിലെ ഊഷ്മാവ് 49°C വരെ ഉയര്‍ന്നു കാണുന്നു. തെ.പ. പീഠപ്രദേശത്ത് ശ.ശ. താപനില 35°C ആണ്. ഉന്നതമേഖലകളില്‍ ശൈത്യകാല താപനില -5°C വരെ താഴുന്നു; കാബൂള്‍ നഗരത്തില്‍ -31°C രേഖപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
ഉന്നതമേഖലകളിലെ വാര്‍ഷിക വര്‍ഷപാതത്തിന്റെ തോത് പ. നിന്ന് കിഴക്കോട്ട് വര്‍ധിച്ചുകാണുന്നു; ശ.ശ. 40 സെ.മീ. മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഏറിയഭാഗവും. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഹിന്ദുക്കുഷിലെ സലാങ്പാത (137 സെ.മീ.)യിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറരികിലെ ഫറായില്‍ വാര്‍ഷികവര്‍ഷപാതം കേവലം 8 സെ.മീ. ആണ്. ഉത്തര അഫ്ഗാനിസ്താനിലെ താഴ്വാരങ്ങളില്‍ ഡി.മുതല്‍ ഏ. വരെയുള്ള മാസങ്ങളില്‍ ഇടവിട്ട് മഴ കിട്ടുന്നു. ഇവിടത്തെ പര്‍വതസാനുക്കളില്‍ ഡി.-മാ. കാലത്ത് മഞ്ഞുവീഴ്ച ഉണ്ടാവുന്നു. അഫ്ഗാനിസ്താനില്‍ മണ്‍സൂണ്‍ പ്രഭാവം അനുഭവപ്പെടാത്ത പ്രദേശങ്ങളില്‍ ഗ്രീഷ്മകാലത്ത് അത്യുഷ്ണവും വരള്‍ച്ചയും മേഘരഹിതമായ ആകാശവുമാണ് പൊതുവിലുള്ളത്.
ജീവജാലങ്ങള്‍
ദ. അഫ്ഗാനിസ്താനില്‍, പ്രത്യേകിച്ച് പടിഞ്ഞാറേക്കു നീങ്ങുന്തോറും സസ്യവളര്‍ച്ച പൊതുവേ കുറവാണ്. വരള്‍ച്ച ബാധിച്ച് മരുസ്ഥലങ്ങളായി മാറിയിട്ടുള്ള ഇവിടങ്ങളില്‍ അപൂര്‍വമായി പെയ്യുന്ന മഴയെത്തുടര്‍ന്ന് പൊട്ടിമുളയ്ക്കുന്ന പൂച്ചെടികളും പുല്‍വര്‍ഗങ്ങളുമാണുള്ളത്. രാജ്യത്തിന്റെ വ. ഭാഗത്തേക്കുനീങ്ങുന്തോറും സാമാന്യമായ തോതില്‍ മഴ ലഭിക്കുന്നതുമൂലം സസ്യപ്രകൃതിയിലും മാറ്റമുണ്ടാവുന്നു. ജലാലാബാദിനു വടക്കുള്ള മലഞ്ചെരിവുകളില്‍ ഇടതൂര്‍ന്ന മണ്‍സൂണ്‍ വനങ്ങള്‍ കാണാം; സമ്പദ്പ്രധാനങ്ങളായ തടിയിനങ്ങളുടെ സ്തരീകൃതമായ കേന്ദ്രീകരണം ഉത്തര അഫ്സാനിസ്താനിലെ വനങ്ങളുടെ സവിശേഷതയാണ്. 3,050 മീ. ലേറെ ഉയരമുള്ളയിടങ്ങളില്‍ 55 മീ. വരെ ഉയരത്തില്‍ വളരുന്ന പൈന്‍, ഫെര്‍ തുടങ്ങിയ വൃക്ഷങ്ങളും 1,675 മുതല്‍ 2,200 മീ. വരെ ഉയരത്തില്‍ സെഡാര്‍ വൃക്ഷങ്ങളും കാണപ്പെടുന്നു. ഇതിലും ഉയരം കുറഞ്ഞ മലഞ്ചെരിവുകളില്‍ ഓക്, വാല്‍നട്ട്, ആല്‍ഡര്‍, ആഷ്, ജൂനിപെര്‍ തുടങ്ങിയയിനം സമ്പദ്പ്രധാനമായ വൃക്ഷങ്ങള്‍ ധാരാളമായി വളരുന്നു. മുള്‍ച്ചെടികള്‍, കുറ്റിച്ചെടികള്‍, പൂച്ചെടികള്‍ തുടങ്ങിയവയാല്‍ സമ്പന്നമായ അടിക്കാടുകളും ഈ വനങ്ങളുടെ സവിശേഷതയാണ്.
അഫ്ഗാനിസ്താനില്‍ ഉപോഷ്ണമേഖലയിലുള്ള തനതു ജന്തുജാലങ്ങളിലെ സസ്തനിവര്‍ഗങ്ങള്‍, വിശിഷ്യ വലുപ്പമേറിയവ, ഏറെക്കുറെ വംശനാശത്തെ അഭിമുഖീകരിച്ചു തുടങ്ങിയിരിക്കുന്നു. ആമു നദീതീരത്തെ വനങ്ങളെ അധിവസിച്ചിരുന്ന സൈബീരിയന്‍ കടുവകളും തെ.കി. ഭാഗത്തുള്ള വനങ്ങളില്‍ ബഹുലമായി കാണപ്പെട്ടിരുന്ന മറ്റിനം കടുവകളും ഏതാണ്ട് അപ്രത്യക്ഷങ്ങളായിക്കഴിഞ്ഞു. മലനിരകളിലും അടിവാരങ്ങളിലുമുള്ള കാടുകളില്‍ ചെന്നായ്, കുറുനരി, കഴുതപ്പുലി, ഹരിണ വര്‍ഗങ്ങള്‍, കാട്ടുപൂച്ച, കാട്ടുനായ തുടങ്ങിയവ സമൃദ്ധമാണ്. ഉയരം കൂടിയ പര്‍വതങ്ങളില്‍ ഹിമപ്പുലി (Snow leopard) ധാരാളമായുണ്ട്. പാമിര്‍ പരിസരത്തും ഹിന്ദുക്കുഷ് നിരകളിലും കാട്ടാടുകള്‍, മലയാട് (ibex), തവിട്ടുകരടി (brown bear) തുടങ്ങിയവയും മൂഷിക വര്‍ഗങ്ങള്‍, കുഴിപ്പന്നി, കങ്ഗാരു എലി (jerboa) എന്നിവയും വര്‍ധിച്ച തോതില്‍ കാണപ്പെടുന്നു; ഇവയില്‍ നീണ്ടുപിരിവുകളുള്ള കൊമ്പുകളോടുകൂടിയ കാട്ടാടും പിറകോട്ടു പിരിഞ്ഞു നീളുന്ന കൊമ്പുകളുള്ള ഐബെക്സ് മലയാടും സവിശേഷയിനങ്ങളാണ്.
ഇരപിടിയന്മാരായ കഴുകന്‍, പരുന്ത് എന്നീ പക്ഷികള്‍ക്കുപുറമേ വാന്‍കോഴി (pheasant), കാട (quail), പെലിക്കന്‍, പുള്ള്, ചകോരം, കൊറ്റി (crane), കാക്ക, വാവല്‍ എന്നീ പറവകളും നിരവധിയിനം ദേശാടനപ്പക്ഷികളും അഫ്ഗാനിസ്താനില്‍ സുലഭമായുണ്ട്. ശുദ്ധജലസ്രോതസ്സുകള്‍ മത്സ്യസമ്പന്നങ്ങളാണ്.
ജനങ്ങള്‍
അധിവാസക്രമം
അഫ്ഗാനിസ്താനിലെമ്പാടും ചിതറിയ മട്ടില്‍ ഗ്രാമാധിവാസങ്ങള്‍ കാണപ്പെടുന്നു. പ്രതിരോധ സജ്ജമായ വന്‍മതിലുകള്‍ക്കുള്ളില്‍ നിരയായി നിര്‍മിച്ചിട്ടുള്ള മണ്ണുകൊണ്ടുള്ള പാര്‍പ്പിടങ്ങളാണ് ഗ്രാമങ്ങളിലുള്ളത്. പൊതുവേ ഉദാസീനരായ ഗ്രാമവാസികള്‍ അല്പമാത്രമായ കൃഷിയിലും കൈത്തൊഴിലുകളിലുമേര്‍പ്പെട്ട് ജീവിതം തള്ളിനീക്കുന്നവരാണ്. ഇവര്‍ക്കിടയില്‍ ഐക്യവും കൂട്ടായ്മയും ശക്തമാണ്. ഉന്നതതടങ്ങളിലെ താഴ്വാരങ്ങളില്‍ കാലിവളര്‍ത്തലിലേര്‍പ്പെട്ടിട്ടുള്ളവരും നിബിഡാധിവാസക്രമം പാലിച്ച് ഗ്രാമങ്ങളായി പാര്‍ക്കുന്നവരാണ്. കൃഷിഭൂമിയുടെ കുറവുനിമിത്തം കാര്‍ഷികവൃത്തി ഭക്ഷ്യവിളകളിലൊതുങ്ങുന്നു. വേനല്‍ക്കാലത്ത് ഗ്രാമവാസികള്‍ സ്വയം രണ്ടുവിഭാഗങ്ങളായിപ്പിരിഞ്ഞ് ഒരു പകുതി മൃഗപരിപാലനത്തിലും മറ്റേപ്പകുതി കൃഷികാര്യങ്ങളിലും ഏര്‍പ്പെടുന്നു. വളര്‍ത്തുമൃഗങ്ങളുമായി ബഹുദൂരം സഞ്ചരിച്ചു മടങ്ങുന്ന പതിവാണ് ഇവര്‍ പുലര്‍ത്തുന്നത്. നാടോടികളായ ഇടയന്മാരില്‍ ഏറിയ പേരും പഷ്തൂണ്‍ വര്‍ഗക്കാരാണ്; ബലൂചി, കിര്‍ഗിസ് എന്നീ വിഭാഗക്കാരും ഉണ്ടാവും. സംഘങ്ങളായി ശൈത്യകാലാരംഭം വരെ അലഞ്ഞുതിരിയുന്ന ഇക്കൂട്ടര്‍ കൂടാരങ്ങളിലാണു പാര്‍ക്കുന്നത്. ചുമടെടുപ്പിനും സുരക്ഷയ്ക്കുമായി കാലികളോടൊപ്പം ഒട്ടകം, കഴുത, നായ്ക്കള്‍ എന്നിവയേയും കൂട്ടാറുണ്ട്. നാടോടി വിഭാഗത്തില്‍പെട്ടവരെ ഹിന്ദുക്കുഷിനു വടക്കുള്ള താഴ്വാരങ്ങളിലും ഹെല്‍മന്ത് താഴ്വരയിലും ജലസേചന സൌകര്യം നല്കി സ്ഥിരമായി അധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.അര്‍ഗന്‍ദാബ് നദീതീരത്തുള്ള ഫലഭൂയിഷ്ടമായ മരുപ്പച്ചയില്‍ വികസിച്ചുവന്നിട്ടുള്ള കാന്ദഹാര്‍നഗരമാണ് മുഖ്യ അധിവാസകേന്ദ്രം. കാബൂളില്‍നിന്ന് കാന്ദഹാറിലേക്കുള്ള രാജപാതയുടെ ഇരുപുറവുമായാണ് നഗരം പ്രധാനമായും വികസിച്ചിട്ടുള്ളത്. ഈ രാജപാത വ.പ. ഹീരേത്ത് വരെയും അവിടെ നിന്ന് വ.കി. ആയി മസാര്‍ ഇ ഷെരീഫ് വരെയും തുടര്‍ന്ന് തെ.കി. ദിശയില്‍ കാബൂള്‍ വരെയും നീളുന്നുണ്ട്. കാബൂള്‍ മുതല്‍ ചാദീകാര്‍ പട്ടണം വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളത്. ജനവാസം കൂടുതലുള്ള ഇതര മേഖലകള്‍ കാബൂളിനു കിഴക്കുള്ള ജലാലാബാദ്, ഹീരേത്, ഹാരീനദീതടം, ഖോണ്‍ഡൂസ് തടം എന്നിവിടങ്ങളാണ്. കാബൂള്‍, കാന്ദഹാര്‍, ഹീരേത്, ബാഗ്ലാന്‍, ജലാലാബാദ്, ഖോണ്‍ഡൂസ്, ചാദീകാര്‍, മസാര്‍ ഇ ഷെരീഫ് എന്നിവയാണ് അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങള്‍. കാബൂള്‍ നദിയുടെ ഇരുപുറവുമായി വികസിച്ചിട്ടുള്ള കാബൂള്‍ നഗരം തലസ്ഥാനമെന്നതിനുപുറമേ രാജ്യത്തിലെ സാമ്പത്തിക-സാംസ്കാരിക കേന്ദ്രവുമാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍നിന്നു മധ്യേഷ്യയിലേക്കും മധ്യപൂര്‍വദേശത്തുനിന്ന് വിദൂരപൂര്‍വമേഖലകളിലേക്കുമുള്ള വാണിജ്യ മാര്‍ഗങ്ങളുടെ സമ്മേളന സ്ഥാനമാണ് കാബൂള്‍. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്നത് കാന്ദഹാര്‍ ആണ്. അഫ്ഗാനിസ്താന്റെ ദക്ഷിണമധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം 1747-ല്‍ രാജ്യതലസ്ഥാനമായി മാറിയിരുന്നു. ആധുനിക അഫ്ഗാനിസ്താന്റെ ആദ്യതലസ്ഥാനമെന്ന പദവിയും ഈ നഗരത്തിനാണ്.
ജനവിഭാഗങ്ങള്‍
നാനാവര്‍ഗങ്ങളുടേയും വിവിധ ഭാഷാഗോത്രങ്ങളുടേയും സങ്കരത്തിലൂടെ ഉരുത്തിരിഞ്ഞിട്ടുള്ള ജനവിഭാഗങ്ങളാണ് ഇപ്പോള്‍ അഫ്ഗാനിസ്താനിലുള്ളത്. ഇന്തോ-യൂറോപ്യന്‍ വിഭാഗത്തില്‍പ്പെട്ട പുഷ്തു, ദരി (ഫാര്‍സിയുടെ വകഭേദം) എന്നിവയാണ് ഔദ്യോഗികഭാഷകള്‍. പഷ്തൂണുകള്‍ ഉള്‍പ്പെടെ രാജ്യത്തിലെ മൂന്നിലൊരു ഭാഗം ജനങ്ങളുടെ സംസാരഭാഷയാണ് പുഷ്തു. താജിക്, ഹസാരാ, ചഹാര്‍ അയ്‍മക്, കിസില്‍ബാഷ് എന്നീ വിഭാഗങ്ങളുള്‍പ്പെടെ അഫ്ഗാനിസ്താനിലെ ജനങ്ങളില്‍ പകുതിയിലേറെ വ്യവഹരിക്കുന്നത് ദരി ഭാഷയാണ്. നൂരിസ്താനി, ബലൂചി, പാമീരി, തുര്‍കിക് തുടങ്ങി ന്യൂനപക്ഷങ്ങളുടേതായ നിരവധി ഭാഷകളും പ്രചാരത്തിലുണ്ട്.
അഫ്ഗാനിസ്താന് മേഖലയിലുണ്ടായ വന്‍തോതിലുള്ള കുടിയേറ്റങ്ങളുടെയും ആക്രമണങ്ങളുടേയും പരിണതഫലമായി വിവിധ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സാമൂഹികാനുഷ്ഠാനങ്ങളിലും പാരമ്പര്യക്രമങ്ങളിലും ഈ സവിശേഷതകാണാം. ദ്രാവിഡര്‍, ഇന്തോ-ആര്യര്‍, യവനര്‍, തുര്‍ക്കികള്‍, അറബികള്‍, സിതീയര്‍, മംഗോളുകള്‍ എന്നീ വിഭാഗങ്ങളുടെ തനതായ സാംസ്കാരിക സവിശേഷതകള്‍ കലര്‍ന്നുച്ചേര്‍ന്ന സാമൂഹികക്രമമാണ് അഫ്ഗാനിസ്താനിലെമ്പാടും ദൃശ്യമാവുന്നത്. ഭാഷാഗോത്രങ്ങളുടെ സന്നിവേശവും സ്പഷ്ടമാണ്. ഇന്തോ യൂറോപ്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ഹസാരാ, ചഹാര്‍ അയ്‍മക് എന്നീ വിഭാഗങ്ങള്‍ക്ക് രൂപഭാവങ്ങളിലുള്ള മംഗോളിയന്‍ സവിശേഷത ഇതിന്റെ ഉത്തമനിദര്‍ശമാണ്.
രാജ്യമെമ്പാടും വ്യാപിച്ചുകാണുന്ന പഷ്തൂണുകളാണ് പ്രമുഖ ജനവിഭാഗം. ഇവരില്‍തന്നെ സ്ഥിരപാര്‍പ്പുകാരും നാടോടികളും ഉള്‍പ്പെടുന്ന വിവിധ ഉപവിഭാഗങ്ങളുണ്ട്. പഷ്തൂണുകളിലെ പ്രധാനവിഭാഗങ്ങള്‍ ദുറാനി, ഘില്‍സായ് എന്നിവയാണ്. കാന്ദഹാറിലും സമീപപ്രദേശങ്ങളിലും പാര്‍പ്പുറപ്പിച്ചിട്ടുള്ള ദുറാനികള്‍ അഫ്ഗാനിസ്താന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നവരാണ്. കാബൂളിനും കാന്ദഹാറിനുമിടയ്ക്കുള്ള പ്രദേശങ്ങളെ അധിവസിക്കുന്നവരാണ് ഘില്‍സായികള്‍. കാബൂളും പശ്ചപ്രദേശങ്ങളുമാണ് പഷ്തൂണുകളുടെ ജന്മഭൂമിയെന്നുപറയാം. കാര്‍ഷികവൃത്തിയും കൈത്തൊഴിലുകളും ജീവിതവൃത്തിയാക്കിയിട്ടുള്ള താജിക്കുകള്‍ കാബൂള്‍, ബരാക്ഷാന്‍, ഹീരേത് എന്നീ പ്രവിശ്യകളിലാണ് ഏറെ കാണപ്പെടുന്നത്. താഴ്വാരങ്ങളില്‍ സ്ഥിരപാര്‍പ്പുകാരായ താജിക്കുകള്‍ ഉന്നതതടങ്ങളില്‍ നാടോടികളായി മാറുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രാമാണ്യമുളളത് നൂരിസ്താനി, ഹസാരാ, ചഹാര്‍ അയ്‍മക്, ഉസ്ബെക്, തുര്‍ക്മെന്‍, കിര്‍ഗിസ് എന്നിവര്‍ക്കാണ്.
അഫ്ഗാനിസ്താന്റെ തെക്കരികിലായി കാണപ്പെടുന്ന ബ്രഹൂയികള്‍ ദ്രാവിഡഭാഷകളാണ് സംസാരിക്കുന്നത്. ദരി സംസാരിക്കുമെങ്കിലും അനുഷ്ഠാനഭാഷയായി ഹീബ്രുവിനെ നിലനിര്‍ത്തുന്ന ന്യൂനപക്ഷ യഹൂദരേയും രാജ്യത്ത് കാണാം.
മതം
രാജ്യത്തിലെ 99 ശ.മാ. പേരും ഇസ്ലാം മതാനുയായികളാണ്; ഇവരില്‍ മുക്കാല്‍പങ്കും സുന്നി വിഭാഗത്തില്‍പ്പെടുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ മുസ്ലീമായി മാറിയവരാണ് ഇപ്പോള്‍ നൂരിസ്താനികളായി അറിയപ്പെടുന്നത്. നന്നെ ന്യൂനപക്ഷമായി ഹിന്ദുക്കള്‍, സിക്കുകാര്‍ എന്നീ വിഭാഗങ്ങളും ഉണ്ട്. ഹസാരാ, കിസില്‍ ബാഷ് എന്നീ വിഭാഗങ്ങള്‍ക്കിടയിലാണ് ഷിയാ സമ്പ്രദായം പുലര്‍ത്തുന്ന മുസ്ലീങ്ങള്‍ കാണപ്പെടുന്നത്.
സമ്പദ്ഘടന
സാമ്പത്തിക പുരോഗതിയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്താന്‍ അയല്‍ രാജ്യങ്ങളിലേതിനെക്കാള്‍ നന്നെ പിന്നാക്കമായ അവസ്ഥയിലാണ്. 1956-79 കാലത്താണ് സാമ്പത്തികാസൂത്രണം കുറേയെങ്കിലും നടന്നിട്ടുള്ളത്. 1979-ലെ സോവിയറ്റ് അധിനിവേശവും തുടര്‍ന്നുണ്ടായ അഭ്യന്തരകലാപങ്ങളും അഫ്ഗാനിസ്താന്റെ സാമ്പത്തികപുരോഗതിക്ക് സാരമായ ഉലച്ചിലുണ്ടാക്കി. കാര്‍ഷികോത്പാദനം മന്ദീഭവിച്ചതുമൂലം രാജ്യത്ത് രൂക്ഷമായ ഭക്ഷ്യക്ഷാമവും വ്യവസായരംഗത്ത് സാരമായ തകര്‍ച്ചയും അനുഭവപ്പെട്ടു. സോവിയറ്റ് യൂണിയന് അത്യാവശ്യമായിരുന്ന പ്രകൃതിവാതകോത്പാദനം മാത്രമാണ് കാര്യമായ തോതില്‍ വര്‍ധിച്ചത്. 1980-നു മുന്‍പ് വാണിജ്യം, ഗതാഗതം, വന്‍കിട ഉത്പാദനം എന്നീ മേഖലകളില്‍ സ്വകാര്യ സംരംഭങ്ങള്‍ക്ക് ഗണ്യമായ പങ്കാളിത്തമുണ്ടായിരുന്നു. വ്യാപകമായ ദേശസാല്‍ക്കരണത്തിലൂടെ ഈ മേഖലകളുടെ നിയന്ത്രണം പൊതുവുടമസ്ഥതയില്‍ കൊണ്ടുവന്നു. കൃഷിയും കാലിവളര്‍ത്തലും സ്വകാര്യമേഖലയുടെ നിയന്ത്രണത്തില്‍ തുടരുന്നു. ജനങ്ങളിലെ ബഹുഭൂരിപക്ഷവും കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വ്യവസായത്തൊഴിലാളികളുടെ സംഖ്യ താരതമ്യേന കുറവാണ്.
കൃഷിയും കാലിവളര്‍ത്തലും
ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രാമുഖ്യമുള്ള ചെറുകിട കൃഷി സമ്പ്രദായത്തിനും കാലിവളര്‍ത്തലിനും അഫ്ഗാനിസ്താന്റെ സമ്പദ്‍വ്യവസ്ഥയില്‍ അതിയായ പ്രാധാന്യമുണ്ട്. ദേശീയ വരുമാനത്തിന്റെ പകുതിയിലേറെ ഈ മേഖലയുടെ സംഭാവനയാണ്. കൃഷിയിടങ്ങളില്‍ പകുതിയോളവും ജലസേചന സൌകര്യമുള്ളവയാണ്. കൃഷിയിനങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കാണ് പ്രാമുഖ്യം. ഗോതമ്പാണ് പ്രധാന വിള; ചോളം, നെല്ല്, ബാര്‍ലി എന്നിവയും സാമാന്യമായ തോതില്‍ വിളയിക്കപ്പെടുന്നു. പരുത്തികൃഷിയും പ്രചാരത്തിലുണ്ട്. പഴവര്‍ഗങ്ങളും ബദാം തുടങ്ങിയവയും പരുത്തിയും കയറ്റുമതിയിനങ്ങളാണ്. അവീന്‍, കറുപ്പ് എന്നീ ലഹരി പദാര്‍ഥങ്ങള്‍ ഒളിനിലങ്ങളില്‍ വന്‍തോതില്‍ ഉത്പാദിപ്പിച്ച് അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്ന സമ്പ്രദായം വ്യാപകമായി ഇവിടെ നിലവിലുണ്ട്.
വളര്‍ത്തുമൃഗങ്ങളില്‍ ആട്, കന്നുകാലികള്‍, കഴുത, കുതിര, ഒട്ടകം, കോവര്‍കഴുത എന്നീയിനങ്ങള്‍ക്കാണ് പ്രാമുഖ്യം. ക്ഷീരോത്പന്നങ്ങള്‍ ഒട്ടുമുക്കാലും അഭ്യന്തര ഉപഭോഗത്തിനു വിധേയമാണ്. കാരാകുല്‍ ആടുകളുടെ തോലും രോമവും കയറ്റുമതിയിനങ്ങളാണ്. രാജ്യത്തിലെ പാല്‍ ഉത്പാദനത്തിലെ &frac;23ഭാഗവും പശുക്കളില്‍ നിന്നാണ്.
ഖനിജസമ്പത്ത്
അഫ്ഗാനിസ്താനിലെ സമ്പദ്പ്രാധാന്യമുള്ള ഖനിജങ്ങളില്‍ മുന്തിയസ്ഥാനം പ്രകൃതി വാതകത്തിനാണ്. മസാര്‍ ഇ ഷെരീഫിന് 120 കി.മീ. പ. തുര്‍ക്മെനിസ്താന്‍ അതിര്‍ത്തിയോടടുത്തുള്ള ശീബെര്‍ഗന്‍ ആണ് പ്രകൃതി വാതക നിക്ഷേപങ്ങളുടെ കേന്ദ്രം. ഇവിടെയുള്ള ക്വാജെഗൂഗര്‍ദാക്, യത്തിം ടാക് എന്നീ എണ്ണപ്പാടങ്ങളില്‍ വാതകം ശുദ്ധീകരിക്കുന്നതിനും സംഭരിച്ചു സൂക്ഷിക്കുന്നതിനും വന്‍തോതിലുള്ള സജ്ജീകരണങ്ങളുണ്ട്. ഉസ്ബെകിസ്താന്‍, തജികിസ്താന്‍ എന്നീ അയല്‍രാജ്യങ്ങളിലേക്കു പ്രകൃതിവാതകം എത്തിക്കുന്നതിന് പൈപ്പ്‍ലൈനുകള്‍ നിര്‍മിച്ചിട്ടുണ്ട്. മസാര്‍ ഇ ഷെരീഫിലെ താപവൈദ്യുതനിലയത്തിനും രാസവളനിര്‍മാണശാലയ്ക്കും ഇന്ധനാവശ്യത്തിനുള്ള പ്രകൃതിവാതകം ലഭ്യമാക്കുന്നതും ഈ പാടങ്ങളില്‍ നിന്നാണ്. അഫ്ഗാനിസ്താനില്‍ കാര്യമായ തോതില്‍ പെട്രോളിയം നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഹിന്ദുക്കുഷ് പര്‍വതനിരയുടെ വ. ചരിവുകളില്‍ ബാഗ്ലാന്‍, ബാക് എന്നീ പ്രവിശ്യകളില്‍ പലയിടത്തും കല്കരിയുടെ കനത്ത നിക്ഷേപങ്ങള്‍ ഉണ്ട്.
കാബൂളിന് 96 കി.മീ. വ. പടിഞ്ഞാറുള്ള ഹാജിഗാക്കില്‍ മുന്തിയ ഇനം ഇരുമ്പുനിക്ഷേപങ്ങളുണ്ട്. നഗരത്തില്‍നിന്ന് വളരെദൂരെയല്ലാതെ ചെമ്പും (അയ്‍നക്) യുറേനിയ (ക്വാജെ റവാഷ്)വും ഖനനം ചെയ്യപ്പെടുന്നു. ഖോണ്‍ഡൂസിനു സമീപത്തുനിന്ന് ചെമ്പ്, കറുത്തീയം, നാകം എന്നിവ സാമാന്യമായ തോതില്‍ ലഭ്യമാണ്. ഇവയെകൂടാതെ ബെറിലിയം, ക്രോമിയം, കല്ലുപ്പ്, ബെറില്‍, ബേറൈറ്റ്, ബോക്സൈറ്റ്, ലിഥിയം, ടാന്റലം, സ്വര്‍ണം, വെള്ളി, ആസ്ബസ്റ്റോസ്, അഭ്രം, ഗന്ധകം തുടങ്ങിയവയുടെ കനത്ത നിക്ഷേപങ്ങളും അഫ്ഗാനിസ്താനിലുണ്ട്. ബരാക് ഷാനില്‍ സുലഭമായുള്ള ലാപിസ് ലാസുലി (Lapis lazuli) അര്‍ധ-രത്നമായി വിപണനം ചെയ്യപ്പെടുന്നു.
ഇതര നൈസര്‍ഗിക വിഭവങ്ങള്‍
അഫ്ഗാനിസ്താനിലെ 3ശ.മാ. ഭൂമിയില്‍ മാത്രമാണ് വനങ്ങളുള്ളത്. സമ്പദ് പ്രധാനങ്ങളായ തടിയിനങ്ങള്‍ ഏതാണ്ട് വംശനാശത്തിന്റെ വക്കിലാണ്. അല്പമാത്രമായി ലഭിക്കുന്ന തടി ആഭ്യന്തര ഉപഭോഗത്തിനു മതിയാവുന്നുമില്ല. പ്രത്യേകയിനം വൃക്ഷങ്ങളില്‍നിന്നു ലഭിക്കുന്ന അണ്ടിപ്പരിപ്പുകള്‍ക്ക് അന്താരാഷ്ട്രവിപണിയില്‍ ഏറെ പ്രിയമുണ്ട്.
ജലവൈദ്യുതി ഉത്പാദനത്തിനുള്ള സാധ്യതകള്‍ അഫ്ഗാനിസ്താനില്‍ വളരെ കൂടുതലാണ്. എന്നാല്‍ നദികളിലെ ജലനിര്‍ഗമനം പ്രത്യേക ഋതുക്കളില്‍ മാത്രമായതിനാല്‍ വൈദ്യുതോത്പാദനത്തിനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഭാരിച്ച മുതല്‍മുടക്ക് ആവശ്യമാണ്. ഇപ്പോള്‍ കാബൂള്‍-ജലാലാബാദ് മേഖലയില്‍ മാത്രമാണ് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
വ്യവസായവും വാണിജ്യവും
കാര്‍ഷിക-ക്ഷീരോത്പന്നങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളാണ് പൊതുവേ വികസിച്ചിട്ടുള്ളത്. മുഖ്യവ്യവസായം പരുത്തിത്തുണി നിര്‍മാണമാണ്. സിമന്റ്, പഞ്ചസാര, സസ്യഎണ്ണ, തടിയുരുപ്പടികള്‍, സോപ്പ്, തുകല്‍ വസ്തുക്കള്‍, രോമവസ്ത്രങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. മസാര്‍ ഇ ഷെരീഫിലെ രാസവളനിര്‍മാണ ശാലയാണ് ഏറ്റവും വലിയ വ്യവസായ സ്ഥാപനം. പരമ്പരാഗത വ്യവസായമായ കരകൌശലവസ്തുനിര്‍മാണം ദേശീയ വരുമാനത്തിന്റെ ഗണ്യമായ ഒരംശം ലഭ്യമാക്കുന്നു.
കയറ്റുമതി വിഭവങ്ങളില്‍ ഏറിയപങ്കും തൊട്ടടുത്ത രാജ്യങ്ങളിലേക്കാണു പോകുന്നത്. മുന്‍പ് സോവിയറ്റ് യൂണിയനായിരുന്നു പ്രധാന വ്യാപാരപങ്കാളി. മറ്റു വ്യാപാരപങ്കാളികളില്‍ ബ്രിട്ടന്‍, ജര്‍മനി എന്നിവ ഉള്‍പ്പെടുന്നു. ഇറക്കുമതികള്‍ക്ക് അയല്‍ രാജ്യങ്ങള്‍ക്കൊപ്പം ജപ്പാന്‍, ജര്‍മനി, ഹോങ്കോങ്, ബ്രിട്ടന്‍ എന്നിവയേയും ആശ്രയിക്കുന്നു.
ഗതാഗതം
റോഡുകളാണ് പ്രധാന ഗതാഗത മാര്‍ഗങ്ങള്‍ സമുദ്രസാമീപ്യമില്ലായ്മ, നിമ്നോന്നതമായ ഭൂപ്രകൃതി, റെയില്‍വേ സൌകര്യം വര്‍ധിപ്പിക്കുന്നതിലുള്ള പരിമിതികള്‍, ജലസമൃദ്ധി കുറഞ്ഞ ഗതാഗത സൌകര്യമില്ലാത്ത നദികള്‍ തുടങ്ങിയവ മറ്റു ഗതാഗത മാര്‍ഗങ്ങളുടെ വികസനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. രാജ്യത്തെ വ്യാപാരകേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നവയും അയല്‍രാജ്യങ്ങളിലെ റെയില്‍വേ കേന്ദ്രങ്ങളോളം എത്തുന്നവയുമായ ഒന്നാംകിട റോഡുകളുടെ നിര്‍മാണത്തിനാണ് അഫ്ഗാനിസ്താന്‍ ഊന്നല്‍ നല്‍കിയത്. 1960-നുശേഷം ഈ മേഖലയില്‍ സാമാന്യമായ പുരോഗതി നേടാനായി.
വിപുലമായ റോഡ് ശൃംഖലയിലൂടെ അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങളെ കഷ്ക, തുര്‍ക് മെനിസ്താന്‍, ടെര്‍മിസ്, ഉസ്ബെകിസ്താന്‍, ചമന്‍, പെഷാവര്‍ തുടങ്ങിയ അയല്‍നാടന്‍ റെയില്‍വേ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ റോഡുകള്‍ ഇന്ത്യാഉപഭൂഖണ്ഡത്തിലെ വിപണന കേന്ദ്രങ്ങള്‍ക്ക് മധ്യേഷന്‍ നഗരങ്ങളുമായി നേരിട്ടുബന്ധം പുലര്‍ത്തുവാനുള്ള സൌകര്യം നല്കുന്നു. നഗരങ്ങള്‍ക്കിടയില്‍ മോട്ടോര്‍ വാഹനഗതാഗതം നന്നെ പുരോഗമിച്ചിട്ടും ഗ്രാമവാസികള്‍ ഒട്ടകങ്ങളും കഴുതകളും വലിക്കുന്ന വണ്ടികളെ ഗതാഗത മാധ്യമമായി അവലംബിക്കുന്ന സ്ഥിതിയാണ് തുടര്‍ന്നുവരുന്നത്.
അഫ്ഗാനിസ്താനില്‍ വ്യോമസഞ്ചാരം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. പ്രവിശ്യാനഗരങ്ങളില്‍ മിക്കവയിലും വിമാനത്താവളങ്ങളുണ്ടെങ്കിലും ഇവയില്‍ പലതും ശൈത്യകാലത്ത് അടച്ചിടേണ്ടിവരുന്നു. കാബൂളിലും കാന്ദഹാറിലുമാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളത്. സ്റ്റേറ്റ് ഉടമയിലുള്ള ആരിയാനാ അഫ്ഗാന്‍ എയര്‍ലൈന്‍സ് 1955 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
സാമൂഹികക്ഷേമം
പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ എല്ലാഭാഗത്തും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഇതേവരെ ഒരു ഗവണ്‍മെന്റിനും കഴിഞ്ഞിട്ടില്ല. എല്ലാതലങ്ങളിലുമുള്ള വിദ്യാഭ്യാസം സൌജന്യമാണ്. എന്നാല്‍ വന്‍നഗരങ്ങളിലും പ്രവിശ്യാതലങ്ങളിലും മാത്രമാണ് ഉപരിവിദ്യാഭ്യാസത്തിനുള്ള സൌകര്യമുള്ളത്. സാക്ഷരതാ ശതമാനം 25-ല്‍ താഴെയായി തുടരുന്നു. 1946-ല്‍ ആരംഭിച്ച കാബൂള്‍ സര്‍വകലാശാലയാണ് രാജ്യത്തെ പഴക്കമേറിയ ഉന്നതവിദ്യാപീഠം. ഈ സര്‍വകലാശാലയിലെ വൈദ്യശാസ്ത്രവിഭാഗം 1932-ല്‍ ആരംഭിച്ചതാണ്. അഫ്ഗാനിസ്താനിലെ രണ്ടാമത്തെ സര്‍വകലാശാല 1963-ല്‍ ജലാലാബാദില്‍ സ്ഥാപിതമായി.
ആതുരശുശ്രൂഷയുടേയും ചികിത്സാ സൌകര്യങ്ങളുടേയും കാര്യത്തില്‍ അഫ്ഗാനിസ്താന്‍ നന്നെ പിന്നാക്കമാണ്. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍ തുടങ്ങി ആരോഗ്യപരിപാലനത്തിന് ആവശ്യമായ ഘടകങ്ങളില്‍ തീര്‍ത്തും അപര്യാപ്തമായ അവസ്ഥയാണുള്ളത്. നിലവിലുളള സൌകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കാബൂളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. സാമൂഹിക ക്ഷേമപരിപാടികള്‍ പ്രാവര്‍ത്തികമായിട്ടില്ല. ഈ ദുരവസ്ഥയുടെ വ്യക്തമായ പ്രതിഫലനമെന്നോണം മരണനിരക്ക് നന്നെ കൂടുതലാണ്.
സാംസ്കാരിക പശ്ചാത്തലം
5,000-ലേറെ വര്‍ഷത്തെ സാംസ്കാരികപൈതൃകം അഫ്ഗാനിസ്താന് അവകാശപ്പെടാവുന്നതാണ്. ജനങ്ങളില്‍ ഭൂരിപക്ഷവും നഗരങ്ങളില്‍ നിന്നകന്ന് ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ വസിക്കുന്നു. പരമ്പരാഗത കൃഷിസമ്പ്രദായങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന ഇവര്‍ മക്കത്തായ വ്യവസ്ഥ പാലിക്കുന്നവരാണ്. ഇവര്‍ക്കിടയില്‍ മതത്തിന്റെ സ്വാധീനം ഏറെ ശക്തമായിരിക്കുന്നു. നഗരങ്ങളില്‍ വിദേശീയരുമായുള്ള സഹബന്ധത്തിന്റെ ഫലമായുണ്ടായ സാംസ്കാരിക സങ്കരത്തിന്റെ പ്രഭാവം കാണാം. പാരമ്പര്യക്രമങ്ങളില്‍നിന്ന് വ്യത്യസ്തമായ ജീവിതചര്യയും ഇവിടെ നിലവില്‍ വന്നിട്ടുണ്ട്.
1922-നുശേഷം അഫ്ഗാനിസ്താനില്‍ പുരാവിജ്ഞാനീയ പഠനങ്ങളും ഉത്ഖനനങ്ങളും വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. ചരിത്രാതീതകാലത്തെ വിലപ്പെട്ട സ്മാരകങ്ങളും വിശേഷവസ്തുക്കളും ധാരാളമായി കണ്ടെടുത്തു. 1930-ല്‍ കാബൂളില്‍ കോളജ് ഒഫ് ഫൈന്‍ ആര്‍ട്സ് ആരംഭിച്ചതോടെയാണ് പ്രാചീന കലാരൂപങ്ങളുടെ പുനരുദ്ധാരണത്തിനു തുടക്കമായത്. 15-ാം ശ.-ത്തിലെ (തൈമൂറിയന്‍ കാലഘട്ടം) ഹീരേത് മാതൃക അവലംബിച്ചുള്ള ചിത്രരചനയ്ക്ക് ഇപ്പോള്‍ പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇസ്ലാമിനു മുന്‍പും പിന്‍പുമുള്ള രചനാരീതികള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ ആധുനിക ചിത്രകാരന്മാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. കരകൌശലവൈദഗ്ധ്യത്തിന്റെ ഉദാത്തമാതൃകകളായ അഫ്ഗാനിസ്താനിലെ പരവതാനികളും ചെമ്പുപാത്രങ്ങളും ആഗോളവിപണിയിലെ പ്രിയമേറിയ വിപണന വസ്തുക്കളാണ്.
അഫ്ഗാനിസ്താനിലെ തനതുശൈലിയിലുള്ള സംഗീതം പാശ്ചാത്യസംഗീതവുമായി അടുപ്പമുള്ളതാണ്. മതപരവും ദേശീയവുമായ ആചരണങ്ങളോടനുബന്ധിച്ച് തുറന്ന വേദികളില്‍ സംഘനൃത്തം നടത്തുന്ന പതിവ് ഇപ്പോഴും പ്രചാരത്തിലുണ്ട്. പഷ്തൂണുകളുടെ നൃത്തരൂപമായ 'അത്തന്‍' ഇപ്പോള്‍ ദേശീയാചാരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1960-നുശേഷമാണ് നാടകാവതരണം ഒരു കലാപ്രസ്ഥാനമായി വളര്‍ന്നത്. തുടക്കത്തില്‍ പാശ്ചാത്യ സമ്പ്രദായങ്ങളെ അനുകരിച്ച്, വിശ്വസാഹിത്യകൃതികളെ അവലംബിച്ചുള്ള നാടകങ്ങളാണ് അവതരിപ്പിച്ചിരുന്നത്. ക്രമേണ അഫ്ഗാന്‍ ജനതയുടെ ജീവിതാനുഭവങ്ങളെ ആധാരമാക്കിയുളള നാടകങ്ങള്‍ രചിക്കപ്പെട്ടു. എല്ലാ നഗരങ്ങളിലും നാടകശാലകളും നിരവധി സഞ്ചരിക്കുന്ന നാടകസമിതികളും പ്രവര്‍ത്തനത്തിലുണ്ട്. അഫ്ഗാനിസ്താനെ സംബന്ധിക്കുന്ന ചരിത്രഗവേഷണത്തിന്റെ ചുമതല അഫ്ഗാന്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയാണ് നിര്‍ഹിക്കുന്നത്. സാഹിത്യകൃതികള്‍ പുഷ്തു ഭാഷയില്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ആധുനിക സൃഷ്ടികളും ഈ ഭാഷയിലേതാണ്.
ചരിത്രം
മധ്യപൂര്‍വദേശം, മധ്യേഷ്യ, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നീ മേഖലകളിലെ വിഭിന്നസംസ്കാരങ്ങളുടെ സംഗമവേദിയായിരുന്നു ഈ ഭൂവിഭാഗം. എ.ഡി. 3-ാം ശ.-ത്തില്‍ സസാനിയര്‍ ഈ പ്രദേശത്തിന് അബ്‍ഗാന്‍ എന്ന വിളിപ്പേരു നല്കിയിരുന്നതായി കാണുന്നു.
ചരിത്രാതീതകാലം
ശിലായുഗ മനുഷ്യര്‍ ഈ പ്രദേശങ്ങളില്‍ വിഹരിച്ചു പോന്നതിന് വേണ്ടത്ര തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. ബരാക് ഷാന്‍ പ്രവിശ്യയില്‍പെട്ട ദാരാ ഇ കുദിലെ ഗുഹകളില്‍ നിന്ന് മധ്യശിലായുഗത്തിലെ ആയുധങ്ങളും നിയാന്‍ഡര്‍താല്‍ മാതൃക തലയോട്ടിയും കണ്ടെത്തി;ഇവയുടെ പഴക്കം 30,000 വര്‍ഷമായി കണക്കാക്കപ്പെട്ടിരിക്കുന്നു. നവീന ശിലായുഗത്തിലെ വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ആക്കോപൂര്‍ക്കിലെ ഗുഹകളില്‍ നിന്ന് ഉത്ഖനനം ചെയ്യപ്പെട്ടു; ഇവ ബി.സി. 9,000-6,000 കാലത്തേതാണെന്ന സൂചനകളാണു നല്കിയത്. രണ്ടാം ലോകയുദ്ധത്തിനുശേഷം പുരാവിജ്ഞാനപരമായ ഗവേഷണങ്ങളില്‍ വളരെയേറെ പുരോഗതിയുണ്ടായി. വെങ്കലയുഗത്തിലെ സംസ്കാര കേന്ദ്രങ്ങളെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഇതിലൂടെ സമാഹരിക്കപ്പെട്ടു. ഇവയില്‍ മിക്കവയും സിന്ധൂനദീതടസംസ്കാരത്തിനു തൊട്ടുമുന്‍പോ പിന്‍പോ ആയി നിലനിന്നിരുന്നവയാണ്. ഖോണ്‍ഡൂസിന് വ.കി. ആമു നദീതീരത്തുള്ള ഷോര്‍ത്തുഗായില്‍ ഹാരപ്പായിലേതിനു സമകാലികമായ ഒരു സാംസ്കാരികകേന്ദ്രം വികസിച്ചിരുന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്.
പ്രാക്ചരിത്രം - എ.ഡി. 7-ാം ശ. വരെ.
ബി.സി. 6-ാം ശ.-ത്തില്‍ അക്കമീനിയന്‍ നേതാവ് സൈറസ് രണ്ടാമന്‍ ഇപ്പോഴത്തെ അഫ്ഗാനിസ്താന്‍ മേഖലയില്‍ ആധിപത്യം സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ പിന്‍ഗാമി ദാരിയൂസ് I, ഈ മേഖലയെ വിവിധ പ്രവിശ്യകളായി വേര്‍തിരിച്ച് അക്കമീനിയന്‍ അധീശത്വം സുസ്ഥിരപ്പെടുത്തി. സത്രപി എന്നുവിളിക്കപ്പെട്ടിരുന്ന പ്രവിശ്യകളില്‍ ആരിയ (ഹീരേത്), ബാക്റ്റ്രിയ (ബാക്), സത്തഗീദിയ (ഗസ്നി മുതല്‍ സിന്ധുവരെയുള്ളപ്രദേശം), അരക്കോസിയ (കാന്ദഹാര്‍), ദ്രാന്‍ജിയാന (ശീസ്താന്‍) എന്നിവയാണ് ഉള്‍പ്പെട്ടിരുന്നത്.
മഹാനായ അലക്സാണ്ടര്‍, തന്റെ ഇന്ത്യാ ആക്രമണത്തിനുമുന്‍പുതന്നെ, അക്കമീനിയന്‍ പ്രവിശ്യകളെ കീഴ്പ്പെടുത്തുകയും (ബി.സി. 327) ആമു, കൌക് ഷേ എന്നീ നദികളുടെ സംഗമസ്ഥാനത്ത് താത്കാലിക ആസ്ഥാനമായി ആയ് ഖാനം നഗരം കെട്ടിപ്പടുക്കുകയും ചെയ്തു (ബി.സി. 325). യവന സംസ്കാര കേന്ദ്രമായി മാറിയ ഈ നഗരം ബി.സി. 130-ല്‍ നാടോടികളുടെ ആക്രമണത്തില്‍ നിലംപരിശായി. അലക്സാണ്ടറുടെ നിര്യാണ(ബി.സി. 323)ത്തെ തുടര്‍ന്ന് കിഴക്കന്‍ സത്രപികള്‍ ബാബിലോണിയ ആസ്ഥാനമാക്കി ഭരിച്ചിരുന്ന സെലൂസിദുകളുടെ അധീനതയിലായി. ഹിന്ദുക്കുഷിനു തെക്കുള്ള ഭാഗങ്ങള്‍ ബി.സി. 304-ല്‍ ഇന്ത്യയിലെ മൌര്യസാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. കി. അഫ്ഗാനിസ്താനിലെ കാന്ദഹാറിലും ലഖ്മാനിലും കണ്ടെത്തിയിട്ടുള്ള ശിലാലിഖിതങ്ങള്‍ അശോകചക്രവര്‍ത്തിയുടെ ഭരണകാല(273-232 ബി.സി.)ത്തിന് സമകാലികമാണ്. ഈ ദ്വിഭാഷാലിഖിതങ്ങളില്‍ ഗ്രീക്കിനോടൊപ്പം അക്കമീനിയരുടെ ഔദ്യോഗികഭാഷയായിരുന്ന അരമായിക്കും സ്ഥാനം പിടിച്ചിരിക്കുന്നു. ബാക്റ്റ്രിയായിലെ ഗവര്‍ണറായിരുന്ന ഡയോഡോട്ടസ് ആമു നദീതടത്തെ അധിവസിച്ചിരുന്ന അഫ്ഗാന്‍ വംശജര്‍ക്ക് സ്വതന്ത്രഭരണാധികാരം നല്കി (ബി.സി. 250)യതിനു രേഖകളുണ്ട്. ബി.സി. 180-ല്‍ കാബൂളിലും പഞ്ചാബിലും ബാക്റ്റ്രിയയിലെ യവനന്മാര്‍ ആക്രമണത്തിലൂടെ അധികാരമുറപ്പിച്ചിരുന്നു. കി. ഇറാനിലെ പാര്‍ഥിയര്‍ സെലൂസിദുകളുമായി വഴിപിരിഞ്ഞതിനെതുടര്‍ന്ന് ശീസ്താനിലും പിന്നീട് കാന്ദഹാറിലും ആധിപത്യമുറപ്പിച്ചു.
ബി.സി. 135-നോടടുത്ത് മധ്യേഷ്യന്‍ നാടോടിവര്‍ഗങ്ങളില്‍പെട്ട യുവേചികള്‍ ബാക്റ്റ്രിയ കൈവശപ്പെടുത്തി. അഞ്ചുവര്‍ഗങ്ങളുടെ കൂട്ടായ്മയായിരുന്ന യുവേചികളുടെ നേതൃത്വം കുശാന്‍ വര്‍ഗത്തിനായിരുന്നു. ഇതേതുടര്‍ന്ന് അഫ്ഗാന്‍ മേഖലയൊട്ടാകെ കുശാനുകളുടെ ആധിപത്യം വ്യാപിച്ചു. കുശാന്‍ ആധിപത്യത്തിന്റെ സുവര്‍ണദശയായിരുന്നു കനിഷ്കന്റെ ഭരണകാലം (എ.ഡി. 78-144). കലാസാംസ്കാരിക നവോത്ഥാനത്തിന് കനിഷ്കന്‍ നേതൃത്വം നല്കുകയും; ബുദ്ധമതപ്രചരണത്തിന് ആക്കംകൂട്ടുകയും ചെയ്തു. റോമില്‍നിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കുമുണ്ടായിരുന്ന വാണിജ്യപാത വികസിപ്പിച്ച് ബാക് നഗരത്തെ വിപണനകേന്ദ്രമായി വളര്‍ത്തി. വ്യാപാരത്തോടൊപ്പം സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കപ്പെട്ടു. ചൈനയിലേക്ക് ബുദ്ധമതം പ്രചരിപ്പിക്കപ്പെട്ടത് ഇക്കാലത്താണ്. 'ഗാന്ധാരകല' എന്ന പേരില്‍ വിഖ്യാതമായ കലാപ്രസ്ഥാനത്തിന്റെ തുടക്കവും വളര്‍ച്ചയും കുശാന്‍കാലഘട്ടത്തിലായിരുന്നു. മധ്യ അഫ്ഗാനിസ്താനിലെ പര്‍വതനിരകളില്‍പെട്ട ബാമീയാനിലെ ബുദ്ധപ്രതിമകള്‍ (53.4 മീ.; 36.6 മീ.) എ.ഡി. 3-4 ശ.-ങ്ങളില്‍ കുശാന്‍ ഭരണാധികാരികള്‍ നിര്‍മിച്ചവയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധപ്രതിമകളായിരുന്ന ഇവ പിന്നീട് താലിബാന്‍ ഭരണ കാലത്തു (2001) തകര്‍ക്കപ്പെട്ടു. കുശാനുകളുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ബാഗ്രാമില്‍ ഉത്ഖനനത്തിലൂടെ കണ്ടെടുത്ത അവശിഷ്ടങ്ങളില്‍ അലക്സാന്‍ഡ്രിയായിലെ ചായം പൂശിയകണ്ണാടികള്‍, റോമിലെ വെങ്കല സാമഗ്രികള്‍, വെണ്ണക്കല്‍ശില്പങ്ങള്‍, ചുണ്ണാമ്പുലേപം, വര്‍ണക്കല്ലുകൊണ്ടുള്ള തറയോടുകള്‍, ഇന്ത്യയിലെ ദന്തശില്പങ്ങള്‍, ചൈനയിലെ അരക്കുകൊണ്ടുള്ള അലങ്കാരവസ്തുക്കള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ബാക് നഗരത്തിനു വടക്കായി ദെല്‍ബാര്‍ജിനില്‍ മറ്റൊരു വന്‍നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബാക്കിനു പടിഞ്ഞാറുള്ള ശേബര്‍ഘാനിലെ ഉത്ഖനനം കുശാന്‍ കാലത്തെ കലാമേന്മയുള്ള സ്വര്‍ണാഭരണങ്ങളുടെ ശേഖരം വീണ്ടെടുക്കുകയുണ്ടായി.
കനിഷ്കനുശേഷം അനേകം കുശാന്‍ വംശജര്‍ അധികാരം കയ്യാളിയെങ്കിലും അവരില്‍ പ്രബലരായ ഭരണാധികാരികള്‍ ഉണ്ടായിരുന്നില്ല. എ.ഡി. 241-ല്‍ പേര്‍ഷ്യയില്‍നിന്നുള്ള സസാനിയര്‍ ബാഗ്രാം ഉള്‍പ്പെടെയുള്ള അഫ്ഗാനിസ്താന്‍ മേഖലകളില്‍ അധികാരം സ്ഥാപിച്ചു. എ.ഡി. 400-ല്‍ മധ്യേഷ്യയിലെ നാടോടിവര്‍ഗമായ ഹെപ്തലൈറ്റുകള്‍ ആക്രമണപരമ്പരകളിലൂടെ ആധിപത്യം കരസ്ഥമാക്കിയെങ്കിലും 565-ല്‍ തുര്‍ക്കികളുടെ സഹായത്തോടെ സസാനിയര്‍ അധീശത്വം പുനഃസ്ഥാപിച്ചു. 5-7 ശ.-ങ്ങളിലെ സ്ഥിതി വിവരങ്ങള്‍ ലഭിക്കുന്നത് ചീനന്മാരായ ബുദ്ധഭിക്ഷുക്കളുടേയും ഇതര സഞ്ചാരികളുടേയും യാത്രാവിവരണങ്ങളില്‍ നിന്നാണ്. പ്രശസ്ത സഞ്ചാരിയായ ഹുയാന്‍സാങ് ഹദ്ദ, ശസ്ന, ഖോണ്‍ഡൂസ്, ബാമീയാന്‍, ശതരക്, ബാഗ്രാം എന്നീ കേന്ദ്രങ്ങളെ സംബന്ധിച്ച വിശദമായ വിവരണം നല്കിയിട്ടുണ്ട്.
മധ്യകാലഘട്ടം
ഹെഫ്തലൈറ്റുകളുടേയും സസാനിയരുടേയും കാലഘട്ടത്തില്‍ അഫ്ഗാനിസ്താന്‍ മേഖലയിലെ നാടുവാഴികളില്‍ ഏറിയപേരും ഹിന്ദുമതത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഷാഹി എന്നറിയപ്പെട്ടിരുന്ന ഹിന്ദുരാജാക്കന്മാര്‍ കാബൂള്‍, ഗസ്നി എന്നിവിടങ്ങള്‍ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കാബൂളിന് വടക്കായി ഷാഹിഭരണാധിപന്മാര്‍ നിര്‍മിച്ച വന്‍ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടു. ഗസ്നിയിലെ ആരാധനാലയത്തില്‍ ഹിന്ദു-ബൌദ്ധമതങ്ങളുമായി ബന്ധപ്പെട്ട പ്രതിമാശില്പങ്ങള്‍ ഇടകലര്‍ന്നു കാണപ്പെട്ടത് രണ്ടുമതങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കപ്പെട്ടിരുന്നതിന്റെ സൂചകമായി കരുതാം.
ഇറാനിലെ നഹാവന്തില്‍ 642-ല്‍ നടന്ന യുദ്ധത്തില്‍ സസാനിയര്‍ ഇസ്ലാമിക സേനയ്ക്ക് അടിയറവു പറഞ്ഞതിനെ തുടര്‍ന്ന് അഫ്ഗാന്‍ മേഖലയില്‍ ഇസ്ലാമിക മുന്നേറ്റം ഉണ്ടായി. നഗരങ്ങളേയും നാടുവാഴികളേയും കീഴ്പ്പെടുത്തിയ മുസ്ലിങ്ങള്‍ തദ്ദേശീയ ജനതയെ വ്യാപകമായ മതപരിവര്‍ത്തനത്തിനു വിധേയരാക്കുകയും ചെയ്തു. ഇസ്ലാമികസേനയുടെ പിന്മാറ്റത്തെത്തുടര്‍ന്ന് ഉണ്ടായ ജനകീയ കലാപം പ്രാദേശിക ഭരണകൂടങ്ങളുടെ പുനഃസ്ഥാപനത്തിനും പാരമ്പര്യമതവിശ്വാസങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിനും കാരണമായി. ഇവയ്ക്കുസമാന്തരമായി ഏതാനും മുസ്ലിം രാജവംശങ്ങളും നിലവില്‍വന്നു. ഇസ്ലാമിക രാജവംശങ്ങളില്‍ ആദ്യം പ്രാബല്യത്തിലെത്തിയത് ഖുറസാന്‍ ആസ്ഥാനമാക്കി ഭരണമാരംഭിച്ച താഹിറിദുകളായിരുന്നു. ബാക്, ഹീരേത്ത് എന്നീ പ്രദേശങ്ങളാണ് ഇവരുടെ അധീനതയിലുണ്ടായിരുന്നത്. അബ്ബാസിദ് ഖലീഫമാരോട് ആദ്യകാലത്ത് വിധേയത്വം പുലര്‍ത്തിയ താഹിറിദ് രാജാക്കന്മാര്‍ 820 മുതല്‍ സര്‍വതന്ത്ര സ്വതന്ത്രരായി ഭരണം തുടര്‍ന്നു. 867-69 കാലത്ത് ശീസ്താനിലെ സഫാരിദ് വംശം താഹിറിദുകളെ അധികാരഭ്രഷ്ടരാക്കി. ഏറെത്താമസിയാതെ ഉത്തര അഫ്ഗാനിസ്താനിലെ നാടുവാഴികളെ ആകമാനം സാമന്തപദവിയിലേക്കു താഴ്ത്തിക്കൊണ്ട് സാമാനിദ് വംശക്കാര്‍ അധീശപദവി നേടി. ബുഖാരാ കേന്ദ്രമാക്കി ഭരണമാരംഭിച്ച സാമാനിദ് രാജാക്കന്മാര്‍ ബുഖാര, സമര്‍ഖണ്ഡ്, ബാക് എന്നീ പ്രവിശ്യകള്‍ക്ക് 872-999 കാലഘട്ടത്തില്‍ സദ്ഭരണം പ്രദാനം ചെയ്തു.
10-ാം ശ.-ത്തിന്റെ മധ്യത്തോടെ തുര്‍ക്കി വംശജനായ അല്‍പ്തജിന്‍ എന്ന അടിമ ഗസ്നി പിടിച്ചടക്കി ഭരണമാരംഭിച്ചു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായ സുബക്തിജിന്‍ കാബൂള്‍ വരെയും സിന്ധുനദിവരെയുമുള്ള പ്രദേശങ്ങളിലേക്ക് ആധിപത്യം വ്യാപിപ്പിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പുത്രന്‍ മഹ്മൂദ് അധികാരത്തിലെത്തി, (998) പഞ്ചാബ്, മുള്‍ത്താന്‍ എന്നീ പ്രദേശങ്ങള്‍ കീഴടക്കുകയും ഇന്ത്യയുടെ മധ്യഭാഗത്തോളം തന്റെ ജൈത്രയാത്ര തുടരുകയും ചെയ്തു. ഗസ്നിയെ ഒരു വന്‍നഗരമായി വികസിപ്പിച്ച മഹ്മൂദ് തന്റെ രണ്ടാം ആസ്ഥാനമായി ലഷ്കര്‍ ഗാഹ് നഗരത്തെ വളര്‍ത്തിയെടുത്തു. പിന്‍മുറക്കാര്‍ താരതമ്യേന ദുര്‍ബലരായിരുന്നതിനാല്‍ ഗസ്നിയുടെ ആധിപത്യം ക്രമേണ ശോഷിച്ചു.
1150-ല്‍ അലാവുദീന്‍ ഹുസൈന്‍ അഫ്ഗാനിസ്താനില്‍ ഗൌറി ഭരണം സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന മൊയ്സുദീന്‍ മുഹമ്മദ് (മുഹമ്മദ് ഗൌറി) 1206-ല്‍ നിര്യാതനായതോടെ സാമ്രാജ്യം ശിഥിലമായി. അഫ്ഗാന്‍മേഖലയെ ഏകോപിപ്പിച്ച സുല്‍ത്താന്‍ അലാ അദ്ദീന്‍ മുഹമ്മദ് 'ഖാരിസ്മേ ഷാ' എന്ന സ്ഥാനപ്പേരോടെ ഭരണമാരംഭിച്ചു. ഏറെത്താമസിയാതെ ചൈന മുതല്‍ ഇറാന്‍ വരെയുള്ള പ്രദേശങ്ങളെ തന്റെ അധികാര വ്യാപ്തിയില്‍പെടുത്തുന്നതില്‍ ഷാ വിജയിച്ചു. 1219-ല്‍ മംഗോള്‍ വംശജനായ ചെങ്കിസ്‍ഖാന്‍ രാജ്യം ആക്രമിച്ചതിനെത്തുടര്‍ന്ന് കാസ്പിയന്‍ കടലിലെ ഒരു ദ്വീപിലേക്ക് പിന്‍വാങ്ങിയ അലാ അദ്ദീന്‍ അവിടെവച്ച് ചരമം പ്രാപിച്ചു (1220). ഇദ്ദേഹത്തിന്റെ പുത്രനായ ജലാല്‍ അദ്ദീന്‍ മിങ് ബുര്‍ണു ഉന്നത തടങ്ങളിലെ അഫ്ഗാന്‍ ഇടപ്രഭുക്കളെ ഏകോപിപ്പിച്ച് മംഗോള്‍സൈന്യത്തിന് കനത്ത പ്രഹരമേല്പിച്ചു. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ ഗസ്നിക്കു സമീപം വച്ച് ചെങ്കിസ്‍ഖാനോടു പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ജലാല്‍ അദ്ദീന്‍ സിന്ധുനദീതീരത്തേക്കു പിന്‍വാങ്ങി.
ചെങ്കിസ്ഖാന്‍ നിര്യാതനായ(1227)തോടെ അദ്ദേഹത്തിന്റെ സാമ്രാജ്യം ഛിന്നഭിന്നമാവുകയും അനേകം നാടുവാഴികളുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. ഇവരില്‍ ചിലര്‍ മംഗോളിയരുടെ സാമന്തപദവി സ്വീകരിച്ചു. മറ്റുള്ളവര്‍ സ്വതന്ത്രരായും ഭരണമാരംഭിച്ചു. 14-ാം ശ.-ത്തിന്റെ അന്ത്യപാദത്തോളം ഈ നില തുടര്‍ന്നു. സമര്‍ഖണ്ഡിലെ രാജാവായിരുന്ന തൈമൂര്‍ (1336-1405) തന്റെ ദിഗ്വിജയങ്ങള്‍ക്കിടയില്‍ അഫ്ഗാനിസ്താന്‍ മേഖലയിലെ ഏറിയ ഭാഗങ്ങളും കൈവശപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഭരണ ആസ്ഥാനങ്ങളിലൊന്നായി വികാസം പ്രാപിച്ച ഹീരേത്‍നഗരം വാസ്തുശില്പപരമായും വളര്‍ച്ച കൈവരിച്ചു.
1507-ല്‍ തുര്‍ക്കിവംശജരായ ഉസ്ബെക്കുകളുടെ നേതാവായിരുന്ന മഹമ്മദ് ഷെയ്ബാനി ഹീരേത് കൈവശപ്പെടുത്തിയെങ്കിലും. 1510-ല്‍ സഫാവിദ് വംശത്തിലെ ഇസ്മയില്‍ഷായുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഷെയ്ബാനി വധിക്കപ്പെട്ടു. ആഗ്ര ആസ്ഥാനമാക്കി ബാബര്‍ സ്ഥാപിച്ച മുഗള്‍സാമ്രാജ്യം 19-ാം ശ.-ത്തിന്റെ മധ്യകാലത്തോളം ഹിന്ദുക്കുഷിനു തെക്കുള്ള അഫ്ഗാനിസ്താന്‍ മേഖലയുടെ പൂര്‍വഭാഗങ്ങളെ ഉള്‍ക്കൊണ്ടിരുന്നു. ബാബറിന്റെ നിര്യാണാ(1530)നന്തരം അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ കാബൂളിലെത്തിച്ച് അവിടെ അടക്കം ചെയ്തു.
അഫ്ഗാന്‍ സാമ്രാജ്യം
അഫ്ഗാന്‍ വംശജരായ ഭരണാധികാരികള്‍ വിദേശീയ മേല്‍ക്കോയ്മകളെ മനസാ അംഗീകരിച്ചിരുന്നില്ല. അഫ്ഗാന്‍കാരുടേതായ സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമം ആദ്യമുണ്ടായത് ഹോതകിലെ ഘില്‍സായ് വര്‍ഗക്കാരില്‍ നിന്നാണ്. ഇവരുടെ നേതാവായിരുന്ന മിര്‍വെയ്സ്‍ഖാന്‍ കാന്ദഹാറിലെ പേര്‍ഷ്യന്‍ ഗവര്‍ണര്‍ക്കെതിരേ കലാപക്കൊടിയുയര്‍ത്തി; ജീവിതാന്ത്യ(1715)ത്തോളം കാന്ദഹാറില്‍ ആധിപത്യം നിലനിറുത്തി. ഇതില്‍ പ്രചോദിതരായി 1716-ല്‍ ഹീരേത്തിലെ അബ്ദാലികള്‍ പേര്‍ഷ്യന്‍ ആധിപത്യത്തിനെതിരേ സായുധകലാപം തുടങ്ങി. അസദുള്ളാഖാന്റെ നേതൃത്വത്തില്‍ ഹീരേത് സ്വതന്ത്രരാജ്യമായി. ഇക്കാലത്തുതന്നെ കാന്ദഹാറിലെ ഭരണം പിടിച്ചെടുത്ത മെഹമൂദ് ഇസ്‍ഫഹാന്‍ നഗരത്തിലേക്കു പടനയിക്കുകയും ആറുമാസത്തെ ഉപരോധത്തിനുശേഷം സഫാവിദുകളെ കീഴ്പ്പെടുത്തുകയും (1722) ചെയ്തു. മെഹമൂദിന്റെ മരണ (1725)ശേഷം പിന്‍ഗാമിയായ അഷ്റഫിന് വടക്കുനിന്നുള്ള റഷ്യന്‍ ആക്രമണത്തേയും പടിഞ്ഞാറുനിന്നുള്ള ഒട്ടോമന്‍ തുര്‍ക്കികളുടെ മുന്നേറ്റത്തേയും ചെറുക്കേണ്ടിവന്നു. ഇതില്‍ വിജയിച്ചുവെങ്കിലും കൊള്ളത്തലവനായ നാദിര്‍ കൊഹ്‍ലി ബേഗിനു മുന്നില്‍ പിടിച്ചുനില്ക്കാനായില്ല. അഫ്ഗാന്‍സേനയെ പേര്‍ഷ്യയില്‍നിന്നു തുരത്തുവാന്‍ കഴിഞ്ഞ നാദിറിനു 1732-ല്‍ ഹീരേത് കൈവശപ്പെടുത്താനുമായി. 1736-ല്‍ പേര്‍ഷ്യയിലെ ഷാ പദവിയില്‍ നാദിര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1738-ല്‍ കാന്ദഹാറും തുടര്‍ന്ന് ഗസ്നി, കാബൂള്‍ എന്നീ നഗരങ്ങളെയും കീഴ്പ്പെടുത്തിയശേഷം മുഗള്‍തലസ്ഥാനമായി മാറിക്കഴിഞ്ഞിരുന്ന ദില്ലിയെ നാദിര്‍ഷാ ആക്രമിച്ചു (1739). 1747-ല്‍ ഖാബുഷാനില്‍വച്ച് നാദിര്‍ഷാ വധിക്കപ്പെട്ടതോടെ സാമ്രാജ്യം ശിഥിലമായി.
നാദിര്‍ഷായുടെ അംഗരക്ഷകസേനയുടെ തലവനായിരുന്ന അഹമദ്ഖാന്‍ അബ്ദാലിയെ കാന്ദഹാറിലെ ഷാ ആയി ഗോത്രത്തലവന്മാര്‍ തെരഞ്ഞെടുത്തു. ദുറാനി (രത്നങ്ങളിലെ രത്നം) എന്ന സ്ഥാനപ്പേരോടെ ഭരണമാരംഭിച്ച അഹമ്മദ്ഷാ അഫ്ഗാന്‍ വംശപരമ്പരകളുടെ ആകമാനം പിന്തുണയാര്‍ജിക്കുകയും വ്യാപകമായ ഒരു സാമ്രാജ്യത്തിന് അടിത്തറയിടുകയും ചെയ്തു. വലുപ്പംകൊണ്ട് ഒട്ടോമന്‍ സാമ്രാജ്യത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയ ദുറാനി സാമ്രാജ്യം 18-ാം ശ.-ത്തിന്റെ രണ്ടാം പാദത്തില്‍ സമ്പല്‍സമൃദ്ധവുമായിരുന്നു. 1772-ല്‍ അഹമ്മദ്ഷാ അന്തരിച്ചു. തുടര്‍ന്നു ഭരിച്ച തൈമൂര്‍ഷായ്ക്ക് പിതാവിനെപ്പോലെ ഗോത്രത്തലവന്മാരുടെ പിന്തുണയാര്‍ജിക്കാനായില്ല; ഭരണകാലത്തിന്റെ ഏറിയപങ്കും കലാപകാരികളെ അമര്‍ച്ച ചെയ്യുന്നതിനായി ഇദ്ദേഹത്തിന് വിനിയോഗിക്കേണ്ടിവന്നു. അഭ്യന്തര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനം കാന്ദഹാറില്‍നിന്നു കാബൂളിലേക്കു മാറ്റുവാന്‍ (1776) തൈമൂര്‍ഷാ നിര്‍ബന്ധിതനായി.
1793-ല്‍ തൈമൂര്‍ഷായുടെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ അഞ്ചാമത്തെ പുത്രനായ സാമന്‍ ഷാ (ഭ.കാ. 1793-1800) ബരാക് ഷേ നേതാവും സൈന്യത്തലവനുമായിരുന്ന സര്‍ദാര്‍ പായിന്ദാഖാന്റെ പിന്‍ബലത്തോടെ സിംഹാസനം കൈക്കലാക്കി. സാമന്‍ ഷായെ വധിച്ച് അധികാരത്തിലേറിയ മഹ്മൂദ്ഷാ പേര്‍ഷ്യയിലെ ഫത്ത്ഖാന്‍ഷായുടെ പരമാധികാരം അംഗീകരിച്ചുകൊണ്ടുള്ള ഭരണമാണ് തുടര്‍ന്നത്. ഇതില്‍ പ്രകോപിതരായ ഗോത്രത്തലവന്മാര്‍ 1803-ല്‍ സാമന്‍ ഷായുടെ മറ്റൊരു സഹോദരനായ ഷൂജായെ കാബൂളിലേക്കു ക്ഷണിച്ചു വരുത്തി. ഇദ്ദേഹത്തിനു ഭരണാധികാരം കൈമാറി സ്ഥാനമൊഴിയുവാന്‍ മഹ്മൂദ് സന്നദ്ധനായി. തുടര്‍ന്ന് 1809 വരെ ഷൂജാ ഷായാണ് അഫ്ഗാനിസ്താന്‍ ഭരിച്ചത്. റഷ്യയിലെ അലക്സാണ്ടര്‍ I-മായിച്ചേര്‍ന്ന് ഇന്ത്യയുടെമേല്‍ സംയുക്താക്രമണം നടത്തുവാന്‍ നെപ്പോളിയന്‍ ഒരുമ്പെടുന്നതായ അഭ്യൂഹത്തിന്റെ മറപിടിച്ച്, സംയുക്ത പ്രതിരോധത്തെക്കുറിച്ച് ആലോചിക്കുവാനെന്നപേരില്‍ ഷൂജാഷായുമായി ചര്‍ച്ചയിലേര്‍പ്പെടുവാന്‍ ബ്രിട്ടിഷുകാര്‍ മുന്‍കയ്യെടുത്തു. 1809 ജൂണ്‍ 7-ന് പെഷവാറില്‍ വച്ച് ആംഗ്ളോ-അഫ്ഗാന്‍ സൌഹൃദ ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതേയവസരത്തില്‍ ഫത്ഖാന്റെ പിന്തുണയോടെ മഹ്മൂദ് കാബൂള്‍ വീണ്ടെടുത്തു. അഫ്ഗാനിസ്താനില്‍നിന്നു പലായനം ചെയ്യുവാനും, ബ്രിട്ടിഷ് സംരക്ഷണയില്‍ ലുധിയാനായില്‍ ശിഷ്ടജീവിതം കഴിക്കുവാനും ഷൂജാ നിര്‍ബന്ധിതനായി. അധികാരം ലഭിച്ചതിനെതുടര്‍ന്ന് മഹ്മൂദ്ഷാ ബരാക് ഷേ വിഭാഗത്തിന്റെ പ്രാബല്യം കുറയ്ക്കുവാനുള്ള നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി മഹ്മൂദിന്റെ പുത്രനായ കാമ്റാന്‍ ഫത്ഖാനെ തടവുകാരാനാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.
കാശ്മീറിന്റെ ഭരണകര്‍ത്താവായിരുന്ന ഫത്ഖാന്റെ ഇളയസഹോദരന്‍ ദോസ്ത് മുഹമ്മദ് 1818-ല്‍ പെഷവാറും കാബൂളും പിടിച്ചടക്കി. ഇതിനോടകം സിന്ധു തടത്തോടുചേര്‍ന്നുള്ള അഫ്ഗാന്‍ പ്രദേശങ്ങള്‍ രജ്‍ഞിത്‍സിങും, ബാക് പ്രദേശം ബുഖാരായിലെ നാടുവാഴിയും അധീനപ്പെടുത്തിയിരുന്നു. കൂടാതെ സിന്ധ്, ബലൂചിസ്താന്‍ എന്നീ പ്രവിശ്യകള്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മഹമൂദ്ഷാ ഹീരേത്തില്‍ ചുവടുറപ്പിക്കുകയും ചെയ്തു. ഗസ്നി, ജലാലാബാദ് എന്നീ പ്രവിശ്യകളെ കൂടെ സംയോജിപ്പിച്ചുകൊണ്ട് കാബൂള്‍ ആസ്ഥാനമാക്കി ബരാക് ഷേ വംശത്തിന്റെ ഭരണമാരംഭിക്കുന്നതില്‍ ദോസ്ത് മുഹമ്മദ് (ഭ.കാ. 1826-39; 1843-63) വിജയിച്ചു. 1826-ല്‍ അമീര്‍ എന്ന പദവിയോടെ ഇദ്ദേഹം അധികാരമേറ്റെടുത്തു. പെഷവാര്‍ വീണ്ടെടുക്കുന്നതിനായി നടത്തിയ യുദ്ധത്തില്‍ ദോസ്ത് മുഹമ്മദിന് കനത്ത പരാജയം ഉണ്ടാവുകയും പെഷവാര്‍ എക്കാലത്തേക്കുമായി അഫ്ഗാനിസ്താനു നഷ്ടമാവുകയും ചെയ്തു.
1837 ന.-ല്‍ പേര്‍ഷ്യയിലെ മുഹമ്മദ് ഷാ റഷ്യയുടെ ഉറച്ച പിന്തുണയോടെ ഹീരേത്ത് ആക്രമിച്ചു. അടുത്ത ലക്ഷ്യം ഇന്ത്യയായിരിക്കുമെന്ന സന്ദേഹം മൂലം ബ്രിട്ടീഷുകാര്‍ ഹീരേത്ത്, കാന്ദഹാര്‍, കാബൂള്‍ എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി സൈനികസഖ്യം സ്ഥാപിച്ചു. പെഷവാര്‍ വീണ്ടെടുക്കാന്‍ ബ്രിട്ടിഷ് സഹായം ലഭ്യമാവാത്തതിനാല്‍ ദോസ്ത് മുഹമ്മദ് റഷ്യയോട് ചായ്‍വുകാട്ടി. കാബൂളിലുണ്ടായിരുന്ന ബ്രിട്ടിഷ് പ്രതിനിധി സംഘത്തിന് ഇന്ത്യയിലേക്കു മടങ്ങേണ്ടിവന്നതില്‍ പ്രകോപിതനായ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ ആക്ലന്‍ഡ് അഫ്ഗാനിസ്താനെ ആക്രമിക്കുവാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് 1839 ഏ.-ല്‍ ബ്രിട്ടിഷ് സൈന്യം കാന്ദഹാര്‍ പിടിച്ചടക്കി ഷൂജായെ ഷാ ആയി പ്രഖ്യാപിച്ചു. ബാക്, ബൂഖാരാ എന്നിവിടങ്ങളില്‍ ദോസ്ത് മുഹമ്മദ് അഭയം തേടിയെങ്കിലും ഒടുവില്‍ പിടിക്കപ്പെട്ടു. തടവില്‍നിന്ന് രക്ഷപ്പെട്ട ദോസ്ത് മുഹമ്മദ് വിദേശാധിപത്യത്തെ എതിര്‍ത്തിരുന്ന അഫ്ഗാന്‍ വംശജരെ സംഘടിപ്പിക്കുകയും 1840 ന. 2-ന് പര്‍വാനില്‍വച്ച് ബ്രിട്ടിഷ് സൈന്യത്തോട് ഏറ്റുമുട്ടുകയും ഒടുവില്‍ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങുകയും ചെയ്തു. തുടര്‍ന്ന് ദോസ്ത് മുഹമ്മദ് കുടുംബാംഗങ്ങളോടൊപ്പം ഇന്ത്യയിലേക്കു കടത്തപ്പെട്ടു.
ദോസ്ത് മുഹമ്മദിന്റെ പുത്രനായ അക്ബര്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടിഷ് വിരുദ്ധകലാപത്തെത്തുടര്‍ന്ന് 1842-ല്‍ ബ്രിട്ടിഷ് സേനയ്ക്ക് കാബൂളില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നു. തുടര്‍ന്ന് ഷൂജാഷാ വധിക്കപ്പെട്ടു. ഇതേവര്‍ഷം തന്നെ കാബൂള്‍ വീണ്ടെടുക്കുവാനായെങ്കിലും അഫ്ഗാനിസ്താനില്‍ നിന്ന് ഒഴിഞ്ഞുമാറുവാനുള്ള ഇന്ത്യാ ഗവര്‍ണര്‍ ജനറല്‍ അല്ലന്‍ ബറോയുടെ തീരുമാനത്തെതുടര്‍ന്ന് ബ്രിട്ടിഷ് സൈന്യം പിന്‍വാങ്ങി. 1843-ല്‍ വീണ്ടും അധികാരത്തിലെത്തിയ ദോസ്ത് മുഹമ്മദ് അടുത്ത 20 വര്‍ഷം ഭരണം നടത്തുകയും ചെയ്തു. 1855-ല്‍ കാന്ദഹാറിനേയും, 1859-ല്‍ ബാക് തുടങ്ങി അഫ്ഗാന്‍മേഖലയുടെ വടക്കേപകുതിയിലുള്ള നാട്ടുരാജ്യങ്ങളേയും 1863-ല്‍ ഹീരേത്തിനേയും സംയോജിപ്പിച്ച് ആധുനിക അഫ്ഗാനിസ്താന്റെ ചട്ടക്കൂട് ഉറപ്പിക്കുവാന്‍ ദോസ്ത് മുഹമ്മദിനു കഴിഞ്ഞു. 1863 ജൂണില്‍ ഇദ്ദേഹം നിര്യാതനായി.
ദോസ്ത് മുഹമ്മദിന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റത് മൂന്നാമത്തെ പുത്രനായ ഷീര്‍ അലി (ഭ.കാ. 1863-66; 1868-79) ആയിരുന്നു. തന്റെ ജ്യേഷ്ഠസഹോദരന്മാര്‍ 1866-ല്‍ ബലമായി പിടിച്ചെടുത്ത ഭരണാധികാരം രണ്ടുവര്‍ഷത്തിനുശേഷം വീണ്ടെടുക്കുവാന്‍ ഷീര്‍ അലിക്കുകഴിഞ്ഞു. റഷ്യന്‍ നയതന്ത്രജ്ഞസംഘത്തെ കാബൂളിലേക്കു സ്വാഗതംചെയ്ത ഷീര്‍അലി ബ്രിട്ടീഷുകാരുമായി യാതൊരു സഖ്യത്തിനും തയ്യാറായില്ല. ഇത് ബ്രിട്ടീഷുകാരുമായി തുറന്നയുദ്ധ(1878-80)ത്തിലേക്കു നയിച്ചു. തന്റെ പുത്രനായ യാക്കുബ് ഖാനെ കാബൂളിലെ ഭരണച്ചുമതലകള്‍ ഏല്പിച്ചുകൊണ്ട് ബ്രിട്ടിഷുകാര്‍ക്കെതിരേ നേരിട്ടുപടനയിക്കുവാന്‍ തീരുമാനിച്ച ഷീര്‍അലി റഷ്യയോട് സൈന്യസഹായം ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടീഷുകാരുമായി രഞ്ജിപ്പിലെത്തുവാനുള്ള ഉപദേശമാണ് റഷ്യ നല്കിയത്. ഷീര്‍ അലിയുടെ മരണാനന്തരം ബ്രിട്ടീഷുകാരുടെ സമ്മതത്തോടെ അമീര്‍ ആയ യാക്കുബ് ഖാന്‍ ബ്രിട്ടിഷ് പ്രതിനിധി സംഘത്തിന് കാബൂളില്‍ സ്ഥിരമായ ആസ്ഥാനം നല്കുവാന്‍ സന്നദ്ധനായി. 1879 സെപ്.-ല്‍ കാബൂളിലെ ബ്രിട്ടിഷ് പ്രതിനിധിയും അനുചരന്മാരും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ബ്രിട്ടിഷ് സൈന്യം കാബൂള്‍ കൈവശപ്പെടുത്തുകയും സ്ഥാനഭ്രഷ്ടനായ യാക്കുബ് ഖാനെ ഇന്ത്യയിലേക്കു കടത്തുകയും ചെയ്തു.
ഷീര്‍ അലിയുടെ പിതൃവ്യപുത്രനായ അബ്ദുള്‍ റഹ്മാന്‍ ഖാന്‍ 1880-ല്‍ കാബൂളിലെ അമീര്‍ ആയി സ്വയം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ അംഗീകരിക്കുകയും 1881-ല്‍ കാന്ദഹാറില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങുകയും ചെയ്തു. റഷ്യയും ബ്രിട്ടനും അന്യോന്യധാരണയോടെ ആധുനിക അഫ്ഗാനിസ്താന്റെ അതിര്‍ത്തികള്‍ നിര്‍ണയിച്ചത് അബ്ദുള്‍ റഹ്മാന്‍ ഖാന്റെ ഭരണകാലത്തായിരുന്നു. അഫ്ഗാനിസ്താനും ബ്രിട്ടിഷ് ഇന്ത്യയ്ക്കും ഇടയ്ക്കുള്ള അതിര്‍ത്തിയായി ഡുറന്‍ഡ് രേഖ നിര്‍വചിക്കപ്പെട്ടത് 1893-ലാണ്. റഷ്യയ്ക്കും ബ്രിട്ടിഷ് ഇന്ത്യയ്ക്കുമിടയിലുള്ള ഒരു നിഷ്‍പക്ഷ രാജ്യമെന്ന പദവിയില്‍ അഫ്ഗാനിസ്താനെ നിലനിറുത്തുവാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായി. യൂറോപ്യന്‍ സാങ്കേതികജ്ഞാനവും പാശ്ചാത്യരീതികളും അഫ്ഗാന്‍മേഖലയില്‍ വികസിപ്പിക്കുന്നതിന് അബ്ദുള്‍ റഹ്മാന്‍ മുന്‍കയ്യെടുത്തു. ആധുനിക അഫ്ഗാനിസ്താന്റെ ഉപജ്ഞാതാവ് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന ഹബീബുള്ളാഖാനും പിതാവിന്റെ നയപരിപാടികള്‍ പിന്തുടരുകയുണ്ടായി. പാശ്ചാത്യ സമ്പ്രദായങ്ങള്‍ക്ക് അഫ്ഗാനിസ്താനില്‍ പ്രചാരം സിദ്ധിച്ചത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു; രാജ്യത്തിലെ ആദ്യത്തെ വൃത്താന്തപത്രികയായ 'സെരാജ് അല്‍ അഖ്ബാര്‍' (1911-18) ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പ്രസിദ്ധീകരണമാരംഭിച്ചത്. ഒന്നാം ലോകയുദ്ധകാലത്ത് അഫ്ഗാനിസ്താനെ ബ്രിട്ടിഷ് പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തിയതിലൂടെ രാജ്യത്തിലെ ഇതരനേതാക്കളുടെ കടുത്ത ശത്രുതയ്ക്കുപാത്രമായ ഹബീബുള്ള 1919 ഫെ.-ല്‍ ബ്രിട്ടിഷ് വിരുദ്ധരാല്‍ കൊല്ലപ്പെട്ടു.
1919-ല്‍ ഹബീബുള്ളയുടെ മൂന്നാമത്തെ പുത്രനും കടുത്ത ബ്രിട്ടിഷ് വിരോധിയുമായ അമാനുള്ളാഖാന്‍ (ഭ.കാ. 1919-29) അധികാരം പിടിച്ചെടുത്തു. ഏറെത്താമസിയാതെ മൂന്നാമത്തെ ആംഗ്ളോ-അഫ്ഗാന്‍ യുദ്ധത്തിന് ആരംഭമായി. 1919 മേയില്‍ തുടങ്ങിയ യുദ്ധത്തിന് ആഗ. 8-ന് ഒപ്പുവച്ച റാവല്‍പിണ്ഡി ഉടമ്പടിയോടെ വിരാമമായി. ഇതിനിടയില്‍ത്തന്നെ പുതുതായി നിലവില്‍വന്ന സോവിയറ്റ് യൂണിയനെ അംഗീകരിച്ചുകൊണ്ട് അവരുമായി ഉടമ്പടിയിലേര്‍പ്പെടുവാന്‍ അമാനുള്ളാഖാനു കഴിഞ്ഞിരുന്നു. വിദേശനയം സ്വന്തമായി രൂപംകൊടുത്തു നടപ്പാക്കുവാനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ അഫ്ഗാനിസ്താനു കൈവന്നത്. 1923-ല്‍ അമീര്‍ എന്ന പദവിക്കുപകരം പാദുഷ (രാജാവ്) എന്ന സ്ഥാനം സ്വീകരിച്ച അമാനുള്ളാഖാന്‍ ഒരു ദശവത്സര വികസനപദ്ധതിയും പ്രഖ്യാപിക്കുകയുണ്ടായി. ഭരണപരവും മൌലികാവകാശ സംബന്ധിയുമായ നിരവധി പരിഷ്കാരങ്ങളാണ് നടപ്പില്‍ വരുത്തിയത്. ഇക്കൂട്ടത്തില്‍ പര്‍ദാ സമ്പ്രദായം അവസാനിപ്പിച്ചതും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സഹവിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതും യാഥാസ്ഥിതിക മുസ്ളീങ്ങളുടെ കടുത്ത എതിര്‍പ്പിനു വഴിയൊരുക്കി. കലാപത്തിനു തുനിഞ്ഞ ഗോത്രത്തലവന്മാര്‍ 1928-ല്‍ ബച്ചാ സാക്കായുടെ നേതൃത്വത്തില്‍ കാബൂളിനെ അധിനിവേശിക്കുകയും ചെയ്തു. തുടര്‍ന്ന് ബച്ചാസാക്ക ഹബീബുള്ള ഘാസി എന്ന നാമധേയം സ്വീകരിച്ച് സ്വയം അമീര്‍ ആയി പ്രഖ്യാപിക്കുകയും അമാനുള്ള ഇറ്റലിയില്‍ അഭയം തേടുകയും ചെയ്തു. ഏറെത്താമസിയാതെ അമാനുള്ളയുടെ ചാര്‍ച്ചക്കാരായ മുഹമ്മദ് നാദിര്‍ഖാനും സഹോദരന്മാരും ചേര്‍ന്ന് ഹബീബുള്ളയെ സ്ഥാനഭ്രഷ്ടനാക്കി വധിച്ചു. ഗോത്രത്തലവന്മാരെ വിളിച്ചുകൂട്ടി തന്നെ ഷാ ആയി തെരഞ്ഞെടുപ്പിക്കുന്നതില്‍ വിജയിച്ച നാദിര്‍ ഖാന് എതിരാളികളെ കൂട്ടത്തോടെ വകവരുത്താനും കഴിഞ്ഞു. തന്റെ നാലുവര്‍ഷത്തെ ഭരണകാല(1929-33)ത്തിനിടയില്‍ മുന്‍ഗാമിയായ അമാനുള്ള 1923-ല്‍ രൂപംനല്കിയ ഭരണഘടനയെ മതനേതാക്കളെ തൃപ്തിപ്പെടുത്താന്‍ പോന്നവിധം മിതപ്പെടുത്തി അംഗീകരിപ്പിക്കുവാനും രാജ്യത്ത് നിരവധി ചെറുകിട വ്യവസായശാലകള്‍ ആരംഭിക്കുവാനും നാദിര്‍ ഖാന്‍ നേതൃത്വം നല്കി. 1933 നവം.-ല്‍ നാദിര്‍ഖാന്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പുത്രനായ സാഹിര്‍ അധികാരത്തിലെത്തി. (ഭ.കാ. 1933-73)
തന്റെ ഭരണകാലത്തെ ആദ്യത്തെ രണ്ടു ദശകങ്ങളില്‍ രാജ്യത്തിന്റെ പൊതുവികസനം ലക്ഷ്യമാക്കിയുള്ള നയപരിപാടികള്‍ ആവിഷ്കരിച്ചുനടപ്പാക്കുന്നതില്‍ മുഹമ്മദ് സാഹിര്‍ ഷാ ശ്രദ്ധ കേന്ദ്രീകരിച്ചു. വിദേശ ബന്ധങ്ങള്‍ മെച്ചപ്പെടുത്തി, ദേശീയ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പൊതുവികസനത്തിനാണ് ഇദ്ദേഹം ഊന്നല്‍ നല്കിയത്. രണ്ടാംലോകയുദ്ധകാലത്ത് തികച്ചും നിഷ്പക്ഷമായ നിലപാടെടുക്കുന്നതിനും സാഹിര്‍ഷായ്ക്കു കഴിഞ്ഞു. 1947-ല്‍ പാകിസ്താന്‍ നിലവില്‍ വന്നതിനെതുടര്‍ന്ന് ആ രാജ്യത്തിന്റെ അതിര്‍ത്തി മേഖലകളെ അധിവസിച്ചിരുന്ന പഷ്തൂണ്‍ വര്‍ഗക്കാര്‍ തങ്ങളുടെ പ്രദേശങ്ങള്‍ അഫ്ഗാനിസ്താനില്‍ ലയിപ്പിക്കണമെന്ന വാദമുയര്‍ത്തി. ഏറെത്താമസിയാതെ സ്വതന്ത്ര 'പഷ്തൂണിസ്താന്‍' വേണമെന്ന ആവശ്യമുയര്‍ന്നു. 1946-ല്‍ അഫ്ഗാനിസ്താനില്‍ അഭിപ്രായ സ്വാതന്ത്യ്രവും ജനാധിപത്യ സമ്പ്രദായത്തിലുള്ള പൊതു തെരഞ്ഞെടുപ്പും അംഗീകരിക്കപ്പെട്ടു. 1949-ല്‍ ആദ്യത്തെ ജനപ്രതിനിധിസഭ നിലവില്‍ വരികയും 1952 വരെ പാര്‍ലമെന്ററി സംവിധാനം പ്രാവര്‍ത്തികമാവുകയും ചെയ്തു. എന്നാല്‍ മതാധികാരികളും യാഥാസ്ഥിതിക മുസ്ളീങ്ങളും പുരോഗമനാശയങ്ങളോട് യോജിച്ചില്ല. ഈ വിഭാഗത്തിന്റെ പ്രേരണയിലും പിന്‍ബലത്തിലും ലഫ്. ജനറല്‍ മുഹമ്മദ് ദാവുദ്ഖാന്‍ 1953-ല്‍ അധികാരം പിടിച്ചെടുത്ത്, സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയനോട് സാമ്പത്തിക-സൈനിക സഹായം ആവശ്യപ്പെടുവാന്‍ ദാവുദ്ഖാന്‍ തയ്യാറായതോടെ ആ രാജ്യം അഫ്ഗാനിസ്താന്റെ വ്യാപാരപങ്കാളിയും സാമ്പത്തിക സഹായത്തിന്റെ സ്രോതസ്സുമായി. എന്നാല്‍ പൂര്‍ണമായും സോവിയറ്റ് ബ്ളോക്കില്‍ ചേര്‍ന്നു നില്ക്കുവാന്‍ ദാവുദ് ഖാന്‍ തയ്യാറായില്ല. ഇന്ത്യയെപ്പോലെ ഒരു ചേരിചേരാ രാഷ്ട്രമായി നിലകൊള്ളുകയെന്ന നയമാണ് ദാവുദ്ഖാന്‍ സ്വീകരിച്ചത്. സാമൂഹിക വിദ്യാഭ്യാസരംഗങ്ങളില്‍ ദൂരവ്യാപകനേട്ടങ്ങളുണ്ടാക്കുന്ന പരിഷ്കാരങ്ങളേര്‍പ്പെടുത്തുവാന്‍ ഇദ്ദേഹം മുന്‍കയ്യെടുത്തു. സ്ത്രീകളുടെ സാമൂഹിക -അസമത്വം ഉച്ചാടനം ചെയ്യുന്നതിലൂടെ രാജ്യത്തെ അധ്വാനശേഷി ഇരട്ടിപ്പിക്കാമെന്ന് ദാവുദ്ഖാന്‍ കണ്ടെത്തി. ഇതിനുള്ള അദ്യപടിയെന്ന നിലയില്‍ പര്‍ദ്ദാസമ്പ്രദായം എടുത്തുകളഞ്ഞു. സദ്ഭരണത്തിലൂടെ ജനപിന്തുണ ആര്‍ജിച്ച ദാവുദ്ഖാന്‍ പ്രതിപക്ഷത്തോടും എതിരാളികളോടും സഹിഷ്ണുത കാട്ടിയില്ലെന്നു മാത്രമല്ല, അക്കൂട്ടരെ നിഷ്ഠൂരനടപടികളിലൂടെ അമര്‍ച്ച ചെയ്യുന്നതിനും മടിച്ചിരുന്നുമില്ല. പഷ്തൂണ്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ അഫ്ഗാനിസ്താനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. പാകിസ്താന്‍ തുറമുഖങ്ങളിലൂടെയുള്ള അന്താരാഷ്ട്രബന്ധത്തിനു തടസ്സം നേരിട്ടതോടെ എല്ലാക്കാര്യത്തിനും സോവിയറ്റ് യൂണിയനെ ആശ്രയിക്കേണ്ട ദുരവസ്ഥ സംജാതമായി. പാകിസ്താനുമായുള്ള ബന്ധം പുനസ്ഥാപിച്ച് സ്ഥിതിഗതിയില്‍ അയവുവരുത്തുവാനായി 1963 മാ.-ല്‍ ദാവുദ്ഖാന്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും പഷ്തൂണിസ്താന്‍ പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.
ഭരണഘടനാനുസാരിയായ ഏകാധിപത്യമാണ് പിന്നീടു പരീക്ഷിക്കപ്പെട്ടത്. 1964-ല്‍ ദേശീയ ജനപ്രതിനിധിസഭ ഒരു പുതിയ ഭരണഘടനയ്ക്കു രൂപംനല്കി. ഇതുപ്രകാരം തെരഞ്ഞെടുക്കപ്പെട്ട 216 അംഗങ്ങളുള്ള ജനപ്രതിനിധി സഭയും 84 അംഗങ്ങളുള്ള ഉപരിസഭയും നിലവില്‍വന്നു. ഉപരിസഭയിലെ മൂന്നിലൊരുഭാഗം അംഗങ്ങളെ മാത്രമാണ് ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടിയിരുന്നത്; ശേഷിച്ചവരില്‍ 28 പേര്‍ പ്രവിശ്യാതല പ്രതിനിധി സഭകളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരും മറ്റ് 28 പേര്‍ രാജാവിനാല്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരുമായി വ്യവസ്ഥ ചെയ്തിരുന്നു. സാഹിര്‍ ഷാ രാജ്യാധികാരിയായി തുടര്‍ന്നു. പ്രതിനിധി സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് 1965-ലും 1969-ലും നടക്കുകയുണ്ടായി; ഇസ്ലാം മൌലിക വാദികള്‍ മുതല്‍ കമ്യൂണിസ്റ്റുകള്‍ വരെയുള്ള വിവിധകക്ഷികള്‍ മത്സരരംഗത്തുണ്ടായിരുന്നു. രാഷ്ട്രീയ കക്ഷികളുടെ ആധിക്യം ഭരണരംഗത്ത് അനിശ്ചിതത്വം സൃഷ്ടിച്ചു. 1965-72 കാലഘട്ടത്തില്‍ 5 പ്രധാനമന്ത്രിമാരെ നിയമിക്കേണ്ടിവന്നു. ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരുന്ന അത്യുന്നത ന്യായപീഠം സ്വതന്ത്രമായ നിലയില്‍ പ്രാവര്‍ത്തികമായില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള രൂക്ഷമായ ഭിന്നത ഭരണസ്തംഭനത്തിലേക്കു നീങ്ങുന്ന അവസ്ഥ സൃഷ്ടിച്ചു. 1973 ജൂല. 17-ന് മുന്‍പ്രധാനമന്ത്രി മുഹമ്മദ് ദാവുദ് ഖാന്‍ ഇടതുപക്ഷചിന്താഗതിക്കാരായ സൈനികമേധാവികളുടേയും ഉന്നതോദ്യോഗസ്ഥരുടേയും ഒത്താശയോടെ ഭരണാധികാരം പിടിച്ചെടുത്തു. 1964-ലെ ഭരണഘടനയെ ബഹിഷ്കരിച്ച്, അഫ്ഗാനിസ്താനെ ഒരു ജനാധിപത്യരാഷ്ട്ര(റിപ്പബ്ളിക്)മായി പ്രഖ്യാപിക്കുകയായിരുന്നു ദാവുദ് ഖാന്റെ ആദ്യനടപടി. റിപ്പബ്ളിക്കിന്റെ കേന്ദ്രസമിതി അധ്യക്ഷനും പ്രധാനമന്ത്രിയുമായി ദാവുദ്ഖാന്‍ ചുമതലയേറ്റു.
റിപ്പബ്ളിക് ഒഫ് അഫ്ഗാനിസ്താന്‍
രാജ്യഭരണത്തിലെ തന്റെ രണ്ടാമൂഴത്തിലും സാമൂഹിക-സാമ്പത്തിക പരിഷ്കരണത്തിനാണ് ദാവുദ് ഖാന്‍ ഊന്നല്‍ നല്കിയത്. ഭരണഘടന പുതുക്കിയെഴുതുവാനും അദ്ദേഹം തയ്യാറായി. സോവിയറ്റ് യൂണിയന്റേയും യു.എസ്സിന്റേയും സ്വാധീനത കുറയ്ക്കുന്നതിനായി ഇതര മുസ്ലീം രാഷ്ട്രങ്ങളുമായി ഉറ്റ സൌഹൃദം സ്ഥാപിച്ചെടുക്കുവാന്‍ ദാവുദ് ഖാന്‍ മുന്‍കയ്യെടുത്തു. ഇതിന്റെ ഭാഗമായി അന്നത്തെ പാകിസ്താന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുമായി പഷ്തൂണിസ്താന്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു ഉടമ്പടിയില്‍ എത്തിച്ചേരുകയും ചെയ്തു.
1977-ല്‍ അഫ്ഗാനിസ്താനില്‍ പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ദാവുദ് ഖാന്‍ രാഷ്ട്രത്തലവന്‍ (പ്രസിഡന്റ്) ആയി അവരോധിക്കപ്പെട്ടു. കേന്ദ്ര മന്ത്രിസഭയില്‍ തന്റെ പാര്‍ശ്വവര്‍ത്തികള്‍, സുഹൃത്തുക്കള്‍, രാജകുടുംബത്തിലെ അംഗങ്ങള്‍ തുടങ്ങിയവരെ കുത്തിനിറയ്ക്കുവാന്‍ തയ്യാറായതിലൂടെ ദാവുദ്ഖാന്‍ ഇടതുപക്ഷാചിന്താഗതിക്കാരുടെ കടുത്ത വിരോധത്തിനുപാത്രമായി. ഭിന്നിച്ചുനിന്ന ഇടതുപാര്‍ട്ടികള്‍ ഒന്നിച്ചുചേര്‍ന്നതോടെ രാജ്യത്ത് ആഭ്യന്തരക്കുഴപ്പങ്ങള്‍ മൂര്‍ച്ഛിച്ചു. ഇടതുനേതാക്കളെ ഒന്നടങ്കം തുറുങ്കിലടയ്ക്കുകയും നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയും ചെയ്ത ദാവുദ് ഭരണത്തിനെതിരേ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടു. പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവായിരുന്ന ഹഫീസുള്ളാഖാന്‍ ഇടതുചിന്താഗതിക്കാരായ സൈനികോദ്യോഗസ്ഥരുടെ ഒത്താശയോടെ ഭരണത്തെ അട്ടിമറിച്ചു. ദാവുദ് ഖാനും കുടുംബാംഗങ്ങളും വധിക്കപ്പെട്ടു. 1978 ഏ. 27-ന് അഫ്ഗാനിസ്താന്‍ ജനകീയ പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തിന്റെ ഔദ്യോഗികനാമധേയം ഡമോക്രാറ്റിക് റിപ്പബ്ളിക് ഒഫ് അഫ്ഗാനിസ്താന്‍ എന്നാക്കി.
ഇടതുകക്ഷികളായ പീപ്പിള്‍സ് പാര്‍ട്ടി, ബാനര്‍ പാര്‍ട്ടി എന്നിവയുടെ കൂട്ടായ്മയാണ് വിപ്ളവം നയിച്ചത്. ഈ മുന്നണി പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി ഒഫ് അഫ്ഗാനിസ്താന്‍ (PDPA) എന്ന പേരാണ് സ്വീകരിച്ചത്. കൂട്ടുകക്ഷിയുടെ ജനറല്‍ സെക്രട്ടറി, വിപ്ളവകൌണ്‍സിലിന്റെ പ്രസിഡന്റ്, രാജ്യത്തെ പ്രധാനമന്ത്രി എന്നീ മൂന്നു പദവികളും ഒരേസമയം വഹിക്കുവാനായി നൂര്‍ മുഹമ്മദ് തരാകി തെരഞ്ഞെടുക്കപ്പെട്ടു. ഹഫീസുള്ളാഖാന്‍, ബാനര്‍ പാര്‍ട്ടി നേതാവ് ബാബ്രക് കര്‍മാല്‍ എന്നിവര്‍ ഉപപ്രധാനമന്ത്രിമാരായി. അഫ്ഗാന്‍ ദേശീയത, ഇസ്ലാമിക തത്ത്വങ്ങള്‍, സാമൂഹിക സാമ്പത്തിക സുരക്ഷ, ചേരിചേരാനയം തുടങ്ങിയവയില്‍ അധിഷ്ഠിതമായ ഭരണമാണ് പുതിയ മുന്നണി ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തത്. മുന്‍ ഭരണകൂടങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ടായിരുന്ന ഉടമ്പടികളും ധാരണകളും മാനിക്കപ്പെടുമെന്ന ഉറപ്പും നല്കി. അമിതമായ സോവിയറ്റ് സ്വാധീനത ഒഴിവാക്കുന്ന നിലപാടിലേക്കാണ് മുന്നണിനേതൃത്വം ചെന്നെത്തിയത്. എന്നാല്‍ കക്ഷികളുടെ കൂട്ടായ്മ വളരെവേഗം ശിഥിലമായി. തരാകി ഗവണ്‍മെന്റിന്റെ പ്രഖ്യാപിത നയങ്ങളില്‍ സ്ത്രീ പുരുഷ സമത്വം, സാമ്പത്തിക ഇടപാടുകളില്‍ അന്യായപ്പലിശ ഒഴിവാക്കല്‍, ഭൂപരിഷ്കരണം തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയനിലെപ്പോലെ അഫ്ഗാനിസ്താനിലും കമ്യൂണിസം വളര്‍ത്തുന്നതിനാണ് തരാകി ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പ്രബലമായി. അഫ്ഗാന്‍ ജനതയുടെ പാരമ്പര്യത്തിനും സാംസ്കാരിക പൈതൃകത്തിനും നിരക്കാത്ത പരിഷ്കാരങ്ങളാണ് നടപ്പിലാവുന്നതെന്ന് സാമാന്യജനങ്ങള്‍ തെറ്റിദ്ധരിച്ചത് 1978 മധ്യത്തോടെ നൂറിസ്താനില്‍ കലാപക്കൊടി ഉയരുവാന്‍ കാരണമായി. രാജ്യമെമ്പാടും തരാകി സര്‍ക്കാരിനെതിരേ പ്രക്ഷോഭങ്ങളുണ്ടാവുകയും കാബൂളിലും ഇതര നഗരങ്ങളിലും ആവര്‍ത്തിച്ചുള്ള ബോംബ് സ്ഫോടനങ്ങളും ആള്‍നാശവുമുണ്ടാകുകയും ചെയ്തു. തരാകി സര്‍ക്കാര്‍ മതാധ്യക്ഷന്മാര്‍ ഉള്‍പ്പെടെ എതിര്‍പക്ഷത്തുള്ള മിക്ക നേതാക്കളെയും തുറുങ്കിലാക്കി. 1979 ഫെ. 14-ന് തീവ്രവാദികളുടെ പിടിയിലായ അഫ്ഗാനിസ്താനിലെ യു.എസ്. സ്ഥാനപതി അഡോള്‍ഫ് ഡബ്സ് മാധ്യസ്ഥ ശ്രമങ്ങള്‍ക്കിടയില്‍ത്തന്നെ കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്താനു നല്കിയിരുന്ന നാനാവിധ സഹായങ്ങള്‍ മരവിപ്പിക്കുവാന്‍ യു.എസ്. തീരുമാനമെടുത്തു. ആഗ. 12-ന് കാന്ദഹാറിലെ മുസ്ളീം പള്ളിയില്‍ സന്ദര്‍ശകരായെത്തിയ 50-ലേറെ റഷ്യക്കാര്‍ കലാപകാരികളാല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ ഗവണ്‍മെന്റിന്റെമേലുള്ള നിയന്ത്രണം ശക്തിപ്പെടുത്തുവാനുള്ള നടപടികള്‍ സോവിയറ്റ് യൂണിയന്‍ കൈക്കൊണ്ടു. കാബൂളിലെ റഷ്യന്‍ ഉപദേഷ്ടാക്കളുടെ സംഖ്യ പതിന്മടങ്ങാക്കി. താന്‍ വഹിച്ചുപോന്ന പ്രധാനമന്ത്രിപദം ഹഫീസുള്ളാഖാന് കൈമാറുവാന്‍ നിര്‍ബന്ധിതനായ തരാകി 1979 സെപ്.-ല്‍ വധിക്കപ്പെട്ടു. തന്റെ ജനസമ്മതി വീണ്ടെടുക്കുവാന്‍വേണ്ടി സോവിയറ്റ് യൂണിയന്‍, പാകിസ്താന്‍, യു.എസ്. എന്നീ രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിക്കുവാന്‍ ഹഫീസുള്ള തയ്യാറായി. തങ്ങളുടെ മധ്യേഷ്യന്‍ അംഗരാജ്യങ്ങളിലെ ഭൂരിപക്ഷ ജനവിഭാഗമായ മുസ്ളീങ്ങള്‍ക്കിടയില്‍ അഫ്ഗാനിസ്താനിലെ മൌലികവാദികള്‍ സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെ ഭയന്ന് സോവിയറ്റ് യൂണിയന്‍ 1979 ഡി. 24-ന് കാബൂളില്‍ സൈന്യത്തെ ഇറക്കുകയും ഹഫീസുള്ളാഖാനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. ഹഫീസുള്ളാഖാന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബാബ്രക് കര്‍മാലിനെ അഫ്ഗാനിസ്താനിലെ ഭരണാധികാരിയാക്കി.
ഇസ്ലാമിക തീവ്രവാദികള്‍ (മുജാഹിദ്ദീനുകള്‍) സായുധകലാപങ്ങളും ഒളിപ്പോരുകളും ശക്തിപ്പെടുത്തിയതുമൂലം അഫ്ഗാനിസ്താനിലെ സൈന്യബലം അടിക്കടി വര്‍ധിപ്പിക്കുവാന്‍ സോവിയറ്റ് യൂണിയന്‍ നിര്‍ബന്ധിതമാകുകയും ക്രമേണ അഫ്ഗാനിസ്താന്‍ സോവിയറ്റ് അധിനിവേശത്തിനു വിധേയമാകുകയും ചെയ്തു. ഇതിനു തിരിച്ചടിയായി യു.എസ്സും നാറ്റോ രാജ്യങ്ങളും സോവിയറ്റ് യൂണിയനിലേക്കുള്ള ഭക്ഷ്യകയറ്റുമതി പൂര്‍ണമായും മരവിപ്പിച്ചു. എന്നാല്‍ ഈ നടപടിക്ക് തുനിയാത്ത ആര്‍ജന്റീനയെ ആശ്രയിച്ച് സോവിയറ്റ് യൂണിയന്‍ പിടിച്ചു നിന്നു. വിദേശസൈനികര്‍ അഫ്ഗാനിസ്താനില്‍നിന്ന് ഒഴിഞ്ഞു പോകണമെന്ന യു.എന്‍. പ്രമേയത്തെ മാനിക്കുവാന്‍ സോവിയറ്റ് യൂണിയന്‍ തയ്യാറായില്ല. ഈ കാലഘട്ടത്തില്‍ അഫ്ഗാനികള്‍ പാകിസ്താനിലും ഇറാനിലും അഭയം തേടിയിരുന്നു.
താലിബാന്‍
അധിനിവേശത്തിന്റെ അഞ്ചാംവര്‍ഷ(1984)ത്തില്‍ അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈനികര്‍ക്ക് ഒളിപ്പോരാളികളുടെ നിരന്തരമായ ആക്രമണങ്ങളെ നേരിടേണ്ടി വന്നു. അമേരിക്കയിലും ബ്രിട്ടനിലും നിര്‍മിതമായ വിമാനവേധ മിസൈലുകള്‍, സ്വിസ് വിമാനവേധത്തോക്കുകള്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങള്‍ മുജാഹിദ്ദീനുകള്‍ക്ക് സ്വായത്തമായതോടെ സോവിയറ്റ് സേനയ്ക്ക് കനത്ത ആള്‍നാശവും ഭാരിച്ചനാശനഷ്ടങ്ങളും നേരിടേണ്ടിവന്നു. അധിവാസ കേന്ദ്രങ്ങളിലുള്‍പ്പെടെയുള്ള സോവിയറ്റ് വ്യോമാക്രമണങ്ങളെ നേരിട്ടു ചെറുക്കുന്നതിനുപകരം ഗറില്ലാ ആക്രമണങ്ങള്‍ ഇരട്ടിപ്പിക്കുകയായിരുന്നു അവരുടെ തന്ത്രം. അഫ്ഗാനിസ്താനിലെ ഇടപെടലുകളെ 'രക്തം വാര്‍ന്നൊലിക്കുന്ന മുറിവ്' എന്നു വിശേഷിപ്പിച്ച സോവിയറ്റ് രാഷ്ട്രത്തലവന്‍ ഗോര്‍ബച്ചേവ് സോവിയറ്റ് സേനയുടെ പിന്‍വാങ്ങലിനു നിര്‍ദേശം നല്കി. 1987 ആയപ്പോഴേക്കും ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ അഫ്ഗാന്‍ അഭയാര്‍ഥികളുടെ എണ്ണം 50 ലക്ഷമായി. 1988 ഫെ. 8-ന് അഫ്ഗാനിസ്താനിലുള്ള സോവിയറ്റ് സൈന്യം പൂര്‍ണമായും ഒഴിഞ്ഞുപോകുവാനുള്ള തീരുമാനമുണ്ടായി. തുടര്‍ന്ന് സോവിയറ്റ് ആദര്‍ശങ്ങളോടും ആധുനികതയോടും ആഭിമുഖ്യമുള്ള ദുര്‍ബല ഭരണകൂടങ്ങള്‍ അഫ്ഗാനിസ്താനെ നയിച്ചുപോന്നു.
മതമൌലികവാദികള്‍ ഇതിനോടകം 'താലിബാന്‍' എന്ന സമാന്തര സേനയായി കരുത്താര്‍ജിച്ചിരുന്നു. 1996 ജൂണില്‍ താലിബാന്‍ സേന കാബൂളിനെ ഉപരോധിച്ച് ഒക്. ആദ്യത്തോടെ കാബൂള്‍ കീഴടക്കി. സ്ത്രീ വിദ്യാഭ്യാസം പാടെ നിര്‍ത്തലാക്കിയ താലിബാന്‍ പര്‍ദാ സമ്പ്രദായം നിര്‍ബന്ധിതമാക്കി. ആധുനികതയെ തുടച്ചുമാറ്റി ഇസ്ലാമിക സമ്പ്രദായങ്ങളെ പൂര്‍ണമായും പ്രയോഗത്തില്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ താലിബാന്‍ ഭരണകൂടം ആരംഭിച്ചു. ഇസ്ലാം നിയമസംഹിതയുടെ വ്യാഖ്യാനങ്ങള്‍ ശിലാശാസനങ്ങളായി രാജ്യമെമ്പാടും പ്രദര്‍ശിപ്പിച്ചു. ടെലിവിഷന്‍, വീഡിയോ തുടങ്ങിയ ഇലക്ട്രോണിക ഉലവുമാണുണ്ടാകുന്നത്. വാഴകള്‍ക്കു നേരിടേണ്ടിവരുന്ന പല രോഗങ്ങളേയും ചെറുത്തുനില്ക്കാന്‍ അബാക്കാവാഴയ്ക്കു കഴിവുണ്ട്. പകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്യ്രവും തൊഴിലവകാശവും നിഷേധിച്ചു. പുരുഷന്മാര്‍ താടിമീശ വളര്‍ത്തുന്നത് നിര്‍ബന്ധിതമാക്കി. രാജ്യമൊട്ടാകെ കര്‍ശനമായ മദ്യനിരോധനം നടപ്പിലാക്കി. 1996 അന്ത്യത്തോടെ അഫ്ഗാനിസ്താന്റെ 90 ശ.മാ. ഭാഗങ്ങളും താലിബാന്റെ നിയന്ത്രണത്തിലായി. 1998 ആയപ്പോഴേക്കും അഫ്ഗാനിസ്താനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് പൂര്‍ണവിരാമമായി. സുന്നികള്‍ക്കും പഷ്തൂണുകള്‍ക്കും തുല്യപ്രാമുഖ്യമുള്ള ഒരു ഇസ്ലാമികരാഷ്ട്രമായി അഫ്ഗാനിസ്താന്‍ മാറുകയും ചെയ്തു.
2001-ല്‍ യു.എസ്സിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് അല്‍ഖായിദാ നേതൃത്വം അഫ്ഗാനിസ്താനില്‍ രക്ഷ തേടി. ഒക്.-ല്‍ യു.എസ്സും സഖ്യകക്ഷികളും 'തീവ്രവാദ ഉന്മൂലനം' ലക്ഷ്യമാക്കി അഫ്ഗാനിസ്താനെ ആക്രമിച്ചു. ഏറെത്താമസിയാതെ താലിബാന്‍ ഭരണത്തിന് അറുതിവന്നു. 2002 ഏ. 8-ന് ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ മുന്‍ അമീര്‍ മുഹമ്മദ് സാഹിര്‍ 29 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും രാഷ്ട്രത്തലവനായി വാഴിക്കപ്പെട്ടു. 2002 ജൂണില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടക്കാല ഗവണ്‍മെന്റിലെ പ്രധാനമന്ത്രി ഹമീദ് കര്‍സായി അഫ്ഗാനിസ്താന്റെ പ്രസിഡന്റായി. ഇപ്പോള്‍ സമാധാനത്തിന്റേയും പുരോഗതിയുടേയും പാതയിലേക്ക് അഫ്ഗാനിസ്താന്‍ നീങ്ങാനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്.
(പ്രൊഫ. സി.ജെ. ജോര്‍ജ്, എന്‍.ജെ.കെ. നായര്‍)