This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോസ്തലിക ഭരണക്രമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:17, 27 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അപ്പോസ്തലിക ഭരണക്രമം

Apostolic Constitution and Canons

ക്രിസ്തുവിനുശേഷം നാലാം ശ.-ത്തില്‍ സമാഹരിച്ച ക്രൈസ്തവ സഭാനിയമങ്ങളുടെ ഒരു സംഗ്രഹം. ക്ളെമെന്റിന്റെ അപ്പോസ്തലന്‍മാരുടെ നിയമങ്ങള്‍ (Clement's Apostolic Constitutions) എന്നാണ് ഇതിന്റെ ശരിയായ പേര്. അപ്പോസ്തലന്‍മാര്‍ നല്കിയ ഈ നിയമങ്ങള്‍ അവരുടെ പിന്‍ഗാമിയും റോമിലെ മെത്രാനുമായിരുന്ന ക്ളെമെന്റ് ഒന്നാമനിലൂടെ സഭയ്ക്ക് സിദ്ധമായി എന്നാണ് ഇതില്‍ നിന്നും അനുമാനിക്കേണ്ടത്. പുരോഹിതന്മാര്‍ക്കുള്ള കാനോന്‍ നിയമങ്ങളും ക്രൈസ്തവ ധാര്‍മികസംഹിതകളും ഇതില്‍ വിശദീകരിച്ചിരിക്കുന്നു. തിരുനാളുകള്‍, നോമ്പുകള്‍, ശീശ്മാപാഷണ്ഡത, അന്ത്യോഖ്യന്‍ ആരാധനക്രമം, മാമ്മോദീസാ, മൂറോനഭിഷേകം, ക്രൈസ്തവ ശവസംസ്കാരം എന്നിങ്ങനെ പല പ്രധാന വിഷയങ്ങളും ഇതിലുണ്ട് (5-15; 46-49).

എട്ടു പുസ്തകങ്ങളുടെ സമാഹാരമായ ഈ ഗ്രന്ഥത്തെ മൂന്നായി വിഭജിക്കാം. (1) ആദ്യത്തെ ആറു പുസ്തകങ്ങള്‍ കാലാനുസൃതമായ പരിഷ്കാരങ്ങളും ഭേദഗതികളും വരുത്തിയ 'അപ്പോസ്തലന്മാരുടെ പഠനങ്ങള്‍' (Didascalia Dpostolorum) ആണ്. (2) ഏഴാമത്തെ പുസ്തകം 'ഡിഡാക്കെ'(Didache)യുടെ വിപുലീകരണമാണ് (അധ്യാ. 1.32). കൂടാതെ 23-38; 47-49 എന്നീ അധ്യായങ്ങളില്‍ സ്നാനാര്‍ഥികള്‍ക്കുള്ള ഉപദേശങ്ങളും 32-45 അധ്യായങ്ങളില്‍ മാമ്മോദീസായുടെ ക്രമവും നല്കുന്നു. അപ്പോസ്തലന്‍മാര്‍ അഭിഷേകം ചെയ്ത മെത്രാന്‍മാരുടെ ലിസ്റ്റാണ് 46-ാം അധ്യായത്തിന്റെ ഉള്ളടക്കം. (3) ഏറ്റവും പ്രധാനപ്പെട്ടതാണ് എട്ടാമത്തെ പുസ്തകം. റോമിലെ ഹിപ്പോളിറ്റസിന്റെ അധ്യാത്മിക ദാനങ്ങളെപ്പറ്റി (Concerning Spiritual Gifts), അപ്പോസ്തലിക പാരമ്പര്യം (Apostolic Tradition) എന്നീ ഗ്രന്ഥങ്ങള്‍ ഇതിന്റെ നിര്‍മിതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും അധ്യായങ്ങളില്‍ വിവിധ വരങ്ങളെപ്പറ്റി (Charismata) പ്രതിപാദിക്കുന്നു. 3 മുതല്‍ 27 വരെയുള്ള അധ്യായങ്ങള്‍ അന്ത്യോഖ്യന്‍ ആരാധനാക്രമമാണ്. 5-15 വരെയുള്ള അധ്യായങ്ങളില്‍ ക്ളെമന്റിന്റെ ക്രമം എന്ന് പ്രസിദ്ധമായ മെത്രാഭിഷേക കര്‍മവും 6-15 വരെയുള്ള അധ്യായങ്ങളില്‍ അന്ത്യോഖ്യന്‍ കുര്‍ബാനക്രമവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അവസാനമായി 28 മുതല്‍ 46 വരെയുള്ള അധ്യായങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന്റെ ജീവിതരീതിക്കുവേണ്ടി വിവിധ നിര്‍ദേശങ്ങള്‍ നല്കിയിരിക്കുന്നു. അപ്പോസ്തലിക നിയമങ്ങള്‍ (Apostolic Canon) എന്നറിയപ്പെടുന്ന 85 കാനോനകളോടെയാണ് ഈ ഭാഗം സമാപിക്കുന്നത് (അധ്യാ. 47). ബൈബിള്‍ ഗ്രന്ഥങ്ങളുടെ ഒരു ലിസ്റ്റും ഇതോടൊപ്പമുണ്ട്. അതനുസരിച്ച് അപ്പോസ്തലിക ഭരണക്രമവും ക്ളെമെന്റിന്റെ ലേഖനങ്ങളും ബൈബിള്‍ ഗ്രന്ഥങ്ങളാണ്. വെളിപ്പാടുപുസ്തകം ഈ പട്ടികയില്‍ ചേര്‍ത്തിട്ടുമില്ല.

ചില വൈരുധ്യങ്ങളൊക്കെ അവിടവിടെ കാണാമെങ്കിലും ഒരാളിന്റെ പ്രയത്നമാണ് ഈ സമാഹാരത്തിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. ഈ സമാഹരണം നാലാം ശ.-ത്തില്‍ സിറിയയില്‍ വച്ചു നടന്നിരിക്കണം എന്ന് ഊഹിക്കപ്പെടുന്നു; കാരണം അക്കാലത്തെ അന്ത്യോഖ്യന്‍ ആരാധനാക്രമമാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്.


(ദേവപ്രസാദ് കിളിരൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍